Published on: July 21, 2025

വിനീത കുട്ടഞ്ചേരി; കൂടൊഴിഞ്ഞ വാൻഗോഗിൻ്റെ വേനൽപക്ഷി
‘പൊതിഞ്ഞു കെട്ടാന്‍ പറ്റാത്ത, മരുന്ന് വയ്ക്കാന്‍ പറ്റാത്ത മുറിവുകളും പേറി’ അവൾ പോയപ്പോൾ, എല്ലാ മുറിവുകൾക്കും മരുന്നായ് ഭവിക്കുന്ന, മറവിയെന്ന മരുന്നുമായി മനുഷ്യർക്കുമുൻപിൽ ‘കാലം’ എന്നൊന്നു ഇല്ലായിരുന്നുവെങ്കിൽ മനുഷ്യജീവിതങ്ങളിങ്ങനെ അനസ്യൂതം പടരുമായിരുന്നില്ല; സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും പച്ചപ്പരവതാനിയിലേറി അവ അനായാസം പറക്കുമായിരുന്നില്ല എന്നൊന്നും ഓർക്കാൻ നിന്നില്ല അവൾ.
“നിങ്ങൾ ഈ ലോകത്തു നിന്നും പോയതിനു ശേഷം ഇത് വായിക്കുന്ന ഞാൻ ആരോടാണ് ചോദിക്കേണ്ടത്?”
രണ്ടുരണ്ടര പതിറ്റാണ്ടുമുൻപ്, കോഹിന്നൂർ ബസ് ഹോണടിച്ച് വരുന്നതും കണ്ട്, ചെരിപ്പൂരി കയ്യിൽ പിടിച്ച്, കുട്ടഞ്ചേരിയിലെ പാടവരമ്പത്തുകൂടി കാറ്റ് പോലെ പാഞ്ഞു പോയിരുന്ന ഒരു പട്ടുപ്പാവാടക്കാരിയോട് ഒരു സഹൃദയ, കാലങ്ങൾക്കിപ്പുറത്തുനിന്നും ചോദിച്ച ചോദ്യമാണ് അത്.
ചോദ്യം, അന്നത്തെ ആ പട്ടുപ്പാവാടക്കാരിയുടെ ഇന്നത്തെ ഫേസ് ബുക്ക് പേജിലാണ്. പക്ഷെ, ആരാണ് അതിനുള്ള ഉത്തരം നല്കുക? ആർക്കാണിനി ഉത്തരം നല്കുവാൻ കഴിയുക?
ഇനിയുള്ള എല്ലാ ചോദ്യങ്ങളും അസ്ഥാനത്താണ്, അപ്രസക്തമാണ്. എല്ലാ ചോദ്യങ്ങളെയും ഒരേയൊരു ഉത്തരത്താൽ നിഷ്പ്രഭമാക്കികൊണ്ട്, ആ ഫേസ് ബുക്ക് ഉടമ അപ്രത്യക്ഷമായിരിക്കുന്നു. ഫേസ് ബുക്കിൽനിന്നല്ല; ഈ ലോകത്തുനിന്നുതന്നെ, ഒരു വേനൽപക്ഷിയെപോലെ, പറന്നു പോയിക്കഴിഞ്ഞിരുന്നു; അവൾ!
ദൂരെ ദൂരെ,
മഴ പെയ്യുന്ന ഏതു ലോകത്തേക്കാണ്,
ശമനമില്ലാത്ത
ഏതു കൊടുംവേനലിൽനിന്നാണ്,
വീശിയടിക്കുന്ന
ഏതു കനല്‍ക്കാറ്റിൽനിന്നാണ്,
നിതാന്ത ശാന്തത തേടി അവൾ പോയത്?
അറിയില്ല. പക്ഷെ,
“സ്നേഹം രണ്ടു തരമുണ്ട്
ഒന്ന് മറക്കുവോളം
മറ്റൊന്ന് മരിക്കുവോളം”
എന്നെഴുതിയ ആ സഹയാത്രിക ഇന്നില്ല. മരിക്കുവോളം അവൾ സ്നേഹിച്ചവർക്ക്, അവളെ സ്നേഹിച്ചവർക്ക്, ‘കനൽമഴ പെയ്യുന്ന മരുഭൂമിയിൽനിന്നും ഒളിച്ചോടിപ്പോയ ഒരു വേനൽപക്ഷി’ യാണ് ഇന്നവൾ.
വിനീത കുട്ടഞ്ചേരി!
അകത്തും പുറത്തും ഒരുപോലെ, പ്രണയാഗ്നിയെയും രോക്ഷാഗ്നിയെയും ഒരുമിച്ചു കത്തിച്ചു വെച്ചവൾ!
അപ്രതീക്ഷിതമായെത്തി, മലയാള സാഹിതീ കേദാരത്തിൽ തനതായ വസന്തം തീർത്ത്, അസമയത്തു തിടുക്കത്തിൽ മടങ്ങിപ്പോയ ഒരുവൾ!
ജീവിതംകൊണ്ടു മുറിവേറ്റ ഏതോ ഒരുവളെ/ ആത്മഹത്യ ചെയ്ത ഒരുവളെപറ്റി വിനീത തുടങ്ങുന്നത് ഇങ്ങനെയാണ്,
“അഞ്ചിൽ താഴെ മാത്രം മനുഷ്യർ
നിരന്തരം മിണ്ടിയിരുന്ന ഒരുവൾ
ഓർക്കാപ്പുറത്ത് ആത്മഹത്യ ചെയ്യും.
അയ്യായിരത്തിലേറെ പേർ വന്ന്
ആദരാഞ്ജലികൾ പറയും.”
കഴിഞ്ഞ ഒക്ടോബർ 27നാണ്, പേരുവെച്ചിട്ടില്ലാത്ത ഈ കവിത, വിനീത എഫ് ബിയിൽ പോസ്റ്റ് ചെയ്തത്.
“ജനിച്ച നാടും ജീവിച്ച നാടും
അവളുടെ കുട്ടിക്കാലം മുതൽ
ഓർമ്മകൾ ഓർത്തെടുത്തു
അനുസ്മരണം നടത്തും.
സഞ്ചയനവും സദ്യയും കേമമായി
എന്ന് പറയും.
ഉമ്മറത്ത് നിന്നും മാറി
പിന്നാമ്പുറങ്ങളിൽ ചിലർ
അവളുടെ അവിഹിതങ്ങൾ കുശുകുശുക്കും.
മറ്റ് ചിലർ അവൾ നടന്ന വഴിയെ
പിൻതുടർന്നതോർത്ത് മൗനമാകും
തരാത്ത നോട്ടത്തിന്റയും
പറയാത്ത വാക്കിന്റെയും
പകരമായി പറഞ്ഞ് പരത്തിയ
കഥകൾക്ക് നിറം കൊടുക്കും
എല്ലാത്തിനും നടുവിൽ മരിച്ചടക്ക്
കാണാൻ കിട്ടിയ ഏഴ് ദിവസവും
കയ്യിൽ പിടിച്ച്
ആത്മഹത്യ ചെയ്തവൾ
ഇറയത്ത് തൂണിൽ ചാരി
മുഷിഞ്ഞിരിക്കുന്നുണ്ടാവും.”
‘ഒരു സ്ത്രീ, അവൾ ഏതു യുഗത്തിൽ പിറന്നാലും അവളിലെ അവിഹിതങ്ങളെ ചികഞ്ഞു നടക്കുന്ന ഒരു സമൂഹത്തെ അവിടെയും കാണാം’ എന്ന് ആക്ഷേപിക്കുന്ന വരികളിലൂടെ നടക്കുന്ന കവയിത്രി, ഒരു സ്ത്രീയുടെ ആത്മഹത്യപോലും അവളെക്കുറിച്ചുള്ള പരദൂഷണങ്ങൾ/അവിഹിതങ്ങൾ പറയാനുള്ള ഒരു വേദിയാക്കി/ അവസരമാക്കിയെടുക്കുന്ന എക്കാലത്തെയും സമൂഹത്തിന്റെ പൊതുകാഴ്ചപ്പാടിനെ വരച്ചിടുന്നു.
ഇറയത്തെ തൂണിൽ ചാരി മുഷിഞ്ഞിരിക്കുമ്പോഴാണ്, തനിക്കു വീണ്ടും വീണ്ടും ആത്മഹത്യ ചെയ്യാൻ തോന്നിപ്പിക്കുന്ന ഒരു ലോകത്തെയും നേരത്തെ ചത്തുപോകാത്തതിൽ പശ്ചാത്തപിക്കേണ്ടി വരുന്ന സ്ഥിതിഭേദങ്ങളെയും പറ്റി ആത്മഹത്യ ചെയ്തവൾ ഓർത്തുപോകുന്നത്. കപടസ്നേഹത്തിൻറ കറ തിരിച്ചറിയുമ്പോൾ, ആത്മഹത്യ ചെയ്തവൾക്കുണ്ടാകുന്ന അതേ അവജ്ഞ വായനക്കാരനും തൊട്ടറിയാൻ കഴിയുന്നു.
‘വിശപ്പടക്കാനല്ലാതെ കൊന്നുകൂട്ടുന്ന മറ്റൊരു നികൃഷ്ട ജീവിവർഗ്ഗവും ഭൂമിയിലില്ലെന്നു’ വിലപിക്കുന്ന കവയിത്രി, ‘അന്യൻറ ജീവിതം കാർന്നു തിന്നുന്ന വൃത്തികെട്ട ജീവികളാണ് ചില മനുഷ്യരെന്ന്’, തുറന്നടിക്കുകയാണ് ഇക്കവിതയിലൂടെ.
വിനീതയുടെ എഴുത്തുകളിൽ ചിത്രീകരിക്കപ്പെടുന്നതിൽ ഏറെയും, തിരസ്‌കൃതമാകുന്ന ജീവിതങ്ങളുടെ നേരനുഭവങ്ങളെ തൊട്ടറിയാൻ കഴിയുന്ന, പച്ചയായ നിരീക്ഷണങ്ങളാണ്. പലതിലും മരണത്തിന്റെ കടുംനിറവും മടക്കമില്ലാ യാത്രയുടെ കരിനിഴലുകളും വാർന്നു കിടക്കുന്നുണ്ടുതാനും.
മറ്റൊരു കവിതയിൽ വിനീത പറയുന്നു,
“ഒരു പെട്ടി കെട്ടി വച്ചിട്ടുണ്ട് ഞാൻ,
യാത്ര പുറപ്പെടും മുമ്പ് ആരുമത് തുറന്നു നോക്കരുത്.
എങ്ങാനും എടുക്കാൻ മറന്ന് ഞാനിറങ്ങി പോയാൽ
നിങ്ങളത് തുറന്നു നോക്കണം.
അകമെ ഒരു മണൽതരി പോലും കണ്ടില്ലെന്നു പറഞ്ഞ്
അടയ്ക്കും മുമ്പ് കണ്ണടച്ച് ഒന്ന് തപ്പി നോക്കണം.” എന്ന്.
ഓലക്കുട ചൂടിയ ഒരു വീടിനെയും വീട് നഷ്ടപ്പെട്ട ഒരു പെണ്ണിനെയും അവൾ കണ്ട നാടിനെയും കൈകൊണ്ട കാലത്തെയും കാടിനെയും കാട്ടാറിനെയും തുടങ്ങി മനപ്പൂർവ്വം പലതും മറന്നു വെയ്ക്കുന്നുണ്ട്, ‘എടുക്കാൻ മറന്ന പെട്ടി’ എന്ന ഈ കവിതയിൽ.
“പോകുമ്പോൾ കൊണ്ടു
പോകാനാവാത്തതിനാൽ മാത്രം
മനപ്പൂർവ്വം മറന്ന് വെച്ച എൻറ പെട്ടി
ഇനി നിനക്കുള്ളതാണ്.”
എന്നു പറയുന്ന കവയിത്രി, ‘ഞാനും നീയും ഒരുമിച്ച് കണ്ട സ്വപ്നത്തിനുള്ളിലാണ് ഇക്കണ്ടതെല്ലാം പെറുക്കി അടച്ചുവെച്ചിട്ടുള്ളതെന്നും നിന്നോളം എന്നെ സൂക്ഷിക്കാൻ മറ്റൊരിടവും ഇക്കാലമത്രയും കണ്ടില്ല’ എന്നും കൂട്ടിച്ചേർക്കുമ്പോൾ, കാല്പനികതയ്ക്കപ്പുറമുള്ള തീക്ഷണമായ ഒരു പ്രണയത്തിന്റെ അതിരൂഢമായ വിശ്വാസ്യത മുറ്റിനില്ക്കുന്നു; അനിർവാച്യമായ ഒരു സ്വത്വബോധത്തിലൂടെ കടന്നുപോകാൻ വായനക്കാരനു കഴിയുന്നു.
പത്താം ക്ലാസിലെ ഒരു കൂട്ടിന്റെ ആത്മഹത്യയെകുറിച്ച് ഒരിക്കൽ വിനീത എഫ് ബിയിൽ കുറിച്ചതിൽ കുറച്ചെടുത്ത വരികൾ ഇങ്ങനെയാണ്,
“കുറെ കാലം കഴിഞ്ഞാണ് ഒരു ഗെറ്റ് ടുഗതർ ജീവിതത്തിലേക്ക് വന്നത്. പോകണോ വേണ്ടയോ എന്ന് ഒരുപാടാലോചിച്ചു. പ്രിയപ്പെട്ടവരെ കാണാൻ ആഗ്രഹമുണ്ടായിട്ടും വെണ്ടെന്ന് വെച്ചു. പല കൂട്ടുകാരേയും ഓർമ്മ വന്നു. എന്തുകൊണ്ടോ സുശീലയെ ഓർമ്മ വന്നില്ല.
ഒടുവിൽ എല്ലാവരേയും അവസാനമായൊന്ന് കാണാമെന്ന് കരുതി പോകാൻ തീരുമാനിച്ചു. പ്രിയപ്പെട്ട ഒരുപാടൊരുപാട് മുഖങ്ങൾ അവിടെ കണ്ടു. ഞാൻ അന്വേഷിച്ച നാലഞ്ചു പേരൊഴികെ. അന്ന് ചടങ്ങിന് മുൻപ് മരണപെട്ടു പോയ സഹപാഠികളുടെ ഓർമ്മയ്ക്ക് ഒരുനിമിഷം എണീറ്റു നിൽക്കുന്നൊരു ചടങ്ങുണ്ടായിരുന്നു. ആ നേരത്ത് മാത്രമാണ് സുശീല ഈ ഭൂമിയിൽ ഇല്ല എന്ന് ഞാനറിഞ്ഞത്. എന്ത് കൊണ്ടോ എനിക്ക് സങ്കടം വന്നില്ല, ജീവിതം എനിക്കും മടുത്തിരുന്നു. മരിച്ചു പോയവർ ഭാഗ്യവാന്മാർ എന്ന് കരുതി.”
തുടർന്നുപോകുന്ന പോസ്റ്റിന്റെ അവസാന ഭാഗത്തായി വിനീത പറയുന്നത്, തന്റെ ആ പ്രിയപ്പെട്ട കൂട്ടുകാരിയെ ഓർക്കുമ്പോൾ കരച്ചിൽ വരുന്നില്ല എന്നാണ്. പകരം, നെഞ്ചിൽ വല്ലാത്തൊരു വേദനയും ശ്വാസം മുട്ടുന്നതു പോലെയുള്ള തോന്നലാണെന്നും പറയുന്നു.
മറക്കണം എന്നോർത്തു മറക്കേണ്ടതുമാത്രം ഓർത്തിരിക്കുന്ന, പ്രത്യേക തരം മാനസിക രോഗിയാണു താനെന്നു പറയുന്ന വിനീത, ‘ഓർമ്മിച്ചിട്ടെന്തിനെന്നു തോന്നുമ്പോൾ അതൊക്കെ മറക്കാനാവില്ലെങ്കിൽ പിന്നെ ഓർക്കുകയല്ലേ വഴിയുളളൂ’ എന്ന തന്റെ ചിന്തയും ബോധവും തമ്മിലുള്ള തമ്മിൽ തല്ലലിനെകുറിച്ചും പറയുന്നു.
എന്നാൽ, തന്റെ കൂട്ടുകാരിയെപോലെ, കിണറിൻറ ആഴങ്ങളിലേക്കെടുത്തു ചാടുന്നതോർക്കാനും അതിന്റെ ആഴങ്ങളിലേക്കു നോക്കാനും ഭയമാണെന്നും കൂട്ടുകാരി പോയെന്നറിഞ്ഞതിനുശേഷം ഒരു കിണറിനരികെ പോലും പോയിട്ടില്ല എന്നും ആ എഴുത്തിൽ വിനീത പറയുന്നുണ്ട്.
അതേസമയം, ആത്മഹത്യ ചെയ്ത കൂട്ടുകാരിയെകുറിച്ചോർക്കുമ്പോൾ കിണറിനരികെ പോകാൻപോലും ഭയക്കുന്ന/ മനഃസാന്നിദ്ധ്യമില്ലാത്ത വിനീതയുടെ ആത്മഹത്യ ലോകത്തിന് ഒരു പ്രഹേളികയായി നില്ക്കുന്നു. മരിക്കുവോളം വിനീത സ്നേഹിച്ചവർക്ക്, വിനീതയെ സ്നേഹിച്ചവർക്ക് ഇരുട്ടിൽ തപ്പേണ്ടിവരുന്നു.

2025 ജൂലൈ 14.
തിങ്കളാഴ്ച്ചയിലെ സൂര്യൻ എരിഞ്ഞടങ്ങുമ്പോൾ വിനീതയെന്ന അനുഗൃഹീത എഴുത്തുകാരിയെയും കൂടെ കൂട്ടുകയാണെന്ന് ആരും അറിഞ്ഞില്ല. ഈ ഭൂമിയെ പ്രണയിക്കാൻ, നാല്പത്തി നാല് വർഷംമാത്രം ഭാഗ്യം ലഭിച്ച ഈ എഴുത്തുകാരി, ഇക്കാലമത്രയും എഴുതിയതിന്റെ തുടർച്ചയെന്നോണം, ഇനിയും പലതും ഒരു നോവലിൽ മുദ്രണം ചെയ്തുവെച്ചുകൊണ്ടാണു കടന്നുപോയത്.
‘വിൻസെൻ്റ് വാൻഗോഗിന്റെ വേനൽപക്ഷി’ എന്ന ആ നോവൽ, വിനീതയുടെ മരണത്തിന് ഏതാനും മണിക്കൂറുകൾക്കുമുൻപ്, ആ ഞായറാഴ്ചയിലെ പകൽനേരം, തൃശ്ശൂർ പ്രസ്സ് ക്ലബ്ബിൽ മന്ത്രി ആർ ബിന്ദു പ്രകാശനം ചെയ്യുകയുണ്ടായി. എഴുത്തുകാരി ധനുജകുമാരി ഏറ്റുവാങ്ങി.
അൻസാർ കായൽവാരം എന്ന എഴുത്തുകാരനുമായി ചേർന്ന് എഴുതിയ വിനീതയുടെ ഈ നോവലിനും വിനീതയ്ക്കും ഇടയിൽ അദൃശ്യവും ദയാരഹിതവുമായ വിധിയുടെ ഒരു വിളയാട്ടം ഉള്ളതുപോലെ, ഇപ്പോൾ തോന്നുന്നു.
വാൻഗോഗിന്റെ വിശ്രുതമായ ഒരു പെയിന്റിംഗ് ആണ് ‘വേനൽപക്ഷി.’ 1890 ജൂലൈയിൽ പൂർത്തിയാക്കിയ, ‘വീറ്റ് ഫീൽഡ് വിത്ത് ക്രോസ്’ എന്ന, തന്റെ അവസാന രചനയായ ഈ ഓയിൽ പെയ്‌നിങ് വരച്ചുതീർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ വാൻഗോഗ് ആത്മഹത്യ ചെയ്തു. തലയിലേക്കു നിറയൊഴിച്ചായിരുന്നു ആ കൃത്യം വാൻഗോഗ് നിർവ്വഹിച്ചത്.
ഒരു ഗോതമ്പ് പാടത്തിന്റെ പശ്ചാത്തലത്തിൽ, വിവിധ ദിശകളിലേക്കായി കാക്കകൾ പറക്കുന്ന വാൻഗോഗിന്റെ ഈ ചിത്രത്തിനും ‘വിൻസെൻ്റ് വാൻഗോഗിന്റെ വേനൽപക്ഷി’ യ്ക്കും ഒരുപോലെ വന്നുഭവിച്ച വിധി ഒരുപക്ഷെ, യാദൃശ്ചികമാകാം. അല്ലെങ്കിൽ, വാൻഗോഗിന്റെ വിധിയെ ഒരു ചിത്രകാരികൂടിയായ വിനീത അറിഞ്ഞുകൊണ്ടു വരിച്ചതും ആകാം.
പ്രമുഖ ചിത്രകാരനും കാർട്ടൂണിസ്റ്റും ജേർണലിസ്റ്റുമായ സി. കെ. വിശ്വനാഥൻ ഇവർക്കിടയിലെ ഈ സദൃശ്യത തന്റെ എഫ് ബിയിലൂടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു ദുരന്തത്തിൻ്റെ മുന്നോടിയായിട്ടു കാക്കകൾ പറക്കുന്നതാണ് ഈ വാൻഗോഗ് ചിത്രത്തിന്റെ ഇതിവൃത്തം എന്നൊരു അനുമാനമുണ്ട്. വിവിധ ദിശകളിലേക്ക്, കൂട്ടം തെറ്റിയുള്ള കാക്കകളുടെ പറക്കൽ, ‘ഒറ്റപ്പെടലിന്റെ ഒരു ചിത്രഭാഷ്യ’ മാണെന്നും പറയപ്പെടുന്നു.
ഇതിനിടെ, ഈ പുസ്തകവുമായി ബന്ധപ്പെട്ടു ചില ഭീഷണികളും വിനീതയ്ക്കു നേരിടേണ്ടതായി വന്നുവെന്നും പറയപ്പെടുന്നുണ്ട്.
‘ഒരു ഹിന്ദു സ്ത്രീയും മുസ്ലിം പുരുഷനും ഒരുമിച്ചൊരു നോവൽ എഴുതി’ എന്നത് ഒട്ടും രുചിക്കാത്തവരാണ് അതിനു പിന്നിലെന്ന്, വിനീതതന്നെ ഫേസ് ബുക്കിലൂടെ അറിയിച്ചിരുന്നു.
‘വിവാഹം കഴിഞ്ഞവരുടെ നാല്പതുകളിലെ വസന്ത വിശേഷങ്ങളല്ല തന്റെ പുസ്തകത്തിലുള്ളതെന്നും പുസ്തകം ഇറങ്ങും മുൻപ് കഥ വായിക്കാതെ വ്യാഖ്യാനമെഴുതുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്ക് ഒരു തരം മാനസിക രോഗമാണെന്നും’ അന്നു വീറോടെ പറഞ്ഞുനിന്ന വിനീതയ്ക്കുപക്ഷെ, തിന്മയെ തടുക്കാൻ കഴിയാത്ത ദൈവത്തിനോടും തോറ്റുപോകേണ്ടി വന്നു. അതും ‘നെറിക്കെട്ട ആ ദൈവത്തിന്റെ’ മറ്റൊരു ഹിതം.
‘പൊതിഞ്ഞു കെട്ടാന്‍ പറ്റാത്ത, മരുന്ന് വയ്ക്കാന്‍ പറ്റാത്ത മുറിവുകളും പേറി’ അവൾ പോയപ്പോൾ, എല്ലാ മുറിവുകൾക്കും മരുന്നായ് ഭവിക്കുന്ന, മറവിയെന്ന മരുന്നുമായി മനുഷ്യർക്കുമുൻപിൽ ‘കാലം’ എന്നൊന്നു ഇല്ലായിരുന്നുവെങ്കിൽ മനുഷ്യജീവിതങ്ങളിങ്ങനെ അനസ്യൂതം പടരുമായിരുന്നില്ല; സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും പച്ചപ്പരവതാനിയിലേറി ആർക്കും അനായാസം പറക്കാൻ കഴിയുമായിരുന്നില്ല എന്നൊന്നും ഓർക്കാൻ കാത്തുനിന്നില്ല അവൾ.
അതിനകംതന്നെ, ഇനിയൊരിക്കലും മടങ്ങിവരാൻ കഴിയാത്ത അകലത്തിലേക്ക്, ആ വേനൽപക്ഷി പറന്നു പോയിരുന്നു; ചിറകടി ശബ്ദംപോലും കേൾപ്പിക്കാതെ!

‘പഞ്ചാഗ്‌നി’, ‘ഹൃദയരക്തത്തിന്റെ സ്വാദ്’, ‘പുഴ മത്സ്യത്തെ സ്‌നേഹിച്ചപ്പോള്‍’ എന്നീ പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള വിനീത, ‘ചെമ്പരത്തി’ എന്ന പേരിൽ ഒരു ലിറ്റിൽ മാസിക നടത്തിയിരുന്നു. 2019ൽ, ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ‘നിനക്കായ്’ എന്ന ഒരു ആൽബം സോങ്ങിനു സംഗീതവും നല്കിയിട്ടുണ്ട്.
അവണൂര്‍ മണിത്തറ കാങ്കില്‍വീട്ടില്‍ രാജുവാണ് ഭര്‍ത്താവ്. ശ്രീരാജി, ശ്രീനന്ദ എന്നിവരാണ് മക്കള്‍.
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്’ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്’ എഐ കാർട്ടൂൺ കോളവും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.