രോ വട്ടം മരിക്കണമെന്നു

തോന്നുമ്പോഴും

ഞാനെന്നെയൊരു വെള്ളപ്പുതപ്പിൽ മൂടി
ചത്തെന്നു കരുതും.

പുതപ്പിലേക്കു ഞാനൊട്ടിയമരും.
എന്റെ നേർത്ത തൊലികളിലേക്കവ
അലിഞ്ഞു ചേരും.

എന്റെ ഞരമ്പുകളിലേക്കതിന്റെ
നൂലുകൾ പിണയും;
ഹൃദയം മുറുക്കും.

എന്നെ തിരിഞ്ഞാളുകളെത്തുമ്പോഴേക്കും
ഞാൻ പുതപ്പും
പുതുപ്പ് ഞാനുമായി മാറും.

അവരെന്നെയവിടെ പരതി നോക്കുമ്പോൾ
ഞാൻ മരിച്ചവരുടെ പുഴയിൽ
വിളറിയ വെള്ളയായ്
പൊങ്ങി കിടക്കും.

പക്ഷെ,
ചത്തവരെന്നെയൊറ്റി കൊടുക്കും;
എന്റെ തോലിൽ നിന്ന്
മരണവെള്ളയൂരി എന്നെ
കള്ളിയാക്കും.

ആ പുഴയിൽ നിന്ന്
‘സമയമായില്ല’ എന്നും പറഞ്ഞ്
തോണിക്കാരെന്നെ
തിരിച്ചുകൊണ്ടുവന്നാക്കുമ്പോഴേക്കും
നിങ്ങളെന്നെ മറന്നു പൊയ്കളയും.

പിന്നെ,
ഞാനും ഞാനും
അങ്ങുമിങ്ങും
തുറിച്ചുനോക്കിയൊടുവിൽ
വെള്ള കീറി ഞാനുടുപ്പടിക്കും.

നൂലുകൾ പറിച്ച് ഞാനതിൽ
പൂക്കൾ വരെ തുന്നും.
എന്നിട്ട്,
വെള്ളയുടുപ്പിട്ട മന്ത്രവാദിനിയായി
ഞാൻ ഉയർത്തെഴുന്നേൽക്കും.

എന്നെ കണ്ടു പേടിക്കരുത്.