
ഹിമകണം കമ്മീഷൻ
നിലാവാണ്
പൂക്കളുടെ പ്രശ്നങ്ങളെ പറ്റി പഠിക്കാൻ
ഹിമകണത്തെ കമ്മീഷനായി നിയമിച്ചത്.
ഹിമകണം രാത്രി ഉറങ്ങാതിരുന്നു,
പൂക്കളെ കണ്ടു, പ്രശ്നങ്ങൾ കേട്ടു.
പല ശലഭങ്ങളുടെയും വർണ്ണച്ചിറകുകൾ
പല രാവുകളിലും
കൊഴിഞ്ഞു വീഴുമെന്നും
പൈശാചിക ചിറകുകൾ വിടർത്തി
അവർ തങ്ങൾക്കു ചുറ്റും
വട്ടമിട്ട് പറക്കുമെന്നും
അതിജീവനത്തിൻ്റെ അന്നം നീട്ടി
ദലങ്ങളിൽ
കോമ്പല്ലുകൾ ആഴ്ത്തുമെന്നും
ചിലപ്പോൾ കടിച്ച് മുറിക്കുമെന്നും
എതിർത്താൽ
കശക്കി എറിയുമെന്നും
പൂക്കൾ മൊഴി നൽകി.
ശേഷം,
ന്യായാധിപനായ സൂര്യനെ കാണാൻ
ഹിമകണം
പുലർച്ചെ തന്നെ
റിപ്പോർട്ടുമായി പുറപ്പെട്ടതാണ്.
പക്ഷെ,
വഴിയിൽ വച്ച്
കിങ്കര കിരണങ്ങൾ
അതിനെ അലിയിച്ചു കളഞ്ഞു.