
മൊളോസിയ; ഒരു രാജ്യത്തിനകത്തെ മറ്റൊരു രാജ്യം
സ്വന്തമായൊരു രാജ്യം… ഭരണ സംവിധാനം…
അതിനൊരു തലവൻ… പതാക… സ്റ്റാമ്പ്… നാണയവ്യവസ്ഥ… നീതിന്യായം…
ഇത്, ലോകഭൂപടത്തിലെ സർവ്വസാധാരണമായ കാഴ്ചയാണ്. അഥവാ, അങ്ങനെയൊരു സംവിധാനമില്ലാതെ ആധുനിക മനുഷ്യജീവിതം സാധ്യമല്ലതാനും.
അതുപോലെ, ഒരു രാജ്യത്ത്, തനതും സ്വതന്ത്രവുമായ ജീവിത രീതികളുമായി പല സമൂഹങ്ങളും ഉണ്ടാകാം.
കെനിയയിലെ സ്ത്രീകൾ മാത്രം അധിവസിക്കുന്ന ‘ഉമോജി ഉവാസോ’ എന്ന ഗ്രാമവും ‘നഗ്ന സമൂഹം’ എന്നറിയപ്പെടുന്ന കേരളത്തിലെ വടകരയിലെ സിദ്ധസമാജവും ചില ദൃഷ്ടാന്തങ്ങളാണ്.
ഇന്ത്യയിൽ ഇന്നും രാജാവും രാജ്യഭരണവും നിലനില്ക്കുന്ന രണ്ട് ‘രാജ്യങ്ങൾ’ ഉണ്ട്. ഇടുക്കി ജില്ലയിലെ കോവിൽമല മന്നാൻ ആദിവാസി സമുദായത്തിൽ ഇപ്പോഴും രാജഭരണമുണ്ട്. രാജഭരണം അനുവദിച്ചിട്ടുള്ള കേരളത്തിലെ ഏക സമൂഹവും ഇവരാണ്. ത്രിപുരയിലെ ഒരു ആദിവാസി സമുദായത്തിലും രാജഭരണം നിലനിൽക്കുന്നുണ്ട്.
എന്നാൽ, ഒരു രാജ്യത്തിനുള്ളിൽതന്നെ മറ്റൊരു രാജ്യം… അതും, സർവ്വ സ്വതന്ത്രമെന്നു പ്രഖ്യാപിക്കട്ട അഥവാ, വ്യാഖ്യാനിക്കപ്പെടുന്ന ഒരു സ്വതന്ത്ര രാജ്യം… സാധാരണഗതിയിൽ ഇത് അസംഭവ്യമാണ്.
പക്ഷെ, ലോകത്ത് അങ്ങനെ നിരവധി രാജ്യങ്ങൾ ഉണ്ടുതാനും. ഒരു രാജ്യത്തിനുള്ളിൽ, ആ രാജ്യത്തിന്റെതന്നെ ‘അയൽരാജ്യമായിരിക്കുക’ എന്ന അപൂർവത പേറുന്ന, ഏകദേശം ഇരുന്നൂറിൽപരം ചെറുരാജ്യങ്ങൾ അമേരിക്കൻ ഭൂഖണ്ഡങ്ങളിലും യൂറേഷ്യൻ ഭൂഖണ്ഡങ്ങളിലും മറ്റുമായി, അനൗദ്യോഗികമായി സ്ഥിതി ചെയ്യുന്നുണ്ടെന്നു കണക്കാക്കപ്പെടുന്നു.
അങ്ങനെയുള്ള രാജ്യങ്ങളിൽ, രാജ്യാന്തര പ്രശസ്തി നേടിയ ഒരു കഞ്ഞൻ രാജ്യമാണ് മൊളോസിയ! യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് ഈ ‘സമ്പൂർണ്ണ പരമാധികാര രാജ്യം’ സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ ആകെ വിസ്തീർണ്ണം പതിനൊന്ന് ഏക്ര. ജനസംഖ്യയാണ് അതിലും രസകരം. ഏകദേശം നാല്പത്തിൽ താഴെ ജനങ്ങൾ.
ഇവർക്കൊരു പ്രസിഡണ്ട്, പതാക, കറന്‍സി.
ദൈന്യംദിന ജീവിതത്തിനു പലചരക്ക് കടതൊട്ട്, ബാങ്ക്, പോസ്റ്റ് ഓഫീസ്, സിനിമാ തിയേറ്റർ, ടെലിഫോൺ സർവീസ്, ഓൺലൈൻ റേഡിയോ സ്റ്റേഷൻ, റെയിൽറോഡ്, നാവികസേന, ബഹിരാകാശ പരിപാടി, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി, ബാറും ജയിലുംവരെ ഇവിടെയുണ്ട്. സ്വന്തമായി നാവിക അക്കാദമിയും സമയ മേഖലയും ഉള്ള രാജ്യം.
പക്ഷെ, ഒരു രാഷ്ട്രത്തിന്റെ/ സമൂഹത്തിന്റെ ഭദ്രതയ്ക്ക് ഏറ്റവും ആവശ്യമെന്ന് ആധുനിക ലോകം കരുതുന്ന ഒന്നുമാത്രം ഇവിടെയില്ല; നികുതി. ഇവിടെ ജീവിക്കാൻ ആരും നികുതി ഒടുക്കേണ്ട ആവശ്യമില്ല.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ ഒരു പടിഞ്ഞാറൻ സംസ്ഥാനമായ നെവാഡയിലെ അൺഇൻകോർപ്പറേറ്റഡ് പ്രദേശമായ ഡേറ്റൺ മരുഭൂമിയില്‍ നിന്ന് മുപ്പത് മൈൽ ദൂരത്താണ്, ഈ സ്വയം പ്രഖ്യാപിത മൈക്രോനേഷൻ സ്ഥിതി ചെയ്യുന്നത്.

.ചരിത്രം
അമേരിക്കയുടെ വടക്കു പടിഞ്ഞാറായി, പസഫിക് മഹാസമുദ്രത്തോടു ചേർന്നുകിടക്കുന്ന, നീർനായകളുടെ സംസ്ഥാനമെന്നറിയപ്പെടുന്ന ഒറിഗൺണിലെ ഏറ്റവും വലിയ നഗരമായ പോര്‍ട്ട്ലാന്‍ഡിൽ 1977 മെയ് 26നാണ് ഈ രാജ്യം രൂപീകൃതമായത്.
ഒരു മിലിട്ടറി ഓഫീസർ ആയിരുന്ന കെവിൻ ബാഗ് ആണ് ഈ രാജ്യത്തിന്റെ ശില്പി. തുടക്കത്തിൽ, ‘ഗ്രാൻഡ് റിപ്പബ്ലിക് ഓഫ് വൾഡ്സ്റ്റീൻ’ എന്നായിരുന്നു തന്റെ രാജ്യത്തിനു കെവിൻ ബാഗ് പേരിട്ടത്. സുഹൃത്തായ ജെയിംസ് സ്‌പിൽമാനെ ‘ജെയിംസ് ഒന്നാമൻ’ എന്ന സ്ഥാനപ്പേര് നല്കി, രാജ്യത്തിന്റെ രാജാവായി പ്രഖ്യാപിച്ചു. കെവിൻ പ്രധാനമന്ത്രിയായി.
രാജ്യത്തിനു സ്വന്തമായ ചിഹ്നവും കറൻസിയും സ്റ്റാമ്പും പൗരത്വ രേഖകളും പുറത്തിറക്കി.
തന്റെ കൗമാരക്കാലത്തെ ആഗ്രഹത്തിന്റെ പരിണിതഫലമാണ് ഇങ്ങനെയൊരു സ്വന്തം രാജ്യത്തിന്റെ സാക്ഷാത്കാരമെന്ന് അവകാശപ്പെട്ട കെവിൻ ബാഗ്, ചെറുപ്പത്തിൽ താൻ കണ്ട ‘ദി മൗസ് ദാറ്റ് റോറേഡ്’ എന്ന ബ്രിട്ടീഷ് ആക്ഷേപഹാസ്യ സിനിമയിൽ നിന്നുമാണ് ഇങ്ങനെയൊരു ആശയത്തിലേക്ക് എത്തപ്പെട്ടതെന്നും പറയുകയുണ്ടായി.
എന്നാൽ, ഗ്രാൻഡ് റിപ്പബ്ലിക് ഓഫ് വൾഡ്സ്റ്റീന്റെ രൂപീകണത്തിന് ഒരു വർഷം തികയുന്നതിനു മുൻപേ, കെവിനു ദീർഘക്കാലം പോര്‍ട്ട്ലാന്‍ഡിൽനിന്നും വിട്ടുനില്ക്കേണ്ടി വരികയും ഇരുപത്തിയൊന്ന് വർഷക്കാലം ജെയിംസ് സ്‌പിൽമാൻ തനിയെ രാജ്യം ഭരിക്കുകയും ചെയ്തു. ഇക്കാലയളവിൽ രാജ്യത്തിനു തനതായ ഒരു പുരോഗതി ഉണ്ടാക്കിയെടുക്കാൻ സ്‌പിൽമാനെകൊണ്ടു കഴിഞ്ഞില്ല. ഇതിനിടെ, ‘കിംഗ്ഡം ഓഫ് എഡൽസ്റ്റൈൻ’, ‘കിംഗ്ഡം ഓഫ് സാരിയ’ തുടങ്ങിയ പേരുമാറ്റങ്ങളിലൂടെയും ചില സാമൂഹ്യ- രാഷ്ട്രീയ മാറ്റങ്ങളിലൂടെയും ഈ രാജ്യം കടന്നുപോവുകയുണ്ടായി.
പിന്നീട്, 1998 മെയ് മാസത്തിൽ, ഗ്രാൻഡ് റിപ്പബ്ലിക് ഓഫ് വൾഡ്സ്റ്റീനിനെ ‘റിപ്പബ്ലിക് ഓഫ് മൊളോസിയ’ എന്നു പുനർനാമകരണം ചെയ്തുകൊണ്ട്, നെവാഡയിൽ സ്വന്തമായി വാങ്ങിയ ഭൂമിയിൽ കെവിൻ ബാഗ് ഈ രാജ്യത്തെ പുനഃസ്ഥാപിച്ചു. ഇക്കാലത്ത്, ജെയിംസ് സ്‌പിൽമാന് അധികാരത്തിലും രാജ്യഭരണത്തിലും താല്പര്യം ഇല്ലാതായതിനെതുടർന്ന്, 1999 സെപ്തംബർ 3ന്, കെവിൻ ബാഗ് രാജ്യത്തിന്റെ പരമാധികാരം ഏറ്റെടുത്ത്, പ്രസിഡന്റ് എന്ന ഔദ്യോഗിക പദവി സ്വീകരിച്ചു.
.പേരിനു പിന്നിൽ
പാറക്കെട്ടുകൾ ധാരാളമുള്ള ഒരു കുന്നിൻ പ്രദേശമാണ്, ‘സ്വന്തമായൊരു രാജ്യം’ എന്ന തന്റെ സ്വപ്ന സാക്ഷാൽക്കാരത്തിനായി രണ്ടാം ഘട്ടത്തിൽ കെവിൻ തിരഞ്ഞെടുത്തത്. ഭൂപ്രദേശത്തിന്റെ ഈ സവിശേഷതയാണ്, രാജ്യത്തിന് ഇങ്ങനെയൊരു പേരിടാൻ കെവിൻ ബാഗിനെ പ്രചോദിപ്പിച്ചത്. ‘ചെറിയ പാറക്കെട്ടുകൾ നിറഞ്ഞ കുന്ന്’ എന്നർത്ഥമുള്ള സ്പാനിഷ് പദമായ മോറോയിൽ നിന്നാണ് മൊളോസിയ എന്ന പേര് കെവിൻ കണ്ടെത്തിയത്. എന്നാൽ, ഈ പദത്തിനോ രാജ്യത്തിനോ പുരാതന ഗ്രീക്ക് ഗോത്രക്കാരായ മൊളോസിയന്മാരുമായി യാതൊരു ബന്ധമില്ല.
അതേസമയം, ഹവായി ദ്വീപുകളിലെ ഹവായിയൻ ഭാഷയിലെ ‘മാലുഹിയ’ എന്ന പദത്തിൽനിന്നാണ് ‘മൊളോസിയ’ ഉരുത്തിരിഞ്ഞതെന്നും പറയപ്പെടുന്നുണ്ട്. ‘ഐക്യവും സമാധാനവും’ എന്നാണ് ഈ വാക്കിന്റെ അർത്ഥം.


.അംഗീകാരം/ പൗരത്വം
യുഎസില്‍ നിന്ന് ഔദ്യോഗികമായി സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലാത്ത മൊളോസിയ, രാജ്യാന്തരതലത്തിൽ ഒരു രാജ്യമായി കണക്കാക്കപ്പെടുന്നില്ല. ഐക്യരാഷ്ട്രസഭയുടെയോ ഏതെങ്കിലും അംഗരാജ്യത്തിന്റെയോ പിന്തുണയോ ഇല്ല. ഇതര വിദേശ ബന്ധങ്ങളോ എംബസികളോ പുറമെ നിന്നുള്ള സഹായങ്ങളോ ലഭിക്കുന്നില്ല.
രാജ്യത്തെ പൗരന്മാർക്ക് മൊളോസിയയിൽ കരമൊന്നും അടക്കണ്ടെങ്കിലും ‘മൊളോസിയ’ എന്ന രാജ്യത്തിന് അതിന്റെ മാതൃരാജ്യമായ അമേരിക്കയ്ക്കു കരം കൊടുക്കണം. ‘രാജ്യത്തിന്റെയും പ്രജകളുടെയും എല്ലാവിധ കരങ്ങളും സ്വന്തം വലോറ(മൊളോസിയൻ കറൻസി) ഉപയോഗിച്ചു കെവിൻ ബാഗുതന്നെ നെവാഡയിലെ സ്റ്റോറി കൗണ്ടി(പ്രവിശ്യ) യിൽ അടക്കുന്നു. നിലവിലുള്ള ഇവിടത്തെ കുടുംബങ്ങളിലെ ആളുകൾക്കല്ലാതെ, അമേരിക്കയുടെ ഇതരഭാഗങ്ങളിലുള്ളവർക്കോ വിദേശികൾക്കോ പൗരത്വം ലഭിക്കില്ല.
അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സിലും പൗരത്വമുള്ളവരാണ് ഇവിടത്തെയും പൗരന്മാർ.

.അധിനിവേശം
ഒന്നര ചാണിന്റെ നീളമുള്ള രാജ്യമാണെങ്കിലും അതു പിടിച്ചടക്കാനും ആളുകളുണ്ട് എന്ന ഒരു ദുരനുഭവവും ഈ കൊച്ചു രാജ്യത്തിനു പറയാനുണ്ട്. 2010 ഏപ്രിൽ 9നായിരുന്നു അത്. അന്നു രാവിലെ, മൊളോസിയയുടെ കിഴക്കൻ അതിർത്തിയിൽ, മൊളോസിയ സെമിത്തേരിക്ക് സമീപം, ഏകദേശം 20 പേരടങ്ങുന്ന ഒരു ചെറിയ അധിനിവേശ സേന തമ്പടിച്ചു. മൊളോസിയ പ്രതിരോധങ്ങൾ തീർത്തെങ്കിലും അവർ അതിർത്തി കടന്ന്, മൊളോസിയയിലെ നോർട്ടൺ പാർക്കിലെത്തി. അവർ മൊളോസിയയെ നാശോന്മുഖമാക്കാൻ തുടങ്ങി. അവരോടു പൊരുതി നില്ക്കുന്നത് ആ ചെറുരാജ്യത്തിന്റെ അടിമുടിയുള്ള നാശത്തിനു വഴിവെയ്ക്കും എന്നു മനസിലാക്കിയ പ്രസിഡന്റ് കെവിൻ, മൊളോസിയയെ കൂടുതൽ നാശനഷ്ടത്തിലേക്കു തള്ളിവിടാൻ ശ്രമിക്കാതെ അധിനിവേശകാർക്കു കീഴടങ്ങി.
തുടർന്ന്, മൊളോസിയയെ ‘കിക്കാസ്സിയ’ എന്നാക്കി അധിനിവേശക്കാർ പുതിയ ഗവൺമെന്റുണ്ടാക്കി. എന്നാൽ, കേവലം രണ്ട് ദിവസത്തിനുള്ളിൽ ഈ അധിനിവേശ സർക്കാരിൽ വിള്ളൽ ഉണ്ടാകുകയും അവർ തമ്മിലുള്ള അധികാര വടംവലിയിലും പോരാട്ടത്തിലും ‘കിക്കാസ്സിയ’ യുടെ ഭരണം കെവിൻ ബാഗിൽതന്നെ വന്നു ചേരുകയും ചെയ്തു. അതോടെ, ഏപ്രിൽ 11ന് അധിനിവേശക്കാർ പൂർണ്ണമായും അവിടം വിട്ടുപോകുകയും കിക്കാസ്സിയ വീണ്ടും മൊളോസിയയായി നാമകരണം ചെയ്യപ്പെടുകയും ചെയ്തു.
.ദേശീയം
മധ്യത്തിൽ വെളുപ്പ്, താഴെ പച്ച എന്നീ നിറങ്ങളിലെ ദീർഘചതുര വരകളോടു കൂടിയ, ‘ഗ്രാൻഡ് ട്രയൂൺ’ ആണ് മൊളോസിയയുടെ പതാക. ശക്തിയെയും മരുഭൂമിയിലെ ആകാശത്തെയും നീല വരയും വിശുദ്ധിയെയും പർവതങ്ങളെയും വെളുത്ത വരയും സമൃദ്ധിയെയും മൊളോസിയൻ ഭൂപ്രകൃതിയെയും പച്ച വരയും പ്രതിനിധാനം ചെയ്യുന്നു. പതാക രൂപകൽപ്പന ചെയ്തത്, പ്രസിഡന്റ് കെവിനാണ്. പശ്ചിമ ആഫ്രിക്കൻ രാജ്യമായ സിയേറാ ലിയോണിന്റെ ഔദ്യോഗിക പതാകയുടെ തലകീഴായുള്ള രൂപകൽപ്പനയാണ് ഇതിനുള്ളത്. ‘ഫെയർ മൊളോസിയ ഈസ് അവർ ഹോം’ എന്ന രാജ്യത്തെ ദേശീയഗാനം രചിച്ചിരിക്കുന്നതും കെവിൻതന്നെ. സംഗീതം, സൈമൺ- പിയറി ബോക ഡി എംപാസി ലോണ്ടി നിർവഹിച്ചിരിക്കുന്നു.
.സാമൂഹികം
സമ്പൂർണ്ണ പരിസ്ഥിതി സൗഹൃദ രാജ്യമായ മോറോയയിൽ പ്ലാസ്റ്റിക് ബാഗുകളും പ്രകാശ തീവ്രമായ ബൾബുകളും നിരോധനമുണ്ട്. ഉള്ളി, ചീര, മുഴുമത്സ്യം, കടൽക്കുതിര ഉൾപ്പെടെ ചിലയിനം കടൽ ജീവികൾ തുടങ്ങിയ ചില ഭക്ഷണ വസ്തുക്കൾക്കും ഇവിടെ വിലക്കുണ്ട്. അതുപോലെ, എല്ലാ പൗരമാർക്കും സൂര്യപ്രകാശം ഉറപ്പാക്കുന്ന ഈ രാജ്യത്ത് ഏതെങ്കിലും ആണവ ഉപകരണം പൊട്ടിത്തെറിച്ചാലോ ബാത്ത്റൂമിനുള്ളിൽ താളവാദ്യങ്ങൾ ഉപയോഗിച്ചാലോ കനത്ത പിഴ ഈടാക്കും.
.കൃഷി
ചോളമാണ് പ്രധാന കാർഷിക വിള. കോഴി- കന്നുകാലി വളർത്തലും ഇവിടത്തെ പ്രധാന വരുമാനമാർഗങ്ങളാണ്. മൊളോഷ്യൻ ഫാം സർവീസിനാണ്, ഭക്ഷണം, സാമ്പത്തിക വികസനം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങളുടെയും അവ നടപ്പാക്കുന്നതിന്റെയും ചുമതല.
ഗ്യാസ്, വെള്ളം, വൈദ്യുതി എന്നിവയ്ക്കായാണ്, അയൽരാജ്യമെന്ന് ഇവർ വിശേഷിപ്പിക്കുന്ന അമേരിക്കയെ ഇവിടത്തുകാർ പ്രധാനമായും ആശ്രയിക്കുന്നത്.
.കാലാവസ്ഥ/ ഭൂപ്രകൃതി
ധാരാളം കാറ്റ് ലഭിക്കുന്ന പ്രദേശമാണ് മൊളോസിയ. പൊതുവെ, ശാന്തവും സുന്ദരവുമായ ഭൂപ്രകൃതിയാണെങ്കിലും വരണ്ട കാലാവസ്ഥയാണ്. സേജ് ബ്രഷ് ഇനത്തിൽ പെട്ട കാട്ടുചെടികളും പിനോൺ പൈൻ മരങ്ങളും അമേരിക്കൻ കാട്ടുനായകളും കാട്ടുകുതിരകളും കാട്ടുമുയലുകളും ധാരാളമായി കാണപ്പെടുന്നു. താപനില അപൂർവ്വമായി അറുപത്തിമൂന്ന് ഡിഗ്രി സെന്റിഗ്രേഡിലേക്ക് ഉയരുകയും സീറോ ഡിഗ്രിയിലേക്കു താഴുകയും ചെയ്യാറുണ്ട്.
.വാർത്താ വിനിമയം
മൊളോസിയയിൽ രണ്ടിടങ്ങളിൽ ടെലിഫോൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ഗവൺമെന്റ് ഹൗസിലെ ലാൻഡ് ലൈൻ എക്സ്ചേഞ്ച് സിസ്റ്റം വഴിയാണ് ഇവ പ്രവർത്തിക്കുന്നത്. ഈ രാജ്യം ധാരാളം പോസ്റ്റൽ സ്റ്റാമ്പുകൾ ഇറക്കിയിട്ടുണ്ട്. എന്നാൽ, അവയൊന്നും തപാൽ ആവശ്യങ്ങൾക്കുള്ളതല്ല എന്നുമാത്രം. ഇവിടെ ഇറക്കുന്ന ഓരോ സ്റ്റാമ്പും ഓരോ ചരിത്രത്തിന്റെ, കഥ പറയുന്ന ഫിലാറ്റലിക് കളക്ഷനുകളാണ്. മൊളോസിയയുടെയും മറ്റു രാഷ്ട്രങ്ങളുടെയും ചരിത്രത്തെ, വ്യക്തികളെ രസകരമായ സംഭവങ്ങളെയും മറ്റും അടയാളപ്പെടുത്തുന്നു, മൊളോസിയയുടെ സ്റ്റാമ്പ് ശേഖരം.
ലോകപ്രശസ്ത ഫ്രഞ്ചു ചിത്രകാരനും ശില്പിയുമായിരുന്ന എഡ്ഗാർ ഡെഗാസിന്റെ പ്രശസ്തമായ പെയിന്റിംഗ്, ‘എ കോട്ടൺ ഓഫീസ് ഇൻ ന്യൂ ഓർലിയൻസ്’ ഉൾപ്പെടുത്തിയ സ്റ്റാമ്പ് ഇതിൽ ഏറെ ശ്രദ്ധേയമാണ്. പോസ്റ്റൽ, ടെലിഗ്രാഫ് എന്നിവ എത്തിക്കുന്നതിന്, ‘റോക്കറ്റ് മെയിൽ ഡെലിവറി സിസ്റ്റം’ ആണ് ഇവർ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്.
.വിനോദസഞ്ചാരം
ലോകഭൂപടങ്ങളിലൊന്നും ‘മൊളോസിയ’ എന്ന രാജ്യം അടയാളപ്പെട്ടു കിടക്കുന്നില്ലെങ്കിലും ഇതിനോടകം ലോക വിനോദസഞ്ചാരത്തിന്റെ അനൗദ്യോഗിക ‘ഭൂപട’ ങ്ങളിൽ ഈ രാജ്യവുമുണ്ട്. രാജ്യത്തെ ഒരു ലോക വിനോദസഞ്ചാര മേഖലയായി മാറ്റിയെടുക്കാനും ലോകത്തിന്റെ ശ്രദ്ധയെ തങ്ങളിലേക്കെത്തിക്കുവാനും കെവിൻ ബാഗിനു കഴിഞ്ഞു എന്നതൊരു നിസാര കാര്യമല്ല.
രണ്ട് മണിക്കൂർമാത്രം സന്ദർശനാനുമതി നല്കുന്ന ഇവിടേക്കുള്ള പ്രവേശനത്തിനും മറ്റു രാജ്യങ്ങളെപോലെ ഈ രാജ്യത്തിന്റെ സ്റ്റാമ്പ് പാസ്‌പോർട്ടിൽ പതിക്കണം. വിനോദസഞ്ചാരികൾക്കു വേണ്ടി കസ്റ്റംസ് സർവീസും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മൊളോസിയയിലേക്ക് കള്ളക്കടത്ത് സാധനങ്ങൾ കൊണ്ടുവരുന്നതു കുറ്റകരമാണ്. അങ്ങനെ പിടിക്കപ്പെട്ടാൽ, അവരെ മൊളോസിയൻ ജയിലിൽ കുറച്ചു നാൾ പാർപ്പിച്ചതിനു ശേഷമാകും പുറത്തുവിടുക.
ബൃഹത്തായ ഒരു രാഷ്ട്രത്തിലോ പ്രദേശത്തോ ഉണ്ടാകാനിടയുള്ള അതിശയകരമായ കാര്യങ്ങളോ കണ്ണിഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളോ ഇവിടെയില്ല. എന്നാൽ, അതിസൂക്ഷ്മമായി വിശകലം ചെയ്യാൻ സാധിക്കുന്ന ഒരു സഞ്ചാരിക്ക് ഇവിടെ കാണുന്നതെന്തും അതിമനോഹരവും അതിശ്രേഷ്ഠവുമായ കാഴ്ചയാണ്.
ഒരു ഇട്ടാവട്ട ഇടത്തിൽ ഒരു രാഷ്ട്രത്തിന് അവശ്യം വേണ്ടതായ സകല വിഭവങ്ങളും ഈ ഇത്തിരി കുഞ്ഞൻ രാജ്യത്തു കാണാം, കേൾക്കാം. ഇവരുടെ ചരിത്രവും നിർമ്മിതികളും പ്രയത്നങ്ങളും ഇവർക്കു വിവിധ രാജ്യങ്ങളിൽനിന്നും വ്യക്തികളിൽനിന്നും ലഭിച്ച നിരവധി ബഹുമതികളും അക്കൂട്ടത്തിലുണ്ട്.
ഇവിടെത്തെ സന്ദർശക ഇടങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്, മൊളോസിയൻസ് പീസ് പോൾ റെഡ് സ്ക്വയർ. ‘ഭൂമിയിൽ സമാധാനം നിലനിൽക്കട്ടെ’ എന്ന സന്ദേശമുയർത്തി, എട്ട് ഭാഷകളിലായി, ഇവിടെ ഒരുക്കി വെച്ചിട്ടുള്ള ‘സമാധാന പ്രാർത്ഥനാ സ്മാരക സ്തൂപങ്ങൾ’ ഏതൊരു സഞ്ചാരിയുടെയും ഹൃദയം കവരും.
മൊളോസിയയുടെ മാതൃഭാഷയായ ഇംഗ്ലീഷ്, സ്പാനിഷ്, ചൈനീസ്, ഇറ്റാലിയൻ, ജർമ്മൻ, ചെറോക്കി, റഷ്യൻ, എസ്പെരാന്തോ ഭാഷകളിലായി നൂറ്റിയെൺപത് രാജ്യങ്ങളിലെ സമാധാന സ്മാരകങ്ങളായി സമർപ്പിച്ചിരിക്കുന്ന ഇരുപത്തിനായിരത്തിൽപരം പീസ് പോളുകൾ ഇവിടത്തെ റെഡ് സ്ക്വയറിൽ ഉണ്ട്. ലോകസമാധാനത്തിനായി ദൃശ്യവൽക്കരിക്കാനും പ്രാർത്ഥിക്കാനുമുള്ള നിരന്തരമായ ഓർമ്മപ്പെടുത്തലുകളായി അവ വർത്തിക്കുന്നു.



ഈ രാജ്യത്ത്, വിനോദസഞ്ചാരികളെ സ്വീകരിക്കുന്നതും അവരെ രാജ്യം ചുറ്റിക്കാണാൻ കൊണ്ടുപോകുന്നതും രാജ്യത്തിന്റെ പ്രഥമ പൗരൻ ആണ് എന്നുള്ളതും മറ്റൊരു സവിശേഷതയാണ്. വിനോദസഞ്ചാരികളെ സ്വീകരിക്കാനും പരിചരിക്കാനും കെവിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ അഡ്രിയാന്നെയും മക്കളായ അലക്‌സിസ്, കാർസൺ, രാജ്യത്തിന്റെ ചീഫ് കോൺസ്റ്റബിളായ മകൾ മാർക്ക് എന്നിവരും കൂട്ടിനുണ്ട്. ഇവർ രാജ്യത്തിന്റെ ചരിത്രത്തെയും നിയമങ്ങളെയും മറ്റു പ്രത്യേകതകളെയും ഓരോ സഞ്ചാരിക്കും കൃത്യമായി പകർന്നു നല്കുന്നു.
അര നൂറ്റാണ്ടോളം വലിപ്പം വരുന്ന, ലോകത്തിലെതന്നെ ഏറ്റവും ചെറിയ രാജ്യമെന്ന ഖ്യാതിയുള്ള, ഈ അനൗദ്യോഗിക പരമാധികാര രാഷ്ട്രം സന്ദർശിക്കുന്നവർക്ക് ഇതൊരു ‘യഥാർത്ഥ രാജ്യംതന്നെ’ എന്ന പ്രതീതി ജനിപ്പിക്കാൻ വേണ്ട അനുഭവങ്ങളുമായാണ് ഇവിടെയെത്തുന്ന ഓരോ യാത്രികനും തിരികെ മടങ്ങുക. അതാണ്, മൊളോസിയ…

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. ‘ദോഷൈകദൃക്ക്’ എന്ന പേരിൽ പ്രതിഭാവത്തിൽ ‘വോക്കൽ സർക്കസ്’ എഐ കാർട്ടൂൺ കോളവും ചെയ്യുന്നു.
ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.
പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.