സി. കബനിയ്ക്ക് പ്രൊഫ. കാളിയത്ത് ദാമോദരൻ വിവർത്തന പുരസ്കാരം
തൃശ്ശൂർ: അധ്യാപകനും വിവർത്തകനുമായിരുന്ന പ്രൊഫ. കാളിയത്ത് ദാമോദരന്റെ സ്മരണാർത്ഥം, പ്രൊഫ. പി. ശങ്കരൻ നമ്പ്യാർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള വിവർത്തന സാഹിത്യ പുരസ്കാരം ഈ വർഷം സി. കബനിയ്ക്ക്.
വിവർത്തന മേഖലയിലെ കബനിയുടെ സമഗ്രസംഭാവനയാണ് അവരെ പുരസ്കാരത്തിന് അർഹയാക്കിയതെന്ന് ഫൗണ്ടേഷൻ പ്രസിഡണ്ട് ഡോ. എം. ആർ. രാജേഷ്, സെക്രട്ടറി ഡോ. ഒ. കെ. ഷീജ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പൗലോ കൊയ്ലോ, ആമോസ് ഓസ്, ഗിരീഷ് കർണാഡ്, സൽമാൻ റുഷ്ദി, ചേതൻ ഭഗത്, പെരു മാൾ മുരുകൻ, ശോഭാ ഡേ, ഹർഷ് മന്ദർ, അമീഷ് ത്രിപാഠി, എ.പി.ജെ.അബ്ദുൾ കലാം, ബെനാസീർ ഭൂട്ടോ, ആങ് സാൻ സൂചി, മഹാശ്വേതാദേവി എന്നിവരുടെ തുടങ്ങി, വിവിധ ഭാഷകളിൽ നിന്നും നിരവധി പ്രശസ്ത കൃതികളെ കബനി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഡോ. കെ. പി. മോഹനൻ, ഡോ. സി. ശാന്തി, ഡോ. കാവുമ്പായി ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ നിശ്ചയിച്ചത്. പതിനയ്യായിരം രൂപയും കീർത്തിപത്രവും ഫലകവുമാണ് പുരസ്കാരം. ഇരുപത്തഞ്ചോളം വർഷമായി മലയാള വിവർത്തന സാഹിത്യത്തിനു വിലപ്പെട്ട സംഭാവനകൾ നല്കിവരുന്ന എഴുത്തുകാരിയാണ് കബനി. ശ്രദ്ധേയമായ നാല്പതിൽപരം അന്യഭാഷാ കൃതികളെ അവർ മലയാളത്തിനു പരിചയപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ മകളാണ് കബനി.
അടുത്ത മാസം ഒന്നിന്, കേരള സാഹിത്യഅക്കാദമി ഹാളിൽ വൈകുന്നേരം 5നാണു പുരസ്കാര സമർപ്പണം. ഇ. ഡി. ഡേവീസ്, ഡോ. ഫസീല തരകത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.