Published on: November 15, 2025

ഇന്ത്യയുടെ അവസാനത്തെ പടിഞ്ഞാറൻ ഗ്രാമത്തിലൂടെ
“പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ…”
എന്തൊകൊണ്ടോ, ആ സമയം ആ പാട്ടാണ് നാവിൽ വന്നത്. ഓർമ്മയിൽ വന്ന വരികൾ ഒരുവിധം ഈണത്തിൽ പാടിത്തുടങ്ങിയപ്പോൾ തന്നെ വള്ളക്കാരൻ ഭായിക്കും ഹരം കേറി. അദ്ദേഹം ഒരു ഹിന്ദി പാട്ട് പാടാൻ തുടങ്ങി.
ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി പങ്കിടുന്ന അവസാനത്തെ ഇന്ത്യന്‍ ഗ്രാമമായ ‘ദൗകി’ (ഡാവ്കി/ധൗകി) എന്ന ചെറുഗ്രാമത്തിലേക്കായിരുന്നു മൗലിനോങിൽ നിന്നും പിന്നിട്ട ആ യാത്ര ചെന്നെത്തിയത്. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നുള്ള ‘അപൂർണ’ റെസിഡൻസിയിലായിരുന്നു രാത്രി സ്റ്റേ.
ഇക്കുറി അത്താഴത്തിനു ശേഷം എല്ലാവരും ഒത്തുചേർന്ന് അതുവരെയുള്ള യാത്രാവിശേഷങ്ങൾ പങ്കുവെച്ചു. ഡോ. ലത പാട്ടുപാടി. ഡോ. പത്മകുമാർ കഥകളി പദം പാടി. അങ്ങനെ വിശേഷം പങ്കുവെയ്ക്കലും കലാപരിപാടികളുമായി രാത്രി നീണ്ടുകൊണ്ടിരിക്കുമ്പോൾ ബംഗ്ലാദേശിന്റെ വയലേലകളിൽ നിന്ന് കടന്നുവന്ന കുളിർ കാറ്റിന്റെ ശീതളിമയ്ക്കും കട്ടി കൂടിക്കൂടി വന്നു. എല്ലാവരും തണുത്തുവിറക്കാൻ തുടങ്ങിപ്പോൾ ആ മീറ്റിങ് അവസാനിപ്പിച്ചു.
രാവിലെ പ്രഭാതഭക്ഷണത്തിനിരുന്നപ്പോൾ വാച്ചിലെ സമയം എട്ടുമണി. പക്ഷെ, അത് ഇന്ത്യൻ സമയമായിരുന്നില്ല. ബംഗ്ലാദേശിന്റെ സമയമാണെത്രെ ആ ലൊക്കേഷനിൽ കാണിക്കുക. അത് ഞങ്ങളെ അത്ഭുതപ്പെടുത്തി. ഭക്ഷണശേഷം ‘ഗ്ലാസ് റിവർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഉംഗോട്ട് നദി കാണാൻ പുറപ്പെട്ടു. ഷില്ലോങ്ങില്‍ നിന്നും ഏകദേശം 80 കിലോമീറ്ററോളം മാറിയാണ് ദൗകി സ്ഥിതി ചെയ്യുന്നത്. ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള ഒരു സുപ്രധാന വ്യാപാര മാർഗമാണ് താരതമ്യേന തിരക്കേറിയ ഈ പട്ടണം.


ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദികളിലൊന്നായി കണക്കാക്കപ്പെടുന്ന ഉംഗോട്ട് ഷില്ലോങിന്റെ കിഴക്ക് ഭാഗത്തുനിന്നും ഉത്ഭവിച്ച്, വെസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ ദൗകിയിലെ സ്‌നോങ്പെഡങ് എന്ന ഖാസി ട്രൈബൽ ഗ്രാമത്തിലൂടെ ബംഗ്ലാദേശിലേക്ക് ഒഴുകുന്നു. ദൗകിയിലെത്തുമ്പോൾ ഇതിനെ ദൗകി നദിയെന്നും വിളിക്കുന്നു. കേവലം പതിനഞ്ച് കിലോമീറ്റർ ദൂരം മാത്രമാണ് ഈ നദി ഇന്ത്യയിലൂടെ ഒഴുകുന്നത്. കൊതിപ്പിക്കുന്ന ഉരുളൻ കല്ലുകൾ നിറഞ്ഞ നദിതീരങ്ങൾ. ചില്ലുകുപ്പിയിൽ നിറച്ചു വച്ച വെള്ളത്തിലേക്ക് നോക്കുന്നപോലെ, പളുങ്കു നിറത്തിൽ വെള്ളം. മരതകവർണ്ണമാർന്ന നദിയുടെ അടിത്തട്ട് പോലും മുകളിൽ നിന്ന് നോക്കിയാൽ മനോഹരമായി സജ്ജീകരിച്ച ഒരു അക്വേറിയം പോലെ കാണാൻ സാധിക്കുന്നതിനാലാണ് ഉംഗോട്ടിന് ഗ്ലാസ് റിവർ എന്ന പേര് ലഭിച്ചത്. ഇവിടത്തെ ഉരുളൻകല്ലുകൾക്ക് ബംഗ്ലാദേശിൽ നല്ല മാർക്കറ്റാണ്. ട്രാൻസ്‌പോർട്ടേഷൻ ഏക്സ്‌പെൻസ് ലാഭിക്കുന്നതിന്, കെട്ടിടനിർമ്മാണത്തിനും മറ്റും ത്രിപുരക്കാർപോലും ഈ കല്ലുകൾ ബംഗ്ലാദേശിൽ നിന്നും വാങ്ങുന്നു എന്നു കേട്ടു.
ഒരു വശത്ത് ഇന്ത്യൻ പട്ടാളക്കാരും മറ്റൊരു വശത്ത് ബംഗ്ലാദേശ് പട്ടാളക്കാരും കാവൽ നിൽക്കുന്ന, ഇരുവശത്തും വന്മരങ്ങളും പാറക്കൂട്ടങ്ങളും കോട്ടപോലെ നില്ക്കുന്ന ഉമംഗോട്ട് നദിയിലൂടെയുള്ള സഞ്ചാരം ഒരു സ്വപ്നലോകത്തെന്നപോലെ ഞങ്ങൾ ആവോളം ആസ്വദിച്ചു. ഒരു തരം വല കൊണ്ട് തീർത്ത വേലിയാണ് അതിർത്തി. കല്ലുപാകി ഉയർത്തിയ തിട്ടയുടെ മുകളിൽ ഇന്ത്യൻ പട്ടാള ക്യാമ്പ്. കുറച്ചു പട്ടാളക്കാർ തോക്കും കയ്യിലേന്തി ജാഗരൂഗരായി നിൽക്കുന്നതു കണ്ടു. റാഡ്‌ലിഫ് ലൈൻ എന്ന ഈ അതിർത്തി, ആറ് ബംഗ്ലാദേശി ഡിവിഷനികളിലൂടെയും അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്നു.


നാല് പേരുവീതം ഒരു വള്ളത്തിലൂടെയുള്ള ജലയാത്രയായിരുന്നു. ഞാനും ഭർത്താവും രാജേന്ദ്രൻ സാറുമായിരുന്നു ഞങ്ങളുടെ വള്ളത്തിൽ. തന്റെ എല്ലാ വശ്യതയും സമ്മാനിച്ചുകൊണ്ട്, താഴെ കിടക്കുന്ന മൊട്ടുസൂചി പോലും കാണാനാകും വിധം, സ്ഫടികം പോലെ തെളിമയാര്‍ന്ന് ഒഴുകുന്ന ഉംഗോട്ട്. അതിൽ, വഞ്ചിയിലിരുന്ന് ചൂണ്ടയിട്ടു മീൻ പിടിക്കുന്ന തദ്ദേശീയരായ സ്ത്രീകൾ.
പാട്ടും പാടിയാണ് ഞങ്ങളുടെ വള്ളത്തിലൂടെയുള്ള യാത്ര. വള്ളം തുഴയുന്ന ഭായ് ഞങ്ങൾക്കും ഒരു തുഴ തന്നിരുന്നു. അതുകൊണ്ട് എന്റെ നല്ല പാതി ഏതോ ഒരു പാട്ടും പാടി തുഴയാനാരംഭിച്ചപ്പോൾ, രാജേന്ദ്രൻ സർ എന്നോടും പാടാൻ പറഞ്ഞു. ഞാൻ ഉറക്കെ പാടി…
“പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ…”
എന്തൊകൊണ്ടോ, ആ സമയം ആ പാട്ടാണ് നാവിൽ വന്നത്. ഓർമ്മയിൽ വന്ന വരികൾ ഒരുവിധം ഈണത്തിൽ പാടിത്തുടങ്ങിയപ്പോൾ തന്നെ വള്ളക്കാരൻ ഭായിക്കും ഹരം കേറി. അദ്ദേഹം ഒരു ഹിന്ദി പാട്ട് പാടാൻ തുടങ്ങി.
അങ്ങനെ, ഉമംഗോട്ടിന്റെ ഓളോം തുഴകളുടെ താളോം ഞങ്ങളുടെ മേളോം ഒക്കെകൂടി ആകെ ഒരു ബഹുരസികൻ ജലയാത്രയായിരുന്നു അത്. ഈ ട്രിപ്പിൾ ഏറ്റവും ആനന്ദിപ്പിച്ച ഒരു യാത്ര.


ജലയാത്ര കഴിഞ്ഞ് കരയ്‌ക്കെത്തിയപ്പോൾ ടീമിലെ എല്ലാവർക്കും ഒരാഗ്രഹം, ഉമംഗോട്ടിന്റെ മനോഹാരിതയിൽ ഒരു റീൽസ് എടുത്താലോ! അങ്ങനെ ഞങ്ങൾ ‘ആവേശം’ സിനിമയിൽ ഡാബ്സി തകർത്തു പാടിയ ‘ഇല്ലുമിനാറ്റി’ പാട്ടിനൊപ്പം ചുവടുവെച്ചു. പക്ഷെ, എന്നാ മനോഹര ദൃശ്യം മനോമുകുരത്തിൽ കണ്ട് ആസ്വദിക്കാനെ നിർവാഹമുള്ളൂ. ആ റീലിന്റെ ഫയൽ ഫോണിൽ നിന്നും ഇതിനിടെ നഷ്ടമായിരുന്നു.
റീൽസ് എടുക്കലിന്റെ ഒടുവിൽ, എല്ലാവരിലും വിശപ്പ് കത്തിക്കയറി. ഉച്ചച്ചൂടിന്റെ തളർച്ച വേറെ. കവുങ്ങ് തോട്ടത്തിന്റെ തണൽപറ്റി കടകൾ ഉണ്ട്. കടകൾ നടത്തുന്നത് ഏറിയ പങ്കും സ്ത്രീകളാണ്. ഇവിടെ മീന്പിടുത്തത്തിലും കച്ചവടത്തിലും കൂടുതൽ സ്ത്രീകളാണെന്നു തോന്നി. പഴവർഗ്ഗങ്ങളാണ് കൂടുതലും. ഒരു നേന്ത്രപഴത്തിന് പതിനഞ്ച് രൂപ. വിലയൊന്നും കാര്യമാക്കാതെ കിട്ടിയതൊക്കെ വാങ്ങിക്കഴിച്ച്, താല്ക്കാലത്തെ വയറുക്കത്തൽ ഒഴിവാക്കി.
അടക്കാകൃഷിയ്ക്കു പുറമെ, തേയില, കാപ്പി, കുരുമുളക് മുതലായവ കൂടി കൃഷി ചെയ്താൽ ഇവിടം കുറേ കൂടി അഭിവൃദ്ധിപ്പെട്ടേക്കാമെന്നു തോന്നി. അതിനുള്ള കാലാവസ്ഥയും ഭൂപ്രദേശങ്ങളും ഉള്ള ഇടമാണ്. അടക്കാകൃഷി വ്യാപകമായതുകൊണ്ടാവണം, ആണും പെണ്ണും എന്നുവേണ്ട, കുട്ടികളടക്കം മുറുക്കി തുപ്പികൊണ്ടിരിക്കുന്ന കാഴ്ച എന്തോ ഒരു അസഹനീയത സമ്മാനിച്ചു എന്നതൊഴിച്ചാൽ ഉംഗോട്ട് അതിന്റെ എല്ലാ സൗന്ദര്യഭാവങ്ങളോടെയും നിറഞ്ഞൊഴുകുന്ന മറ്റൊരു ‘ഗ്ലാസ് റിവർ’ പോലെ ഞങ്ങളുടെ വാഹനം അടുത്ത തീരത്തേയ്ക്കു യാത്ര തിരിച്ചു.
തുടരും…










