വേവ്

ഒരാപേക്ഷികതയാണ്.
ഒരേ വറ്റിനെച്ചൊല്ലി
വെന്തില്ലയെന്നും
വേവേറിയെന്നും
നമുക്ക് തർക്കിക്കാം;
ഒരേ ഭൂമിയുടെ
ഇരുവശവുമിരുന്ന്
ഇപ്പോൾ
രാവാണെന്നും
പകലാണെന്നും
രണ്ടു പേർക്ക്
തമ്മിൽ
പറയാവുന്ന പോലെ!

അടുക്കളപ്പാത്രം തൊട്ട്
പൂമുഖം വരെയും
കിടപ്പുമുറിയുടെ
ആഴങ്ങൾ വരെയും
വേവാത്ത വറ്റുകൾ,
(വെന്തളിഞ്ഞവയും)
ദഹിക്കാതെ തന്നെ കിടക്കും;
പുറം വെന്തിട്ടും
അകം പച്ചയായിരിക്കുന്ന
പലഹാരങ്ങൾ പോലെ!

അകം വെന്തെരിയുമ്പോഴും
പുറമേ തണുത്തും
ചിരിച്ചുമിരിക്കേണ്ടിവരുന്ന
ജന്മങ്ങളുമുണ്ട്.

വേവ് ഒരാപേക്ഷികതയാണ്;
വെന്തൊടുങ്ങലിന്റെയും
ചാരമാവലിന്റെയും
ഉയിർത്തെഴുന്നേല്പിന്റെയും
ആകെത്തുകയാണത്!