പ്രതിഭാവം പരിചയപ്പെടുത്തുന്ന, നവാഗത എഴുത്തുകാരി ഫാസിന കുന്നത്തിന്റെ, ഒരു പ്രതികാരത്തിന്റെ ‘അഞ്ചുദിനങ്ങ’ ളിലൂടെ സഞ്ചരിക്കുന്ന തുടർകഥ, ‘റാന്തൽ’ ഗോസ്റ്റ് സ്റ്റോറി ആദ്യത്തെ അദ്ധ്യായം.

പാലക്കാട് പിരായിരി സ്വദേശിനിയായ ഫാസിന, തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോപതിക് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ ബിരുദത്തിനു പഠിക്കുന്നു. ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോഴാണ്, തന്റെ ആദ്യ രചനയായ ‘റാന്തൽ’ ഫാസിന എഴുതിയത്.

The Lantern story cover-AI Illustrated by Surya-Malayalam horror story written by Fazina Kunnath

റാന്തൽ മൂന്നാം അദ്ധ്യായം

ഉമ്മ ഒന്നു മൂളി. അതിൽകൂടുതൽ പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് ഉമ്മയ്ക്കും അറിയാം. ഉമ്മ ചായ മഗും അട ചുട്ടുവെച്ച പാത്രവും എടുത്ത് അടുക്കള വിട്ടു. ഒന്നോ രണ്ടോ മിനിട്ടു കഴിഞ്ഞപ്പോഴേക്കും പുറത്ത് ഒരു കാർ വന്നു നില്ക്കുന്ന ശബ്ദം കേട്ടു. സാറ മനസ്സിൽ ഉരുവിട്ടു…

“റഷീദ് ഇക്ക…”

കത്തേക്ക് വന്നപ്പോൾ ഹാളിൽ ആരും ഇല്ല. എല്ലാവരും എണീറ്റു കഴിഞ്ഞിരുന്നു. താഴെ രണ്ട് ബെഡ് റൂം ഉണ്ട്. ഒന്നിൽ ഉപ്പയും ഉമ്മയും അച്ചുവും. മറ്റേതിൽ അസീസിക്കാക്ക. ഇളേ ഇക്കാക്കയാണ്. മുകളിലുള്ള രണ്ട് ബെഡ് റൂമുകളിൽ പുള്ളിക്കാരൻ നോട്ടമിട്ടതാണ്. ഒന്ന് ഞാനെടുത്തു. മറ്റേത് വല്യക്കയും. വീട് ഏകദേശം ഉറപ്പിച്ചപ്പോഴേ അക്കാര്യത്തിൽ ഭാഗംവെപ്പ് കഴിഞ്ഞിരുന്നു. അതുകൊണ്ട് ഇവിടെ എത്തിയിട്ട് ഒരു കടിപ്പിടി നടത്തേണ്ടി വന്നില്ല. പക്ഷെ, ഗൾഫിൽ നില്ക്കുന്ന അൻവറിക്കായ്ക്ക് എന്തിനാണ് മുകളിലെ മുറി എന്ന അസീസിക്കാക്കേടെ മുറുമുറുപ്പ് ഇപ്പോഴും ഉണ്ട്. വീട്ടുസാധനങ്ങൾ ഇറക്കുന്നതിനിടെ വല്യക്കയോട് വീണ്ടും കെഞ്ചുന്നത് കേട്ടു.

‘ഉപ്പയ്ക്കും ഉമ്മയ്ക്കും പ്രായമായി. അതോണ്ട് നീ താഴെ ഉണ്ടാകുന്നതാണ് സേഫ്റ്റി’ എന്നാണ് വല്യക്കാടെ നിലപാട്. ഉപ്പയും ഉമ്മയും അതിനു പരിപൂർണ്ണ സമ്മതവും കൊടുത്തു. തന്നെ എടുത്ത് താഴേക്കിടാനുള്ള അവസാനഘട്ട സാധ്യതയും ഇക്കയ്ക്കു നേരെയുള്ള കടുപ്പത്തിലുള്ള തന്റെ ഒറ്റ നോട്ടം കൊണ്ട് ഇല്ലാതായി.

ഇളേക്കയ്ക്കൊരു ചുറ്റിക്കളി ഉണ്ട്. മിക്കവാറും ലാപ്പിൽ, വീഡിയോ കാളിലാണ്. പകൽ ഓഫീസിലും മറ്റും ആകുമ്പോൾ പറ്റാത്ത കണ്ടുപറച്ചിലുകൾ വീട്ടിലെത്തിയാൽ തുടങ്ങും. അതിനു സൗകര്യം മുകളിലെ റൂം ആണ്. താഴെ എപ്പോഴും അടച്ചിടുമ്പോൾ നോട്ടപ്പുള്ളി ആകും. മുകളിലാകുമ്പോൾ ഉപ്പയോ ഉമ്മയോ എപ്പോഴും വരില്ലല്ലോ. എന്നേം കൂടി താഴേക്കിട്ടാൽ മുകളിൽ കിടന്ന് പുള്ളിക്ക് ധൈര്യമായി സൊള്ളാം.

ആ കുട്ടിയും ജേർണലിസ്റ്റ് ആണ്. പാലക്കാട് ബ്യൂറോയിൽ ഒരു രണ്ടാംനിര പത്രത്തിൽ സബ് എഡിറ്ററായി ആയിടെ വന്നതാണ്. ഇക്ക മറ്റൊരു ലീഡിങ് പത്രത്തിന്റെ സീനിയർ റിപ്പോർട്ടർ. ഇക്കേടെ പത്രത്തിൽ താനും സബ് എഡിറ്ററായി ജോയിൻ ചെയ്തിട്ട് അധികക്കാലമായിട്ടില്ല.

തുടക്കത്തിൽ താനോ മറ്റേതേങ്കിലും സബ് എഡിറ്റേഴ്സോ ഒക്കെ ആണ് സാധാരണ പ്രസ് മീറ്റിനു പ്രസ് ക്ലബ്ബിൽ പോയ്കൊണ്ടിരുന്നത്. സെൻസേഷണലായി വല്ലതും ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലാണ് സീനിയർ ടീംസ് പോകാറുള്ളത്. പിന്നീടെപ്പോഴോ, മിക്കവാറും എല്ലാ ദിവസങ്ങളിലും ഇക്ക പോയി പ്രസ് മീറ്റ് കവർ ചെയ്യാൻ തുടങ്ങി. ഓഫീസിൽ അല്ലറ കുശുക്കുശുക്കലും കൂടി ആയപ്പോൾ തന്നിലെ ഇൻവെസ്റ്റിഗേഷൻ ജേർണലിസ്റ്റ് ഉണർന്നു. കയ്യോടെ പൊക്കിയപ്പോൾ ഇക്കേടെ വക ഒരപേക്ഷ,
‘വീട്ടിൽ ആരോടും പറയല്ലേ…’ എന്ന്.

അല്ലെങ്കിലും വീട്ടിൽ പെട്ടെന്ന് അവതരിപ്പിക്കാൻ പറ്റിയ കേസല്ല അവരുടേത്. ഒരു ഇന്റർകാസ്റ്റ് മാര്യേജിന് ഉപ്പ സമ്മതിച്ചാലും ഉമ്മയും വല്യക്കയും സമ്മതിക്കുമെന്ന് തോന്നുന്നില്ല. പിന്നെ, ശ്രുതിയും താനും അതിനോടകം കട്ട ഫ്രണ്ട്സ് ആകുകയും ചെയ്തിരുന്നു.

ഇക്കയ്ക്ക് അവിടെ നിന്നും പോരാൻ ഒട്ടും താല്പര്യമില്ലായിരുന്നു. അവിടെ തന്നെ സെറ്റിൽ ആകാനായിരുന്നു താല്പര്യം. എനിക്കാണെങ്കിൽ വയനാട്ടിലും. അവിടെയാണ് ഉപ്പേടെ വീട്. ബാല്യവും കൗമാരവും ഒക്കെ അവിടെയായിരുന്നു. ഉപ്പയ്ക്ക് പാലക്കാട് പോസ്റ്റോഫീസിലേക്ക് മാറ്റം കിട്ടിയപ്പോൾ അവിടെ വാടകവീടെടുത്തു. പിന്നീട് വയനാട്ടിലേക്കുള്ള യാത്ര അപൂർവ്വമായി. അതിനിടെ ഉപ്പയും ഉപ്പേടെ ജ്യേഷ്ഠനും കൂടി സ്വത്ത് കാര്യത്തിന് വക്കാണം കൂടിയെന്നോ മറ്റോ കേട്ടു. ഒരേയൊരു കൂടെപ്പിറപ്പാണ്. പാലക്കാട് സ്വന്തമായി വീട് വാങ്ങേണ്ട ആവശ്യത്തിന് ഉപ്പ വീടിന്റെ ഷെയർ ചോദിച്ചെന്നോ ഉമ്മാമ്മയുടെ കാലശേഷേ ഭാഗം തരുള്ളൂ എന്ന് ജ്യേഷ്ഠൻ പറഞ്ഞെന്നോ ഒക്കെ. കാര്യമായ സ്വത്തെന്നു പറയാൻ ഒന്നും ഇല്ല. രണ്ടോ മൂന്നോ ഏക്കറിൽ ഒരു ചെറിയ ഓടിട്ട വീട്. ആ സ്ഥലത്ത് കുറച്ചു തേയിലേം കുരുമുളകും മറ്റും കൃഷി ഉണ്ട് എന്നുമാത്രം. ഉപ്പക്ക് സർക്കാർ ജോലി ഉണ്ട്. അതുകൊണ്ട് അതിൽ നിന്നുള്ള ആദായം ഒന്നും വാങ്ങാറില്ല. ഒരാവശ്യം വന്നപ്പോൾ ജ്യേഷ്ഠൻ കൈ ഒഴിഞ്ഞെന്ന പരാതി ഉപ്പയ്ക്ക്. അതിനു ശേഷം ഒന്നോ രണ്ടോ മരിപ്പിനോ നിക്കാഹിനോ പോയതൊഴിച്ചാൽ പിന്നെ അങ്ങോട്ടധികം പോയത് ഓർമ്മയില്ല.

Read Also  ഇരിക്കാതൊരാള്‍/രാജന്‍ സി എച്ച് എഴുതിയ കവിത

ഉമ്മവീട് മലപ്പുറത്താണ്. പക്ഷെ, അവിടെയും ആരും ഇല്ല. ചെറുപ്പത്തിലെ ഉമ്മേടെ ഉപ്പയും ഉമ്മയും മരിച്ചു. വീട് ഭാഗോം കഴിഞ്ഞു. ഉമ്മയ്ക്കും ഒരു ഇക്കാക്ക മാത്രമാണുള്ളത്. അമ്മാവനും കുടുംബവും ഇവിടെ, പനച്ചിക്കാട് ആണ് ഉള്ളത്. കോട്ടയം ടൗണില്‍ നിന്നും ആറ് കിലോമീറ്റര്‍ മാറിയാണ് പനച്ചിക്കാട്. ഇവിടെ നിന്നും എത്ര ദൂരമുണ്ടെന്ന് അറിയില്ല അങ്ങോട്ടേയ്ക്ക്. അമ്മാവൻ വഴിയാണ് ഈ വീട് വാങ്ങുന്നത്.

The Lantern story scene-3-Illustrated by Surya-Malayalam horror story by Fazina-Kunnath

“ന്റെ റബ്ബേ… നീയിതുവരെ ഇതൊന്നും ചുട്ടുകഴിഞ്ഞില്ലേ സാറാ… അവരിപ്പോ ഇങ്ങെത്തും ല്ലോ.”
അടുക്കളയിൽ വന്ന ഉമ്മയാണ്. പനച്ചിക്കാട്ടെ അമ്മാവന്റെ മോൻ റഷീദ് ഇക്കാന്റെ നിക്കാഹ് അടുത്ത ആഴ്ചയാണ്. അതിന് ഡ്രസ്സ് എടുക്കാൻ കോട്ടയത്തു പോകണം. തങ്ങളെ കൊണ്ടുപോകാൻ റഷീദ് ഇക്ക കാറുമായി എത്തുന്ന കാര്യമാണ് ഉമ്മ പറഞ്ഞത്.

കുറച്ചുമുമ്പ്, ഉമ്മയുടെ വിളിക്കേട്ട് അച്ചുവിനൊപ്പം അകത്തു വന്ന തന്നെ അടുക്കളയിൽ തളച്ചിട്ട് അട ചുടാനുള്ള പണിയും തന്നു പോയതാണ് ഉമ്മ. ഇപ്പോൾ അണിഞ്ഞൊരുങ്ങി വന്ന്, ദേഷ്യപ്പെട്ടു നില്ക്കുന്നു.
“നിങ്ങൾക്കുള്ളത് ആയിട്ടുണ്ട് ഉമ്മാ. ചായയും റെഡി. അവർക്കു കൊണ്ടുപോയി കൊടുത്തോ.”

“നീ വരുന്നില്ലെന്നു തീർച്ചയാണോ?”
ഉമ്മ വീണ്ടും ചോദിച്ചു.

“ഇല്ല ഉമ്മ. നിങ്ങൾ പോയിട്ടുവാ. കല്യാണത്തിനു ഞാൻ വരാം.”
ഞാൻ പറഞ്ഞു.

ഉമ്മ ഒന്നു മൂളി. അതിൽകൂടുതൽ പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് ഉമ്മയ്ക്കും അറിയാം. ഉമ്മ ചായ മഗും അട ചുട്ടുവെച്ച പാത്രവും എടുത്ത് അടുക്കള വിട്ടു. ഒന്നോ രണ്ടോ മിനിട്ടു കഴിഞ്ഞപ്പോഴേക്കും പുറത്ത് ഒരു കാർ വന്നു നില്ക്കുന്ന ശബ്ദം കേട്ടു. സാറ മനസ്സിൽ ഉരുവിട്ടു…

“റഷീദ് ഇക്ക…”

തുടരും… 

Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Latest Posts