ആ കിറുക്കത്തി ദിവസവും
അമ്പലകുളത്തിൽ
മുങ്ങി നിവർന്ന്,
കുന്നിക്കലെ മന്ദാകിനിയെ
ധ്യാനിച്ച്,
ഈറനോടെ കല്ലുരുട്ടാൻ വരും.
– അവളുടെ
തലയോട് പോലൊരു കുഞ്ഞിക്കല്ല്
അതിൻ്റെ പേര് കുനു സന്യാൽ. –
കല്ല് അവളുടെ കാമുകനാണെന്നാണ്
ആ പാവത്തിൻ്റെ വിചാരം.
കല്ല് പത്തിരി പോലെ,
കൈവെള്ളയിൽ ഉരുട്ടി ഉരുട്ടി,
അവള്‍ പാറയോട്
സമരത്തിനു പോയ കഥ പറയും.
ആ ഒറ്റ മരത്തിൻ്റെ
താഴെ ചില്ലയിലെ വാടിയ ഇല
നുള്ളി എറിയും.
കരിമ്പാറയോട് പരിഭവിക്കും.
കല്ലാണീ നെഞ്ചിലെന്ന്
പാടി കുറുകും.
ഉടുമുണ്ട് ഉരിഞ്ഞിട്ട്,
പാറയോട് ചേർന്നിരുന്ന്,
അന്തിയാവോളം കല്ലിനെ പൊതിഞ്ഞ്
കെട്ടിപ്പിടിക്കും.
പാറയിലിരുന്ന്, പായയിലെന്നോണം
ഉരുണ്ടു മറിയും.
കുറേനേരം കൈ കൊട്ടി
കാക്കയെ വിളിക്കും.
ഒടുവിൽ,
പാറ ബാക്കിയായ കഥ
പാറിപ്പോയ കാക്കയോട്
പറയാൻ നിൽക്കാതെ
കല്ലിനെ ഉരുട്ടി എറിയും.
കുറെ നേരം
അവിടെ ഇരുന്നു കരയും.
അപ്പോ തന്നെ
കൈ കൊട്ടിചിരിക്കും.
തിരുവാതിരക്കളി നടത്തും.
ഉടുമുണ്ട് കുടഞ്ഞുടുത്ത്
ഒരു തേങ്ങലോടെ അവൾ ഇരുട്ടിലേക്ക്
നടക്കും.
വഴിയിലെ മീശയുള്ള പീടികക്കാരനും
ഷാപ്പിലെ നാരായണനും
അവളെ ഇങ്ങനെ ചീത്ത പറയും:
അസത്ത്…
മോന്തീന്നില്ല,
പാതിരാന്നില്ല.
നാട്ടാരെ പറയിപ്പിക്കാൻ
പാഞ്ഞോളും…
ഒരുമ്പെട്ട പിശാച്.
‘നാരാണത്തെ പ്രാന്തത്തി
അവരേം കല്ലെടുത്തെറിയും.
അന്തിക്ക് തുണി പൊക്കാൻ വരുന്നവരെ
പേരെടുത്ത് വിളിച്ചു പറയും.’
ഈ പ്രാന്തത്തിയുടെ ഓർമ്മ മുഴോനും
കെട്ടു പോവാൻ
അവരൊക്കെ ശിവന് ജലധാര നേരും.
വെളിച്ചപ്പാട് അവളെ നോക്കി
ഭസ്മം വാരിയെറിയും!
ഒരുദിവസം…
അങ്ങാടീല് ശിവൻ പ്രത്യക്ഷപ്പെട്ടു;
തല നിറച്ചും ജട,
പുലിത്തോൽ കഴുത്ത്
നീലച്ചിട്ട്.
പ്രാന്തത്തിയെ നീട്ടിവിളിച്ചു,
ഗംഗേ….
കണാരേട്ടൻ്റെ പീടീകയിലെ
പാട്ടാണെന്ന് കരുതി
പ്രാന്തത്തി നടന്നു.
ശിവൻ ഓടി ചെന്ന്, കെട്ടിപ്പിടിച്ച്,
മൂന്നാം കണ്ണിലെ തീ കെടുത്തി.
സിഗരറ്റ് പുകച്ച്, തിരിച്ചും മറിച്ചുമിട്ട്,
ചുണ്ടിൽ കോർത്ത്, പുകക്കാടുണ്ടാക്കി
അവളെ വശംകെടുത്തി.
പിറ്റേക്കൊല്ലം,
മുക്കി മുക്കിയവൾ,
അങ്ങനെയവള്‍…,
മുക്കണ്ണനെ പെറ്റു.
പ്രാന്തത്തി,
മൂന്നാം ദിവസം പിടഞ്ഞു പിടഞ്ഞ്
ചാവുമ്പോൾ,
പിഞ്ചുകരച്ചിൽ ഒരു മുദ്രാവാക്യമായ്
ഉയർന്ന്,
ആരെയോ വിളിക്കുന്നുണ്ടായിരുന്നു.
പ്രാന്തത്തിക്ക് അമ്പലം പണിയാൻ
ഒരിടം ഏർപ്പാടാക്കി,
ശിവൻ വന്ന പോലെ,
കാട് കേറി.
കൈയ്യിലൊരു കുഞ്ഞിരുന്ന്
ചിരിച്ചു..,
വെണ്ണ കവർന്ന അതേ ചിരി…!