Published on: November 13, 2025
എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്
കെ. ആർ. മീര: പുരുഷന്മാരെ പ്രണയം പഠിപ്പിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല.
ദോഷൈകദൃക്ക്:
വിട്ടേര് കുട്ട്യേ… ഏദൻ തോട്ടത്തിൽ നിന്നും തുടങ്ങിയ പഠിപ്പിക്കലാ… കൂട്ട്യാ കൂടൂല്ലാ ന്നേ…

പിൻകുറിപ്പ് :
‘പുരുഷന്മാരെ പ്രണയം പഠിപ്പിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല’ എന്ന എഴുത്തുകാരി കെ. ആർ. മീരയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വിവാദമായി.
നാല്പത്തിനാലാമത് ഷാർജ രാജ്യാന്തര പുസ്തകമേളയുടെ ഭാഗമായി ഇന്റലക്ച്വൽ ഹാളിൽ നടന്ന വായനക്കാരുമായുള്ള സംവാദത്തിനിടെ മോഡറേറ്റർ ഗീതാഞ്ജലിയുടെ,
‘പുരുഷന്മാരെ പ്രണയിക്കാൻ പഠിപ്പിക്കുവാൻ സാധിക്കുമോ?’ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് മീര ഈ പ്രതികരണം നടത്തിയത്.
“ഞാനൊരുപാട് ശ്രമിച്ചു. നടന്നില്ല. അത് നടക്കണമെങ്കിൽ ഒരു പ്രശ്നം, ഈ കമ്പാനിയൻഷിപ്പ് എന്താണ്, അതിന്റെ സന്തോഷം എന്താണെന്നവരറിയണം. നിർഭാഗ്യവശാൽ അവർക്കതറിഞ്ഞുകൂടാ. സഹജീവിതത്തിന്റെ, സൗഹൃദത്തിന്റെ, പങ്കുവെക്കലിന്റെ, അഹന്ത അഴിച്ചു വെയ്ക്കലിന്റെ ഒക്കെ ഒരു ഭാരമില്ലായ്മ, അതുകൊണ്ടു കിട്ടുന്ന ലിബറേഷൻ എന്താണ് എന്ന് അവർക്കറിയാറിയാത്തതുകൊണ്ടാണ്. എന്നാലും, ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.”
എന്നാണ് മീര പറഞ്ഞത്. അതിനെ എതിർത്തുകൊണ്ട് നിരവധി പേരാണ് ഫേസ് ബുക്ക്, ഇൻസ്റ്റാ, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ രംഗത്തു വന്നിട്ടുള്ളത്. പുരുഷന്മാരെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്താവനയാണ് ഇതെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.
“ഇത് തീർത്തും അപലപനീയമാണ്. അക്ഷരങ്ങളോടുള്ള സ്നേഹം കൊണ്ടാണ് എഴുത്തുകാരോട് ആരാധനയും ബഹുമാനവും ഒക്കെ തോന്നുന്നത്. പക്ഷെ ഉയരങ്ങളിൽ എത്തുമ്പോൾ എന്തും പറയാമെന്ന ചിന്ത ഉരുതിരിയുമെന്ന് തോന്നുന്നു. അതല്ലേ ഇത്തരം വില കുറഞ്ഞ പ്രസ്താവനകൾ ഇറക്കുന്നത്.
അനുഭവങ്ങളുടെ വെളിച്ചത്തിൽ ചിലപ്പോ ചിലർക്കൊക്കെ വ്യത്യസ്ത അഭിപ്രായം ഉണ്ടാകാറുണ്ട്. അത് അഭിപ്രായ സ്വാതന്ത്ര്യം ആയി കണക്കാക്കുകയും ചെയ്യാം. പക്ഷെ ഇതങ്ങനെയല്ലല്ലോ. യഥാർത്ഥ പ്രണയം വളരെ പവിത്രമാണ്. അത് പവിത്രമാകുമ്പോഴേ അത് പ്രണയം ആകുന്നുള്ളു. ആണിലും പെണ്ണിലും പ്രണയം നടിച്ചു ചതിക്കുന്നവരുണ്ട്. ഇരുക്കൂട്ടരിലും മനോഹരമായി പ്രണയിക്കുന്നവരും ഉണ്ട്.
അതുകൊണ്ട് ഇങ്ങനെ അടച്ചാക്ഷേപിക്കേണ്ടായിരുന്നു മാഡം. ഉള്ള ബഹുമാനം കളയുന്ന ഒരു പ്രസ്താവന ആയിപ്പോയി ഇത്. ഒരു തരത്തിലും അനുകൂലിക്കാൻ കഴിയില്ല. മാഡം പറഞ്ഞ തരത്തിലുള്ള പുരുഷന്മാർ ഉണ്ട്. പക്ഷെ അത് എടുത്തു പറയാതെ ഒന്നടങ്കം ആക്ഷേപിച്ചത് ശരി ആയില്ല.”
എന്നാണ്, ഒരു ഫേസ്ബുക് പോസ്റ്റിൽ Priya Biju Sivakripa പ്രതികരിച്ചത്.
“പുരുഷന്മാർക്ക് പ്രണയിക്കാൻ അറിയില്ല എങ്കിൽ അവർ പ്രണയത്തെ പറ്റി ഇത്ര വാചാലമായ കവിതകളും നോവലുകളും സിനിമയും ഒന്നും എഴുതാതെ ഇരുന്നേനെ.” എന്ന്, ശ്രീലക്ഷ്മി അറക്കൽ തന്റെ എഫ് ബി പോസ്റ്റിൽ പറയുന്നു.
‘പുരുഷന്മാർക്ക് പ്രണയം ഉണ്ട്. പക്ഷേ, അത് സ്ത്രീ ആഗ്രഹിക്കുന്ന രീതിയിൽ പബ്ലിക് ആയി പ്രകടിപ്പിച്ച് നൽകാറില്ല. ഇതിന് കാരണം പുരുഷന്മാർ വളർന്നു വന്ന പ്രത്യേക സോഷ്യൽ നിർമിതി ആണ്. പബ്ലിക് ആയി പ്രണയംകൊണ്ടു നടക്കുന്ന പുരുഷന്മാരെ ‘പാവാട’ എന്നൊക്കെ ആണ് ഇവിടുത്തെ സമൂഹം വിളിക്കുന്നത്.’ എന്നും പോസ്റ്റിൽ ശ്രീലക്ഷ്മി പറയുന്നുണ്ട്.
അതേസമയം,
‘പ്രണയിക്കാൻ പുരുഷന്മാർക്കേ അറിയൂ’ എന്നാണ്, പ്രസീദ ദേവു പറയുന്നത്.
‘ഒന്നുകിൽ നിങ്ങൾക്കൊരു നല്ല പ്രണയം കിട്ടിയിട്ടില്ല. അല്ലെങ്കിൽ, നിങ്ങളിൽ ഒരു നല്ല പ്രണയത്തിനുള്ള ഇടമില്ല. അതുമല്ലെങ്കിൽ, നിങ്ങൾക്ക് പ്രണയത്തെകുറിച്ച് ഒരു ചുക്കുമറിയില്ല. മറ്റൊന്നുമല്ലെങ്കിൽ, നിങ്ങൾ ആണിനെ അടുത്തറിഞ്ഞിട്ടില്ല.’ എന്നും കടുത്ത ഭാഷയിൽ തന്റെ എഫ് ബി പോസ്റ്റിലൂടെ പ്രസീദ പ്രതികരിച്ചു.







