AI illustration by Surya for Oru Poonthoppinte Pattu-Malayalam poem by Sathish Kalathil

ഒരു പൂന്തോപ്പിന്റെ പാട്ട്

പ്രിയങ്കരനായ എന്റെ ഭിഷ്വഗരാ,
എന്റെ ജീവൻ ഇനിയും എന്നിൽ നിൽക്കാൻ മടിക്കുന്നു—
ഔഷധങ്ങളുമായി ഇവിടെ നീ വരേണ്ടതില്ല;
എന്റെ രോഗം നിന്റെ കണ്ണുകളിലാണ് ജനിച്ചത്.

എന്റെ പ്രിയ കവി ഖുസ്രോ പാടിയതുപോലെ,
എന്റെ മുറിവുകൾക്ക് ലേപനം ആവശ്യമില്ല—
നിന്റെ അധരത്തിന്റെ ഒരു സ്പർശം മാത്രം മതി;
എന്റെ രക്തത്തിൽ വീണ്ടും വസന്തം വിരിയും.

എന്തിനാണ് നീ തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്നത്?
ഈ രാത്രിയുടെ ഇരുട്ടിൽ എവിടെയാണ് നീ ഒളിച്ചിരിക്കുന്നത്?
നിന്റെ നിഴൽ പോലും എനിക്ക് കാണാനാകുന്നില്ലെങ്കിൽ,
ഈ ലോകം മുഴുവൻ എന്നിൽ ശൂന്യമായി തീരുന്നു.

പ്രിയനേ,
നിന്നെപ്പറ്റിയുള്ള ഓർമ്മകൾ എന്നെ നീറ്റുന്നുവെന്നറിയുന്നില്ലേ?
നിന്റെ വരവിനായ് ഞാൻ ഒരു പൂന്തോപ്പായി മാറിയിരിക്കുന്നു;
എന്റെ ഭൂമിക വറ്റി വരളുന്നത് നീ കാണുന്നില്ലേ?
നിന്റെ വരവിന്റെ ഒരു മഴത്തുള്ളി മാത്രം കാത്ത്,
ഒരു യുഗമായി ഞാൻ ഉരുകിത്തീരുകയാണ്.

നീ വരുമ്പോൾ,
പ്രണയത്തിന്റെ ഒരു തുള്ളി മാത്രം കൊണ്ടുവരിക—
എന്റെ ദേഹത്തിന് തൈലങ്ങളോ അലങ്കാരങ്ങളോ ആവശ്യമില്ല;
വിശപ്പിന് ഭക്ഷണവും വേണ്ട—
നിന്റെ അധരങ്ങളിൽ നിന്നൊരു തുള്ളി മതി.

നിന്നെ കാണാതെ നീളുന്ന ദിനരാത്രങ്ങളിൽ,
എന്റെ നീളമേറിയ മുടിച്ചുരുളുകൾ കാറ്റായി മാറി,
കാടുകളും മേടുകളും മരുഭൂമികളും കടന്ന് അലഞ്ഞുനടക്കുന്നു;
എവിടെയാണ് നീ മറഞ്ഞിരിക്കുന്നത്?

ഈ തീയുടെ ഭാഷ നിനക്കു വായിക്കാനറിയില്ലേ?
എന്റെ ചർമത്തിനുള്ളിൽ കത്തിപ്പടരുന്ന ജ്വാലയിൽ,
നിന്റെ പേര് തീപ്പൊരികളായി ചിതറിക്കൊണ്ടിരിക്കുന്നു—
എന്റെ വിരലുകളിലൂടെ ജീവിതത്തിന്റെ ജപമാല ഊർന്നുപോകുന്നു;
നിന്റെ അഭാവത്തിൽ നിരർത്ഥകമായിത്തീരുന്ന എന്റെ ജനനം
മരണത്തിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

എന്റെ പ്രിയപ്പെട്ട ഭിഷ്വഗരാ,
വേഗം വരൂ—
നീയരികിലില്ലാത്ത ഓരോ നിമിഷവും,
‘ഇശ്ക്’ എന്ന നാമത്തിൽ ഞാൻ ചാരമായിക്കൊണ്ടിരിക്കുന്നു.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Free Subscription!

Subscribe to Prathibhavam for Latest Updates.