Prathibhavam First Onappathippu-2025
Poovili-Malayalam poem by Girija Warrier-Prathibhavam First Onappathippu-2025

ണനിലാവിലൊളിക്കും കാശി
ത്തുമ്പേ, തെറ്റീ, മുക്കുറ്റീ…
അത്തം വന്നതറിഞ്ഞീലേ പൂ
ക്കൊട്ട നിറയ്ക്കാന്‍ പോന്നോളൂ!

വേലിയിറമ്പത്തെ കൃഷ്ണക്കിരീടത്തില്‍
താളം തുള്ളുന്നു പൊന്‍വെയിലും;
കാക്കപ്പൂവിനു സദ്യ വിളമ്പാന്‍
കാത്തിരുന്നീടുമിളങ്കാറ്റും.

ശംഖുപുഷ്പത്തിന്റെ തോളില്‍ ചാഞ്ഞു
കിന്നാരം ചൊല്ലുന്നു ചെമ്പരത്തി;
നാളത്തെ പൂക്കളച്ചേലില്‍ച്ചേരാം
മിന്നുന്നൊരോണക്കിനാവായീ!

കണ്ണാന്തളിക്കെന്തേ നാണം? ചൊല്ലൂ,
കണ്ണിലെ കൃഷ്ണമണിപോലെ;
നിന്നെയെതിരേല്‍ക്കാന്‍ നില്‍പ്പൂ ചാരേ,
ചെണ്ടുമല്ലിപ്പൂക്കള്‍ നീളേ.

മഞ്ഞപ്പുടവ ഞൊറിഞ്ഞൂ മേലേ
കിങ്ങിണിച്ചേലുകള്‍ തീര്‍ത്തൂ
മുറ്റത്തഴകു പടര്‍ത്തീ പൊന്നിന്‍
പത്തരമാറ്റു കോളാമ്പി.

നിത്യകല്യാണി ചിരിച്ചൂ, ദൂരെ
സ്വസ്ഥമായ് നില്‍ക്കുമിവളേ
നിത്യവും കാണുന്നതല്ലേ കുഞ്ഞേ
ചിത്തത്തിലെന്നെയും ചേര്‍ക്കൂ.

കുഞ്ഞിന്റെ ചുïിലൊരീണം
പൊന്നിന്‍ ചിങ്ങനിലാവുപോല്‍ പൂത്തൂ
ഉള്ളം തെളിഞ്ഞവള്‍ പാടീ, കണ്ണി
ലോണപ്പൂച്ചന്തങ്ങള്‍ തിങ്ങീ.

പൂവേ പൊലി പൂവേ പൊലി പൂവേ…

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹