Published on: September 8, 2025


പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിൽ കൈമോശം വന്ന എഴുത്തിനെ തിരിച്ചുപിടിക്കാൻ രാധാമോഹന് അവസരമൊരുക്കിയത് തലസ്ഥാന നഗരിയിലെ ശതാബ്ദി പിന്നിട്ട പഴയകാല പത്രത്തിന്റെ ഓണപ്പതിപ്പുകളായിരുന്നു. സ്വാതന്ത്ര സമര കാലത്ത് പിറവിയെടുത്ത ആ പ്രസിദ്ധീകരണം വരിക്കാരില്ലാതെ ഏതാണ്ട് നിലച്ച മട്ടിലെത്തിയിരുന്നു. അങ്ങനെയിരിക്കെയാണ് കുടുംബത്തിലെ നാലാം തലമുറയിൽപ്പെട്ട സഹോദരനും സഹോദരിയും ഒരഭിനിവേശത്താൽ സാഹിത്യത്തിന് മുൻതൂക്കം നൽകുന്ന, വർഷത്തിൽ ഒരിക്കൽ മാത്രം പുറത്തിറക്കുന്ന ഓണപ്പതിപ്പ് എന്ന ആശയവുമായി മുന്നോട്ട് വന്നത്.
പത്രാധിപർ ആയിരുന്ന തങ്ങളുടെ മുതുമുത്തച്ഛന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന സാഹിത്യകാരന്മാരുടെ പിൻതലമുറക്കാർ പലരും സാഹിത്യ രംഗത്തെ സജീവ സാന്നിധ്യങ്ങളാണെന്നുള്ളതിനാൽ സഹോദരങ്ങൾ അമിത പ്രതീക്ഷ വെച്ചു പുലർത്തി. എന്നാലിരുവരേയും പാടെ നിരാശയിലാഴ്ത്തിക്കൊണ്ട് അവരിലൊരാൾ പോലും രചനകൾ നല്കി സഹായിക്കുവാൻ തയ്യാറായില്ല.
അതോടെ മറ്റൊരു പോംവഴിയെന്ന നിലയിൽ അവർ പല വിധ കാരണങ്ങളാൽ എഴുത്ത് നിർത്തിയവരെ തേടിയിറങ്ങാൻ നിർബന്ധിതരാവുകയായിരുന്നു. അങ്ങിനെയാണ് പ്രവാസിയായി മാറിയതോടെ എഴുത്തിന് അവധികൊടുത്ത രാധാമോഹനെ അവർ കണ്ടെത്തുന്നത്. വലിയ പ്രചാരണത്തോടെ ഓണപ്പതിപ്പിൽ അയാളുടെ കഥ പ്രസിദ്ധീകരിക്കപ്പെടുന്നു. എഴുത്തിന്റെ ലോകത്ത് തിരിച്ചെത്തിയ രാധാമോഹൻ വളരെ പെട്ടെന്നാണ് വീണ്ടും ശ്രദ്ധേയനാവുന്നത്.
തുടക്കകാലത്ത് കാൽപ്പനികതയും ഗൃഹാതുരത്വവുമൊക്കെ ആവശ്യത്തിലേറെ കുത്തിനിറച്ച കഥകളായിരുന്നു രാധാമോഹനിൽ നിന്നും പുറത്ത് വന്നത്. കേവലമായ ഭാവനയിൽ പിറന്ന ആ കഥകൾ അത്രകണ്ട് മഹത്തരമാണെന്ന് അയാൾ പോലും അവകാശപ്പെട്ടിരുന്നില്ല. ഓണപ്പതിപ്പിലെ കഥകൾ ശ്രദ്ധിക്കപ്പെടാൻ കാരണമായത് പ്രവാസജീവിതവുമായി ബന്ധപ്പെട്ട നേരനുഭവങ്ങളുടെ ശക്തമായ ആവിഷ്ക്കാരമെന്ന നിലക്കാണ്.
എഴുത്തിനെ കൂടുതൽ ഗൗരവമായി സമീപിക്കുവാൻ അയാൾ ബോധപൂർവ്വം നടത്തിയ പരിശ്രമത്തിന്റെ ഫലമായിരുന്നു അത്. മലയാള സാഹിത്യലോകത്ത് രാധാമോഹനെന്ന പേര് അടയാളപ്പെടുത്തപ്പെട്ടതിന് പിന്നിൽ അത്രമാത്രം അധ്വാനമുണ്ടായിരുന്നു. തന്നെ കൈപിടിച്ചുയർത്തിയ തിരുവനന്തപുരത്തെ പ്രസിദ്ധീകരണത്തോട് രാധാമോഹന് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ടായത് അതൊന്നുകൊണ്ട് മാത്രമാണ്. ഇക്കാലമത്രയും തിരുവനന്തപുരത്ത് നിന്നുള്ള ആ പ്രസിദ്ധീകരണത്തിനല്ലാതെ മറ്റാർക്കും വേണ്ടി അയാൾ ഒരു വരിപോലുമെഴുതിയതേയില്ല.
ഇതിനിടയിൽ രാധാമോഹന്റെ കഥകളെ വല്ലാതെയിഷ്ടപ്പെടുന്ന ഒരു വായനാസമൂഹം മലയാളികൾക്കിടയിൽ രൂപപ്പെട്ട കാര്യം മറ്റുപ്രസിദ്ധീകരണങ്ങളുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. എന്ത് വിലകൊടുത്തും രാധാമോഹന്റെ ഒരു കഥ അടുത്ത ഓണപ്പതിപ്പിൽ ഉറപ്പാക്കണമെന്ന് അവർ നിശ്ചയിച്ചുറപ്പിച്ചു.
വാർഷികപ്പതിപ്പുകളുടെ ചുമതലക്കാർ ഒളിഞ്ഞും തെളിഞ്ഞും അതിനായി ശ്രമിക്കുന്ന വിവരം അയാളും അറിഞ്ഞു. തിരുവനന്തപുരത്തുകാരെ പിണക്കാതെ മറ്റുള്ളവരുമായി നല്ലൊരു ബന്ധം കാത്ത് സൂക്ഷിക്കണമെന്ന ബുദ്ധിപരമായ ആലോചന അയാളിലുണ്ടായി. ഏതു നിമിഷവും ആ പ്രസിദ്ധീകരണങ്ങളും തന്നെ ബന്ധപ്പെടുമെന്ന് അറിയാവുന്നതിനാൽ അയാൾ അവരുടെ രാഷ്ട്രീയത്തിന് അടിസ്ഥാനമാക്കിയുള്ള രചനകൾക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾക്ക് തുടക്കമിട്ടു.
ഈ സമയത്താണ് അടുത്ത തവണ തങ്ങളെ പരിഗണിക്കണമെന്ന് അഭ്യർത്ഥനയുമായി പത്രാധിപന്മാരിലൊരുവൻ രാധാമോഹന് നേരിട്ട് കത്തയക്കുന്നത്. തിരുവനന്തപുര ത്തെ പ്രസിദ്ധീകരണത്തിൽ മാത്രമായി എഴുത്ത് തുടരുന്നത് മൂലം അവരുടെ രാഷ്ട്രീയ ലൈൻ പിൻപറ്റുന്നയാൾ എന്ന് ബ്രാൻഡ് ചെയ്യപ്പെടാനിടയുണ്ടെന്ന സ്നേഹബുദ്ധ്യാലുള്ള ഉപദേശവും രാധാമോഹന് നന്നേ സുഖിച്ചു. തന്നെയുമല്ല ആ പ്രസിദ്ധീകരണത്തിന് എത്ര നാൾ ഭാവിയുണ്ടാകുമെന്ന് സംശയിച്ചതിലും അയാൾക്ക് അസ്വാഭാവികത തോന്നിയില്ല. കാരണം ഇതേ ആശങ്കകൾ രാധാമോഹന്റെ മനസ്സിലേക്ക് പലപ്പോഴായി കടന്ന് വന്നിട്ടുള്ളവയായിരുന്നു.
പക്ഷെ രാധാമോഹനെ കുപിതനാക്കിയത് കത്തിനൊടുവിൽ പത്രാധിപരെഴുതിയ അങ്ങേയറ്റം അവഹേളനപരമായ പരാമർശമായിരുന്നു. തങ്ങളുടെ പ്രസിദ്ധീകരണത്തിലേക്ക് ചുവടുമാറ്റുവാൻ തയ്യാറായില്ലെങ്കിൽ പഴയ രചനകളിൽ ആശയചോരണമുണ്ടെന്ന ആക്ഷേപമുന്നയിക്കാൻ മടിക്കില്ലെന്നൊരു ഭീഷണി ആ പത്രാധിപർ തട്ടിവിട്ടിരുന്നു. അത് അയാളെ സംബന്ധിച്ചിടത്തോളം താങ്ങാനാവുന്നതി നുമപ്പുറമായിരുന്നു.
ആ ഒരൊറ്റ കാരണംകൊണ്ടു തന്നെ അയാൾ ആ കത്തിനെ തീർത്തും അവഗണിച്ചു. ഫലം ഉദ്ദേശിച്ചതു തന്നെയായിരുന്നു. അങ്ങനെയൊരു അപരാധം രാധാമോഹൻ ചെയ്യാനിടയില്ലെന്ന് സാഹിത്യ ലോകം പൊതുവെ വിലയിരുത്തിയെങ്കിൽ തന്നെയും അയാളുടെ സാഹിത്യ ജീവിതത്തിൽ അത് കരിനിഴൽ വീഴ്ത്താതിരുന്നില്ല. നേരനുഭവങ്ങൾ മാത്രമാണ് തന്റെ രചനയുടെ പിന്നിലെന്ന് പൊതുസമൂഹത്തോട് വിളിച്ച് പറയുവാൻ അയാൾക്ക് കഴിഞ്ഞതുമില്ല.
അനിഷ്ട സംഭവങ്ങൾ അരങ്ങേറിയപ്പോഴും താൻ തിരിച്ച് പിടിച്ച എഴുത്തിനെ കൈവിടാൻ രാധാമോഹൻ ഒരുക്കമായിരുന്നില്ല. പക്ഷെ അധികം വൈകാതെ പ്രവാസ ജീവിതമെല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതാണ് അഭികാമ്യമെന്ന് അയാൾ തീരുമാനമെടുത്തു. അപ്പോൾ മനസ്സി ലുണ്ടായിരുന്നതാകട്ടെ, നാട്ടിലെത്തി എല്ലാ പ്രസിദ്ധീകരണങ്ങളേയും ഒരുപോലെ തൃപ്തിപ്പെടുത്തിക്കൊണ്ട്, സാഹിത്യ പ്രവർത്തനത്തെ ഒരു സ്ഥിരം ജോലിയായി സ്വീകരിക്കുകയെന്ന ആഗ്രഹം മാത്രമായിരുന്നു.
അതിനായുള്ള കരുതൽ ശേഖരമെന്ന നിലയിൽ നാട്ടിലേക്ക് തിരിക്കും മുമ്പ് ഗൾഫിലെ സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതാനുഭവങ്ങൾ പരമാവധി ശേഖരിക്കുവാൻ തീരുമാനിച്ചു. അവ രേഖപ്പെടുത്തുവാനായി എല്ലാ ഒഴിവ് ദിവസങ്ങളിലും ഗൾഫിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര പോകുന്നത് പതിവാക്കി.
അങ്ങനെ സ്വരുക്കൂട്ടിയ കാര്യങ്ങൾ പകർത്തിയെഴുതുന്നതിനിടയിലാണ് പൊടുന്നനെ മനസ്സിലൊരു ചിന്ത ഉടലെടുത്തത്, ഒന്നാഞ്ഞ് പിടിച്ചാൽ ഇതിനെയൊരു മനോഹരമായ നോവലാക്കി മാറ്റാനാവുമല്ലോയെന്ന്. നാട്ടിലെ ചെറുപ്പക്കാരായ പല എഴുത്തുകാരും പെട്ടെന്നാണ് നോവലിസ്റ്റുകളായി പരിണമിക്കുന്നത്, ചില കേമന്മാർ അക്കാദമി പുരസ്ക്കാരങ്ങൾ നേടിയെടുക്കുന്നു. ഇത്തരമൊരു അറിവ് രാധാമോഹനെ ആഹ്ളാദിപ്പിക്കുകയായിരുന്നില്ല, മറിച്ച് അതീവ ഖിന്നനാക്കുകയാണുണ്ടായത്.
അതിനേക്കാളൊക്കെ രാധാമോഹന് സഹിക്കാൻ കഴിയാതെ പോയത്, ആ ഗണത്തിൽപ്പെട്ട ഒരുവന്റെ കഥ ന്യൂജെൻ പുതുമുഖ സംവിധായകരിലൊരാൾ സിനിമയാക്കിയെന്നതാണ്. അതറിഞ്ഞ ദിവസം അയാൾ ഭാര്യയോട് പറഞ്ഞു, ‘ആ സിനിമക്കെങ്ങാനും ചലച്ചിത്രപുരസ്ക്കാരം ലഭിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.’ അപ്രതീക്ഷിതമായ തിരിച്ചടികൾ സൃഷ്ടിച്ച നിലനിൽപ്പിനായുള്ള പൊരുതലാണോ വിചിത്രമായ മാനസികാവസ്ഥയിലേക്ക് രാധാമോഹനെ കൊണ്ടുചെന്നെത്തിച്ചതെന്ന് ന്യായമായും സംശയിക്കാം.
എന്നിരുന്നാലും മൂന്ന് പതിറ്റാണ്ടിലേറെ മണലാരണ്യത്തിൽ പണിയെടുത്തുണ്ടാക്കിയ സമ്പാദ്യം കൊണ്ട് നാട്ടിൽ പണിത വീട്ടിൽ മനഃസമാധാനമായി താമസിക്കാൻ നോക്കാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ഭർത്താവിനെ കുറിച്ചോർത്ത അവരുടെ മനസ്സിൽ ദുഃഖത്തിന് പകരം അമർഷമാണ് ആദ്യം ഉണ്ടായത്. നല്ല ചിന്തകളാൽ സമൃദ്ധമായിരുന്ന ഭർത്താവിൽ പൊടുന്നനെയുള്ള മാറ്റത്തിൽ രാധാമോഹന്റെ ഭാര്യയും സങ്കട ത്തിലായി. ആ സങ്കുചിതത്വ മനോഭാവം അവർക്ക് ഉൾക്കൊള്ളാനേ കഴിഞ്ഞില്ല. അത് എന്തുകൊണ്ടായിരിക്കുമെന്ന് ആലോചിക്കവെ, പണ്ട് ഓണപ്പതിപ്പിൽ കഥകൾ പ്രസിദ്ധീകരിച്ച് വന്നിരുന്ന പഴയ നാളുകളിലെ സന്തോഷം അവരോർത്തു പോയി. അന്നെല്ലാം നാട്ടിലേക്ക് ഫോൺ വിളിച്ച് ബന്ധുക്കളോടും സുഹൃത്തുക്കളോടും അത് വാങ്ങി വായിക്കണമെന്ന് ആവശ്യപ്പെട്ടതൊക്കെ അവരുടെ മനസ്സിലേക്ക് ഓടിയെത്തി. നാട്ടിലെത്തിയാലുടൻ ഏതുവിധേനയും ഭർത്താവിനെ പ്രബുദ്ധീകരിക്കാതെ വയ്യെന്ന് അവർ ഉറപ്പിച്ചു. അതിനായി എന്തൊക്കെ ചെയ്യാനാകുമെന്ന അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അശനിപാതമെന്നോണം നിർമ്മിത ബുദ്ധിയുടെ ഉദയം.
വെറുതെ ഒരു വിഷയം നല്കിയാൽ സാങ്കേതിക സംവിധാനം കഥയും കവിതയും ലേഖനവുമൊക്കെ എഴുതി നൽകുമെന്ന വാർത്ത രാധാമോഹനെ പിടിച്ചുലക്കാതിരുന്നില്ല. മുമ്പ് തനിക്കെതിരെ ഉയർന്ന സാഹിത്യ ചോരണ ആരോപണത്തെ എങ്ങിനെയൊക്കെയോ അതിജീവിക്കുവാൻ അയാൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ ചാറ്റ്ജിപിടിയും ജെമിനിയും മെറ്റയും സാർവത്രികമാകുന്നതോടെ തന്നെപ്പോലുള്ളവരുടെ അവസ്ഥയോത്ത് അയാൾ അസ്വസ്ഥ ചിത്തനായി.
ആശയങ്ങളെ വിപുലീകരിച്ചും വൈവിധ്യവൽക്കരിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയെ കുറിച്ച് വായിച്ച ഒരു വാർത്താശകലത്തിലെ വാചകങ്ങൾ രാധാമോഹന്റെ തലച്ചോറിൽ അഗ്നിസ്ഫുല്ലിംഗങ്ങൾ പായിച്ചു. ‘വലിയ വായനാ ശീലമുള്ള ബുദ്ധിജീവിയെ പോലെയാണ് ചാറ്റ് ജിപിടി. ആരെന്ത് സംശയം ആരാഞ്ഞാലും ഏതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചാലും ആധികാരികമായ മറുപടി നല്കാൻ അതിന് കഴിയും. ഭാഷയിലെ സങ്കീർണ്ണമായ വ്യാകരണപ്പിശകുകൾ തിരിച്ചറിയുവാനും ഏത് ഭാഷയിലേക്ക് വേണമെങ്കിലും അതിമനോഹരമായി മൊഴിമാറ്റം നടത്തുവാനും എന്തിനേറെ ആഴത്തിൽ പഠനമാവശ്യമായ പടുകൂറ്റൻ പ്രബന്ധങ്ങൾ തയ്യാറാക്കുവാനും അതിന് അനായസേന സാധിക്കും.’
ആരേയും ആകർഷിക്കുംവിധം ഒഴുക്കോടെ ഏതുവിധത്തിലുള്ള കഥകൾ പറയുവാനും ചാറ്റ് ജിപിടിക്കാകുമെന്ന് അറിഞ്ഞതോടെ സങ്കടമെല്ലാം അവസാനിപ്പിച്ച് രാധാമോഹൻ ഒന്ന് മാത്രം ചോദിക്കാൻ ആഗ്രഹിച്ചു.
‘എം.കെ.രാധാമോഹൻ എന്ന ഈ ഞാൻ യഥാർത്ഥത്തിൽ ആരാണ്? വെറുമൊരു പ്രവാസി മാത്രമാണോ? എന്നെങ്കിലും ഞാനൊരു കഥാകാരനായിരുന്നുവോ? തന്റെ ചരമക്കുറിപ്പ് പത്രങ്ങളിൽ വരുന്നത് എങ്ങനെയായിരിക്കും?’
രാധാമോഹന് ആകാംക്ഷയായി. ചാറ്റ്ജിപിടിയിലേക്ക് ഒരു സന്ദേശമയച്ചു.
‘എഴുത്തുകാരൻ രാധാമോഹന്റെ ചരമക്കുറിപ്പ് തരുമോ?’
അയാൾ ചാറ്റ് ജിപിടിയിൽ കണ്ണുംനട്ടിരുന്നു…
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

രാജമോഹൻ രാജൻ: മുതിർന്ന മാധ്യമപ്രവർത്തകൻ. മാധ്യമം ദിനപത്രത്തിൻറെ തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ ബ്യൂറോ ചീഫ് ആയി സേവനമനുഷ്ഠിച്ചിട്ടുള്ള രാജമോഹൻ, എറണാകുളം, തൃശൂർ എന്നിടങ്ങളിൽ പ്രസ് ക്ലബ് സെക്രട്ടറിയായിരുന്നു. വി.ആർ. രാജമോഹൻ എന്ന പേരിൽ ലേഖനങ്ങൾ എഴുതുന്ന രാജമോഹന്, ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ, എസ്.പി. ബാലസുബ്രഹ്മണ്യത്തിൻറെ പേരിലുള്ള ‘കലാനിധി മാധ്യമ ശ്രേഷ്ഠ’ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയറായ വി. സിനിയാണ് ഭാര്യ. മകൻ: ഗൗതമൻ രാജൻ, ബാംഗ്ളൂരിൽ ആർക്കിടെക്റ്റർ. എറണാകുളത്തെ പെരുമ്പാവൂരിൽ താമസിക്കുന്നു.