

ഋതുഭേദഭാവന
ഏതു ദുർഘടവും അതിജീവിക്കാനുള്ള മനക്കരുത്ത് നമുക്ക് നൽകുന്നത് വിഷുക്കാലമാണ്. തീവെയിലിൻ വിയർപ്പൊപ്പാൻ കൊന്നയിൽ മഞ്ഞക്കൈലേസു തൂക്കിയിട്ടിരിക്കുകയാണ് പ്രകൃതിയെന്ന് കൊന്നപ്പൂക്കളെ മുൻനിർത്തി കവിയുടെ ഭാവന എഴുതുന്നു.
“കണികാണുക പൂമൊട്ടേ, / പരം ജ്യോതിസ്സ്വരൂപനെ / സ്വബോധമെന്ന കൈനേട്ടം / തരും വിശ്വൈകബാന്ധവൻ”
– പൂമൊട്ടിന്റെ കണി, പി. കുഞ്ഞിരാമൻ നായർ.
പ്രകൃതിഭാവങ്ങളെ നവോന്മേഷത്തോടെ സ്വാഗതം ചെയ്യുന്ന മലയാളമനസ്സിന്റെ നന്മയുടെ അടയാളമാണ് വിഷു. ഓണവും തിരുവാതിരയും പോലെ ജീവിതത്തെ ചൈതന്യവത്താക്കുന്ന സൗന്ദര്യസാക്ഷാത്കാരം വിഷുവാഘോഷങ്ങളിലും കാണാം.
പകലും രാത്രിയും സമമാകുന്ന ‘വിഷുദിന സന്ദേശം’ സന്തുലിതമായ ഒരു അവബോധമാണ്. സുഖവും ദുഃഖവും വലുപ്പവും ചെറുപ്പവും സമൃദ്ധിയും ദാരിദ്ര്യവും സന്തുലിതമായ മാനസികാവസ്ഥയോടെ അഭിസംബോധന ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ടത്. ജീവിതാവസ്ഥകളെ നിയോഗം പോലെ ഏറ്റെടുക്കാനും അഭിദർശിക്കാനും ഉള്ള ഊർജ്ജം പ്രാപ്തമാക്കുന്നു ഈ സനാതന സങ്കൽപ്പം. സമദർശനത്തിലേക്ക് ക്ഷണിക്കുന്ന പുതുവർഷത്തിന്റെ പിറവികൂടിയാണ് വിഷു.
സൂര്യന്റെ അത്യുഗ്ര പ്രഭാവത്തിൽ ചിരിക്കുന്ന പൂക്കളുടെ, മധുരമൂറുന്ന കനികളുടെ നിറക്കാഴ്ചയൊരുക്കുന്നു വിഷു. കണിക്കൊന്നയും കണിവെള്ളരിയും സ്വർണ്ണമാമ്പഴവും മധുരമിറ്റുന്ന വരിക്ക ചക്കയും കണിയായൊരുക്കുന്ന നെല്ലും അരിയും അടക്കയും വെറ്റിലയും ഋതുഭാവ സമൃദ്ധിയുടെ സൂചകങ്ങൾ ആവുന്നു.
‘വിത്തും കൈക്കോട്ടും’ എന്നും ‘ചക്കക്കുപ്പുണ്ടോ’ എന്നും പാടുന്ന വിഷുപ്പക്ഷി, പുതുവർഷ സംക്രമത്തിന്റെ ഋതുനിറവിനെ വാഴ്ത്തിപ്പാടുകയാണ്. ആന്ധ്രയിൽ നിന്ന് അരിയും തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയും കാത്തിരിക്കുന്ന മലയാളിയുടെ നാഗരിക മനസ്സിന് പുനർവിചിന്തനത്തിനുള്ള ക്ഷണം കൂടിയാണ് വിഷുപ്പക്ഷിയുടെ പാട്ടും വിഷുക്കാലകൽപ്പനയും. കാർഷിക സംസ്കൃതിയുടെ പച്ചപ്പിലേക്കുള്ള കൺതുറക്കലിനുള്ള പ്രേരണ കൂടിയാകണം വിഷു.
കണിയൊരുക്കുമ്പോൾ കരുതിവയ്ക്കുന്ന അലക്കിവെച്ച ശുഭ്രവസ്ത്രം മലയാളിയുടെ ആത്മാഭിമാനത്തിന്റെ നിറവാണ്. അഴുക്കുപുരളാത്ത വ്യക്തി മനസ്സിനും സമൂഹമനസ്സിനും ആത്മാവിന്റെ വസ്ത്രം ഒരുക്കുന്നു. തുഞ്ചത്തെഴുത്തച്ഛൻ ഭക്തിമയസ്വരത്തിൽ പാടിയ രാമായണ ഗ്രന്ഥം കണിക്കാഴ്ചയിൽ ആത്മജ്ഞാനത്തിന്റെ വാഗർത്ഥം കുറിക്കുന്നു. ആത്മബോധത്തിന്റെ അദ്വൈതം പ്രതിബിംബത്തിലൂടെ നിവേദിക്കുന്ന വാൽക്കണ്ണാടിയും പുതുവർഷത്തിലെ മാനവചേതനയുടെ ഉണ്മയാകുന്നു.
സ്വർണ്ണം പോലെ പരിശുദ്ധമാകേണ്ട സമ്പത്തും സമൃദ്ധിയും ഭദ്രദീപം പോലെ ഉൾക്കോവിലിൽ തെളിയിച്ചെടുക്കേണ്ട ചൈതന്യവും കണിയാൽ സാക്ഷാത്കരിക്കപ്പെടുന്നു. സ്ഥിതിപരിപാലകനായ ഉണ്ണികണ്ണന്റെ തേജോ രൂപം ഹൃത്തിൽ ചിന്മയ ദീപ്തിയായി പരിലസിക്കുകയും ചെയ്യുന്നു. കൊന്നകൾ കിങ്ങിണി ചാർത്തി നിൽക്കുമ്പോൾ, കൈനീട്ടത്തിന്റെ തുഷ്ടിയിൽ പുതുതലമുറ പ്രകാശമാനമാകുമ്പോൾ കണ്ണനെ ഓർക്കാതിരിക്കുന്നത് എങ്ങനെ?
“എങ്കിലുമോർപ്പേൻ കണ്ണാ നിന്നുടെ /മന്ദസ്മേരം കണികാണാൻ / നിൻ കാരുണ്യം ചൊരിയും നോട്ടം / കരളിൽ പുളകമു ണർത്തീടാൻ /വിഷുവായ് നമ്മൾക്കമൃതേകിന പുതു /നിനവായ് ഓർമ്മയുണർന്നാവൂ”
– വിഷു – അന്നും ഇന്നും, രാധാകൃഷ്ണൻ കാക്കശ്ശേരി.

ഋതുഭേദഭാവങ്ങളെ സൂക്ഷ്മമായി പകർത്തുന്ന സമൃദ്ധമായ ഭാവനാലോകം മലയാളിക്കുണ്ട്. ഓണവും തിരുവാതിരയും കർക്കടസംക്രാന്തിയും ഞാറ്റുവേലപ്പകർച്ചകളും തുലാവർഷസംഘർഷങ്ങളും മീനക്കൊടുംവെയിൽചൂടും സ്പർശനക്ഷമമായ രീതിയിൽ വാക്കുകളിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട് കവികൾ. മലയാളപുതുവർഷത്തിന്റെ നാന്ദി കുറിക്കുന്ന മേടപ്പുലരിയും വിഷുക്കാല ചാരുതകളും വൈകാരിക ജീവിതത്തെ സ്വാധീനിച്ചതിന്റെ സാക്ഷ്യങ്ങൾ മലയാള കവിതയിൽ ഏറെയുണ്ട്. വ്യത്യസ്ത വിതാനങ്ങളിൽ അടയാളപ്പെടുത്തിയ ചില കവിതകളെ ഇവിടെ പരാമർശിക്കുന്നു.
‘വിഷുക്കണി’ എന്നപേരിൽ വള്ളത്തോളിന്റെ ഒരു കവിതയുണ്ട്. സൂര്യൻ തുലാം രാശിയിലേക്ക് കടക്കുന്ന ശരത്കാല വിഷുവിനെക്കാൾ കവിക്ക് പ്രിയം മേടവിഷുവാണ്. എന്തുകൊണ്ടെന്നാൽ പരോപകാരത്താൽ സ്വന്തം സമ്പത്ത് മറ്റുള്ളവർക്ക് വേണ്ടി ചെലവഴിച്ച് കിണറും കുളവും താഴ്ന്നിറങ്ങിയ വേനൽ കൊടുമയിൽ കടന്നുവരുന്ന വിഷുവാണ് മലനാടിനെ സുന്ദരമാക്കുന്നത് എന്ന് കവി നിരീക്ഷിക്കുന്നു. ഏതു ദുർഘടവും അതിജീവിക്കാനുള്ള മനക്കരുത്ത് നമുക്ക് നൽകുന്നത് വിഷുക്കാലമാണ്. തീവെയിലിൻ വിയർപ്പൊപ്പാൻ കൊന്നയിൽ മഞ്ഞക്കൈലേസു തൂക്കിയിട്ടിരിക്കുകയാണ് പ്രകൃതിയെന്ന് കൊന്നപ്പൂക്കളെ മുൻനിർത്തി കവിയുടെ ഭാവന എഴുതുന്നു.
വേനലിന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടുന്ന വൈലോപ്പിള്ളിയുടെ ‘വിഷുക്കണി’ എന്ന കവിതയിലും മേടപ്രകൃതിയുടെ ചാരുത കടന്നുവരുന്നു. തവളകൾ മഴയെ പുകഴ്ത്തട്ടെ, മാവിൻ ചുനമണക്കുന്ന മേടമാസത്തിൻ മടിയിൽ പിറന്ന ഞാൻ സ്വർഗ്ഗവാതിൽപ്പക്ഷിയോടൊപ്പം വേനൽക്കാലത്തെപ്പറ്റി പാടുക തന്നെ ചെയ്യും എന്നാണ് വൈലോപ്പിള്ളി പറയുന്നത്. കണിക്കൊന്നയെ ‘വെള്ളിച്ചത്തിന്നോമന്മകളെ’ എന്നാണ് കവി വിശേഷിപ്പിക്കുന്നത്. ജീവിതത്തെ വൈകാരികമായി സ്വാധീനിക്കാൻ പ്രകൃതിഭാവങ്ങൾക്ക് കഴിയുമെന്ന് ഈ കവിത തെളിയിക്കുന്നു.
അതുകൊണ്ടാണ്,
“ഏതു ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും, / ഏത് യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും, / മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും / മണവും മമതയും -ഇത്തിരി കൊന്നപ്പൂവും !”
എന്ന് കവി ആഗ്രഹിക്കുന്നത്.
മലനാട് പ്രകൃതിയെ പ്രണയിച്ച പി.കുഞ്ഞിരാമൻ നായരുടെ കവിതകളിൽ വിഷു പല ഭാവങ്ങളിൽ കടന്നുവരുന്നു. വിഷുപ്പക്ഷിയുടെ പാട്ട്, പൂമൊട്ടിന്റെ കണി, വിത്തും കൈക്കോട്ടും എന്നീ കവിതകളിൽ വിഷുക്കാലത്തെ ആവിഷ്കരിക്കുന്നു.
“പൊന്നുംപൂക്കുല നിറപറ വെക്കും /നാട്ടിൽ വിഷുവേല /മേടപ്പുലരി കൊളുത്തും തങ്ക /വിളക്കിൻ വിഷുവേല / പൗർണമി വെയ്ക്കും വെള്ളിവിളക്കിൻ /മംഗള വിഷുവേല /പട്ടം കെട്ടിയ മലകൾ നിരക്കും / ദിക്കിൻ വിഷുവേല /തങ്കപ്പൂമണി മലയാളത്തിൻ / കാവിൽ വിഷുവേല”
– വിഷുപ്പക്ഷിയുടെ പാട്ട്, പി.
വിഷുക്കാല പ്രകൃതിഭാവങ്ങളിൽ പൂത്തിരി പോലെ വിസ്മയഭരിതവും പ്രകാശമാനവും ആകുന്നു, പി. കുഞ്ഞിരാമൻ നായരുടെ കാവ്യഭാവന.
പൂവെക്കേണ്ടിടത്ത് പൊന്നു വെച്ച് പ്രതാപം കാണിക്കുന്ന വിപണിയുടെ ആസുരതയിൽ നമ്മുടെ വിഷുസങ്കല്പത്തിന് വന്ന അപചയം രേഖപ്പെടുത്തുന്ന കവിത ഒ എൻ വി. എഴുതിയിട്ടുണ്ട്. നന്മ കവരുന്ന, മാനവികത ക്ഷയിക്കുന്ന, പ്രകൃതി ധ്വംസിക്കപ്പെടുന്ന യാന്ത്രിക ലോകത്ത് ‘എന്തിനിന്നും പൂത്തു’ എന്ന് കവി ചോദിക്കുന്നു. പക്ഷേ ഏതു കെട്ടകാലത്തും പ്രതീക്ഷയുടെ കിരണമായി കണിക്കൊന്നയെ കവി പ്രതീകവത്കരിക്കുന്നു.
“എങ്കിലുമീ കണിക്കൊന്ന എന്തിനിന്നും പൂത്തു? മണ്ണിൽ ഉണ്ടോ നന്മകൾ തൻ തുള്ളികൾ വറ്റാതെ?”
– എന്തിനിന്നും പൂത്തു?, ഒ. എൻ. വി.
വിഷുക്കാലത്ത് കണിക്കൊന്ന, ‘പൂക്കാതിരിക്കാൻ എനിക്കാവതില്ലേ’ എന്ന് പറയുന്നതിന്റെ പൊരുൾ വിടർത്തുന്ന അയ്യപ്പപ്പണിക്കരുടെ ഭാവനയും പ്രകൃതിയുടെ നൈതികതയിലും മാതൃഭാവത്തിലും ഉള്ള ഉണ്മയെ കുറിക്കുന്നു.
വിഷു നേദിക്കുന്ന ശുഭദർശനത്തിലേക്ക് ഉണ്ണിയെ ഉണർത്തുന്ന ഒരു അമ്മമനസ്സുണ്ട്, സുഗതകുമാരിയുടെ ‘വിഷുപ്പുലരിയിൽ ‘ എന്ന കവിതയിൽ. “ഉണ്ണീ, ഉറക്കമുണർന്നോളൂ / കണ്ണുമിഴിക്കാതെ വന്നോളൂ / ശരി, ഇനിക്കണ്ണു തുറന്നോളൂ / ഇരുകയ്യും കൂപ്പിത്തൊഴുതോളൂ”
നല്ലോണം നല്ലോണം കണ്ടോളൂ, നല്ലത് തന്നെ വരുമല്ലോ എന്നാണ് ആശംസ. നിസ്വർക്ക് അഭയമായും പ്രകൃതിക്ക്, പൊരുതുന്ന പച്ചത്തുരുത്തായും മലയാള മനസ്സിൽ അടയാളപ്പെട്ട കാവ്യജീവിതത്തിൽ നിന്ന് ഭാവിയെ അനുഗ്രഹിക്കുന്ന വാത്സല്യധാരയായി വേനൽത്തീയിലും കൺതെളിച്ചമാകുന്ന മഞ്ഞപ്പൂങ്കുലച്ചാർത്തുകൾ!
കൊടും വേനൽ കുറിച്ചിട്ട, പൊള്ളുന്ന കവിതയാണെങ്കിലും മനസ്സ് കുളിർപ്പിക്കുന്ന വിഷുക്കാലത്തെ അനുഭവിപ്പിക്കുന്ന മാധവൻ പുറച്ചേരി കവിതയിലും തീതുപ്പുന്ന വേനലിൽ പൊന്തുന്ന കണിയിൽ കിനാക്കുളിർ മധുരമുണ്ട്.
“തേന്മാവേ നിന്റെ കൊമ്പിന്മേൽ / ചിലയ്ക്കും ചിലയോർമകൾ / പൊഞ്ഞാറായിത്തിമർത്തിടാം കിളികൾ വിത്തും കൈക്കോട്ടും / പണ്ടു പാടിയതിൻ സ്മൃതി /തലോടുന്നു പതുക്കെ നാം “
– വേനൽക്കുളിര്, മാധവൻ പുറച്ചേരി

പ്രതീതിയാഥാർത്ഥ്യങ്ങൾക്ക് അടിപ്പെട്ട പുതുകാലത്തെ കുട്ടികൾക്ക് വിഷുക്കാലവും വിഷു സങ്കല്പവും എപ്രകാരമാണ്?
“കണ്ണു പൂട്ടിയാ പുലർവേളയിൽ /കണി കാണും വിളക്കിൽ /സ്നേഹത്തിരി വെളിവും തിടുക്കവും”
‘വിഷുക്കണി’ എന്ന കവിതയിലൂടെ രാജൻ സി.എച്ച് തന്റെ ബാല്യത്തിലെ വിഷുവിന്റെ ചാരുത ഇപ്രകാരം വരച്ചുവെയ്ക്കുമ്പോഴും പുതുമുറക്കാരുടെ വിഷുച്ചിത്രത്തെ തന്റെ വിഷുക്കാല നിനവുകളോടൊപ്പം തന്നെ ഇക്കവിതയിൽ കലഹിക്കുന്നതും കാണാം:
“എല്ലാമേ വരച്ചിട്ട / ചിത്രമെന്നായിക്കാണും / കുട്ടികൾ പുതുകാല / ദർപ്പണപ്രതിഛായ കേൾക്കുവാൻകാതില്ലവർ – /ക്കിവയൊന്നുമേ ,യത്ര / കാല്പനികമാം ചിത്ര- /മെന്നവർ ഹസിക്കയായ് “
– വിഷുക്കണി, രാജൻ സി. എച്ച്.
പുതുതലമുറയ്ക്കിന്ന് വെർച്ച്വൽ പ്രതലത്തിലെ ഒരു ചിത്രം മാത്രമാണ് വിഷു. എന്നാൽ, ‘ആത്മാവിൽ പൂക്കുന്ന കർണികാരമായി’ വിഷുവിനെ ഓർക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന കവിഹൃദയങ്ങൾക്ക് തലമുറഭേദവുമില്ല. ‘വിഷുഫലം’ എന്ന കവിതയിൽ സതീഷ് കളത്തിൽ എഴുതുന്നതിങ്ങനെ:
“ഇന്നലെയും നിന്നെകുറിച്ചു ഞാൻ ഓർത്തിരുന്നു. / കാമികളുടെ ആത്മാവിൽ പൂക്കുന്ന / കർണ്ണികാരമായ്, / ഒരു വസന്തഋതുവായി നീയെത്തുമ്പോഴെല്ലാം / നിൻറെ, / ഉടഞ്ഞാണശിഞ്ജിതമെൻറെ / ഉള്ളിലുറഞ്ഞ ശൈത്യത്തെ / ഉരുക്കിക്കളയുമായിരുന്നു.”
“പുറത്ത് / മേശപ്പൂത്തിരി കത്തുമ്പോൾ / അകത്ത് / മത്താപ്പ് വിരിഞ്ഞിരുന്ന കാലം. / കണിയും കൈനീട്ടങ്ങളും സദ്യവട്ടങ്ങളും / കഴിഞ്ഞൂഞ്ഞാലാട്ടങ്ങൾ കഴിഞ്ഞാലും/ കൊതിപ്പിച്ചു നിൽക്കുന്ന മേടസൂര്യനെ / കൊഞ്ഞനം കുത്തി നടന്ന കാലം” എന്നുകൂടി കവി പറയുമ്പോൾ, ഏതൊരു കുട്ടിക്കാലത്തിന്റെയും വിഷു നാളുകളിലെ പ്രസരിപ്പുകൾ നിറവോടെ തെളിഞ്ഞുവരുന്നു കവിതയിൽ.
അതേസമയം, ‘കോശവളർച്ച തടയപ്പെട്ട് രൂപ പരിണാമം വന്ന മുഖമരങ്ങളും മണ്ണിൽ കിടന്നുരുകുന്ന വിഷുവത്തിന്റെ കബന്ധവും ഉള്ളുപുകഞ്ഞ കണിക്കൊന്നകളും കുരുക്കാത്ത കുരുക്കളുടെ നിലവിളികളും’ മറ്റും ‘വിഷുഫലത്തെ’ വിരുദ്ധോക്തിയിൽ അലട്ടുന്നു. സമകാലത്തെ നേരുകളിൽ, നിഷ്ഫലമായിവരുന്ന വിഷുവത്തെക്കുറിച്ച് കൂടി കവിക്ക് എഴുതേണ്ടിവരുന്നു.
സമകാല വിഷു, വെർച്ച്വൽ പ്രതലത്തിലെ ഒരു ചിത്രമോ ആശംസാ ഇമോജിയോ ആയി വേഷം കെട്ടിവരുന്നു. എങ്കിലും വിശ്വമാകെ വിഷം നിറയുമ്പോൾ ഹൃദയഭാവങ്ങളാൽ പ്രകൃതി കുറിക്കുന്ന, മലയാള ഭാവനയുടെ അമൃതകാവ്യമാകുന്നു കേരളക്കരയ്ക്ക് എന്നും വിഷു.

പ്രസാദ് കാക്കശ്ശേരി: തൃശൂർ കാക്കശ്ശേരി സ്വദേശി. പൊന്നാനി തൃക്കാവ് ഗവ.ഹയർസെക്കൻററി സ്കൂൾ അധ്യാപകൻ. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് എം. എ. മലയാളം ഒന്നാം റാങ്കോടെ വിജയിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം. ഫിൽ ലഭിച്ചു.
സായാഹ്ന ഫൗണ്ടേഷൻ ഡിജിറ്റൽ പ്രസാധനത്തിലൂടെ, ‘ചുനയൊലിച്ചതിൽ പാടുകൾ’, ‘നഖം; ക്ഷതവും ചിത്രവും’, ‘ഗിരി’, ‘തണുപ്പ്; ചില സ്വകാര്യങ്ങൾ’, ‘അച്ചുപിഴ’, ‘തല ആലോചനയോട് ചേർന്ന ഒരു രാത്രി’ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.