AI illustration for Thalayillaa Thachan-Malayalam Novella by Sathish Kalathil-Part 1 Cover image

തലയില്ലാ തച്ചൻ- ഒന്നാം ഭാഗം

പക്ഷേ ഒരിക്കൽ…
ജോയിന്റ് ഡിവോഴ്സിന് ശ്രീ സമ്മതിച്ച വിവരം അഡ്വക്കേറ്റ് വിളിച്ചു പറഞ്ഞ ആ ദിവസം അവൾ ആദ്യമായി പ്രതികരിച്ചു. അന്നവൾ പറഞ്ഞത് ഇന്നും സെലിന്റെ ഉള്ളിലുണ്ട്:
“നീ പറയാറുള്ള ഗോതമ്പോ കതിരോ കരിമ്പോ ഒന്നും ആയിട്ട് ഒരു കാര്യവും ഇല്ല സെലിൻ. പൊന്നിനെ പൊന്നാക്കുന്നത് അത് അണിയുന്ന പെണ്ണാണ്. അവൾ അത് അണിയുന്നത് അവളെ മോഹിക്കുന്ന പുരുഷന് വേണ്ടിയാണ്. പുരുഷന് മോഹമില്ലെങ്കിൽ പിന്നെ പെണ്ണിനും പൊന്നിനും എന്ത് വില?”

രാത്രിയുടെ അവസാന യാമത്തിന് ഇനി വിരലിലെണ്ണാവുന്ന വിനാഴികകൾ മാത്രം. ചീവീടുകളുടെ നിർത്താത്ത കരച്ചിൽ പോലും മരവിച്ചുനിൽക്കുന്ന ഏതോ വന്യമായ കാട്ടുപ്രദേശം. ഇരുട്ടിന് കട്ടി കൂടുതലാണെങ്കിലും, മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന നേർത്ത നീലവെളിച്ചം ഒരു സ്പോട്ട്‌ലൈറ്റ് പോലെ അവളെ പിന്തുടരുന്നുണ്ട്.

ആകാശത്തുനിന്ന് പഞ്ഞിക്കെട്ടുകൾ പോലെ മഞ്ഞിൻകണങ്ങൾ അവളിലേക്ക് ഊർന്നുകൊണ്ടിരിക്കുന്നു. അസ്ഥി തുളയ്ക്കുന്ന തണുപ്പിലും അവൾ വിറയ്ക്കുന്നില്ല. ഭയത്തേക്കാൾ ഉപരി എന്തോ തിരയുന്ന വ്യഗ്രതയായിരുന്നു ആ മുഖത്ത്. കാലുകൾ ഇടറുന്നുണ്ടെങ്കിലും നടത്തത്തിന് വേഗത കൂടി. അധികം നീളമില്ലാത്ത, അഴിഞ്ഞുകിടക്കുന്ന മുടി കാറ്റിൽ ഉലയുന്നുണ്ട്. സാരിയാണ് വേഷം. മുപ്പതിനടുത്ത് പ്രായം തോന്നുന്നു.

സമയം നിശ്ചലമായതുപോലെ… അവളെത്ര നടന്നിട്ടും കാടിന്റെ അതിരുകൾ വിട്ടുപോകുന്നില്ല. കണ്ട ദൃശ്യങ്ങൾ ആവർത്തിക്കപ്പെടുന്നു. ആ നിഗൂഢമായ ആവർത്തനം അവളുടെ സമനില തെറ്റിക്കാൻ തുടങ്ങി. തൊണ്ടപൊട്ടുമാറൊന്നു നിലവിളിക്കാനോ, അവിടെനിന്നും ഓടിമറയാനോ അവൾ ആവതും ശ്രമിക്കുന്നുണ്ട്. പക്ഷേ, ശബ്ദം തൊണ്ടക്കുഴിയിൽ തടഞ്ഞുനിൽക്കുന്നു. ശ്വാസോച്ഛാസം പോലും നിലച്ചുപോകുന്ന അവസ്ഥ.

ഗാഢനിദ്രയ്ക്കിടയിൽ ആരോ ശ്വാസം കിട്ടാതെ പിടയുന്ന ശബ്ദം കേട്ടാണ് സെലിൻ ഞെട്ടിയുണർന്നത്. അപ്പുറത്ത് ആര്യയാണ്. അവളിലെ ഞെരുക്കങ്ങൾ സെലിനെ ഇപ്പോൾ അലസോരപ്പെടുത്താറില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആര്യയുടെ ഉറക്കം ഇങ്ങനെയൊക്കെയാണ്.

ആദ്യത്തെ ദിവസം, മൺപുറ്റ് പൊതിഞ്ഞ നിലയിൽ ധ്യാനിച്ചിരിക്കുന്ന ഒരു മനുഷ്യരൂപത്തെയാണ് ആര്യ സ്വപ്നം കണ്ടത്. അന്നവൾ അതത്ര കാര്യമാക്കിയില്ല. പക്ഷേ, പിറ്റേന്നോളും, അതിനു ശേഷവും തുടർച്ചയായി അത് ആവർത്തിച്ചപ്പോൾ അവൾ പരിഭ്രമിച്ചു തുടങ്ങി. പിന്നീട് ഒരു രാത്രി, ഭീകരമായ ഒരു നിലവിളിയോടെ അവൾ ഉണർന്നപ്പോഴാണ് സെലിൻ കാര്യങ്ങൾ അറിയുന്നത്. അന്ന് അവൾ കണ്ടത് ആ രൂപത്തിന്റെ കബന്ധമായിരുന്നു; മൺപുറ്റിനുള്ളിൽ തലയില്ലാതെ ധ്യാനിച്ചിരിക്കുന്ന ഒരു ഉടൽ!

അന്ന് ഓഫീസിൽ പോകാൻ പോലും മടിച്ച ആര്യയെ ഏറെ പണിപ്പെട്ടാണ് സെലിൻ സമാധാനിപ്പിച്ചത്. പക്ഷേ, ഓഫീസ് വിട്ടു വന്നതിനു ശേഷവും അവളുടെ ഉള്ളിലെ ഭയം മാറിയിരുന്നില്ല. മുമ്പത്തെപ്പോലെ, സ്വപ്നത്തിൽ ആ കബന്ധം വീണ്ടും വീണ്ടും വരുമെന്ന് അവൾ ഭയന്നു.

എന്നാൽ ഇക്കുറി ആര്യ ഭയന്നതുപോലെ സംഭവിച്ചില്ല. ആ രാത്രിയും പിന്നീടങ്ങോട്ടും ആ ധ്യാനനിമഗ്നനായ മൺപുറ്റിന്റെ കബന്ധം അവളെ ഭയപ്പെടുത്താൻ എത്തിയില്ല. പക്ഷേ, അതിനു ശേഷം സംഭവിച്ച സ്വപ്നമാണ് ആര്യയെ വീണ്ടും തളർത്തിക്കളഞ്ഞത്.

ആ തലയില്ലാ പ്രതിമയിപ്പോൾ, ഒരു കാട്ടിനുള്ളിലെ ഒറ്റമുറിക്ഷേത്രത്തിൽ ഒരു വിഗ്രഹമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.! അതിനു മുന്നിൽ കൈകൂപ്പി നിൽക്കുന്ന ഒരു സ്ത്രീ. ആ സ്ത്രീ… അത് താൻ തന്നെയാണെന്ന് ആര്യ ഉറപ്പിച്ചു പറയുന്നു.

‘തന്നെ ആരോ അപായപ്പെടുത്താൻ ശ്രമിക്കുന്നു…’, ‘വരാനിരിക്കുന്ന വലിയൊരു വിപത്തിന്റെ സൂചനയാണ്…’ എന്നൊക്കെയാണവൾ പുലമ്പുന്നത്.

“നീയിത് എന്തിനാ ഇങ്ങനെ പേടിക്കുന്നത് ആര്യാ?” സെലിൻ ഇടയ്ക്ക് ചോദിക്കും.

“പേടിക്കാതെ പിന്നെ ഞാൻ എന്തുചെയ്യണം? ഒരു ഭ്രാന്തിയെപ്പോലെ ചിരിക്കണോ?” ആര്യയുടെ മറുപടിയിൽ കടുത്ത അമർഷമുണ്ടാകും.

“ചിലപ്പോൾ നീ വായിച്ച ഏതോ കഥ സ്വപ്നമായി പെയ്യുന്നതാകും. വിട്ടു കളയൂ ആര്യാ… ” സെലിൻ അവളെ ചേർത്തുപിടിച്ചു പറയും.

“നീയെന്താ എഞ്ചിനീയറിംഗ് കഴിഞ്ഞ് സൈക്കോളജി കൂടി പഠിച്ചിട്ടാണോ വന്നത്?” ആര്യ ഗൗരവത്തിൽ ചോദിക്കുമ്പോൾ സെലിൻ അവളുടെ കവിളിൽ പതുക്കെ നുള്ളും. 

“ഇതിനു സൈക്കോളജി പഠിക്കേണ്ട കാര്യമില്ല കുട്ടീ… ഇതൊരു കോമൺ നോളേജ് ആണ്. തലയില്ലെങ്കിലും അതൊരു പ്രതിമയല്ലേ? ഏതോ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട പഴയ ഒരു പ്രതിമ. അതിന്റെ തലഭാഗം എങ്ങനെയോ ഉടഞ്ഞുപോയതാകാം. ഇതിൽ അസാധാരണമായി ഒന്നുമില്ല.”

“അങ്ങനെയെങ്കിൽ, ആ തലപോയ പ്രതിമയെ ഞാനെന്തിന് പൂജിക്കണം?” ആര്യ വിടാനുള്ള ഭാവമില്ലായിരുന്നു. സാധാരണ അമ്പലങ്ങളിൽ അംഗഭംഗമുള്ള വിഗ്രഹങ്ങളെ പൂജിക്കാറുണ്ടോ? നിങ്ങളുടെ പള്ളികളിൽ അങ്ങനെ ചെയ്യാറുണ്ടോ?”

ആര്യയുടെ ആ ചോദ്യത്തിന് പെട്ടെന്നൊരു ഉത്തരം കിട്ടിയില്ല. തന്റെ കുറച്ചു നേരത്തെ മൗനത്തിലൂടെ വീണ്ടും ആര്യയുടെ മനസ് നൂലും പൊട്ടി പറക്കാൻ തുടങ്ങിയെന്ന് സെലിനു മനസിലായി.

“നമ്മൾ കാണുന്ന സ്വപ്‌നങ്ങൾ എല്ലാം ശരിയായിക്കൊള്ളണമെന്നില്ല. അതിൽ യുക്തിയും ഉണ്ടാകണമെന്നില്ല. നമ്മൾ ഒരാളെ വിവാഹം കഴിക്കുന്നതായി സ്വപ്നം കാണുന്നെന്നു വെയ്ക്കുക. ആ ഒരാൾ ചിലപ്പോൾ നമ്മൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളായിരിക്കും. പക്ഷെ, പിന്നീട് നമ്മൾ വിവാഹം കഴിക്കുന്നത് വേറെ ആരെയെങ്കിലും ആകും. സ്വപ്നത്തിൽ കണ്ട ആളെ നമ്മളൊരിക്കലും കാണാനും പോകുന്നില്ല.”
ആര്യയുടെ ചിന്തകൾ ദിശമാറും മുൻപേ സെലിൻ പറഞ്ഞൊപ്പിച്ചു.

“ചിലപ്പോൾ സ്വപ്‌നത്തിൽ കണ്ട ആളെതന്നെ വിവാഹം കഴിക്കാനും കഴിഞ്ഞെന്നു വരില്ലേ?”
ആര്യ കാടുകേറുകയാണ്.

“പറ്റുമായിരിക്കാം. മറിച്ചും ഒരു പോസിബിലിറ്റി ഉണ്ടെന്നു പറഞ്ഞതാണ്. നീ കണ്ട സ്വപ്നത്തിലെ സ്ത്രീ നീതന്നെയാണെന്ന് നീ പറയുന്നു. ചിലപ്പോൾ, അതു മറ്റാരെങ്കിലും ആയിക്കൂടെ എന്നാണ് ഞാൻ പറഞ്ഞത്.”

ഒന്നു നിർത്തി, സെലിൻ തുടർന്നു,
“പിന്നെ, കാട്. അവിടങ്ങളിലെ മനുഷ്യരും അവരുടെ സ്വഭാവവും നിയമങ്ങളും ഒക്കെ നിനക്കും ഊഹിക്കാമല്ലോ. കോമണായ ഒരു രീതി അവരിൽ നിന്നും പ്രതീക്ഷിക്കാമോ ആര്യാ?”

വീണ്ടും ഒന്നു നിർത്തി, സെലിൻ തുടർന്നു,

“ഈവക കാര്യങ്ങളിൽ എനിക്ക് നിന്നോളം അറിവില്ല. പക്ഷെ, നിന്റെ ഈ ഓവർ ആൻഗ്സൈറ്റി നിനക്കു ദോഷം ചെയ്യും എന്നേ എനിക്കു പറയാനുള്ളൂ.”
ഇത്രയുംകൂടി പറഞ്ഞുകൊണ്ട് സെലിൻ തിരിഞ്ഞു കിടന്നു.

‘സ്വപ്നത്തിൽ കാണുന്ന ആ സ്ത്രീ താൻ തന്നെയാണെന്ന് ആര്യയ്ക്ക് ഉറപ്പുണ്ട്. പക്ഷെ, അതെങ്ങനെ സെലിനെ പറഞ്ഞു ബോധ്യപ്പെടുത്തും?’ ആര്യ ചിന്തയിലാണ്ടു.

Read Also  മരിച്ചവരുടെ ദിവസം/ വിനു എഴുതിയ കഥ

ആര്യയെപോലെ അധികം വായനാശീലമുള്ള ആളല്ല സെലിൻ. പക്ഷെ, കാര്യങ്ങളെ രണ്ടു വശത്തുനിന്നും നോക്കിക്കാണാനുള്ള കഴിവുണ്ട്. അതറിയാവുന്ന ആര്യ അന്ന് പിന്നെയൊന്നും മിണ്ടിയില്ല. എങ്കിലും, അവളുടെ മനസ് സംഘർഷത്തിൽ തന്നെയാണെന്നു സെലിന് അറിയാമായിരുന്നു.

AI illustration for Thalayillaa Thachan-Malayalam Novella by Sathish Kalathil-Part 1 Inside image

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആര്യയുടെ ഭയം കുറഞ്ഞതുപോലെ തോന്നിയിരുന്നെങ്കിലും, ഇന്നത്തെ അവളുടെ അലർച്ച കേട്ടപ്പോൾ സെലിന് വീണ്ടും ആശങ്ക തോന്നി.

‘ഇന്നിനി എന്ത് മാരണമാണാവോ കണ്ടത്?’

വലത്തേക്ക് ചരിഞ്ഞ് സെലിൻ ആര്യയെ നോക്കി. ‘ഇവൾക്ക് ഏത് കളറും നന്നായി ഇണങ്ങും.’ മെറൂൺ കളർ സാരിയിൽ, മലർന്നു കിടന്ന്, തല ഉയർത്തിവെച്ചു കിടക്കുന്ന ആര്യയുടെ ഉറക്കത്തിന്റെ ചേല് ആസ്വദിച്ചുകൊണ്ട്, സെലിൻ മനസ്സിൽ പറഞ്ഞു. മിക്കവാറും എല്ലാ ദിവസങ്ങളിലും അവളുടെ ബ്ലാങ്കറ്റ് കട്ടിലിന്റെ അറ്റത്ത് ചുരുണ്ടുകൂടി കിടപ്പുണ്ടാകും. അസഹനീയമായ തണുപ്പുള്ളപ്പോൾ മാത്രമേ അവൾ പുതപ്പ് തിരയാറുള്ളൂ. അങ്ങനെയുള്ള രാത്രികളിൽ ചിലപ്പോൾ അവൾ സെലിന്റെ പുതപ്പിനുള്ളിലേക്ക് പതുക്കെ നുഴഞ്ഞുകയറും. പൊതുവെ ഇളംചൂടുള്ള ശരീരമാണ് അവളുടേത്.

ആര്യയെ സാകൂതം നോക്കി കിടക്കുമ്പോൾ സെലിന്റെ ചുണ്ടുകളിൽ ഒരു മന്ദഹാസം തെളിഞ്ഞു.

മേക്കപ്പിന്റെയോ ആഭരണങ്ങളുടെയോ ആർഭാടമില്ല. അത്ര മെലിഞ്ഞതല്ലെങ്കിലും ‘വെളുത്തുകൊലുന്നനെ’ എന്നു പറയാവുന്ന, നല്ല ഒതുക്കമുള്ള ശരീരം. ഒരു തനിനാടൻ പാലക്കാട്ടുകാരി. മുഖത്തൊരു പൊട്ട് കുത്തും. നന്നേ ചെറിയത്. അതും തോന്നുമ്പോൾ മാത്രം. ആര്യയുടെ ഇഷ്ടവേഷം സാരിയാണ്. നാടൻ സാരികളാണ് കൂടുതൽ പ്രിയം. രാത്രിയിൽ പോലും സാരിയിൽ പൊതിഞ്ഞു കിടന്നാലേ അവൾക്ക് ഉറക്കം കിട്ടൂ.

“നീ വല്ല പെന്തക്കോസ്ത് കുടുംബത്തിലും ജനിക്കേണ്ടവളായിരുന്നു,” സെലിൻ ഇടയ്ക്ക് കളിയാക്കും.
“ഒരിക്കൽ ഞാനും എല്ലാം ആഗ്രഹിച്ചിട്ടുണ്ടായിരുന്നു സെലിൻ… പലതും സ്വയം ഉപേക്ഷിച്ചതാണ്.”
ആര്യ പിറുപിറുക്കുമ്പോൾ അവളുടെ കുടുംബത്തെക്കുറിച്ച് സെലിൻ ഓർക്കും.

എ.സി. പ്രവർത്തിക്കുന്നുണ്ടെങ്കിലും ആര്യയുടെ നെറ്റിയിലും മൂക്കിൻതുമ്പിലും വിയർപ്പുതുള്ളികൾ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്നുണ്ട്. ഇറുക്കമുള്ള കറുപ്പ് ബ്ലൗസിനുള്ളിൽ അവളുടെ അടക്കിവെച്ച തേങ്ങൽ ആരോ തടഞ്ഞുവെച്ചിരിക്കുന്നതായി സെലിനു തോന്നി. തളർന്നു കിടക്കുന്ന ആ കിടപ്പു കണ്ടപ്പോൾ, എന്തോ… വിളിച്ചുണർത്താൻ സെലിന് തോന്നിയില്ല.

ആ കിടപ്പിന് ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് തോന്നി സെലിന്. ഒരു കാലിന്മേൽ മറുകാൽ കയറ്റിവെച്ച്, നെറ്റിയിൽ കൈകൾ പിണച്ചുവെച്ചുള്ള അവളുടെ കിടപ്പ് കാണുമ്പോൾ ഒ.എൻ.വി.യുടെ വരികളാണ് സെലിന് ഓർമ്മ വരിക. ഗോതമ്പുമണിയുടെ നിറത്തിൽ, ‘വിളഞ്ഞുകിടക്കുന്ന ആ കതിർക്കുല’യെ ആദ്യമായി കണ്ടപ്പോൾതന്നെ തോന്നിയ ചിന്തയെപറ്റി സെലിൻ ഇടക്കിടെ ആര്യയോട് പറയുമായിരുന്നു. കേൾക്കുമ്പോൾ ഒന്നു ചിരിക്കുമെന്നതല്ലാതെ മറിച്ചൊന്നും അവൾ പറയാറില്ല.

പക്ഷേ ഒരിക്കൽ…
ജോയിന്റ് ഡിവോഴ്സിന് ശ്രീ സമ്മതിച്ച വിവരം അഡ്വക്കേറ്റ് വിളിച്ചു പറഞ്ഞ ആ ദിവസം അവൾ ആദ്യമായി പ്രതികരിച്ചു. അന്നവൾ പറഞ്ഞത് ഇന്നും സെലിന്റെ ഉള്ളിലുണ്ട്:
“നീ പറയാറുള്ള ഗോതമ്പോ കതിരോ കരിമ്പോ ഒന്നും ആയിട്ട് ഒരു കാര്യവും ഇല്ല സെലിൻ. പൊന്നിനെ പൊന്നാക്കുന്നത് അത് അണിയുന്ന പെണ്ണാണ്. അവൾ അത് അണിയുന്നത് അവളെ മോഹിക്കുന്ന പുരുഷന് വേണ്ടിയാണ്. പുരുഷന് മോഹമില്ലെങ്കിൽ പിന്നെ പെണ്ണിനും പൊന്നിനും എന്ത് വില?”

അതാണ് ആര്യ. അതുകൊണ്ടാണ് അവൾ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് അഡ്വക്കേറ്റിനെ ഏല്പിച്ചു മടങ്ങിയത്. അന്ന് റെസ്റ്റോറന്റിലെ ഒഴിഞ്ഞ കോണിലിരുന്ന് പലതും ചോദിക്കാൻ തോന്നിയ സെലിന് ആര്യയുടെ ആ ഒരു ഉത്തരംതന്നെ ധാരാളമായിരുന്നു.

“ആര്യാ…” സെലിൻ മെല്ലെ വിളിച്ചു.
അവൾ മൂളിയില്ല. പാതിയടഞ്ഞു നിന്നിരുന്ന ആ മിഴികൾ മുഴുവനായും അടഞ്ഞു പോകുന്നത് സെലിൻ നിർനിമേഷം കണ്ടിരിക്കുകയായിരുന്നു. ആ കണ്ണുകളിലെ നീർച്ചുഴികളിൽ നിന്നും പുറത്തു വന്ന കലക്കുനീര് തന്റെ നെഞ്ചിലൂടെ ഒഴുകാൻ തുടങ്ങുന്നതറിഞ്ഞ നിമിഷത്തിൽ സെലിൻ ഉടനെ എഴുന്നേറ്റു.

തത്സമയം വന്നെത്തിയ ഭക്ഷണം പാക്ക് ചെയ്‌തോളാൻ വെയ്റ്ററോട് പറഞ്ഞ് അവൾ പുറത്തേക്ക് നടന്നു.

തുടരും…

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Free Subscription!

Subscribe to Prathibhavam for Latest Updates.