
തലയില്ലാ തച്ചൻ- രണ്ടാം ഭാഗം
ആര്യ മുമ്പ് വിവരിച്ച ആ സ്വപ്ന ദൃശ്യം സെലിന്റെ ഓർമ്മയിൽ മിന്നിമറഞ്ഞു:
‘കുന്നിൻ പ്രദേശം നിരപ്പാക്കുന്ന വിദേശികളായ പണിക്കാർ… മൺപുറ്റിനുള്ളിൽ ധ്യാനിച്ചിരിക്കുന്ന മനുഷ്യാകൃതിയിലുള്ള രൂപം… അബദ്ധത്തിൽ പിക്കാസ് തട്ടി അതിന്റെ ശിരസ്സ് അറുത്തുമാറ്റപ്പെടുന്നത്… ഒരിറ്റു ചോര ചിന്താതെ… തറയിൽ കിടന്ന് പിടയുന്ന ശിരസ്… മറിഞ്ഞുവീഴാതെ ധ്യാനനിമഗ്നനായ് ഇരിക്കുന്ന മൺപുറ്റിന്റെ കബന്ധം… ഭയന്ന് ഓടിമറയുന്ന പണിക്കാർ…’
പുലർച്ചയിലെ തണുത്ത കാറ്റുംകൊണ്ട്, ഇളംമഞ്ഞ നിറം നിറഞ്ഞ ബാൽക്കണിയിൽ ഇരുന്ന്, ഒരു കപ്പ് ടീ ചൂടോടെ കുടിക്കുന്നതിന്റെ ഒരു സുഖം പറഞ്ഞറിയിക്കാൻ പറ്റില്ലെന്നു സെലിനു തോന്നി. ഉള്ളിലെ കുളിരിനെമാത്രമല്ല, മനസിലെ കാർമേഘങ്ങളെയും പറത്തിക്കളയാൻ അതിനു കഴിയും.
കുളിക്കഴിഞ്ഞ് ആര്യ ഇപ്പോൾ എത്തും. പതിവുപോലെ, അവളുടെ കോഫി കപ്പും കയ്യിലുണ്ടാകും. പിന്നെ കുറേനേരം ഇവിടെയാണ്. അപ്പോഴാണു തലേനാളിലെ വിശേഷങ്ങൾ പരസ്പരം പറഞ്ഞു തീർക്കുന്നത്. തനിക്കു പറയാൻ ഒരുപാട് കാര്യങ്ങളുണ്ടാകും. മിക്കവാറും ദിവസങ്ങളിൽ അവൾ കേൾവിക്കാരിയാണ്. ജോലിയുമായി ബന്ധപ്പെട്ടല്ലാതെ മറ്റുകാര്യങ്ങളൊന്നും അവൾക്കു പറയാനുണ്ടാവില്ല. അതാണെങ്കിലോ, ‘ഇന്നലെത്തെപോലെ ഇന്നും’ എന്നതിനപ്പുറം അധികമൊന്നും ഉണ്ടാകാറില്ല. വല്ലപ്പോഴും, അച്ഛനോ അമ്മയോ ഇങ്ങോട്ടോ, അവൾ അങ്ങോട്ടോ വിളിച്ചിക്കുമ്പോൾ കിട്ടുന്ന വീട്ടുവിശേഷങ്ങളുണ്ടാകും. അതും, വളരെ പിശുക്കിമാത്രം പറയും.
തങ്ങൾക്കിടയിൽ വൈകുന്നേരങ്ങൾ അധികമൊന്നും ഉണ്ടാകാറില്ല. അതിനു പ്രധാന കാരണം, താൻ ഓഫീസ് വിട്ടെത്തുമ്പോൾ ഒന്നുകിൽ അവൾ വല്ല പുസ്തകങ്ങൾക്കിടയിൽ പൂണ്ടുകിടപ്പുണ്ടാകും. അല്ലെങ്കിൽ, കുക്കിങ് മൂഡിലായിരിക്കും. ആർ ഡി ഓ ഓഫീസിലെ ക്ലാർക്ക് ആയതുകൊണ്ട് അവളുടെ രാത്രികൾക്കൊന്നും പിറ്റേന്നേക്കുള്ള ഒരുക്കങ്ങൾ കാര്യമായി ഉണ്ടാകാറില്ല. അതുപോലെയല്ല ഒരു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിലെ അസിസ്റ്റന്റ് പ്രൊജക്റ്റ് എൻജിനിയറുടെ കാര്യം. ഓഫീസ് ടൈം കഴിഞ്ഞാലും ഒഴിയാ തിരക്കും മുറുകികൊണ്ടിരിക്കുന്ന കുരുക്കും നിറഞ്ഞ ജോലി, ജീവിതം. അതിനിടയിൽ ആര്യയുടെ നിശബ്ദ സാമീപ്യംപോലും സെലിന് വലിയൊരാശ്വാസമാണ്.
“എന്താണ് എന്നെപോലെ ദിവാസ്വപ്നത്തിന്റെ അസ്കിത നിനക്കും തുടങ്ങിയോ?”
കയ്യിൽ ആവിപറക്കുന്ന കോഫിയുമായി ആര്യ.
ലാവണ്ടർ കളറിലുള്ള പഴയൊരു സാരിയും നേവി ബ്ലൂ ജാക്കറ്റുമാണു വേഷം. ആ വേഷത്തിൽ അവളെ കണ്ടപ്പോൾ പ്രഭാതസൂര്യനെ കണ്ട ഒരു ഉന്മേഷം സെലിന്. എങ്കിലും, അവൾ നന്നേ തളർന്നിട്ടുണ്ടെന്ന് ആ മുഖത്തേക്കു നോക്കിയപ്പോൾ സെലിന് തോന്നി. ഒരൊറ്റ രാത്രിയിൽ ഇങ്ങനെയും ഒരാൾ കോലം കെടുമോ?
“ദിവാസ്വപ്നംമാത്രമല്ല, വന്നു വന്നിപ്പോൾ, എന്തൊക്കെയാണോ നീ, അത് അനുകരിക്കലാണ് ഇപ്പോഴത്തെ എന്റെ പ്രധാന ഹോബി.”
ഉള്ളിലെ ആശങ്ക മറച്ചുവെച്ച് സെലിൻ ചിരിച്ചു.
സെലിന്റെ ജോലിത്തിരക്കും ആര്യയുടെ വായനാഭ്രാന്തും പാചകവും എല്ലാം ചേർന്നതാണ് ആ ഫ്ളാറ്റിന്റെ താളം. ആര്യയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ആര്യയെപോലെ സെലിന്റെ മനസും അസ്വസ്ഥമാകുന്നുണ്ട്. പക്ഷെ, സെലിൻ അത് പുറത്തു കാണിക്കാറില്ല.
“അതെയോ… അതെന്തായാലും നന്നായി. ആട്ടെ… ഇപ്പോഴെന്താണാവോ അനുകരിക്കാൻ കിട്ടിയത്?” ആര്യയുടെ കുട്ടിത്തം നിറഞ്ഞ കുസൃതി വർത്തമാനം കേട്ടിരിക്കുമ്പോൾ നേരം പോകുന്നത് അറിയാറില്ല. സെലിൻ ഓർത്തു.
“മനുഷ്യനെ പച്ചയ്ക്കു കത്തിച്ചാൽ പോലും വറ്റാത്തത്ര തണുപ്പത്ത്, എണീറ്റപാടെയുള്ള നിന്റെ ഈ കുളിതന്നെ.”
സെലിൻ പരിഭവംപോലെ പറഞ്ഞു.
“അതിനു നിന്നോടാരു പറഞ്ഞു, എണീറ്റ ഉടനെ പോയി ഷവറിന്റെ അടിയിലോട്ടു കേറാൻ. ആദ്യമൊക്കെ ഷവറെന്നു കേൾക്കുന്നതേ അലർജി ആയിരുന്നല്ലോ..?”
‘ശരിയാണ്. പണ്ടും തനിക്കു പലർച്ചയ്ക്കു കുളിക്കുന്ന ശീലം ഇല്ലായിരുന്നു. വീട്ടിൽനിന്നും എങ്ങോട്ടും പോകുന്നില്ലെങ്കിൽ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസത്തേക്കു കുളിതന്നെ കട്ട്. ഇവിടെ ഒരുമിച്ചു താമസം തുടങ്ങിയ ആദ്യത്തെ ചില ദിവസങ്ങളിൽ, ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ്, ഓഫീസിലേക്ക് ഇറങ്ങാൻ ഒരര മണിക്കൂർ നില്ക്കുമ്പോഴാകും കുളിക്കാൻ ഓടുക. അന്നൊക്കെ പക്ഷെ, കിടപ്പ് വെവ്വേറെ മുറികളിലായിരുന്നു. കിടപ്പ് ഒരു മുറിയിലായപ്പോഴും പതിവ് തെറ്റിയിരുന്നില്ല.’
സെലിൻ ഓർത്തു. പക്ഷെ, ആര്യ പറഞ്ഞതിനു മറുപടി ഒന്നും പറഞ്ഞില്ല.
“അല്ലെങ്കിലും, നല്ല കാര്യങ്ങളുടെ അനുകരണം ഒരു നല്ല കുട്ടീടെ ലക്ഷണം തന്നെയാണ്. പ്രത്യേകിച്ച്, മൂത്തവർ ചെയ്യുന്ന കാര്യങ്ങൾ കണ്ടുപഠിക്കുന്നത്.”
ബാൽക്കണിയുടെ സൈഡിൽ തെന്നിക്കിടക്കുന്ന കസേര സെലിനരികിലേക്കു ചേർത്തിട്ടിരുന്ന്, രണ്ടിറക്ക് കോഫി മോന്തി, സെലിനെ ഏറുകണ്ണിട്ട് ആര്യ.
“ഒന്നു പോടി… ഇപ്പറയുന്നതു കേട്ടാൽ തോന്നും, എന്റെ ഗ്രാൻഡ്മേടെ ഉപദേശിക്ക്യലാണെന്ന്. ഒന്നോ രണ്ടോ വർഷങ്ങളുടെ എല്ലുമൂപ്പ് ഉണ്ടെന്നു കരുതി അധികം ഞെളിയണ്ട…”
ബാൽക്കണിയുടെ ബാലസ്ട്രേഡിൽ ചാരിയിരുന്നിരുന്ന സെലിൻ ഇക്കുറി മുഖം കോട്ടി.
അതു കണ്ടതും ആര്യ മെല്ലെ ചിരിച്ചു.
ഇതുതന്നെ പറ്റിയ സമയമെന്ന് സെലിൻ കരുതി,
“ആര്യാ… ചിലപ്പോഴൊക്കെ എനിക്ക് തോന്നും നീയൊരു ബുദ്ധിയുള്ള പെണ്ണാണെന്ന്. അതേസമയം, നിന്നെപ്പോലൊരു വിവരദോഷിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ലെന്നും തോന്നും.”
സെലിൻ പറഞ്ഞു.
തമാശ വിട്ടുള്ള സെലിന്റെ സ്വരത്തിലെ ഗൗരവം ആര്യ തിരിച്ചറിഞ്ഞു.
“പറയൂ സെലിൻ… ഞാനിപ്പോൾ എന്ത് വിവരദോഷമാണ് കാണിച്ചത്?”
ആര്യയുടെ ചോദ്യത്തിൽ ഒരു നേർത്ത വിങ്ങൽ തങ്ങിനിന്നിരുന്നു.
സെലിൻ അല്പനേരം മൗനം പാലിച്ചു. താൻ ചോദിക്കാൻ പോകുന്നത് ഒരുപക്ഷേ, ‘പൻഡോറയുടെ പെട്ടി’ തുറക്കുന്നത് പോലെയാകുമോ എന്നവൾ ഭയന്നു.
“പറയൂ സെലിൻ… ഞാൻ നിന്നോട് എന്തെങ്കിലും തെറ്റായി പറഞ്ഞോ? അതോ ചെയ്തോ?”
ആര്യ വിടാതെ ചോദിച്ചുകൊണ്ടിരുന്നു. ഉത്തരം കിട്ടിയില്ലെങ്കിൽ അവൾക്കു മനഃസമാധാനം ഉണ്ടാവില്ല. കൊടുക്കാതിരുന്നാൽ തനിക്കും.
“ഹേയ്… നതിങ് ആര്യാ… അപ്സെറ്റ് ആകാൻ ഒന്നുമില്ല. നിനക്ക് അങ്ങനെ ഒന്നും പെരുമാറാൻ കഴിയില്ലെന്ന് എനിക്കറിയില്ലേ. പ്രത്യേകിച്ചും എന്നോട്… പക്ഷേ നിന്റെ ചില പിടിവാശികൾ… അതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.”
സെലിൻ എങ്ങും തൊടാതെ പറഞ്ഞു. പ്രായംകൊണ്ട് ഇളപ്പമാണെങ്കിലും ആര്യയുടെ അന്തര്മുഖത്വം ഇതിനകം സെലിനെ ഒരു ഗാർഡിയന്റെ മനോഭാവത്തിലെത്തിച്ചിരുന്നു. കിച്ചൻ മാനേജ്മെന്റ് ഒഴികെ അവർക്കിടയിലെ മറ്റെല്ലാ പൊതുകാര്യങ്ങളുടെയും ചുമതല സെലിനാണ്.

“ഞാൻ എന്ത് പിടിവാശിയാണ് നിന്നോട് കാണിച്ചത്?”
ആര്യയ്ക്ക് വ്യക്തമായ ഉത്തരം വേണം. പക്ഷേ, ആര്യയുടെ സ്വകാര്യ വിഷയങ്ങളിൽ കടന്നു കയറാൻ സെലിന് മടിയുണ്ടായിരുന്നു. എങ്കിലും, അവൾ പറഞ്ഞു:
“എന്നോടല്ല ആര്യാ…” സെലിൻ പാതിയിൽ നിർത്തി.
അവർക്കിടയിൽ മൗനം കനത്തു. ആര്യയുടെ മിഴികൾ താഴ്ന്നു. ഇത്രയും കാലം തന്റെ സ്വകാര്യതയിലേക്ക് സെലിൻ അതിക്രമിച്ചു കടന്നിട്ടില്ല. ഇന്ന് അവൾ അതിന് ശ്രമിക്കുന്നുണ്ടെങ്കിൽ, അത് തന്റെ അവസ്ഥ കണ്ട് സങ്കടം സഹിക്കവയ്യാതെയാണെന്ന് ആര്യയ്ക്ക് മനസ്സിലായി. എങ്കിലും, സെലിൻ ഉദ്ദേശിക്കുന്ന ആ പഴയ കാര്യങ്ങളിലേക്ക് കടക്കാൻ ആര്യ തയ്യാറായിരുന്നില്ല.
“ഞാൻ ഇന്നലെയും നിന്റെ ഉറക്കം കളഞ്ഞല്ലേ സെലിൻ?”
ആര്യ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
“ഉം… ചെറുതായിട്ട്.”
ഇല്ല എന്ന് പറഞ്ഞാലും ആര്യ അത് വിശ്വസിക്കില്ല.
“ഇന്നലെയും അതേ സ്വപ്നം തന്നെയായിരുന്നോ, അതോ…?” സെലിൻ ആര്യയെ തറഞ്ഞു നോക്കി.
ആര്യ ഒന്ന് നെടുവീർപ്പിട്ടു.
“കൊടുംകാട് തന്നെ… ഇരുട്ടിൽ ഞാൻ ഓടിക്കൊണ്ടിരിക്കുകയാണ്. എനിക്ക് ചുറ്റും നീലവെളിച്ചത്തിന്റെ ഒരു വലയം… പക്ഷെ..”
“പക്ഷെ..?”
പാതിയിൽ ആര്യ നിർത്തിയപ്പോൾ സെലിനു ഉദ്വേഗം കൂടി.
“പക്ഷെ… ഞാനെങ്ങും എത്തുന്നില്ല. ഒരിടത്തുനിന്നുതന്നെ ഓടുന്നു.”
“കുന്തം! നീയിതൊക്കെ വിട്ടുകളയാൻ നോക്കെടീ. മനസ്സിലിട്ട് പെരുപ്പിക്കുന്നത് കൊണ്ടാണ് ഇതൊക്കെ… ഈ നിലയ്ക്ക് പോയാൽ നിന്നെ വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടാക്കേണ്ടി വരും. നീയും നിന്റെയൊരു കാടും കാട്ടാറും അമ്പലോം തലയില്ലാ ബിംബവും. എല്ലാം നിന്റെ വെറും ഡില്യൂഷൻ മാത്രമാണ്.”
സെലിൻ കടുപ്പിച്ചു പറഞ്ഞു.
“അങ്ങനെയല്ല സെലിൻ, ഇതിലെന്തോ രഹസ്യമുണ്ട്. അല്ലെങ്കിലിങ്ങനെ കൂടെക്കൂടെ…”
ആര്യ നിർത്തി. സെലിന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചു.
അത്രയും പറയേണ്ടിയിരുന്നില്ലെന്ന് സെലിനും തോന്നി. തുടർന്നു കേൾക്കാൻ സെലിൻ സന്നദ്ധ പ്രകടിപ്പിച്ചു, “ബാക്കി കൂടെ പറയ് പെണ്ണേ… കേൾക്കട്ടെ.”
സെലിന്റെ പിന്തുണ കിട്ടിയതോടെ ആര്യ തുടർന്നു.
“നീ ഓർക്കുന്നുണ്ടോ സെലിൻ, കുറച്ചു ദിവസങ്ങൾക്ക് മുൻപ് നീ പറഞ്ഞത്?
“എന്ത്…?”
സെലിന് പിടികിട്ടിയില്ല.
“ഒരു ഡോക്ടറെ കാണാം എന്ന്…”
“ഉം… നിനക്കിപ്പോൾ അങ്ങനെ തോന്നുന്നുണ്ടോ?”
“ഉണ്ട്. അല്ലാതെ ഇതിന് ഉത്തരം കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. അല്ലെങ്കിൽ നാഡി ജ്യോത്സ്യം. വല്ല മുജ്ജന്മ സാധ്യതയുമുണ്ടോ എന്ന് അറിയാമല്ലോ.”
ഇതു പറയുമ്പോൾ ആര്യയുടെ മുഖം ഗൗരവത്തിലായി. സ്വരത്തിന് ഒരു കാഠിന്യം ഉള്ളതുപോലെ…
“കോപ്പാണ്! അവളുടെയൊരു മുജ്ജന്മം!”
സെലിന് വീണ്ടും അരിശം വന്നു.
“അങ്ങനെ പറയല്ലേ സെലിൻ. ഞാൻ കാണുന്നതെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്. ഒന്നോ രണ്ടോ നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഏതോ ഒരു യാഥാർത്ഥ്യം ഇതിന് പിന്നിലുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു. ആ ദൃശ്യങ്ങൾ എന്നെ വിടാതെ വേട്ടയാടുകയാണ്.”
ഇപ്പോഴും സ്വരത്തിന് ആ കാഠിന്യം തോന്നി സെലിന്.
ആര്യ മുമ്പ് വിവരിച്ച ആ സ്വപ്ന ദൃശ്യം സെലിന്റെ ഓർമ്മയിൽ മിന്നിമറഞ്ഞു:
‘കുന്നിൻ പ്രദേശം നിരപ്പാക്കുന്ന വിദേശികളായ പണിക്കാർ… മൺപുറ്റിനുള്ളിൽ ധ്യാനിച്ചിരിക്കുന്ന മനുഷ്യാകൃതിയിലുള്ള രൂപം… അബദ്ധത്തിൽ പിക്കാസ് തട്ടി അതിന്റെ ശിരസ്സ് അറുത്തുമാറ്റപ്പെടുന്നത്… ഒരിറ്റു ചോര ചിന്താതെ… തറയിൽ കിടന്ന് പിടയുന്ന ശിരസ്… മറിഞ്ഞുവീഴാതെ ധ്യാനനിമഗ്നനായ് ഇരിക്കുന്ന മൺപുറ്റിന്റെ കബന്ധം… ഭയന്ന് ഓടിമറയുന്ന പണിക്കാർ…’
അന്ന് ആര്യ ഞെട്ടിയുണർന്നത് വല്ലാത്തൊരു ശ്വാസംമുട്ടലോടെയായിരുന്നു. അതോർക്കുമ്പോൾ ഇതിനെ വെറുമൊരു മതിഭ്രമമായി തള്ളിക്കളയാനും സെലിന് കഴിയുന്നില്ല.
‘ഇനി ആര്യയുടെ ഇൻറ്റ്യൂഷൻ ശരിയാണെങ്കിലോ?’
ആ ചോദ്യം സെലിന്റെ ഉള്ളിൽ ഒരു ആന്തലുണ്ടാക്കി.
“ശരി… നമ്മൾ ഇന്ന് ലീവെടുക്കുന്നു. നമുക്ക് ഇന്നു തന്നെ ഒരു ഡോക്ടറെ കാണാം. പോരേ…”
സെലിൻ ഒന്ന് ചിരിച്ചു. പിന്നെ എഴുന്നേറ്റ് അകത്തേക്ക് നടന്നു. ആര്യയെ മറിക്കടക്കുന്നതിനിടയിൽ അവളുടെ ചുമലിൽ കൈവെച്ചുകൊണ്ട് സെലിൻ പറഞ്ഞു,
“പേടിക്കണ്ട… ഞാനുണ്ട് കൂടെ.”
ആര്യ അവിടെത്തന്നെ ഇരുന്നു. അവളുടെ മുഖത്ത് ആശ്വാസത്തിന്റെ നിഴലാട്ടമുണ്ടായെങ്കിലും മനസ്സ് അപ്പോഴും ആ വന്യമായ കാടിനുള്ളിലായിരുന്നു. തലയില്ലാത്ത ആ പ്രതിമ തന്നെ മാടിവിളിക്കുന്നത് പോലെ അവൾക്ക് അനുഭവപ്പെടാൻ തുടങ്ങി.
‘അത് വെറുമൊരു സ്വപ്നമല്ല, എന്റെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട ഏതോ നിഗൂഢതയുടെ ഭാഗമാണ്.’ ആര്യയുടെ മനസ് മന്ത്രിച്ചുകൊണ്ടിരുന്നു.
തുടരും…
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്’ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്’ എഐ കാർട്ടൂൺ കോളവും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.








