Published on: January 26, 2026

മേൽക്കൂരയുടെ ഭാരം
നാളെ അത് നീ ആവാം.
ഇന്നത്തെ ആട്ടം ചിലപ്പോൾ എൻ്റേതാകാം.
ഇന്നലെ അത് മാതാപിതാക്കളായിരുന്നു,
മക്കളായിരുന്നു,
സഹോദരങ്ങളായിരുന്നു,
ഇണകളായിരുന്നു,
സുഹൃത്തുക്കളായിരുന്നു,
അവർ മനുഷ്യരായിരുന്നു.
അവർക്ക് തെറ്റുപറ്റാം.
അവരെ ശാസിക്കാം, ശിക്ഷിക്കാം.
പക്ഷേ, അവരുടെ ആത്മാവ് മാത്രം
ചൂഴ്നെടുക്കരുതായിരുന്നു.
അവർ ചേർത്തുപിടിച്ചതൊക്കെ മറന്നിട്ട്
അവരെ മാത്രം ഒറ്റപ്പെടുത്തരുതായിരുന്നു.
അവർ കൂട്ടുകൂടിയതൊക്കെ തട്ടിയിട്ട്
അവരെ മാത്രം കുറ്റപ്പെടുത്തരുതായിരുന്നു.
അവരുടെ വിയർപ്പിന് മാത്രം
ഉപ്പുരസം ഇല്ലെന്ന് പറയരുതായിരുന്നു.
അവർ വിരിച്ച തണൽ മാത്രം
കയ്യുറ ധരിച്ച കരങ്ങൾക്കൊണ്ടാണെന്ന്
വിധി കൽപ്പിക്കരുതായിരുന്നു.
അവരുടെ രക്തം മാത്രം
നിറം മങ്ങിയതാണെന്ന് സ്ഥാപിക്കരുതായിരുന്നു.
അവരുടെ മിടിപ്പിനുമാത്രം
എണ്ണം ഏർപ്പെടുത്തരുതായിരുന്നു.
ആത്മാവിൻ്റെ ചുവപ്പ് മണക്കുന്ന കരങ്ങൾ കൊണ്ട്
വെളിച്ചത്തെപ്പോലും നിഴൽ വിരിച്ച്,
സ്വയം എരിയുന്ന സൂര്യനെ സാക്ഷി നിർത്തി,
ദു:സ്സ്വപ്നങ്ങൾ, ഒരങ്കം മോഹിച്ചലഞ്ഞവർ താങ്ങിനിർത്തിയ
അരങ്ങിന് തിരശ്ശീല വീഴ്ത്തുന്ന കാലത്ത്,
നീതിയുടെ ഇരുകണ്ണുകളും ഒരുപോലെ
നനയ്ക്കുന്നതും കാത്ത്
വരണ്ട ശ്മശാനങ്ങൾക്കുള്ളിൽ അവർ അഭയം പ്രാപിച്ചു.
അരങ്ങൊഴിഞ്ഞൊരു വേദി അവർക്കുമുണ്ടായിരുന്നു.
കാർമേഘങ്ങൾ കൊണ്ടെഴുതിയ നീതിയുടെ കണ്ണുകൾ
ഒരമ്മയുടെ ചൂടേന്തിയിനിയും ഒരുപോലെ ജ്വലിച്ചില്ലെങ്കിൽ,
മേൽക്കൂരകൾക്ക് ഇനിയുമേറെ ചുമക്കേണ്ടിവരും;
മാതാപിതാക്കൾ, മക്കൾ, സഹോദരങ്ങൾ,
സുഹൃത്തുക്കൾ, ഇണകൾ, ഞാൻ, നീ…







