Published on: January 30, 2026

റെയ്നർ മരിയ റിൽക്കെ: പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുമുള്ള കാലത്തു ജീവിച്ചിരുന്ന ഓസ്ട്രിയൻ കവിയും നോവലിസ്റ്റുമായിരുന്നു, റെയ്നർ മരിയ റിൽക്കെ എന്നറിയപ്പെടുന്ന റെനെ കാൾ വിൽഹെം ജോഹാൻ ജോസഫ് മരിയ റിൽക്കെ. 1875 ഡിസംബർ 4ന് ആസ്ട്രോ- ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രാഗിൽ ജനിച്ച റെനെ, സ്വിറ്റ്സർലാന്റിലെ മോൺട്രോയക്സിൽ വെച്ച് 1926 ഡിസംബർ 29ന് അന്തരിച്ചു.
1894ൽ, റിൽക്കെയുടെ ആദ്യ കവിതാ സമാഹാരം, Leben und Lieder: Bilder und Tagebuchblätter (ജീവിതവും ഗീതങ്ങളും: ചിത്രങ്ങളും ഡയറിക്കുറിപ്പുകളും) എന്ന പേരിൽ പുറത്തിറങ്ങി. തുടർന്ന്, നിരവധി കവിതകളും ഏതാനും നോവലുകളും പ്രസിദ്ധീകരിച്ചു.
1901ൽ, ഫ്രഞ്ച് ശില്പി ഓഗസ്റ്റ് റോദാങ്ങിന്റെ (August Rodin) ശിഷ്യയായിരുന്നു ക്ലാര വെസ്റ്റ്ഹോഫിനെ (Clara Westhoff) വിവാഹം ചെയ്തു. ഇവർക്ക് റുത് റിൽക്കെ (Ruth Rilke) എന്ന മകൾ ജനിച്ചു. ക്ലാരയുമായുള്ള വിവാഹ ബന്ധം അധികകാലം നീണ്ടുനിന്നില്ല.
റയിൽവേ ജീവനക്കാരനായിരുന്ന ജോസഫ് റിൽക്കെ, സോഫി എന്റസ് എന്നിവരാണു മാതാപിതാക്കൾ. 51-ാം വയസിൽ, രക്താർബുദം ബാധിച്ച്, മോൺട്രിയക്സിലെ ഒരു സാനിറ്റോറിയത്തിൽ വെച്ചായിരുന്നു അന്ത്യം. സ്വിറ്റ്സർലൻഡിലെ വിസ്പ് പട്ടണത്തിനടുത്തുള്ള സെമിത്തേരിയിൽ റിൽക്കെ അന്ത്യവിശ്രമം കൊള്ളുന്നു.
■■■








