പ്രതിഭാവം പരിചയപ്പെടുത്തുന്ന, നവാഗത എഴുത്തുകാരി ഫാസിന കുന്നത്തിന്റെ, ഒരു പ്രതികാരത്തിന്റെ ‘അഞ്ചുദിനങ്ങ’ ളിലൂടെ സഞ്ചരിക്കുന്ന തുടർകഥ, ‘റാന്തൽ’ ഗോസ്റ്റ് സ്റ്റോറി ആദ്യത്തെ അദ്ധ്യായം.

പാലക്കാട് പിരായിരി സ്വദേശിനിയായ ഫാസിന, തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോപതിക് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ ബിരുദത്തിനു പഠിക്കുന്നു. ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോഴാണ്, തന്റെ ആദ്യ രചനയായ ‘റാന്തൽ’ ഫാസിന എഴുതിയത്.

The Lantern story cover-AI Illustrated by Surya-Malayalam horror story written by Fazina Kunnath

റാന്തൽ നാലാം അദ്ധ്യായം

‘പട പടേ…’ എന്ന് ഇടിവെട്ടിയതും ഏതോ പോസ്റ്റിൽ ഇലക്ട്രിക് സ്പാർക്ക് ഉണ്ടായതും ഒരേ സമയത്താണ്. വഴിയിലെ മൊട്ട ബൾബുകളും ഗ്രീഷ്മേടെ വീട്ടിലെ വെളിച്ചവും കെട്ടു. അപ്പോൾ തന്നെ വലിയ ശബ്ദത്തിൽ ഒരിടി കൂടി വെട്ടി. ആ മിന്നൽ വെളിച്ചത്തിൽ ഗ്രീഷ്മേടെ മുഖം വല്ലാതെ ഭയന്ന് വിളറിയിരിക്കുന്നത് സാറ കണ്ടു.

ഹാളിലെ സോഫാ സെറ്റിയിൽ കിടന്ന് ടി വി കണ്ടിരുന്ന് മടുത്തപ്പോൾ സാറാ പതിയെ എഴുന്നേറ്റു. അവർ പോയിട്ട് ഏകദേശം ഒരു മണിക്കൂറായിക്കാണും. ഇറങ്ങുമ്പോൾ റഷീദ് ഇക്ക, ‘നീ വരുന്നില്ലേ?” എന്നൊരു മേനിവാക്ക് ചോദിച്ചത് മനസ്സിലിട്ട് കിടന്നതാണ്. പിന്നെ ആ കിടപ്പ് തുടർന്നു. കണ്ണുകൾ ടി വിയിലെ ദൃശ്യങ്ങളിൽ ആയിരുന്നെങ്കിലും ചിന്തകൾ ഒന്നു രണ്ട് വർഷങ്ങൾക്ക് പിറകോട്ടുപോയി.

ഉപ്പ പെൻഷൻ പറ്റാൻ അധികം നാളില്ലാത്ത സമയം. ആയിടെ മറ്റെന്തോ ആവശ്യത്തിന് ഇവിടെ അമ്മാവനെ കാണാൻ വന്നതാണ്. അക്കൂട്ടത്തിൽ തന്റെയും റഷീദ് ഇക്കാന്റേം കാര്യം ഉപ്പ സൂചിപ്പിച്ചൂന്ന് ഉമ്മാനോട് പറയുന്നത് കേട്ടു. ചെറുപ്പത്തിൽ അവർ പറഞ്ഞു വെച്ചിരുന്നതാണ്. പക്ഷെ, താൻ അക്കാര്യം അപ്പോഴാണ് അറിയുന്നത്. റഷീദ് ഇക്കായും അറിഞ്ഞിരിക്കാൻ വഴിയില്ല. അങ്ങനെയൊരു സൂചനയും തങ്ങൾക്കിടയിൽ ഉണ്ടായിട്ടുമില്ല.

എങ്കിലും,
“അത് ഇനി ആലോചിക്കേണ്ട അളിയാ…”
എന്ന് അമ്മാവൻ പറഞ്ഞൂന്ന് ഉപ്പ ഉമ്മാനോട് പറയുന്നത് കേട്ടപ്പോൾ അതെന്തുകൊണ്ടായിരിക്കാം എന്നൊരു ജിജ്ഞാസ. പക്ഷെ, അതിനെ കുറിച്ച് ഉമ്മയോ ഉപ്പയോ പിന്നെ ഒന്നും സംസാരിക്കാതിരുന്നപ്പോൾ അതിശയം തോന്നി. ചെറുപ്പം തൊട്ടേ റഷീദ് ഇക്കായുമായി അത്ര വലിയ അടുപ്പമൊന്നും ഇല്ലെങ്കിലും അമ്മാവനും അമ്മായിക്കും തന്നെ വല്യ കാര്യമായിരുന്നു. പത്താം തരം കഴിഞ്ഞപ്പോൾ അങ്ങോട്ടു പോക്കും ഇങ്ങോട്ടു വരവും മിണ്ടലും ഒക്കെ കുറഞ്ഞു. പഠിപ്പിനിടയിൽ അന്നതൊന്നും ശ്രദ്ധിച്ചില്ല.

കുറച്ചു നേരം മുറിക്കു പുറത്ത് നിന്നിട്ടും മറ്റു പല കാര്യങ്ങളാണ് അവർ സംസാരിച്ചത്. നല്ല മുൻശുണ്ഠിയും മുൻകോപവും ഉണ്ടെങ്കിലും താനത്ര മോശം പെണ്ണല്ല. മറ്റു ചീത്തപ്പേരൊന്നും കേൾപ്പിച്ചിട്ടുമില്ല. റഷീദ് ഇക്കായെ കുറിച്ചും എല്ലാവർക്കും നല്ല അഭിപ്രായമാണ്. ഒറ്റ മോൻ. തന്നെ പോലെ അല്ല. അമ്മാവനോ അമ്മായിയോ പറഞ്ഞാൽ മറുത്തൊക്ഷരം പറയില്ല. നിക്കാഹ് കഴിക്കുന്നതും അമ്മാവൻ കണ്ട് ഉറപ്പിച്ച പെണ്ണിനെ.

‘എന്നാലും… എന്തുകൊണ്ടായിരിക്കാം അമ്മാവൻ അങ്ങനെ പറഞ്ഞത്? ഉപ്പ മറിച്ചൊന്നും പറയാതിരുന്നത്? ഉമ്മ ഒന്നും മിണ്ടാതിരുന്നത്? അമ്മാവനോടും വീട്ടുകാരോടും തനിക്കൊഴിച്ച് മറ്റാർക്കും മുഷിച്ചിൽ തോന്നാത്തത്?’

അന്നു തൊട്ട് ഇപ്പോൾ വരെ തന്റെ ഉള്ളിൽ ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്. റഷീദ് ഇക്കായെ ഒരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ല. പക്ഷെ, അകാരണമായി താൻ നിരസിക്കപ്പെട്ടു എന്ന ചിന്ത ഉള്ളിൽ നല്ല പുകച്ചിൽ ഉണ്ടാക്കി. അത് കെട്ട് അടങ്ങുന്നും ഇല്ല.

“എന്താ ഇവിടെ ഇങ്ങനെ നില്കുന്നത്?”

പിന്നിൽ നിന്നും ആ ചോദ്യം കേട്ടതും സാറ ഒന്നു ഞെട്ടി തിരിഞ്ഞു. കാലത്തു കണ്ട പെൺകുട്ടിയാണ്. കടയിൽ പോയി വരുന്ന വഴിയാണെന്നു തോന്നുന്നു, കയ്യിൽ സഞ്ചിയുണ്ട്.

“വെറുതെ…”
ചെറുതായൊന്ന് ചിരിച്ചു കൊണ്ട് സാറ പറഞ്ഞു. അപ്പോഴാണ് സാറയും പരിസരം ശ്രദ്ധിച്ചത്. താൻ ഇപ്പോൾ നില്കുന്നത് വീട്ടിൽ നിന്നും കുറച്ചു ദൂരെ റോഡിലാണ്. ഈ കുട്ടിയുടെ വീടും കഴിഞ്ഞ് പിന്നെയും കുറച്ചു ദൂരം നടന്നു വന്നിരിക്കുന്നു. ഉച്ചതിരിഞ്ഞ നേരം വീട്ടുമുറ്റത്തു നില്ക്കുമ്പോൾ കണ്ട ആ ആളില്ലാത്ത വീടിന്റെ മുൻഭാഗത്താണ് താനിപ്പോൾ നില്ക്കുന്നത്. അവിടെ നിന്നും ഇടത്തോട്ട് തിരിയുന്ന റോഡ് കുറച്ചു ദൂരം പോയി ചെന്നെത്തുന്നത് മെയിൻ റോഡിലേക്കാണ്. ആ ഭാഗത്തൊന്നും വേറെ വീടില്ല. ഇരുവശങ്ങളിലും റബ്ബർ തോട്ടമാണ്.

“കടയിൽ പോയി വരുന്ന വഴിയാണ്.”
ആ കുട്ടിയും ചിരിച്ചുകൊണ്ട് പറഞ്ഞു.

“തോന്നി…”
സാറ.

“വീട്ടിൽ ഒറ്റക്കായിരുന്നു അല്ലേ… മറ്റുള്ളവർ എവിടെ പോയതാണ്?”
“അവർ അമ്മാവന്റെ മോന്റെ കല്യാണത്തിന് ഡ്രസ്സ് എടുക്കാൻ പോയതാണ്. എനിക്കെന്തോ ഒരു മൂഡ് തോന്നിയില്ല. അതുകൊണ്ട് പോയില്ല.”

“ഉം…”
ആ കുട്ടി ഒന്നു മൂളി. പിന്നെ വീണ്ടും ചോദിച്ചു,
“സാറ ചേച്ചി എന്തേ ഇവിടെ വന്ന് ഈ വീടിങ്ങനെ നോക്കി നില്ക്കുന്നത്?”

സാറ അതിനുത്തരം കൊടുക്കാതെ ചോദിച്ചു,
“ഇയാളുടെ പേര് എന്താ?”
“ഗ്രീഷ്മ.”
“നിങ്ങൾ കുറേക്കാലമായോ ഇവിടെ താമസം?”
“അത്ര അധികമായിട്ടില്ല. ആറേഴു കൊല്ലമായിക്കാണും. അച്ഛന് ടാപ്പിംഗ് ആണ്.”
“അമ്മ…?”
“അമ്മയും ടാപ്പിംഗിനു പോയിരുന്നു. ഇപ്പോൾ സുഖമില്ലാതെ കിടപ്പിലാണ്. ചേച്ചിയുണ്ട്. വീട്ടിൽ തന്നെ ടൈലറിംഗ് ആണ്. കല്യാണം ഒഴിഞ്ഞതാ. ഒരു മോളുണ്ട്. ഞാൻ ഡിഗ്രി ഫൈനൽ ഇയറാണ്.”

Read Also  ഓർമ്മകളെ പിന്നോട്ട് നടത്തിക്കുന്ന പാതകൾ/ സാവിത്രി രാജീവൻ എഴുതിയ ഗീത ഹിരണ്യൻ ഓർമ്മ

ഗ്രീഷ്മ തന്റെ വീട്ടുവിശേഷം ഒറ്റശ്വാസത്തിൽ പറഞ്ഞു. ഇനി തന്റെ ഊഴമാണ് എന്ന് തോന്നി സാറ പറയാൻ തുടങ്ങുകയായിരുന്നു. അപ്പോഴേക്കും ഗ്രീഷ്മ പറഞ്ഞു,
“ഇരുട്ട് ആകാൻ തുടങ്ങി. ഇവിടെ അധികം നില്‌ക്കേണ്ട.”

ഗ്രീഷ്മ പതിയെ മുന്നോട്ടു നടന്നു. ഒപ്പം താനും. ഈ സമയം ചെമ്മൺ റോഡിലെ ഇലക്ട്രിക് പോസ്റ്റുകളിൽ മൊട്ട ബൾബുകൾ കത്തി. ഉൾനാട് ആയതു കൊണ്ടാകണം ഈ ഭാഗത്തെ സ്ട്രീറ്റ് ലൈറ്റുകൾ ഇപ്പോഴും ഹാലൊജൻ ബൾബുകൾ ആണ്.

The Lantern story scene 4-Illustrated by Surya-Malayalam horror story by Fazina Kunnath

“എന്റെ പേര് അങ്ങനെ അറിഞ്ഞു?”
സാറ ചോദിച്ചു.
“കാലത്തുതൊട്ട് കേൾക്കുന്നുണ്ടല്ലോ ഈ പേര്…”
ഗ്രീഷ്മ ഉറക്കെ ചിരിച്ചു.
“ഓ… അങ്ങനെ…”
സാറയും ചിരിയിൽ ഒപ്പം ചേർന്നു.

“പിന്നെ… വീട് വാങ്ങാൻ ബ്രോക്കർ ആയി നിന്നത് എന്റെ അച്ഛനായിരുന്നെ… അതുകൊണ്ട് നിങ്ങളുടെ വീട്ടിൽ ആരൊക്കെ ഉണ്ട്… എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ ഞങ്ങൾക്ക് അറിയാല്ലോ. ഉപ്പേം ഇക്കമാരും മുൻപും വന്നിട്ടും ഉണ്ടല്ലോ.”
ഗ്രീഷ്മ വിശദീകരിച്ചു.

“ആ വീട്ടിൽ ആരും ഇല്ലേ? കുറെക്കാലമായി ഒഴിഞ്ഞു കിടക്കുന്നപോലെ തോന്നുന്നല്ലോ…”
സാറ പിന്നിലേക്ക് തിരിഞ്ഞ്, ഇടത്തോട്ടു നോക്കി ചോദിച്ചു.

“അതോ… അവിടെയിപ്പോൾ ആരും ഇല്ല. അതൊരു ക്രിസ്ത്യാനികളുടെ വീടാണ്. ഒന്നുരണ്ടു കൊല്ലം മുൻപുവരെ ഒരു പള്ളീലച്ചൻ താമസം ഉണ്ടായിരുന്നു. ഏതോ സ്‌കൂളിലെ പ്രിൻസിപ്പാളായിരുന്നു. ഇടക്ക് തലക്ക് സുഖം ഇല്ലാതായി. പിന്നെ ആളെ കാണാതായി. എവിടെ ആണെന്ന് ഇതുവരെ ആർക്കും അറിയില്ല.”

അവർ നടന്ന് ഗ്രീഷ്മയുടെ വീടിനു മുൻപിൽ എത്തിയിരുന്നു. അകത്തുനിന്നും ഒരു കുട്ടീടെ കരച്ചിലും ഒരു പെണ്ണിന്റെ ശകാരിക്കലും കേട്ടു. ഗ്രീഷ്മേടെ ചേച്ചിയും മോളും ആണെന്നു മനസിലായി.

“വീട്ടിലേക്ക് കേറുന്നോ… അവര് വരുന്നതുവരെ ഇവിടെ ഇരിക്കാം.”
ഗ്രീഷ്മ ക്ഷണിച്ചു.

“വേണ്ട… പിന്നെ വരാം. ഇന്നിത്തിരി പണിയുണ്ട്. സാധങ്ങൾ ഒക്കെ റൂമിൽ ഇനിയും സെറ്റ് ചെയ്യാനുണ്ട്.”
സാറ പറഞ്ഞു.

“ഒറ്റക്കിരിക്കാൻ പേടിയൊന്നും ഇല്ലേ… അല്ലാ… പരിചയം ഇല്ലാത്ത സ്ഥലം ആയതുകൊണ്ട് ചോദിച്ചതാണ്.”
സങ്കോചത്തോടെ ഗ്രീഷ്മ ചോദിച്ചപ്പോൾ സാറയ്ക്ക് ഉള്ളിൽ ചിരിപൊട്ടി.

‘പേടി…! അതില്ലാത്തതാണ് തന്റെ ഒരേയൊരു പ്രശ്നമെന്ന് വീട്ടുകാരും ബന്ധുക്കളും പറയുന്നത് കേട്ടു കേട്ട് ഇപ്പോൾ അതെന്താണെന്ന ഗവേഷണത്തിലാണ് താനെന്ന് ഈ കുട്ടിയ്ക്കറിയില്ലല്ലോ…’

സാറ പറഞ്ഞു,
“സാരമില്ല. ഞാൻ മാനേജ് ചെയ്തോളാം. ഗ്രീഷ്മ പൊയ്ക്കോളൂ.”

അതു കേട്ടതും ഗ്രീഷ്മ ചിരിച്ചുകൊണ്ട് അവളുടെ വീട്ടിലേക്കു നടക്കാൻ തുടങ്ങിയതാണ്. പെട്ടെന്നെന്തോ ഓർത്തപോലെ ഗ്രീഷ്മ വിളിച്ചു,
“സാറ ചേച്ചീ…”

തന്റെ ഗേറ്റിന്റെ അടുത്തേക്ക് രണ്ടടി നടന്നപ്പോഴാണ് ഗ്രീഷ്മേടെ വിളി. തിരിഞ്ഞു നിന്നപ്പോഴേക്കും ഗ്രീഷ്മ അടുത്തെത്തി.

“ഞാൻ പറയുന്നതുകൊണ്ട് ഒന്നും തോന്നേണ്ട. ആ വീടിന്റെ അടുത്തെയ്ക്കൊന്നും ഒറ്റയ്ക്ക് അങ്ങനെ പോണ്ടാട്ടോ. പ്രത്യേകിച്ച് ഈ സമയത്ത് ഒക്കെ…”

“അതെന്താ..?”
ചോദ്യത്തോടൊപ്പം സാറയുടെ പുരികങ്ങളും വല്ലാതെ വളഞ്ഞു വന്നു. കണ്ണുകൾ ചുരുങ്ങി.

“അത്… പിന്നെ…”
പറയണോ വേണ്ടയോ എന്ന ശങ്കയിൽ ഗ്രീഷ്മ നില്ക്കുമ്പോൾ പെട്ടെന്ന് കാറ്റ് ആഞ്ഞു വീശാൻ തുടങ്ങി. മുഖത്തും കൈത്തണ്ടകളിലും വന്നു തറച്ച പൊടിമഞ്ഞിന് മൊട്ടുസൂചീടെ കൂർത്ത മുന ഉള്ളതുപോലെ സാറയ്ക്ക് തോന്നി.

‘പട പടേ…’ എന്ന് ഇടിവെട്ടിയതും ഏതോ പോസ്റ്റിൽ ഇലക്ട്രിക് സ്പാർക്ക് ഉണ്ടായതും ഒരേ സമയത്താണ്. വഴിയിലെ മൊട്ട ബൾബുകളും ഗ്രീഷ്മേടെ വീട്ടിലെ വെളിച്ചവും കെട്ടു. അപ്പോൾ തന്നെ വലിയ ശബ്ദത്തിൽ ഒരിടി കൂടി വെട്ടി. ആ മിന്നൽ വെളിച്ചത്തിൽ ഗ്രീഷ്മേടെ മുഖം വല്ലാതെ ഭയന്ന് വിളറിയിരിക്കുന്നത് സാറ കണ്ടു.

തുടരും… 

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹