Published on: October 21, 2025

ഇരിക്കാതൊരാള്‍
ഉച്ചമരത്തണലിലൊരാള്
കണ്ണടച്ചിരുന്നിരുന്നു.
അയാളൊരു യാചകനെന്ന്
കുട്ടിക്കാലം പറഞ്ഞിരുന്നു.
അയാളൊരു കുടിയനെന്ന്
യൗവനം പറഞ്ഞിരുന്നു.
അയാളൊരു ബുദ്ധനെന്ന്
പിന്നാരോ പറഞ്ഞിരുന്നു.
അയാളൊരു ഭ്രാന്തനെന്ന്
പലരും പറഞ്ഞിരുന്നു.
അയാളൊരു മടിയനെന്ന്
ജീവിതം പറഞ്ഞിരുന്നു.
അയാളൊരു പൊട്ടനെന്ന്
കാലം പറഞ്ഞിരുന്നു.
അയാളതേ മരത്തണലില്‍
അയാളതേ ലോകത്തില്‍
അയാളതേ കാലത്തില്‍
എത്രകാലമെത്രകാലം
കണ്‍തുറക്കാതിരുന്നാലും
അയാളെ പലതായി
കണ്ടു കണ്ടു മരമിരുന്നു.
തണലിരുന്നു.
വെയിലിരുന്നു.
രാവിരുന്നു.
വാടിവീണൊരിലയെന്ന്,
തറയിരുന്നു.
ഇരിക്കാനിടമില്ലാതായൊ-
രാകാശം നോക്കി നിന്നു,
ശൂന്യതയില്‍.
Trending Now
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പില്‍ താമസം. ഇരുപത് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.






