
ഘടന മാറുന്ന വിദ്യാഭ്യാസം
വിദ്യാലയങ്ങളുടെ വാതിലുകൾ അടയുമ്പോഴും ചോദ്യങ്ങളുടെ വാതിലുകൾ തുറന്നിരിക്കണം. കാരണം, ചോദ്യങ്ങൾ ചോദിക്കാത്ത സമൂഹം ഒടുവിൽ പഠിക്കാതെയും വളരാതെയും പരാജയമേറ്റുവാങ്ങും.
നമ്മുടെ വിദ്യാഭ്യാസ ഘടന സമഗ്രമായ ഒരു പരിവർത്തനത്തിന്റെ വക്കിലാണ്. പ്രീ-പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തെ ഏകീകൃതമായ ഒരു സംവിധാനത്തിനകത്ത് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ഇതൊരു നിർണായക ഘട്ടമാണ്. വിദ്യാഭ്യാസരംഗം എന്നും ആശയസംഘർഷങ്ങളുടെയും സാമൂഹിക പ്രതീക്ഷകളുടെയും രാഷ്ട്രീയ താൽപര്യങ്ങളുടെയും കേന്ദ്രമായിരുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ ഘടനയിൽ വരുത്തുന്ന ഏതു മാറ്റവും ഭരണപരമായ ഒരു പുനഃക്രമീകരണം മാത്രമായി കാണാൻ കഴിയില്ല. അത് കുട്ടികളുടെ പഠനാനുഭവത്തെയും അധ്യാപകരുടെ തൊഴിൽജീവിതത്തെയും രക്ഷിതാക്കളുടെ പ്രതീക്ഷകളെയും സമൂഹത്തിന്റെ ഭാവിയെയും നേരിട്ട് സ്വാധീനിക്കുന്ന വിഷയമാണ്. അതിനാൽ ഇത്തരം മാറ്റങ്ങൾ നടപ്പാക്കുമ്പോൾ തിടുക്കത്തിനുപകരം ആലോചനയും ഏകപക്ഷീയമായ തീരുമാനങ്ങൾക്കുപകരം സംവാദവും അനിവാര്യമാണ്.
വിദ്യാലയം ക്ലാസ് മുറികളും ഓഫീസുകളും ചേർന്നുള്ള ഒരു കെട്ടിടമല്ല. അത് ഒരു സാമൂഹിക സ്ഥാപനമാണ്. ഒരു പ്രദേശത്തിന്റെ സാംസ്കാരിക സ്മരണകളും ജനങ്ങളുടെ സ്വപ്നങ്ങളും കുട്ടികളുടെ ഭാവിയും ഒക്കെ അതിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ സ്കൂൾ ഘടനയിൽ വരുത്തുന്ന മാറ്റങ്ങൾ രേഖകളിലും ചട്ടങ്ങളിലും ഒതുങ്ങുന്നവയല്ല. വിദ്യാലയത്തിന്റെ അന്തരീക്ഷത്തിലും പ്രവർത്തനരീതിയിലും മനുഷ്യബന്ധങ്ങളിലും അവ പ്രതിഫലിക്കും. പ്രീ-പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനത്തെ ഒരൊറ്റ സംവിധാനത്തിനകത്ത് പരിഗണിക്കുകയാണ് ലക്ഷ്യം. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോഴും നിരവധി ചോദ്യങ്ങൾ ഇപ്പോഴും ഉത്തരമില്ലാതെ നിൽക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഈ മാറ്റങ്ങൾ യഥാർത്ഥത്തിൽ ആരുടെ നന്മയ്ക്കുവേണ്ടിയാണ് രൂപകൽപ്പന ചെയ്യപ്പെടുന്നത് എന്നതാണ്.
മാറ്റങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുന്നവരെല്ലാം പുരോഗതിവിരുദ്ധരാണെന്ന് കരുതാനാവില്ല. പലപ്പോഴും നിലവിലുള്ള സംവിധാനത്തിലെ പരിമിതികൾ വ്യക്തമായി മനസ്സിലാക്കിയവരാണ് മാറ്റങ്ങളെക്കുറിച്ച് ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. അതേസമയം, യാതൊരു മാറ്റവും വേണ്ടെന്ന നിലപാടും ആരോഗ്യകരമല്ല. നിലവിലുള്ള അവസ്ഥ പൂർണമായും തൃപ്തികരമാണെന്ന ധാരണ യാഥാർഥ്യബോധമില്ലാത്തതാണ്. എന്നാൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരുമെന്ന ആശങ്കയും പരിചിതമായ സാഹചര്യങ്ങളിൽ നിന്ന് മാറാനുള്ള വിമുഖതയും പല എതിർപ്പുകൾക്കും പിന്നിലുണ്ടാകാം. ‘ശങ്കരൻ എന്നും തെങ്ങിൻമുകളിൽ തന്നെ നിന്നാൽ മതി’ എന്ന മനോഭാവം ഒരു സമൂഹത്തെ മുന്നോട്ടു നയിക്കില്ല. പക്ഷേ മാറ്റം എന്ന പേരിൽ പഴയ സംവിധാനത്തിലെ നല്ല ഘടകങ്ങളെ മുഴുവൻ തകർത്തുകളയുന്നതും അത്രതന്നെ അപകടകരമാണ്. അതിനാൽ മാറ്റത്തെയും പാരമ്പര്യത്തെയും വിമർശനാത്മകമായി സംയോജിപ്പിക്കുന്ന സമീപനമാണ് ആവശ്യമായത്.
1959-ലെ കേരള വിദ്യാഭ്യാസ ചട്ടങ്ങൾ രൂപപ്പെടുത്തിയ കാലഘട്ടത്തിൽ നിലനിന്നിരുന്ന വിദ്യാഭ്യാസ ഘടനയാണ് ഇന്നും അടിസ്ഥാനപരമായി തുടരുന്നത്. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ വിഭജിക്കപ്പെട്ട സ്ഥാപനങ്ങൾക്ക് വ്യത്യസ്ത ഭരണരീതികളും വ്യത്യസ്ത മേധാവിത്വ ഘടനകളും വ്യത്യസ്ത പ്രവർത്തനശൈലികളും നിലനിൽക്കുന്നു. ഒരേ വിദ്യാലയവളപ്പിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങൾക്കിടയിൽ പോലും ഏകോപനക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഒരു ഭാഗത്ത് ബെല്ലടിക്കുമ്പോൾ മറ്റൊരു ഭാഗത്ത് അത് ബാധകമാകാത്ത അവസ്ഥ പല സ്കൂളുകളിലും കാണാം. പ്രൈമറി വിഭാഗത്തിലെ കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികളും ഒരേ സ്ഥാപനത്തിന്റെ ഭാഗങ്ങളായിരിക്കുമ്പോഴും അവരുടെ പഠനപരിസരങ്ങൾ തമ്മിൽ വ്യക്തമായ അകലം നിലനിൽക്കുന്നു. ഈ വിള്ളൽ അടയ്ക്കുക എന്നത് പുതിയ പരിഷ്കാരത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ ഒരു തുടർച്ചയായ വിദ്യാഭ്യാസാനുഭവത്തിന്റെ ഭാഗമായി കാണുന്നത് സിദ്ധാന്തപരമായി ഗുണകരമാണ്. എന്നാൽ ആ ലക്ഷ്യം പ്രായോഗികമായി കൈവരിക്കാൻ ആവശ്യമായ ഭരണപരവും അക്കാദമികവുമായ സംവിധാനങ്ങൾ ഒരുങ്ങിയിട്ടുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്.
ദേശീയ വിദ്യാഭ്യാസ നയം സ്കൂൾ വിദ്യാഭ്യാസത്തെ നാല് ഘട്ടങ്ങളായി പുനഃസംഘടിപ്പിക്കുന്ന ആശയം മുന്നോട്ടുവയ്ക്കുന്നു. പ്രീ-പ്രൈമറി ഘട്ടത്തെ ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക, പ്രാഥമിക വിദ്യാഭ്യാസത്തിന് കൂടുതൽ സമഗ്രമായ അടിത്തറ നൽകുക, മധ്യഘട്ട പഠനത്തിൽ വിഷയപരമായ വ്യാപ്തി വർധിപ്പിക്കുക, സെക്കൻഡറി ഘട്ടത്തിൽ ബഹുമുഖ പഠനസാധ്യതകൾ സൃഷ്ടിക്കുക എന്നിവയാണ് അതിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഘടനാപരമായ ഈ പുനഃക്രമീകരണം വിദ്യാഭ്യാസത്തിന്റെ തുടർച്ച ഉറപ്പാക്കാൻ സഹായിച്ചേക്കാം. എന്നാൽ ഒരു അധ്യാപകന്റെ യോഗ്യതയെ മാത്രം ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും അധ്യാപക പരിശീലനവും യോഗ്യതാ പരീക്ഷകളും ഉപയോഗിച്ച് അളക്കാൻ കഴിയില്ല. അധ്യാപനത്തിന് പാണ്ഡിത്യം ആവശ്യമാണ്; എന്നാൽ പാണ്ഡിത്യം മാത്രം മതിയാകുന്നില്ല. സ്നേഹം, അനുതാപം, ക്ഷമ, കുട്ടിയോടുള്ള സാമീപ്യം, അവന്റെ ലോകത്തെ മനസ്സിലാക്കാനുള്ള കഴിവ് എന്നിവയും അധ്യാപനത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. പ്രത്യേകിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിൽ കുട്ടിയുടെ മനഃശാസ്ത്രവും ഭാഷാപരമായ വളർച്ചയും സാമൂഹിക പശ്ചാത്തലവും തിരിച്ചറിയുന്ന അധ്യാപകനാണ് ആവശ്യം.
പുനഃസംഘടനയെക്കുറിച്ചുള്ള ഏറ്റവും വലിയ ആശങ്ക തസ്തികകളുമായി ബന്ധപ്പെട്ടതാണ്. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തെ ഒരു ഏകീകൃത ഘട്ടമായി കാണുമ്പോൾ അധ്യാപക തസ്തികകളുടെ പുനർനിർണയം അനിവാര്യമാകും. വിഷയങ്ങളുടെ എണ്ണം, ആഴ്ചയിലെ പിരീഡുകളുടെ ക്രമീകരണം, അധ്യാപകരുടെ ജോലിഭാരം, വിദ്യാർഥികളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് തസ്തികകൾ നിശ്ചയിക്കപ്പെടുക. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് തസ്തികകൾ ഇല്ലാതാകാമെന്ന ആശങ്ക അധ്യാപക സംഘടനകൾ ഉന്നയിക്കുന്നുണ്ട്. ഈ ആശങ്കയെ വെറും സംഘടനാ രാഷ്ട്രീയമായി തള്ളിക്കളയാൻ കഴിയില്ല. കേരളത്തിൽ ഒരു അധ്യാപക ജോലി നേടുക എന്നത് അനേകം യുവാക്കളുടെ ദീർഘകാല സ്വപ്നമാണ്. പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളെഴുതി നിയമനത്തിനായി കാത്തിരിക്കുന്നവരും അധ്യാപക പരിശീലന കോഴ്സുകൾ പൂർത്തിയാക്കി അവസരങ്ങൾ തേടുന്നവരും നിരവധിയാണ്. തസ്തികകളുടെ എണ്ണം കുറയുമ്പോൾ അവരുടെ തൊഴിൽ പ്രതീക്ഷകൾക്ക് എന്ത് സംഭവിക്കും എന്നതിനു വ്യക്തമായ മറുപടി വേണം.
വിദ്യാഭ്യാസ സംവിധാനത്തിന്റെ ശാസ്ത്രീയ ഏകീകരണം ആവശ്യമായിരിക്കാം; പക്ഷേ അതിനൊപ്പം മനുഷ്യജീവിതങ്ങളുടെ സുരക്ഷയും പരിഗണിക്കണം. ഓരോ തസ്തികയ്ക്കും പിന്നിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സാമ്പത്തിക സുരക്ഷയും സാമൂഹിക മാന്യതയും നിലനിൽക്കുന്നുണ്ട്. പുതിയ നിയമനങ്ങൾ കുറയുന്ന ഒരു കാലഘട്ടത്തിൽ വിദ്യാലയങ്ങളിൽ യുവത്വത്തിന്റെ സാന്നിധ്യം കുറഞ്ഞുപോകും. പ്രായപരമായ വൈവിധ്യം അധ്യാപക സമൂഹത്തിന്റെ ശക്തിയാണ്. പരിചയസമ്പന്നരായ അധ്യാപകരുടെ ജ്ഞാനത്തോടൊപ്പം പുതിയ തലമുറയുടെ ഊർജവും സാങ്കേതിക പരിചയവും വിദ്യാലയങ്ങൾക്ക് ആവശ്യമാണ്. അതിനാൽ പുനഃസംഘടനയുടെ പേരിൽ നിയമനാവസരങ്ങൾ ചുരുക്കുന്നത് വിദ്യാഭ്യാസത്തിന്റെ ദീർഘകാല ഗുണനിലവാരത്തെ ബാധിച്ചേക്കാം.
ഹൈസ്കൂൾ അധ്യാപകരുടെ യോഗ്യതയുമായി ബന്ധപ്പെട്ട വിഷയവും സങ്കീർണമാണ്. നിലവിൽ ബിരുദവും ബി.എഡും നേടിയ നിരവധി അധ്യാപകർ ഹൈസ്കൂൾ തലത്തിൽ സേവനം ചെയ്യുന്നു. പുതിയ ഘടനയിൽ ബിരുദാനന്തര ബിരുദം നിർബന്ധമാക്കിയാൽ ഇവരുടെ സേവനസ്ഥിതിയെക്കുറിച്ച് വ്യക്തമായ നയം വേണം. യോഗ്യതാ മാനദണ്ഡങ്ങൾ മാറ്റുന്നതിനുമുമ്പ് നിലവിലുള്ള അധ്യാപകരുടെ തൊഴിൽസുരക്ഷയും ആത്മാഭിമാനവും പരിഗണിക്കേണ്ടതുണ്ട്. ഒരു അധ്യാപകനെ താഴ്ന്ന തലത്തിലേക്ക് മാറ്റുക എന്നത് ഭരണപരമായ ഒരു നീക്കമായി മാത്രം കാണാൻ കഴിയില്ല; അത് അദ്ദേഹത്തിന്റെ പ്രൊഫഷണൽ ആത്മവിശ്വാസത്തെയും സാമൂഹിക മാന്യതയെയും ബാധിച്ചേക്കാം. അതുപോലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ ജൂനിയർ അധ്യാപകരുടെ സ്ഥാനവും സേവനാവകാശങ്ങളും സംരക്ഷിക്കപ്പെടണം. വ്യക്തമായ പരിഹാരമാർഗങ്ങളില്ലാതെ ഘടനാപരമായ മാറ്റങ്ങൾ നടപ്പാക്കിയാൽ കോടതിവഴക്കുകൾ വർധിക്കാനും അധ്യാപക സമൂഹത്തിന്റെ ശ്രദ്ധ പഠനത്തിൽ നിന്ന് നിയമപോരാട്ടങ്ങളിലേക്ക് മാറാനും സാധ്യതയുണ്ട്.
പ്രാഥമിക വിദ്യാഭ്യാസത്തിലെ അധ്യാപക യോഗ്യതകളെക്കുറിച്ചുള്ള പുതിയ നിർദേശങ്ങളും ഗൗരവത്തോടെ പരിശോധിക്കണം. ലോവർ പ്രൈമറി ക്ലാസുകളിൽ പഠിപ്പിക്കാൻ ബിരുദവും ബി.എഡും അനിവാര്യമാക്കുമ്പോൾ ഡി.എൽ.എഡ്. (പഴയ ടി.ടി.സി.) കോഴ്സുകളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നു. കേരളത്തിലെ ഗ്രാമീണ മേഖലകളിൽ, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾക്ക് ഈ കോഴ്സുകൾ അധ്യാപകവൃത്തിയിലേക്കുള്ള പ്രധാന പ്രവേശനവാതിലായിരുന്നു. അതിൽ വലിയൊരു വിഭാഗം പെൺകുട്ടികളാണ്. പ്ലസ് ടുവിനു ശേഷം കുറഞ്ഞ കാലയളവിൽ പരിശീലനം നേടി തൊഴിൽ നേടാനുള്ള അവസരം അവർക്കു ലഭിച്ചിരുന്നു. ഈ വഴിയടയുമ്പോൾ ഉയർന്ന വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് അധ്യാപകവൃത്തിയിലേക്കുള്ള പ്രവേശനം ബുദ്ധിമുട്ടാകും.
പ്രാഥമിക അധ്യാപനത്തിന് വിഷയജ്ഞാനം ആവശ്യമാണ് എന്നതിൽ സംശയമില്ല. എന്നാൽ അതിനേക്കാൾ പ്രധാനമാണ് ശിശുമനഃശാസ്ത്രം, ഭാഷാവികാസം, കളിയിലൂടെ പഠിക്കൽ, കഥപറച്ചിൽ, കുട്ടികളുടെ സാമൂഹിക-വൈകാരിക ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ്. ചെറിയ കുട്ടികളെ പഠിപ്പിക്കുന്നത് വലിയ കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ലഘുരൂപമല്ല. അത് പ്രത്യേക പരിശീലനം ആവശ്യപ്പെടുന്ന സ്വതന്ത്രമായ ഒരു മേഖലയാണ്. വിദ്യാഭ്യാസം കൂടുതൽ സാങ്കേതികവും യോഗ്യതാകേന്ദ്രിതവുമാകുമ്പോൾ അതിലെ ജൈവികവും മാനുഷികവുമായ ഘടകങ്ങൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.
ഭരണപരമായ ഏകീകരണവും ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യേണ്ടതാണ്. നിലവിലുള്ള അസിസ്റ്റന്റ് എജുക്കേഷണൽ ഓഫീസർ, ഡെപ്യൂട്ടി എജുക്കേഷണൽ ഓഫീസർ തുടങ്ങിയ സംവിധാനങ്ങളിൽ മാറ്റം വരുത്തി പുതിയ ഉദ്യോഗസ്ഥ ഘടന കൊണ്ടുവരാനുള്ള നിർദേശങ്ങൾ ഉയർന്നിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനെയും ഹയർ സെക്കൻഡറി ഭരണസംവിധാനത്തെയും ഏകോപിപ്പിച്ച് ജില്ലാതലത്തിൽ കാര്യങ്ങൾ ഒരു കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ ഭരണനടപടികൾ വേഗത്തിലാക്കാമെന്ന പ്രതീക്ഷയുണ്ട്. എന്നാൽ കേന്ദ്രീകരണം എല്ലായ്പ്പോഴും കാര്യക്ഷമത ഉറപ്പാക്കണമെന്നില്ല. തീരുമാനങ്ങൾ പ്രാദേശികതലത്തിൽ നിന്ന് അകന്നുപോകുകയും ഫയലുകൾ കൂടുതൽ സങ്കീർണമായ നടപടിക്രമങ്ങളിൽ കുടുങ്ങുകയും ചെയ്താൽ പരിഷ്കാരം ലക്ഷ്യവിരുദ്ധമാകും. സ്കൂളുകളുടെ വൈവിധ്യവും പ്രദേശിക ആവശ്യങ്ങളും പരിഗണിക്കുന്ന വികേന്ദ്രീകൃത ഭരണരീതിയാണ് കൂടുതൽ ഫലപ്രദമാകുക.
സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്താനുള്ള നിർദേശവും സമഗ്രമായി വിലയിരുത്തണം. രാവിലെ എട്ടുമണിക്ക് ക്ലാസുകൾ ആരംഭിച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ അക്കാദമിക പഠനം അവസാനിപ്പിക്കുകയും തുടർന്ന് കായികം, കല, ലാബ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സമയം മാറ്റിവയ്ക്കുകയും ചെയ്യുന്നത് നല്ലതുതന്നെ. പുലർച്ചെയുള്ള സമയത്തെ കുട്ടികളുടെ ഏകാഗ്രതയും ഉണർവും പഠനത്തിന് സഹായകരമാകാം. എന്നാൽ കേരളത്തിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ വൈവിധ്യം പരിഗണിക്കാതെ ഈ ക്രമീകരണം നടപ്പാക്കുന്നത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. മലയോര പ്രദേശങ്ങളിൽ നിന്നും വനമേഖലകളിൽ നിന്നും ദൂരെയുള്ള ഗ്രാമങ്ങളിൽ നിന്നും സ്കൂളിലെത്തുന്ന കുട്ടികൾക്ക് നേരത്തെ യാത്രതിരിക്കേണ്ടിവരും. ചില കുട്ടികൾക്ക് പുലർച്ചെ തന്നെ ബസ് കാത്തുനിൽക്കേണ്ടിവരും. ആവശ്യമായ ഉറക്കവും വിശ്രമവും ലഭിക്കാത്ത കുട്ടികളിൽ പഠനക്ഷമത കുറയാം.
ഉച്ചയ്ക്കുശേഷം കായികവും കലയും ലാബ് പ്രവർത്തനങ്ങളും നടത്തണമെങ്കിൽ അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ആദ്യം ഒരുക്കണം. എത്ര സ്കൂളുകൾക്ക് നിലവാരമുള്ള കളിസ്ഥലമുണ്ട്? എത്ര വിദ്യാലയങ്ങളിൽ സമ്പന്നമായ ലൈബ്രറിയും പരിശീലനം നേടിയ ലൈബ്രേറിയനും ഉണ്ട്? കലാ-കായിക പരിശീലകരുടെ സേവനം എത്ര സ്കൂളുകളിൽ ലഭ്യമാണ്? ഈ ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്താതെ സമയക്രമം മാറ്റുന്നത് രേഖകളിൽ മാത്രം മനോഹരമായി തോന്നുന്ന ഒരു പരിഷ്കാരമായി മാറും. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്കൂളുകളിൽ കുട്ടികൾ ഉച്ചവെയിലിൽ അലഞ്ഞുനടക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടാകരുത്.
ദേശീയ വിദ്യാഭ്യാസ നയവുമായി നിർദേശിക്കപ്പെടുന്ന പല മാറ്റങ്ങൾക്കും സാമ്യമുണ്ട്. എന്നാൽ കേരളത്തിന്റെ വിദ്യാഭ്യാസചരിത്രവും സാമൂഹിക പശ്ചാത്തലവും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. പൊതുവിദ്യാഭ്യാസത്തെ ജനകീയമാക്കുന്നതിലും അക്ഷരജ്ഞാനം വ്യാപിപ്പിക്കുന്നതിലും കേരളം നേടിയ പുരോഗതി ദീർഘകാലത്തെ സാമൂഹിക ഇടപെടലുകളുടെയും ജനപങ്കാളിത്തത്തിന്റെയും ഫലമാണ്. ഓരോ ഗ്രാമത്തിലും സ്കൂൾ എത്തിച്ച സമൂഹത്തിന്റെ വിദ്യാഭ്യാസ പ്രതീക്ഷകളെ പരിഗണിക്കാതെ കേന്ദ്രതലത്തിൽ രൂപപ്പെടുത്തിയ നിർദേശങ്ങൾ അതേപടി നടപ്പാക്കുന്നത് ശരിയായ സമീപനമല്ല. ദേശീയ നയത്തിന്റെ ലക്ഷ്യങ്ങളെ കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്തുകയാണ് വേണ്ടത്. അനുകരണം അല്ല, സൃഷ്ടിപരമായ പ്രാദേശികവൽക്കരണമാണ് ആവശ്യം.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയാണ് ഏറ്റവും വലിയ സംഘർഷസാധ്യതയുള്ള മറ്റൊരു മേഖല. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വലിയൊരു വിഭാഗം മത-സാമുദായിക സംഘടനകളും വിവിധ മാനേജ്മെന്റുകളും നടത്തുന്ന എയ്ഡഡ് സ്കൂളുകളാണ്. അധ്യാപകരുടെ ശമ്പളം സർക്കാർ നൽകുമ്പോഴും നിയമനാധികാരം മാനേജ്മെന്റുകൾക്കാണ്. ഈ നിയമനങ്ങൾ പബ്ലിക് സർവീസ് കമ്മീഷന് കൈമാറുകയോ പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുകയോ ചെയ്യണമെന്ന നിർദേശങ്ങൾ സാമൂഹിക നീതിയുടെ ഭാഗമായി ഉയരുന്നുണ്ട്. നിയമനങ്ങളിൽ സുതാര്യതയും ഭരണഘടനാപരമായ സംവരണവും ഉറപ്പാക്കണം എന്ന ആവശ്യം ന്യായമാണ്. അതേസമയം, ന്യൂനപക്ഷാവകാശങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. ഈ വിഷയത്തിൽ നീതിയും ഭരണഘടനയും സാമൂഹിക യാഥാർഥ്യവും തമ്മിൽ സമതുലിതമായ സമീപനം ആവശ്യമാണ്. രാഷ്ട്രീയപരമായ താൽപര്യങ്ങൾക്കപ്പുറം ദീർഘകാല പൊതുതാൽപര്യമാണ് പരിഗണിക്കേണ്ടത്.
വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ഉത്തരവുകളുടെ പരമ്പരയായി മാറുന്നത് ആശങ്കാജനകമാണ്. അധ്യാപകർ പുതിയ സർക്കുലറുകളും നിർദേശങ്ങളും വായിച്ചും രേഖകൾ പൂരിപ്പിച്ചും സമയം ചെലവഴിക്കുമ്പോൾ ക്ലാസ് മുറിയിലെ യഥാർഥ അധ്യാപനത്തിനുള്ള സമയം കുറയുന്നു. പ്രക്രിയാധിഷ്ഠിത പഠനം, നിരന്തര മൂല്യനിർണ്ണയം, പ്രവർത്തനാധിഷ്ഠിത പഠനം എന്നിവ പേരുകളിൽ മാത്രം ഒതുങ്ങരുത്. കുട്ടികളുടെ ചിന്താശേഷി, സൃഷ്ടിപരത, സാമൂഹികബോധം, പ്രശ്നപരിഹാരശേഷി എന്നിവ വളർത്തുന്ന തരത്തിൽ അവ ക്ലാസ് മുറിയിൽ ജീവിക്കണം. പരീക്ഷകളും മാർക്കും വിദ്യാഭ്യാസത്തിന്റെ ഏക ലക്ഷ്യമാകരുത്. മനഃപാഠത്തെ ആശ്രയിച്ചുള്ള പഠനം കുട്ടികളുടെ ചോദ്യശേഷിയെയും സ്വതന്ത്രചിന്തയെയും പരിമിതപ്പെടുത്തുന്നു. പരീക്ഷകളുടെ പ്രാധാന്യം കുറയ്ക്കുന്നതോടൊപ്പം ഭയമില്ലാതെ സംശയങ്ങൾ ചോദിക്കാനും തെറ്റുകളിൽ നിന്ന് പഠിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും കഴിയുന്ന അന്തരീക്ഷം ക്ലാസ് മുറികളിൽ സൃഷ്ടിക്കണം.
വിദ്യാഭ്യാസ ഭരണത്തിൽ ജനാധിപത്യപരമായ പങ്കാളിത്തവും അനിവാര്യമാണ്. അധ്യാപക സംഘടനകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട റഫറണ്ടം പോലുള്ള നിർദേശങ്ങൾ ചർച്ച ചെയ്യുമ്പോൾ പ്രതിനിധിത്വത്തിന്റെ സ്വഭാവവും എതിർസ്വരങ്ങളുടെ അവകാശവും പരിശോധിക്കണം. എതിർസ്വരങ്ങളെ ഭയപ്പെടുന്ന വിദ്യാഭ്യാസഭരണം ക്രമേണ ഏകാധിപത്യപരമാകും. അഭിപ്രായവ്യത്യാസങ്ങൾ വിദ്യാഭ്യാസത്തിന്റെ ശത്രുക്കളല്ല. അവ നയങ്ങളെ കൂടുതൽ മെച്ചപ്പെടുത്താനുള്ള അവസരങ്ങളാണ്. അധ്യാപകനും വിദ്യാർഥിക്കും ചോദിക്കാനുള്ള സ്വാതന്ത്ര്യം വേണം. സ്വാതന്ത്ര്യം തന്നെയാണ് വിദ്യാഭ്യാസത്തിന്റെ ആദ്യപാഠം.
മാറ്റങ്ങൾ അനിവാര്യമാണ്. ലോകം മാറിക്കൊണ്ടിരിക്കുമ്പോൾ പഴയ രീതികളിൽ മാത്രം പിടിച്ചുനിൽക്കുന്നത് കുട്ടികളെ പിന്നിലാക്കും. എന്നാൽ പരിഷ്കാരം കുട്ടികളെ, അധ്യാപകരെ, രക്ഷിതാക്കളെ, വിദ്യാഭ്യാസപ്രവർത്തകരെയൊക്കെ വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കണം. ഒരു നിയമം വിജയിക്കുന്നത് അതിന്റെ കാർക്കശ്യം കൊണ്ടല്ല. അത് ജീവിതവുമായി എത്രത്തോളം പൊരുത്തപ്പെടുന്നു എന്നതുകൊണ്ട് കൂടിയാണ്. സ്കൂളുകളുടെ മേന്മ കെട്ടിടങ്ങളുടെ വലുപ്പത്തിലും വിദ്യാർഥികളുടെ എണ്ണത്തിലും മാത്രം അളക്കാൻ കഴിയില്ല. അവിടെനിന്ന് പഠിച്ചിറങ്ങുന്ന മനുഷ്യരുടെ മൂല്യങ്ങളിലാണ് വിദ്യാഭ്യാസത്തിന്റെ യഥാർഥ വിജയം. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും, ദുർബലരുടെ വേദന മനസ്സിലാക്കാനും, അനീതിക്കെതിരെ പ്രതികരിക്കാനും, വ്യത്യസ്തതകളെ ബഹുമാനിക്കാനും നമ്മുടെ കുട്ടികൾക്ക് കഴിയുന്നുണ്ടോ എന്നതാണ് യഥാർഥ മൂല്യനിർണ്ണയം.
ഈ സാഹചര്യത്തിൽ ലൈബ്രേറിയൻ തസ്തികയുടെ രൂപീകരണം പോലുള്ള നിർദേശങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. പുസ്തകങ്ങൾ അലമാരികളിൽ പൂട്ടിവയ്ക്കാനുള്ള വസ്തുക്കളല്ല. അവ കുട്ടികളുടെ കൈകളിലെത്തേണ്ട ജീവിക്കുന്ന അറിവാണ്. ഒരു നല്ല ലൈബ്രേറിയന് കുട്ടിയെ പുസ്തകത്തിലേക്കും പുസ്തകത്തെ ജീവിതത്തിലേക്കും നയിക്കാനാകും. അതുപോലെ കായികം, കല, പ്രവൃത്തിപരിചയം എന്നിവയും വിദ്യാഭ്യാസത്തിന്റെ പുറംമോടികളല്ല. ചില കുട്ടികൾക്ക് അക്ഷരങ്ങളും അക്കങ്ങളും ഭാരമായി തോന്നുമ്പോൾ കലയും സംഗീതവും കായികവും അവരുടെ ആത്മവിശ്വാസത്തിന്റെ വഴിയാകാം. ഒരു ചിത്രകാരനോ ഗായകനോ കായികതാരമോ ആകാനുള്ള കഴിവ് അക്കാദമിക മാർക്കുകളിലൂടെ മാത്രം തിരിച്ചറിയാനാവില്ല. അതിനാൽ കലാ-കായിക അധ്യാപകരെ രണ്ടാംകിടക്കാരായി കാണുന്ന സമീപനം മാറണം. എല്ലാ അധ്യാപകരുടെയും സേവനം തുല്യമായി മാനിക്കപ്പെടണം.
പുനഃസംഘടന എന്നത് ലക്ഷ്യമല്ല. അത് ഒരു ഉപകരണം മാത്രമാണ്. മനുഷ്യത്വമുള്ളതും ജനാധിപത്യബോധമുള്ളതും സാമൂഹികനീതിയിൽ അധിഷ്ഠിതവുമായ ഒരു തലമുറയെ വളർത്തുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ അന്തിമലക്ഷ്യം. അതിനായി വലിയ കെട്ടിടങ്ങളും കട്ടിയുള്ള നിയമപുസ്തകങ്ങളും മാത്രം പോരാ. കാരുണ്യമുള്ള അധ്യാപകരും സ്വതന്ത്രമായ ക്ലാസ് മുറികളും സുരക്ഷിതമായ പഠനാന്തരീക്ഷവും സമത്വത്തെ അടിസ്ഥാനമാക്കിയുള്ള ഭരണസംവിധാനവും ആവശ്യമാണ്. പരിഷ്കാരങ്ങൾ കടലാസിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങണം. അധ്യാപകരുടെ ആശങ്കകളെ വെറും സേവനപരമായ പരാതികളായി കാണരുത്. അവ നാളത്തെ ക്ലാസ് മുറികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളാണ്. തൊഴിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ വേദനയും കാണണം. ഗ്രാമങ്ങളിലെ കുട്ടികളുടെ യാത്രാപ്രശ്നങ്ങളും സാമ്പത്തികപരിമിതികളും പരിഗണിക്കണം. എയ്ഡഡ് മേഖലയിലെ അവകാശങ്ങളും സാമൂഹികനീതിയുടെ ആവശ്യങ്ങളും തമ്മിൽ സമതുലനം കണ്ടെത്തണം.
വിദ്യാലയം ദേവാലയമാണ് എന്ന പഴയ പ്രയോഗത്തെക്കാൾ പ്രസക്തമായത് വിദ്യാലയം ഒരു ജനാധിപത്യ ഇടമാണ് എന്ന തിരിച്ചറിവാണ്. അവിടെ ഓരോ കുട്ടിക്കും സ്വരമുണ്ടാകണം. ഓരോ അധ്യാപകനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടാകണം. ഓരോ രക്ഷിതാവിനും പങ്കാളിത്തത്തിനുള്ള അവസരമുണ്ടാകണം. ആ ഇടത്തെ സംരക്ഷിക്കുക ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും പ്രധാന ഉത്തരവാദിത്തമാണ്. മനുഷ്യനെ കൂടുതൽ മനുഷ്യനാക്കുന്ന ഒന്നായി വിദ്യാഭ്യാസം നിലനിൽക്കുമ്പോഴേ ഏതു പരിഷ്കാരത്തിനും അർഥമുണ്ടാകൂ. അല്ലാത്തപക്ഷം വലിയ ചട്ടങ്ങളും റൂളുകളും ചരിത്രത്തിന്റെ ചവറ്റുകുട്ടിയിലേക്ക് തള്ളപ്പെടും.
അതിനാൽ വിദ്യാഭ്യാസ ഘടനയിലെ മാറ്റങ്ങളെ അന്ധമായി എതിർക്കുകയോ വിമർശനമില്ലാതെ സ്വീകരിക്കുകയോ ചെയ്യാതെ തുറന്ന സംവാദത്തിന്റെയും തെളിവുകളുടെയും ജനപങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തിൽ വിലയിരുത്തണം. പുതിയ ഘടന കുട്ടികളുടെ പഠനത്തെ സമ്പന്നമാക്കുന്നുണ്ടോ, അധ്യാപകരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നുണ്ടോ, തൊഴിൽസാധ്യതകൾ വർധിപ്പിക്കുന്നുണ്ടോ, സാമൂഹികനീതി ഉറപ്പാക്കുന്നുണ്ടോ, പ്രാദേശിക യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുന്നുണ്ടോ എന്നീ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ലഭിക്കണം. ചോദ്യങ്ങൾ ചോദിക്കുന്ന സമൂഹമാണ് ജാഗരൂകമായ സമൂഹം. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ ശക്തിയും അതുതന്നെയാണ്. പുതിയ പരിഷ്കാരങ്ങൾ ആ പാരമ്പര്യത്തെ തകർക്കാതെ കൂടുതൽ ജനാധിപത്യപരവും മാനുഷികവും ഉൾക്കൊള്ളുന്നതുമായ ഒരു വിദ്യാഭ്യാസഭാവിയിലേക്ക് നയിക്കട്ടെ.
വിദ്യാലയങ്ങളുടെ വാതിലുകൾ അടയുമ്പോഴും ചോദ്യങ്ങളുടെ വാതിലുകൾ തുറന്നിരിക്കണം. കാരണം, ചോദ്യങ്ങൾ ചോദിക്കാത്ത സമൂഹം ഒടുവിൽ പഠിക്കാതെയും വളരാതെയും പരാജയമേറ്റുവാങ്ങും.







