
ബസിറങ്ങി തിരക്കിട്ട് ജോലി സ്ഥലത്തേക്ക് നടക്കുന്നതിനിടക്കാണ് റെയിൽവെപാളത്തിനരികെ ചെറിയൊരു ആൾക്കൂട്ടത്തെ കൃഷ്ണനുണ്ണി കണ്ടത്. എന്താണ് കാര്യമെന്ന് പോയി അന്വേഷിക്കണമെന്നുണ്ടായിരുന്നു അയാൾക്ക്. പക്ഷെ ജോലി സ്ഥലത്ത് വൈകിയെത്തിയാൽ കർക്കശ സ്വഭാവക്കാരനായ കാലൻ സാറിന്റെ വായിലിരിക്കുന്നത് കേൾക്കണം. മാത്രമല്ല, ഒരു ലീവ് നഷ്ടപ്പെടുകയും ചെയ്യും. അതോർത്തപ്പോൾ കൃഷ്ണനുണ്ണി ആ ചിന്ത ഉപേക്ഷിച്ചു.
ഓഫീസിലെ സൂപ്രണ്ടാണ് ബാലൻ സാർ. കൃത്യം പത്ത് മണി കഴിഞ്ഞാൽ അറ്റന്റെൻസ് റജിസ്റ്റർ അദ്ദേഹം അടച്ച് പൂട്ടി വെക്കും. സാറിൻ്റെ ഈ മുരട്ടു സ്വഭാവം കാരണം ഓഫീസിൽ എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത് കാലൻ സാറെന്നാണ്.
റെയിൽവെ പാളം ക്രോസ് ചെയ്ത് നടന്നാൽ എളുപ്പം ഓഫീസിലെത്താം. പാളത്തിലൂടെ നടന്നു വരികയായിരുന്ന മറ്റൊരാളെ കണ്ടപ്പോൾ വെറുതെ ചോദിച്ചു: “പാളത്തിൽ എന്താ ഒരു ആൾക്കൂട്ടം?”
“ആരോ വണ്ടിക്ക് തല വെച്ചതാണെന്നോ വണ്ടിയിൽ നിന്നും വീണതാണെന്നോ ഒക്കെ പറയുന്നത് കേട്ടു. തുണിയിട്ട് മൂടിയിട്ടുണ്ട്. ആരായാലെന്താ അയാളുടെ കുടുംബത്തിന് പോയി.”
അതും പറഞ്ഞ് അയാൾ തിടുക്കപ്പെട്ട് നടന്നു പോയി. ഒരു പക്ഷെ അയാളുടെ ഓഫീസിലും കാണും ഒരു കാലൻ സാറിനെ! അയാൾ പറഞ്ഞത് ശരിയാണ്. ആരെങ്കിലും മരിച്ചാൽ മരിച്ചയാളുടെ ഉറ്റവർക്കാണ് നഷ്ടം. ദു:ഖം കാണിക്കാനും പതം പറയാനും ആളുകൾ എത്തും. മരണവീടിൻ്റ പടിക്കു പുറത്തു കടന്നാൽ പിന്നെ അവരും അവരുടെ സ്വകാര്യ ലോകത്തേക്ക് പ്രവേശിക്കും. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതാണ് ലോകനീതി!
കൃഷ്ണനുണ്ണി സമയം നോക്കി. ദൈവമേ! ഒമ്പതേ അമ്പത്തൊമ്പത്. ഒരു മിനിറ്റ് കൊണ്ടെന്തായാലും ഓഫീസിലെത്തില്ല. വർഷാവസാനമായതിനാൽ കാഷ്വൽ ലീവും ശേഷിക്കുന്നില്ല. കാലൻ സാറിൻ്റെ വായിലിരിക്കുന്നത് കേട്ടാലും വേണ്ടില്ല എങ്ങനെയെങ്കിലും ഹാജർ ഒപ്പിടണം. അയാൾ നീട്ടി വലിച്ചു നടന്നു. ഓഫീസിലെത്തിയപ്പോൾ സമയം പത്തേ പത്ത്. ഓഫീസിലേക്ക് കടക്കുമ്പോൾ തന്നെ കണ്ണ് ചെന്നെത്തിയത് സൂപ്രണ്ടിൻ്റെ കസേരയിലേക്കായിരുന്നു. അത്ഭുതം! കസേര ശൂന്യം. എന്തു പറ്റി ആവോ? ഒരു ലീവ് പോലും എടുക്കാതെ അര മണിക്കൂർ മുമ്പെത്താറുള്ള വർക്ക്ഹോളിക് സ്വഭാവക്കാരനായ കാലൻ സാറിനെന്തു പറ്റി?
അയാൾക്കുണ്ടായ അതേ അത്ഭുതം തന്നെയായിരുന്നു എല്ലാവരുടെയും മുഖത്ത്. അതുകൊണ്ട് തന്നെ ചിരിച്ചും കലപില കൂട്ടിയും ഒരു ഹോളിഡേ മൂഡിലായിരുന്നു എല്ലാവരും. “കാലൻ സാറില്ല എന്നറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഓടിക്കിതക്കില്ലായിരുന്നു.” കൃഷ്ണനുണ്ണി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.
ഓഫീസിലെ ടെലഫോൺ റിങ്ങ് ചെയ്തു. ഒരാൾ ചെന്ന് ഫോണെടുത്തു. എന്തോ അത്യാഹിത വാർത്ത കേട്ട് ഞെട്ടലോടെ നിന്ന അയാളോട് എല്ലാവരും കാര്യം തിരക്കി. സ്വരം താഴ്ത്തി ദുഖത്തോടെ അയാൾ പറഞ്ഞു: “ഒരു പോലീസ് ഓഫീസറാണ് വിളിച്ചത്. റെയിൽവേ പാളത്തിൽ ഒരു മൃതദേഹം. ഐഡൻ്റിറ്റി കാർഡ് പ്രകാരം അത് കാലൻ…….അല്ല ബാലൻ സാറാണ്!”
ബാലൻ സാറിൻ്റെ ശൂന്യമായ കസേരയിലേക്ക് ശോകമൂകരായി എല്ലാവരും നോക്കി. അപ്പോൾ ജനലിലുടെ കടന്ന് വന്ന കാറ്റ് മേശപ്പുറത്തെ അറ്റൻ്റൻസ് റജിസ്റ്ററിൻ്റെ താളുകൾ മലർക്കെ തുറന്നു, എല്ലാവർക്കും ഒപ്പിടാൻ പാകത്തിനായി!