“നാടകമൊക്കെ കഴിഞ്ഞോ?” “കഴിഞ്ഞു മൂപ്പരേ.” കാവമ്മയുടെ സ്വരം ദൃഢമായിരുന്നു. “എന്നിട്ടെന്തു കിട്ടി?” “കിട്ടി മൂപ്പരേ.” “എന്ത്?” കാവമ്മ മിണ്ടിയില്ല.
“മുല പറിപ്പോൻ
അവന്റെ നെഞ്ചകം പറിപ്പോൻ
മുല, മൂക്ക്, തുട വാരിയെറിഞ്ഞേൻ
ബലവാനവൻ… ഹേ ലക്ഷ്മണാ…”
മഞ്ഞ് പുതഞ്ഞുകിടക്കുന്ന അന്തരീക്ഷമാണ്. കിളിർത്ത് വന്ന ചെമ്പരത്തി അഴികൾക്കിടയിലൂടെ നനഞ്ഞ തറവാട്ടമ്മയെപോലെ നോക്കുന്നു. വിളക്ക് ചൈതന്യത്തോടെ എരിയുന്നുണ്ടായിരുന്നു.
‘മുല പറിപ്പോൻ’
വിനോദ ചിന്താമണി നാടകശാലയുടെ അരങ്ങു കളരിയാണത്. ഉയർത്തിപ്പിടിച്ച കൈകൾ അനങ്ങുന്നതോടൊപ്പം ഇല്ലത്ത് പൂജിച്ചുവെച്ച ഭഗവതിയുടെ ഉടവാളുണ്ടെന്ന് വിരാധന്റെ വേഷം ചെയ്യുന്നവൻ പകച്ച കണ്ണുകളോടെ നോക്കിനിന്നു.
അച്ചുതനദ്ദേഹം എഴുന്നേറ്റുനിന്നു. ചാത്തുകുട്ടിയെ വിളിച്ചു. എന്തോ സ്വകാര്യം പറയാനുണ്ടെന്ന മട്ടിൽ പുറത്തേക്ക് കൊണ്ടുപോയി. കൊട്ടിയും പാടിയും കൊണ്ടിരിക്കുന്ന വാദ്യക്കാർ നിർത്തി.
കിതച്ചുകൊണ്ടിരുന്ന കാവമ്മയുടെ കണ്ണുകൾ കണ്ണകിയുടേതുപോലെ ചുകന്നിരുന്നു. ഇത്തിരി ദേഷ്യത്തോടെയാണ് ചാത്തുകുട്ടി തിരിച്ച് വന്നത്.
“ഹേയ് കാവമ്മ, ഭ്രാന്തുപിടിച്ചോ?” കാവമ്മയെ ശകാരിക്കുകയാണ്.
“രാമഭദ്രദീക്ഷിതർ സംസ്കൃതത്തിലാക്കിയതാണ് ഞാൻ ശുദ്ധ മലയാളത്തിലാക്കിയെന്നേയുള്ളൂ. കാവമ്മയതിനെ പാണ്ടി തമിഴുകൊണ്ട് കൊല്ലുമെന്ന് തോന്നുന്നു.”
കാവമ്മ ചിരിക്കാൻ ശ്രമിച്ചു. കുറച്ചുകഴിഞ്ഞ് വെറ്റിലച്ചെല്ലമെടുത്ത് അച്ചുതനദ്ദേഹം തിരിച്ച് വന്നു.
“പദ്യമല്ല പ്രശ്നം. മുലയറുത്ത് മാറ്റിയ ശൂർപ്പണഘ ബന്ധുമിത്രാദികൾ മരിച്ച ദുഃഖത്തിൽ വ്യസനിക്കുന്നതാണ്. അതിന് കാവമ്മയുടെ കൂടിചേർക്കലൊന്നും വേണ്ട.”
ചാത്തുകുട്ടിയും അച്ചുതനദ്ദേഹവും ഇടത്തിണ്ണയിലിരുന്നു. വാദ്യക്കാർ ശ്രുതി ശരിയാക്കി.
“എത്രാമങ്കമാണ്?”
“ഏഴാം അങ്കം.”
“ശരി, തുടങ്ങാം.”
അണയാറായ വിളക്കിലൽപ്പം എണ്ണയൊഴിച്ചു. അനന്തരം ശൂർപ്പണഘ പ്രവേശിക്കുന്നു. പശ്ചാത്തലത്തിൽ വിളിച്ചുപറഞ്ഞു. കൊമ്പുവിളി ഉയർന്നു. ഇലത്താളത്തിന്റെ ഒച്ച.
ശൂർപ്പണഘ നെഞ്ചത്തടിച്ച് കരയുകയാണ്.
“അയ്യോ ദശഗ്രീവേ… അയ്യോ അയ് കുംഭകർണ്ണി… ഉണ്ണീ, മേഘനാദ നിങ്ങൾ ഇഹ ലോകത്തെ വെടിഞ്ഞുപോയോ… അയ്യോ അതികായാ… ത്രിശിനസ്സേ… ദേവാന്തകാ, നരാന്തകാ, കുംഭനികുംഭേ… കഥാശേഷരായി തീർന്നുവോ? ഭാഗ്യഹീനയാകാൻ ഞാനെന്തു ചെയ്തു? ഹനുമാന്റെ വാലാഗ്രത്തിൽ നിന്നു പകർന്ന വഹ്നിയിൽ ലങ്കാപുരത്തിലുള്ള ഗൃഹസമൂഹമെന്നപോലെ ദഹിക്കുന്നു. അതിനാലിപ്പോൾ രാക്ഷസവംശത്തിനു കാളരാത്രികളായ ആ ക്ഷത്രിയ കുട്ടികളെ… ഞാൻ സ്ത്രീയെന്നിരിക്കിലും എന്റെ ശക്തിക്കു തക്ക വണ്ണം ഉപദ്രവിക്കാൻ… എന്റെ ശക്തിക്കു തക്ക…വണ്ണം…”
വാക്ക് മറിഞ്ഞു. ഊറിവന്ന കണ്ണീർ തുടച്ച് കാവമ്മ എഴുന്നേറ്റു. സംഭാഷണത്തിന്റെ താളം അപരദിച്ച വാദ്യം വീണ്ടും നിശ്ശബ്ദമായി.
“എന്താണിത്?”
കാവമ്മ കണ്ണുകൾ താഴ്ത്തിയിരുന്നു.
“എന്ത് പറ്റി?”
‘വയ്യാ… വയ്യാ… ഓടി തളർന്നു വീണിരിക്കുന്നു.’ ആത്മഗതമായിരുന്നു കാവമ്മയുടേത്. ഇനിയെന്തു ചെയ്യാനാണ്? ചാത്തുകുട്ടിയാംഗ്യം കാട്ടിയപ്പോ ചിലങ്കാധാരികളായ പെണ്ണുങ്ങൾ കിലുക്കത്തോടെ നാടകശാലയിൽ നിന്ന് പോയി, ഞെരുങ്ങികത്തിയുരയുന്ന തിരിയുടെ വെളിച്ചച്ചൂട്. കാവമ്മ അരങ്ങു വിട്ടു.
■■■