
ഗീതാ ഹിരണ്യൻ: മലയാളത്തിലെ കഥാകൃത്തും കവയിത്രിയുമായിരുന്ന ഗീതാ ഹിരണ്യൻ കൊല്ലം കൊട്ടാരക്കര കോട്ടവട്ടം സി. ശ്രീധരൻ പോറ്റിയുടേയും വസുമതിദേവിയുടേയും മകളായി 1958 മാർച്ച് 20 ന് ജനിച്ചു. 2002 ജനുവരി 2 ന്, അർബുദരോഗത്താൽ അന്തരിച്ചു.
‘ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം (1999)’, ‘അസംഘടിത(2002)’, ‘ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം(2002)’, എന്നിവയാണ് പ്രസിദ്ധമായ കഥാസമാഹാരങ്ങൾ. 2009ൽ മരണാന്തര, ‘ഗീതാഹിരണ്യന്റെ കഥകൾ’ എന്ന കഥാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു. അവർ അവസാനമായി എഴുതിയ കഥ, ‘ശിൽപ്പ കഥയെഴുതുകയാണ്’ എന്ന കഥയും ഈ സമാഹാരത്തിലൂടെ വെളിച്ചംകണ്ടു. ഒറ്റപ്പെട്ട കവിതകൾ എഴുതിയിട്ടുള്ള ഗീതാ ഹിരണ്യന്റെ അവസാന കവിത ‘സുഖം’, 2000 ജനുവരിയിൽ പ്രതിഭാവത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
ടി.പി.കിശോർ അവാർഡ്, ജി.ശങ്കരക്കുറുപ്പ് ജന്മശതാബ്ദി കവിതാ പുരസ്ക്കാരം, കുഞ്ചുപിള്ള സ്മാരക അവാർഡ് എന്നിവ ലഭിച്ചിട്ടുള്ള ഗീതാ ഹിരണ്യന്റെ പേരിൽ കേരള സാഹിത്യ അക്കാദമി എൻഡൊവ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
1974ൽ മാതൃഭൂമി വിഷുപതിപ്പിൽ പ്രസിദ്ധീകരിച്ച ദീർഘപാംഗൻ എന്ന കഥയിലൂടെയാണ് അവർ മുഖ്യധാരാ സാഹിത്യമേഖലയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. സുവോളജിയിൽ ബിരുദവും മലയാളത്തിൽ ബിരുദാന്തരബിരുദവും എംഫിലും ലഭിച്ചു. കേരളത്തിലെ വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചുവരവേ, കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ ഓഫീസറായി നിയമിതയായെങ്കിലും രോഗംമൂലം ആ ജോലിയിൽ പ്രവേശിച്ചില്ല.
ഭർത്താവ്: കവിയും നിരൂപകനും അദ്ധ്യാപകനുമായ കെ. കെ. ഹിരണ്യൻ(late). മക്കൾ: ഉമ, ആനന്ദ്.