വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ രണ്ടാം ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത്

* മുൻലക്കം തുടർച്ച:

വിനോദ ചിന്താമണി നാടകശാല രണ്ടാം ഭാഗം

“കാവമ്മ പൊട്ടിച്ചിരിച്ചു. മുൾച്ചെടികൾ വകഞ്ഞുമാറ്റി, പാറയിലേക്ക് പാഞ്ഞുകയറി. ഇടയ്ക്ക് കാലിടറി വീണ കാവമ്മയെ, കയറാൻ കതിരേശൻ സഹായിച്ചു.

വെയിൽ മാഞ്ഞിട്ടില്ല. കറുത്ത പെണ്ണിന്റെ കഴുത്തിലെ ചരട് പാടത്തേക്കഴിഞ്ഞ് വീഴുന്നത് കാവമ്മ കണ്ടു.
“പെണ്ണേ…”
അപ്പോഴാണ് അവൾക്കാദ്യമായി ലജ്ജ തോന്നിയത്. തീകൊണ്ട് കരുവാളിച്ച ഓട്ടുകിണ്ണത്തിന്റെ നിറത്തിൽ വൃത്താകാരത്തിലൊരു പാടുണ്ട് പെണ്ണിന്. കാവമ്മ കറ്റ താഴോട്ടിറക്കി കറുത്ത പെണ്ണിനെ കളിയാക്കി.
“നിനക്കിത് പണ്ടേയുള്ളതല്ല്യോടീ… കരുവാറ്റീന്ന് അപ്പൻ വെരുമ്പം നീയല്ലേടീ പെണ്ണേ വെള്ളം നിറക്കണ തേക്കിൻകട്ടയുടെ തോക്കിന് വാശിപിടിച്ചേ… അന്നല്ലോടീ മേലങ്കിയണിയാതെ വാശിപിടിച്ച് കരഞ്ഞ് കുളിക്കാൻ വെച്ച ചെമ്പിലേക്ക് മറിഞ്ഞ് വീണത്”
കറുത്ത പെണ്ണ് ശരിയാണെന്ന മട്ടിൽ പൊള്ളിപ്പോയ മാറ് കാണിച്ചുകൊടുത്തു. പാടത്തെ പണി കഴിഞ്ഞതും നേരെ ചെന്നത് ഇല്ലത്തമ്മയുടെ വീട്ടിലേക്കാണ്.

വീടിനു തെക്കുവശം നാളികേരം പൊതിയുന്ന പണിക്കാരോടൊപ്പം ഒറ്റമുണ്ടെടുത്ത് ഇടത്തിണ്ണയിൽ വെളിച്ചപ്പാടിരിക്കുന്നുണ്ടായിരുന്നു. വെളിച്ചപ്പാടിന് ഉറഞ്ഞു തുള്ളുന്നത് മാത്രമല്ല ജോലി, ഇല്ലത്തെ കാര്യസ്ഥ ജോലിയുമുണ്ട്. തിരുവല്ലയ്ക്കപ്പുറം കോടുകാളി ക്ഷേത്രത്തിലെ വെളിച്ചപ്പാടായിരുന്നു മൂപ്പരുടെ അച്ഛൻ.

പുഴയിൽ കുളിച്ചിറങ്ങിയ അച്ഛൻ വെളിച്ചപ്പാട് ഒരു ദിവസം അമ്പുകുത്തിനടയിൽ തൊഴുതു നിൽക്കുമ്പോഴാണ് കടവിലേക്ക് ചാഞ്ഞ് നിൽക്കുന്ന കൊന്നമരത്തിന്റെ ചുവട്ടിലെ പൊന്തക്കാട്ടിൽ ഒരിളക്കം കണ്ടത്. വകഞ്ഞുമാറ്റി നോക്കി. നിറവയറുള്ള ഒരു പാവം മണ്ണാത്തിക്ക് നേരെ അലർച്ചയോടെ വേട്ടനായ്ക്കൾ. പെണ്ണ് വളരെയധികം പേടിച്ചു നിൽക്കുന്നു. അച്ചൻ വെളിച്ചപ്പാട് പെണ്ണിനെ ഒരുവിധം രക്ഷപ്പെടുത്തി, കൈപിടിച്ച് നടയിൽ കൊണ്ടുവന്നു. ആളും തുണയുമില്ലാത്ത മണ്ണാത്തിക്കും ഗർഭത്തിലെ കുഞ്ഞിനും അവകാശിയായി കോന്തായിയില്ലത്തെ ആ അച്ഛൻ വെളിച്ചപ്പാടിനെതന്നെ നാട്ടാചര്യന്മാർ തിരഞ്ഞെടുത്തു. പിന്നീട്, വടക്കോട്ട് കുടിയേറിയ അവരെ ഇല്ലത്തെ നമ്പൂതിരി സ്വീകരിച്ചു. വസൂരി പിടിപെട്ട് ഈയടുത്താണ് അച്ഛൻ വെളിച്ചപ്പാട് മരിച്ചുപോയത്.

നേരംതെറ്റി വൈകിയതിന്റെ പേരിൽ ഇല്ലത്തമ്മയുടെ ചീത്ത കേട്ടതിന്റെ ദേഷ്യം അടുക്കളയിലെ വരാന്തയിൽ കമിഴ്ത്തി വെച്ചിരിക്കുന്ന ഉരലിലാണ് തീർത്തത്. ഇല്ലത്തമ്മയങ്ങനെയാണ്. കൗമാരക്കാരായ പെൺകുട്ടികളെ ചീത്ത പറയാൻ വല്ലാത്ത താൽപര്യമാണ്. കാരണവർ ചത്തിട്ടൊന്നുമില്ലെങ്കിലും അരയ്ക്ക് താഴെ തളർവാതം പിടിപെട്ട് കിടന്നപ്പോൾ അപ്രതീക്ഷിതമായി കിട്ടിയ ഗൃഹനാഥപട്ടം കെട്ടിച്ചമയുകയാണ്, മൂശേട്ട.

സമയം അന്തിയായപ്പോൾ മുറ്റമടിച്ചിരുന്ന നളിനാക്ഷി ചൂലും മുറവും താഴെയിട്ടു. പൊടിപറ്റിയ കൈകൾ തുടച്ചുകൊണ്ട് പറഞ്ഞു.
“കുട്ടിയിനി വീട്ടിൽ പൊയ്ക്കോളൂ.
കാവമ്മ കൺമിഴിച്ചു. ഓട്ടുകിണ്ണം കഴുകിക്കൊണ്ടിരിക്കുന്ന പാത്രത്തിലേക്ക്, മറിഞ്ഞു വീണ കോളാമ്പികുപ്പി ഹുങ്കാര ശബ്ദത്തോടെ ഗോളങ്ങൾ തീർത്ത് സാവധാനം താഴ്ന്നുപോയി.

പടിപ്പുര കടന്നപ്പോൾ ഇല്ലത്തമ്മ പറയുന്നത് കേട്ടു.
“മൂപ്പനോട് തൈലം കൊണ്ടുവരാൻ പറയണം, കാലിലപ്പടി നീരാ.”
ഇരുട്ട് തുടങ്ങിയിരിക്കുന്നു. കറുത്തമ്മ ഇല്ലത്തുനിന്ന് നേരത്തെ പോയി. ഒൻപത് മാസമായ പെണ്ണിന്റെ നാത്തൂൻ പെറ്റെന്ന്. അല്ലായിരുന്നെങ്കിലിപ്പോൾ അവളൊരു കൂട്ടാവുമായിരുന്നു.

കാവമ്മ ധൃതിയിൽ നടന്നു. പാടവരമ്പിലേക്കിറങ്ങിയപ്പോൾ ഇരുട്ട് കനപ്പെട്ടു വരുന്നത് അറിഞ്ഞു. നിലാവില്ലാത്ത ദുർഘടം പിടിച്ച രാത്രി, പാടത്ത് വാൽമാക്രികളെ പെറ്റിട്ട തവളകൾ, ‘കാവമ്മോ’ എന്ന് വിളിക്കുന്നതായി തോന്നി. കവലയെത്തിയപ്പോൾ മമ്മദിന്റെ ചായക്കടയ്ക്കരികിൽ ഒരു റാന്തൽ എരിയുന്നുണ്ടായിരുന്നു. കടയടച്ചു പോയിട്ടില്ല, സമാധാനം.
“പെണ്ണെന്താണിവിടെ, നേരം ഇരുട്ടീലോ?”
കഴുകിക്കൊണ്ടിരുന്ന കുപ്പി താഴെവെച്ച് മമ്മദ് ചോദിച്ചു.
“ഇല്ലത്തുനിന്ന് പോരാൻ വൈകി മമ്മദ്ക്കാ.”
“ഇത്തിരിനേരം ഇവിടെ നിന്നോളിൻ, കാളവണ്ടിണ്ട്, ഇങ്ങടെയങ്ങോട്ടാ. റാന്തലിന്റെ ആമത്തോടുപോലുള്ള ചില്ലുകുപ്പിയിൽ പാറ്റകൾ ആർക്കുന്നു. പൊന്തക്കാടുകളിൽ മിന്നാമിന്നികൾ പ്രകാശതുള്ളികളായി തെറിക്കുന്നു. കാളകളുടെ കുളമ്പടി ശബ്ദം കേട്ടപ്പോൾ കാവമ്മ തലയുയർത്തി നോക്കി.

മൂപ്പില് പോയ വണ്ടിയാണ്. ഏറ്റവും പിന്നിൽ കൂട്ടികെട്ടിയ വിറകുകൊള്ളികൾ ഇരിക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം കഴിഞ്ഞാണ് കാളവണ്ടിയെടുത്തത്. കാളവണ്ടിയിൽ കയറിയപ്പോഴാണ് കരിമ്പടം പുതച്ചൊരാൾ ഇരിക്കുന്നത് കണ്ടത്. രാത്രിയുടെ അവ്യക്തതയിൽ മനസ്സിലായില്ല. കാളവണ്ടി നീങ്ങിത്തുടങ്ങി. നിശ്ചിതമായ ഇടവേളകളിൽ ഊർദ്ധ്വാൻ വലിപോലെ കാളകൾ അമറുന്നുണ്ടായിരുന്നു. വണ്ടി കുലുങ്ങുമ്പോൾ കാലിൽ ഉണങ്ങാതെ നീറിക്കൊണ്ടിരുന്ന മുറി കാവമ്മയുഴിഞ്ഞുകൊണ്ടിരുന്നു. ചേറിൽ നിന്ന് വരമ്പിലേക്ക് കയറിയപ്പോൾ തുറിച്ച് നിൽക്കുന്ന കമ്പ് കാലിൽ കൊണ്ടത്.
“എങ്ങനെ മുറിവ് പറ്റി?” ചോദിച്ചത് അടുത്തിരിക്കുന്ന ആളാണ്.
എന്തോ… അയാളത്ര നല്ലയാളല്ലയെന്ന ഭാവത്തിൽ കാവമ്മ കാര്യം വിശദീകരിച്ചു.
“അപ്പകൊണ്ട് പുരട്ടണം കാവമ്മ, എങ്കിൽ മാറിക്കോളും.”
അത്ഭുതത്തോടെ കാവമ്മ നോക്കി.
“എന്റെ പേര് എങ്ങനെ അറിഞ്ഞു?”
അയാൾ മുഖം തിരിച്ചു.
“കാവമ്മക്കിതാരാണെന്ന് മനസ്സിലായില്ല.” വണ്ടിക്കാരനാണ് പറഞ്ഞത്. “കതിരേശൻ.”
“കതിരേശനോ?” വിശ്വസിക്കാൻ കഴിയാത്ത മട്ടിൽ കാവമ്മ ചോദിച്ചു. പോത്തമറി. ചാട്ടകൊണ്ട് വണ്ടിക്കാരൻ കാളയുടെ മുഴപ്പിലേക്ക് അഞ്ഞ് വീശി.

പാമ്പൻ മലയുടെ താഴ്വാരത്തുനിന്ന് കതിരേശൻ മുൾചെടികളിലൂടെ ഇറങ്ങിവന്നു. കൈയിൽ നിറയെ അത്തിപ്പഴങ്ങളായിരുന്നു. പാറയുടെ വക്കിൽ നിന്ന് അത്തിമരങ്ങൾ മുളച്ച് പൊന്തിയിരുന്നു. കതിരേശനത്  കാവമ്മക്ക് കൊടുത്തു.
“എടുത്തോ പെണ്ണേ”
ആകാശത്തുനിന്ന് പാറിവന്ന വെള്ളിപ്പറവകൾ പാറമലയിടുക്കുകളിൽ കൂടണയുന്നത് കതിരേശൻ കാവമ്മക്ക് കാണിച്ചുകൊടുത്തു.
“ഇവരെന്തിനാണ് കൂടണയുന്നത്?” കാവമ്മ ചോദിച്ചു.
“ഇണചേരാൻ”
“ഇണചേരാനോ? എങ്ങനെ?”
കതിരേശൻ കാവമ്മയെ ചെരിഞ്ഞൊന്ന് നോക്കി. പിന്നെ ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി സ്വകാര്യമെന്നോണം ചെവിയിൽ പറഞ്ഞു.
“മൂപ്പൻ പറഞ്ഞിട്ടൊണ്ട്.”
“എന്ത്?”
“വയസ്സറിയിക്കാത്ത പെണ്ണിനോടിതൊന്നും പറയാൻ പാടില്ലെന്ന്.”
കാവമ്മ പൊട്ടിച്ചിരിച്ചു. മുൾച്ചെടികൾ വകഞ്ഞുമാറ്റി, പാറയിലേക്ക് പാഞ്ഞുകയറി. ഇടയ്ക്ക് കാലിടറി വീണ കാവമ്മയെ, കയറാൻ കതിരേശൻ സഹായിച്ചു.
പാറയുടെ ഒത്ത മുകളിൽ നിന്നപ്പോൾ ലോകം മുഴുവനും കാണാമെന്നായി.
ഉറുമ്പിനെപ്പോലെ അരിച്ചിറങ്ങുന്ന മനുഷ്യർ. മലയുടെ തെക്കുനിന്ന് പാറയിൽ നിന്ന് പാറയിലേക്ക് ചാടിച്ചാടിയൊഴുകുന്ന ജലപ്രവാഹം.

“രാത്രി ഇവിടം കാണാൻ എന്ത് രസമാണെന്നോ…” കതിരേശനിരുന്നു.
“ചെക്കനിവിടം രാത്രീല് വന്ന് കണ്ടിട്ടുണ്ടോ?” കാവമ്മ ചോദിച്ചു.
“പിന്നേ…”
“എങ്ങനെ?”
“പണി കഴിഞ്ഞ് വന്നിട്ട് അപ്പൻ എന്നേം കൊണ്ടുപോവും. ചാരായ ഷാപ്പ്ന്ന്  രണ്ട് കുപ്പി വാങ്ങി നേരെ ഇവിടെ വന്നിരിക്കും. അപ്പൻ പൂശിപ്പൂശി പാമ്പാവുന്ന നേരത്ത് കഥ പറയും”
“കഥയോ? എന്ത് കഥ?”
“യുദ്ധമാണ്. പെണ്ണിനറിഞ്ഞുകൂടാ.”
അത്തിപ്പഴത്തിന്റെ തോലുരിഞ്ഞ് പാറയുടെ പരുത്ത പ്രതലത്തിലുരച്ചു, കതിരേശൻ.
“രാത്രിയില് ഇനി ഇങ്ങോട്ട് വരുമ്പോ എന്നെ കൊണ്ടുവരോ?”
“അയ്യോ! അപ്പനറിഞ്ഞാലോ?”
“അപ്പൻ വേണ്ട, ചെക്കൻ മതി.” കാവമ്മ കണ്ണുകൾ വെട്ടിച്ചു.

ചാടിയൊഴുകുന്ന വെള്ളത്തിന്റെ ഒച്ച.
“കൊണ്ടരാം.” വെള്ളം ഒഴുകി പുഴയാകുന്നു. പുഴ ക്രമേണ കടലും. കതിരേശന്റെ നീലകണ്ണുകൾ ആകാശത്തിലൂടെ ഇഴഞ്ഞു.

തുടരും■■■

* ഒന്നാം ഭാഗം

* മൂന്നാം ഭാഗം

* നാലാം ഭാഗം

* എഴുത്തുകാരി ഗീതാ ഹിരണ്യന്റെ സ്മരണാർത്ഥം, സംസ്ഥാനത്തെ ഹൈസ്കൂൾ- ഹയർ സെക്കഡറി വിദ്യാർത്ഥികൾക്കു വേണ്ടി ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം 2020ൽ നടത്തിയ രചനാ മത്സരങ്ങളിൽ, ‘ഗീതകം നവമുകുളം കഥാ പുരസ്‌കാരം’ ലഭിച്ച കൃതിയാണ്, മലപ്പുറം കുന്നകാവ് ജി.എച്ച്.എസ്.എസ്. സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്ന ആദിത്ത് കൃഷ്ണ ചെമ്പത്ത് എഴുതിയ ‘വിനോദ ചിന്താമണി നാടകശാല’. നോവലിസ്റ്റ് പാങ്ങിൽ ഭാസ്കരൻ ആയിരുന്നു കഥാ വിഭാഗം ജൂറി ചെയർമാൻ.