Published on: September 8, 2025


ഒന്നാം കഥ:
പാഠം ഒന്ന്: എന്റെ അമ്മ
”അമ്മ എനിക്ക് കാച്ചിയ പാൽ തരും. അത് കുടിക്കാഞ്ഞാൽ അമ്മ കരയും. എന്തിനാണ് അമ്മ കരയുന്നത്?”
ടീച്ചർ പാഠമെടുത്ത് തീർക്കുന്ന തിരക്കിലായിരുന്നു. ടീച്ചറുടെ ഈ പാഠവിവരണത്തിലൂടെ കുട്ടികൾ സ്‌നേഹനിധിയായ ഒരമ്മയുടെ സാമിപ്യം അനുഭവിക്കുകയായിരുന്നു.
കുട്ടി അവന്റെ അമ്മയെ ഓർത്തു. അമ്മ കുട്ടിക്ക് തൊട്ടതിനും പിടിച്ചതിനുമൊക്കെയുള്ള ശിക്ഷയാണ്. തോർച്ചയില്ലാത്ത ശകാരമാണ്. ഇങ്ങനെയൊരു അമ്മ ഉണ്ടാകുന്നതിലും ഭേദം ഇല്ലാതിരിക്കുന്നതല്ലേ എന്നും കുട്ടി ചിന്തിക്കാറുണ്ട്.
കുട്ടി അവന് പ്രിയപ്പെട്ടവരുടെ പേരുകൾ ഓർക്കുകയായിരുന്നു. അഖിൽ, അമൽ, ഡേവിഡ്, ആസിഫ്, താഹിറ, അശ്വതി, സിന്ധു, മേരി. എല്ലാം അനാഥര്‍.
അന്നൊരു നിലവിളിയായാണ് കുട്ടി വീടണഞ്ഞതും…
രണ്ടാം കഥ:
ഒരു കഥയ്ക്കു വേണ്ടി
മകനൊരു കഥയ്ക്ക് നിർബന്ധിക്കുകയാണ്. ഇത് പതിവില്ലാത്തതാണ്. സാധാരണ അയാൾ എത്തുന്ന രാത്രികളിൽ മകൻ ഉറങ്ങുകയാകും. ഏത് കഥയാണ് മകനോട് പറയേണ്ടതെന്ന വേവലാതിയാൽ അയാൾ അസ്വസ്ഥനാകുമ്പോഴേക്കും മകൻ ഉറങ്ങിയിരുന്നു.
പിന്നെ അയാളും കണ്ണുകളടച്ചു. വേഗം ഉറങ്ങണേയെന്ന പ്രാർത്ഥനയോടെ…
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക






