The Politician-Malayalam Satire story by Sister Usha George

രാഷ്ട്രീയക്കാരൻ

പിറ്റേന്നത്തെ പത്രത്തിന്റെ ഫ്രണ്ട് പേജിൽ, അയാളുടെ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു:
‘എല്ലാം ശരിയാകും; ഞാൻ ശരിയാക്കും.’

ൾക്കൂട്ടത്തെ നോക്കി ആകർഷകമായ പുഞ്ചിരിയോടെ അയാൾ വേദിയിലേക്കു കയറി. സമൂഹമാറ്റങ്ങളുടെയും പുരോഗതികളുടെയും വാഗ്ദാന പെരുമഴ പെയ്യിച്ചുകൊണ്ട്, ശക്തവും ബോധ്യപ്പെടുത്തുന്നതുമായ ശബ്ദത്തിൽ സംസാരിച്ചു. കേൾവിക്കാർക്ക് അയാളുടെ പ്രസംഗം അത്രമാത്രം ആവേശഭരിതവും ആകർഷകവുമാണ്. അതുകൊണ്ടാണ്, ജനക്കൂട്ടം അയാളുടെ വാക്കുകൾക്കു ചുറ്റും തടിച്ചുകൂടുന്നത്.

എന്നാൽ, തിരശ്ശീലയ്ക്കു പിന്നിലെ യാഥാർത്ഥ്യം മറ്റൊന്നാണ്. അയാൾ പറയേണ്ട ഓരോ വാക്കിന്റെയും അർത്ഥവും സ്പുടതയും; ആംഗ്യവും വ്യംഗ്യവുംവരെ വേർതിരിച്ച്, പരുവപ്പെടുത്തി ഉപദേശിക്കുന്ന തന്ത്രജ്ഞർ അയാൾക്കു ചുറ്റിനുമുണ്ട്. പ്രതിച്ഛായകളിലാണ് എന്നും ജനം കൂപ്പുക്കുത്തുന്നതെന്ന് അവർക്കു നന്നായി അറിയാം.

ഒരിക്കൽ, വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ, അയാളോട് ഒരു പത്രറിപ്പോർട്ടർ ചോദിച്ചു,
“നിങ്ങളുടെ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമായില്ലെങ്കിൽ നിങ്ങൾ എന്തുചെയ്യും?”

ഒരു നിമിഷം അയാൾ സ്തംഭിച്ചുനിന്നു. അയാളുടെ കണ്ണുകളിൽ അനിശ്ചിതത്വത്തിന്റെ നിഴൽ മിന്നിയതുപോലെ. അത്തരമൊരു ചോദ്യമോ ഉത്തരമോ അയാൾക്കാരും പറഞ്ഞുകൊടുത്തിട്ടില്ലായിരുന്നു. കാരണം, അങ്ങനെയൊരു ചോദ്യം തന്നെ ജനത്തിന് ആവശ്യമില്ലാത്തതാണെന്ന് അയാളുടെ ഉപദേശകവൃന്ദം ധരിച്ചു വെച്ചിരുന്നു. അഥവാ, ജനം അതു മറന്നിരിക്കുന്നു എന്നവർ വിശ്വസിച്ചിരുന്നു.

പെട്ടെന്നാണ്, അയാളിലെ രാഷ്ട്രീയക്കാരൻ ഉണർന്നത്. അയാൾ റിപ്പോർട്ടറെ നോക്കി ഒന്നു പുഞ്ചിരിച്ചു. അതുമാത്രം മതിയായിരുന്നു ആ റിപ്പോർട്ടർക്ക്.

പിറ്റേന്നത്തെ പത്രത്തിന്റെ ഫ്രണ്ട് പേജിൽ, അയാളുടെ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു:
‘എല്ലാം ശരിയാകും; ഞാൻ ശരിയാക്കും.’

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Copyright©2025Prathibhavam | CoverNews by AF themes.