Madayanaye Pranayicha Penkutti-Short story of Valsala Nilambur

മദയാനയെ പ്രണയിച്ച പെൺകുട്ടി

രാത്രികളില്‍ അവന്റെ വയറിലേക്ക് മുഖം ചേർത്ത് അവളുറങ്ങി. ഒരുനാൾ കൊമ്പനും ഭൈരവിയും കാടിന്റെ ആത്മാവിലലിഞ്ഞു ചേർന്നു. കാടിന്റെ പ്രണയദേവതകളായി.

കാടിറങ്ങി കൊമ്പൻ അതിപുലർച്ചേ നാട്ടിലേക്കിറങ്ങിയതാണ്.

അങ്ങാടിയോരത്തെ അനക്കം തുടങ്ങാത്ത മീൻചന്തയിലേക്കാണ് പാതമുറിച്ച് അവൻ കടന്നു വന്നത്. മീൻമണവും അപ്പുറത്തെ മാംസകടകളിലെ ചോരയുടെ മണവും പിടിക്കാഞ്ഞോ എന്തൊ അവൻ പാതയിലേക്ക് തിരിച്ചിറങ്ങി. മുന്നിൽ കണ്ട കടയുടെ ഷട്ടറിനിട്ട് ഇടിച്ചു. പഴകിയ ഷട്ടർ ഒരു ബലപരീക്ഷണത്തിനു നില്ക്കാതെ അകത്തേക്ക് മറഞ്ഞുവീണു. ഗുമുഗുമാന്ന് പഴയ പത്രത്തിന്റെയും ഇരുമ്പ് സാമാനങ്ങളുടെയും മണമടിച്ചപ്പോൾ കൊമ്പൻ മുന്നോട്ടു നീങ്ങി.

അലിയാരുടെ കടക്ക് പുറത്ത് ചാക്കുകൾ അട്ടിയിട്ടിരുന്നു. കാലിത്തീററകളാണ്. മൂന്ന് ചാക്കുകളും ചവിട്ടി കീറി മിനിറ്റുകൾക്കകം അവൻ ശാപ്പിട്ടു. വീണ്ടും മുന്നോട്ട്. തിരികെ കാടുകയറാൻ ഒരു വഴിയും കാണാതെ അവൻ വലഞ്ഞു. നേരം പരപരാ വെളുക്കുന്നു. വഴിയുണ്ടാക്കാൻ മൂന്നാല് വീടുകളുടെ മതിലുകൾ ഇടിച്ചിട്ടു.

വഴികണ്ടില്ല. അപ്പോഴത്തേക്കും പ്രഭാതസവാരിക്കിറങ്ങിയ ചിലർ അവനെ കണ്ടു. ഒച്ചയും ബഹളവും കൂടി. അവൻ ഹരിജൻ കോളനിയോട് ചേർന്ന കൊച്ചു കാട്ടിലേക്ക് കയറി. അപ്പോഴാണ് ഭൈരവി എന്ന കൗമാരക്കാരി അവനെ കണ്ടത്. അവനെ കല്ലെറിയുന്ന ആളുകളോട് അവൾ കയർത്തു. പിന്നെ വേലിക്കൽ നിന്ന് ഒരു ചെമ്പരത്തി കമ്പ് ഒടിച്ചെടുത്ത് കൊമ്പനു മുന്നിൽ നാലുവാര വിട്ടുനിന്നു.
“ന്താണ്ടാ നാണണ്ടൊ അനക്ക്! ഏറും തല്ലും കൊളളാൻ കാടിറങ്ങി ബന്നേക്കണു. നെരത്തിമ്പക്കൂടെ വണ്ടി ഓടാന്‍ തൊടങ്ങി. ഇനി എങ്ങനാ ഇയ്യ് നെരത്ത് മുറിച്ചു കടന്നു കാട്ടിക്കേറുവ? ഇബടെ രാത്രി ആകും വരെ അടങ്ങി നിന്നോ. അല്ലെങ്കില്‍ ആരേലും വെടിവെച്ചു കൊല്ലും.”

ആന അതുകേട്ട് സമ്മതിച്ചപോലെ ഒരു ഇരുൾ മരത്തോട് ചാരി നിന്നു. പിന്നെ തുമ്പിക്കൈ നീട്ടി മൂലക്ക് നിന്നിരുന്ന ഇല്ലിത്തുമ്പുകൾ പറിച്ചെടുത്ത് തിന്നാന്‍ തുടങ്ങി.

“അപ്രത്തേക്ക് എറങ്ങിയാ കൊളണ്ട്. വെള്ളം കുടിച്ചോണം ട്ടാ. പൊറത്തിറങ്ങിയാ….ങാഹാ കിട്ടും ചുട്ട പെട.”
അവൾ കൈയിലെ ചുളളൽ ഓങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ അത്ഭുതപ്പെട്ടു.

“ഈ കാട്ടാനക്ക് മലയാളം അറിയോ? അതോ ഇപ്പെണ്ണിന് വല്ല മന്ത്രവാദവും…..”

ആളുകള്‍ പിരിഞ്ഞപ്പോൾ ഭൈരവി ആനയുടെ മുന്നില്‍ ചെന്നു.
“ടാ. നിനക്ക് എന്നെ കാട്ടിലേക്ക് കൊണ്ടോവാമോ. ആരുല്ല്യാത്തോളാ. അച്ഛന്‍ ചത്തു. രണ്ടാനച്ഛൻ തൊയിരം തരിണില്ല. അണക്ക് മനസ്സിലാവ്ണ്ടോ?”

കൊമ്പൻ അടുത്തു നിന്ന പേരക്കമരത്തിൽ നിന്ന് നാലഞ്ചു പേരക്ക പറിച്ച് അവൾക്ക് നീട്ടി.

അവൾക്ക് രണ്ടാനച്ഛന്റെ അടുത്തു ചെല്ലാൻ പേടിയായിരുന്നു. പക്ഷേ അവൾ പേടികൂടാതെ കൊമ്പനോട് അടുത്തു തുമ്പിക്കൈയില്‍ നിന്ന് പേരക്ക എടുത്തു കടിച്ചു.
“നന്നായി പഴുത്തിട്ടുണ്ട്.”

അവൻ തല കുലുക്കി തുമ്പി നീട്ടി അവളുടെ കൈവണ്ണയിൽ തൊട്ടു.

Read Also  ഒരേ കടൽ/ കലിക എഴുതിയ ചെറുകഥ

സന്ധ്യക്ക് കുടിച്ചു കാലുറക്കാതെ രണ്ടാനച്ഛൻ കാട്ടിലേക്ക് വന്നു.
“വാടി ഇവടെ ആരും കാണൂല. ഇജ്ജ് എന്തു ചോയ്ചാലും ഞാൻ തരും. ബാ ഇവിടെ.”

ഭൈരവി കൊമ്പനോടു പറഞ്ഞു. “ദാണ് ന്റെ രണ്ടാനച്ഛൻ. നോക്കി നിക്കണോ നീ? ഒരു ആണല്ലടാ നീ?”

ഭൈരവിയുടെ പാവാടകുത്തിലേക്ക് നീണ്ട അയാളുടെ കൈ കൊമ്പന്റെ തുമ്പികൈയ്യിലമർന്നു.

കുറ്റിചെടികൾ ചോരകൊണ്ട് ചുവന്നപ്പോൾ കൊമ്പൻ തന്റെ ഇടം കാലുയർത്തിക്കാണിച്ചു. ഭൈരവി തത്തിപിടിച്ച് പുറത്തു കയറി. അവൻ അവളുമായി കാടുകയറി.

അവളവനെ കുളിപ്പിച്ചു. കിന്നാരം ചൊല്ലി ഒരുപാട് ഇഷ്ടമാണ് എന്ന് കാണിച്ചു. അവനവൾക്ക് കാട്ടു ഫലങ്ങളും തേനും കൊടുത്തു. പുഴയിലവൻ അവളുടെ വഞ്ചിയായി. രാത്രികളില്‍ അവന്റെ വയറിലേക്ക് മുഖം ചേർത്ത് അവളുറങ്ങി.

ഒരുനാൾ കൊമ്പനും ഭൈരവിയും കാടിന്റെ ആത്മാവിലലിഞ്ഞു ചേർന്നു. കാടിന്റെ പ്രണയദേവതകളായി.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Copyright©2025Prathibhavam | CoverNews by AF themes.