Sankadakkadalukal-Memories of School Days by C A Krishnan

സങ്കടക്കടലുകള്‍

ങ്കടം ടലുപോലെയാണ്.
അതുകൊണ്ടാണ്,
സങ്കടക്കടലെന്ന് പറയാറുള്ളത്.
 
കടലിന് പല മുഖങ്ങളാണ്;
ചിലേടത്തത് ആര്‍ത്തലറും,
വേറെ ചിലേടത്ത് ചലനമറ്റ് നില്ക്കും;
നിഷ്‌കളങ്കമായൊരു കുഞ്ഞിനെപ്പോലെ!
 
എന്റെ കൊച്ചു കൊച്ചു സങ്കടങ്ങള്‍
ശാന്തമായ കടലുപോലെയാണ്;
ആലോചിച്ച് ആസ്വദിക്കാനുള്ള സങ്കടങ്ങള്‍!

ന്നാം ക്ലാസ്സില്‍ പഠിക്കാന്‍ സ്‌കൂളില്‍ പോയ ആദ്യത്തെ ദിവസം തന്നെ സ്ലേറ്റ് പൊട്ടിയതാണ് സ്‌കൂള്‍ ജീവിതത്തിലെ ആദ്യത്തെ സങ്കടം. സ്ലേറ്റ് മാത്രമല്ല സ്ലേറ്റുപെന്‍സിലും പൊട്ടിത്തുണ്ടമായി എന്നറിഞ്ഞപ്പോൾ സങ്കടം അണപൊട്ടി.

പത്തറുപത്തഞ്ചു കൊല്ലം മുമ്പാണത്. ഞങ്ങള്‍ ചൂരക്കാട്ടുകരക്കാര്‍ അക്ഷരവിദ്യ പഠിച്ച സര്‍ക്കാര്‍ യു.പി. സ്‌കൂള്‍.

ജോസഫ് മാഷായിരുന്നു പ്രധാനാദ്ധ്യാപകന്‍. തൃശ്ശൂരെവിടെയോ ആയിരുന്നു വീട്. കുട്ടികളുമായിച്ചെന്നാല്‍ പേരും വയസ്സും വീട്ടുപേരുമൊക്കെ ചോദിച്ചറിയും. അതോടെ അഡ്മിഷനായി. അതാണന്നത്തെ ഒരു രീതി!

ജനനസര്‍ട്ടിഫിക്കറ്റൊന്നും അന്നില്ല. കന്നിയിലെ കാര്‍ത്തിക, മീനത്തിലെ പൂരാടം, കുംഭത്തിലെ ചിത്തിര അങ്ങനെയൊക്കെയാണ് ഓര്‍മ്മക്കണക്ക്. അതിനാല്‍, അഡ്മിഷന് വന്നവരില്‍ അഞ്ച് തികയാത്തവരൊക്കെ ആ മെയ് മാസത്തില്‍ അഞ്ച് തികഞ്ഞവരാകും!

പുതൂര്‍ക്കര ഉണ്ണിപ്പണിക്കര്‍ എഴുതിക്കൊടുത്ത ജാതകവുമായിട്ടാണ് എന്റച്ഛന്‍  ചെന്നത്. അങ്ങനെയാണ് എനിക്ക് ഒറിജിനല്‍ ജനനതിയ്യതിയുണ്ടായതെന്ന് തോന്നുന്നു.

അന്ന് പ്രവേശനോത്സവവുമില്ല. തകര്‍ത്തു പെയ്യുന്ന മഴയും അലറിക്കരയുന്ന കുട്ടികളും മാത്രമായാണ് അന്നത്തെ സ്‌കൂള്‍ തുറപ്പ്. അവധി പ്രഖ്യാപിക്കുന്ന കളക്ടര്‍മാരും അന്നുണ്ടായിരുന്നില്ല!

പൊട്ടിപ്പൊളിഞ്ഞ നിലവും തട്ടിക വെച്ച് മറച്ച മുറികളും പഴകിദ്രവിച്ച, കാലിളക്കം തട്ടിയ അഞ്ചാറ് ബെഞ്ചുകളും. അതുപോലത്തെ മേശയും കസേരയും.

വെളുപ്പും കറുപ്പുമല്ലാത്ത പലക കൊണ്ടുള്ള ബോര്‍ഡ്. അതില്‍ തൂങ്ങിയാടുന്ന ഡസ്റ്റര്‍. ഇത്രയുമായാല്‍ ഒന്നാം ക്ലാസ്സായി.

ആദ്യ ദിനം അമ്മു ടീച്ചര്‍ ക്ലാസ്സിലേക്ക് വരുന്നേരം ഞങ്ങള്‍ കുട്ടികള്‍ മത്സരിച്ചു കരയുകയായിരുന്നു.
കൂട്ടിക്കൊണ്ടു വന്ന രക്ഷിതാക്കള്‍ സ്ഥലം വിടാന്‍ തുടങ്ങിയതോടെ കരച്ചിലിന് ഊക്ക് കൂടിവന്നു. ചിലര്‍ കുതറിയോടി. ടീച്ചര്‍ പരവശയായി. എന്നാലും വിട്ടുകൊടുത്തില്ല. പഞ്ചവർണ്ണക്കിളികൾ ചിറകടിച്ചു കരയുന്ന കൂട് പോലെ ഒന്നാം ക്ലാസ്!

ആ ഞങ്ങളാണ്, മാസമൊന്ന് കഴിഞ്ഞപ്പോള്‍ ടീച്ചർമാരുടെ ഉറ്റ ചങ്ങാതിമാരാകുന്നത്! ടീച്ചര്‍ പറഞ്ഞുതന്ന കഥകള്‍ കേട്ടും പാടിത്തന്ന പാട്ടുകള്‍ പാടിയും ഞങ്ങള്‍ ആര്‍ത്തുല്ലസിച്ചു.

‘കാക്കേ കാക്കേ കൂടെവിടെ’ എന്ന പാട്ട് ആദ്യമായി കേട്ടത് അന്നായിരുന്നു. അങ്ങനെയിരിക്കെയാണ് അത് സംഭവിച്ചത്. പൊന്നുപോലെ മാറത്തടക്കി സൂക്ഷിച്ച തുണിസഞ്ചി, അടുത്ത കുട്ടിയുടെ കൈ തട്ടി ഇഷ്ടിക വിരിച്ച തറയില്‍ വീണു. അതിനകത്തുണ്ടായിരുന്ന പുത്തന്‍ സ്ലേറ്റും പെന്‍സിലും തവിടുപൊടി.

അതുമായി വീട്ടില്‍ ചെന്നതും, ചീത്തയുടെ തൃശ്ശൂപ്പൂരം. എറായിലിരുന്ന് ചൂരല്‍ വിറച്ചു; അച്ഛനും. നാവിന്‍തുമ്പില്‍ വന്ന ഈശ്വരന്മാരെയൊക്കെ വിളിച്ച് എണ്ണിപ്പെറുക്കി കരഞ്ഞു. എന്തോഭാഗ്യം! അന്ന് ചൂരപ്പഴത്തില്‍ നിന്ന് രക്ഷപ്പെട്ടു. പക്ഷെ, പിന്നെയൊരു സ്ലേറ്റ് ആലോചനാവിഷയമായില്ലെന്നു മാത്രം.

സങ്കടത്തോടെ, പൊട്ടിയ സ്ലേറ്റിന്റെ തുണ്ടുകള്‍ കൂട്ടിച്ചേത്ത് കുറെ നാള്‍ സ്‌കൂളില്‍ പോയി. ആ ദിവസങ്ങളില്‍ അടുത്തുള്ള കുട്ടികളില്‍ പലരുടേയും സ്ലേറ്റുകള്‍ പൊട്ടുന്നതും തകരുന്നതും കണ്ടപ്പോള്‍ പതിയെ എന്റെ സങ്കടം തണുക്കാന്‍ തുടങ്ങി. നിലത്തു വീണാലും പൊട്ടാത്തൊരു തകരസ്ലേറ്റ് കിട്ടിയതോടെ എന്റെ സങ്കടം മുഴുവനും മാറി. അന്നത്തെ ഇത്തരം കുഞ്ഞു കുഞ്ഞു സങ്കടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും കയ്യും കണക്കുമില്ല.

Choorakkattukara U.P. School

മൂന്നില്‍ പഠിക്കുമ്പോഴാണ് കരഞ്ഞ് നേടിയ അനുവാദവുമായി ആദ്യമായി മൃഗശാല കാണാന്‍ പോയത്. അതൊരു സംഭവമായിരുന്നു.

പറത്താട്ടിയുടെ മുല്ലക്കര മുണ്ടൂര്‍ ബസ്സിലായിരുന്നു തൃശ്ശൂര്‍ക്കുള്ള ആ യാത്ര. കുന്നംകുളം റൂട്ടിലെ ആദ്യത്തെ ബെന്‍സ് ബസ്സായിരുന്നു ‘പറത്താട്ടില്‍’. ആന ചിന്നം വിളിക്കും പോലെത്തെ അതിന്റെ ‘പോം പോം’ വിളി ഇന്നും കാതിലുള്ളതുപോലെ… നല്ല രസമായിരുന്നു അത് കേൾക്കാൻ. ഡോഡ്ജ്, ഫര്‍ഗോ, ബെഡ്‌ഫോര്‍ഡ് എന്നിവയൊക്കെയായിരുന്നു അക്കാലത്തെ സാധാരണ യാത്രാശകടങ്ങള്‍.

ഒക്ടോബറിലെ വനമഹോത്സവകാലത്താണ് ആ മൃഗശാലയാത്ര. മേല്‍നോട്ടം പരമേശ്വരന്‍ മാഷിനായിരുന്നു. ചൂരി കൃഷ്ണന്‍ മാഷും ലക്ഷ്മിക്കുട്ടി ടീച്ചറും സഹായികൾ. പരമേശ്വരന്‍ മാഷിന്റെ കയ്യില്‍ അപ്പോഴുമുണ്ടായിരുന്നു ചൂരൽ!

ഇന്നത്തെപോലെ അന്നും സ്‌കൂൾ കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. എട്ടണയാണ് ഓരോ കുട്ടിക്കും ചെലവ്.  എട്ടണയെന്നാല്‍ അര ഉറുപ്പിക. ഇന്നത്തെ അമ്പത് പൈസ. പത്ത് പൈസയാണ് കുട്ടികള്‍ക്ക് ബസ്സുകൂലി.

രാമവര്‍മ്മ തിയ്യേറ്ററിന് മുമ്പിലാണ് ബസ്സ് കൊണ്ടു നിര്‍ത്തിയത്. സ്വരാജ് റൗണ്ടിൽ, നെഹ്‌റു പാർക്കിന്റെ കിഴക്ക് ഭാഗത്തെ പ്രധാന കവാടത്തിന് എതിരെ ആയിരുന്നു തിയ്യേറ്റർ. രാമവര്‍മ്മ എന്ന പേര് പിന്നീട് സ്വപ്ന തിയ്യേറ്റർ ആയി. ഇന്നാ തിയ്യേറ്റർ തന്നെ ഇല്ല.

ബസ്സ് ഇറങ്ങിയോടത്ത് നിന്ന് ചെമ്പൂക്കാവു വരെ വരിപിടിച്ച് നടത്തം. റൗണ്ടില്‍ തലങ്ങും വിലങ്ങും വാഹനങ്ങള്‍ പുക ചീറ്റിപ്പായുന്നു. ഇന്നത്തെ പോലെ റൗണ്ടിലന്ന് വണ്‍വേ ഇല്ല. ഞങ്ങള്‍ കുട്ടികളെ അത്ഭുതപ്പെടുത്തിയ ആദ്യത്തെ നഗരകാഴ്ച അതാകണം.

Read Also  ഫുൽമാനിയുടെയും കരുണയുടെയും ചരിത്രം/ഹന്നാ കാതറൈൻ മുള്ളൻസ്/നോവൽ പരിഭാഷ- ഒന്നാം അദ്ധ്യായം/സതീഷ് കളത്തിൽ

പരമേശ്വരന്‍ മാഷിന്റെ മൂത്ത മകന്‍ ഗോപനും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇടത് ചേർന്ന് ഞങ്ങളുടെ ‘കൂ കൂ കൂകും തീവണ്ടി’ പോല ബോഗികൾ തീർത്തുളള നടത്തം കൂകി കൂകി മുന്നോട്ട് ഏതാനും വാര ചെന്നപ്പോൾ, മുന്നില്‍ അതാ ഞങ്ങളെയും നോക്കി നില്‍ക്കുന്ന ഒരാൾരൂപം. അതൊരു രാജാവിന്റെ പ്രതിമയാണെന്നും രാജാവിന്റെ പേര് രാമവര്‍മ്മയാണെന്നും കൃഷ്ണന്‍മാഷാണ് പറഞ്ഞു തന്നത്. പ്രതിമയാണെങ്കിലും ആദ്യമായി ഒരു രാജാവിനെ കണ്ട സന്തോഷം ഞങ്ങൾ കുട്ടികൾക്ക്!

രാജാവ് നില്ക്കുന്നിടത്ത്, തൊട്ടുമുൻപിൽ ഇടത്തോട്ട് തിരിഞ്ഞ്, രണ്ടടി വെയ്ക്കുമ്പോഴേക്കും ഇടത്തോട്ട് തിരിഞ്ഞ് നേരെ പോകണം. മോഡല്‍ സ്‌കൂളും സാഹിത്യ അക്കാദമിയും ടൗണ്‍ഹാളും പഴയ ജില്ലാക്കോടതിയും താലൂക്കാപ്പീസും മന്ത്രിമാര്‍ തൃശ്ശൂരില്‍ വരുമ്പോള്‍ താമസിക്കുന്ന രാമനിലയവും ഒക്കെ എന്തെന്നും എങ്ങനെയെന്നും ആ നടപ്പിലെ കാഴ്ചകളിൽ അറിഞ്ഞു.
(വലുതാകുമ്പോള്‍ ഇവിടങ്ങളിൽ പോയി വാര്‍ത്ത’കളെടുത്ത് കഴിയേണ്ടി വരുമെന്ന് അന്നത്തെ ഞാനെന്ന ആ കുട്ടിയെങ്ങനെ അറിയാൻ..!)

രാമനിലയത്തിന്റെ മുന്നിൽ കൂടെ ഞങ്ങളുടെ കൂകിപ്പായും തീവണ്ടി ചെന്ന് നിന്നത് മൃഗശാലയ്ക്ക് മുന്നിൽ. മൃഗശാലയിലെ കാഴ്ചാ വിശേഷങ്ങളൊന്നും അധികം ഓർമ്മയിലില്ല. ഗേറ്റിനു മുന്നിൽ ഞങ്ങൾ കൂടി നിന്നതും ഉള്ളിൽ അവിടെയും ഇവിടെയും ഒക്കെ ഓടിച്ചാടി നടന്നതും മൃഗശാലയിലെ കാഴ്ചബംഗ്ളാവിൽ അച്ചടക്കത്തോടെ കേറിയിറങ്ങിയതും എല്ലാം നേർത്ത ഓർമ്മപോലെ ഉണ്ട്. പക്ഷെ, അന്ന് അവിടെ കണ്ടതില്‍ കുറുക്കനെ ഒഴിച്ചുള്ള മൃഗങ്ങളൊക്കെ ഞാനതുവരെ കാണാത്തതായിരുന്നു. ആ കാഴ്ചകളോരോന്നും അക്കാലത്ത് പലരോടും പങ്കു വെച്ചതും ഓർമ്മയിലുണ്ട്!

പിന്നെയുള്ളത്, തിരിച്ചു പോരുമ്പോള്‍ റൗണ്ടിലെ പത്തൻസ് ഹോട്ടലില്‍ നിന്നും മസാലദോശ കഴിച്ചതിന്റെ രുചിയാണ്. അതിന്നും നാവിലൂറുന്നുണ്ട്. പത്തൻസിന്റെ അടുത്ത് ഇന്ത്യന്‍ കോഫി എന്നൊന്ന് ഉണ്ടെന്നും അത് നമ്മുടെ രാജ്യത്തിന്റെ കാപ്പിക്കടയാണെന്നും കൂട്ടുകാരന്‍ അജയനാണ് പറഞ്ഞുതന്നത്. അവിടെ വെളുത്ത കുപ്പായമിട്ട് തൊപ്പിവെച്ച പോലീസുകാരാണ് കാപ്പി ഉണ്ടാക്കിത്തരികയെന്ന് അവൻ പറഞ്ഞത് എനിക്കന്നത്ര വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

പിന്നീട്, പടിഞ്ഞാറേക്കോട്ടയില്‍ മൂരിച്ചന്തക്കടുത്തുള്ള മാതയിലേക്ക്  ഉണ്ണിയാര്‍ച്ച സിനിമ കാണാന്‍ സ്‌കൂളില്‍ നിന്ന് കൊണ്ടുപോയതും തേക്കിന്‍കാട്ടില്‍ കൊണ്ടുപോയി കമല സര്‍ക്കസ്സ് കാട്ടിത്തന്നതും സ്‌കൂള്‍ക്കാലത്തെ മറ്റു ചില സംഭവബഹുലമായ ഓര്‍മ്മകളാണ്.

അതിനൊക്കെ അനുവാദവും കാശും കിട്ടാന്‍ വേണ്ടി വിങ്ങിപ്പൊട്ടിയതിനും ഏങ്ങിക്കരഞ്ഞതിനും പൊതിരെ അടി മേടിച്ചതിനും കണക്കില്ല. അനുവാദം കിട്ടാൻ അടി വാങ്ങി കൂട്ടിയതൊക്കെ ഈ സങ്കടക്കടലിൽ ഇന്നും കിടപ്പുണ്ട്.  

പൂരപ്പറമ്പില്‍ ഇഷ്ടപ്പെട്ട പാവയും പീപ്പിയും വാങ്ങിത്തരാതിരുന്നതിന് കണ്ണീര്‍ വീഴ്ത്തിയിട്ടുണ്ട്. ചെരിപ്പിനായും ശീലക്കുടക്കായും വാശി പിടിച്ചിട്ടുണ്ട്. പാല്‍പ്പല്ല് പുരപ്പുറത്തേക്ക് എറിഞ്ഞ് കീരിക്ക് കൊടുത്തതിന് സങ്കടപ്പെട്ടിട്ടുണ്ട്. വലുതായെന്നും ഇനി വാറ്ട്രൗസര്‍ ഇടില്ലെന്നും പറഞ്ഞ് ചിണുങ്ങിയിട്ടുണ്ട്, പിണങ്ങിയിട്ടുണ്ട്.

ങ്ങനെ… ങ്ങനെ…
എത്രയെത്ര കുഞ്ഞു സങ്കടങ്ങള്‍…
എണ്ണിപ്പറഞ്ഞാലും തീരാത്തത്ര;
എണ്ണിയാലൊടുങ്ങാത്തത്ര,
അതിമധുരതരമായ സങ്കടക്കടലുകള്‍!
!

1964 batch group photo of Choorakkattukara U.P. school
ചൂരക്കാട്ടുകര യു. പി. സ്‌കൂളിലെ 1964ലെ ഒരു ഗ്രൂപ്പ് ഫോട്ടോ
Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹