Prathibhavam First Onappathippu-2025
Avayor Madhye-Malayalam poem by Hrishikesan P B-Prathibhavam First Onappathippu-2025

പെയ്യുവാൻ പാടില്ലാത്ത
നേരത്തു പെയ്യും, തീരെ
യില്ലയൗചിത്യം മേഘ-
യ്ക്കെന്നു ഞാൻ, വീണാലവ-
ളുരുളാൻ മിടുക്കിയാ-
ണാനന്ദക്കണ്ണീർക്കണം.

ഞാൻ മേഘനാദൻ, തീരെ-
പ്പരുക്കൻ സ്വരം, മിണ്ടാ-
റില്ല, വാക്കുകളൊക്കെ
മൗനത്തിൽ കുളിപ്പിച്ചു,
പൗഡറും പൊട്ടും കുത്തി-
ച്ചുടുപ്പിൻ മോടിയ്ക്കൊത്തു
കിങ്ങിണിത്തള കെട്ടി-
ച്ചഴകിൽ ചിരിച്ചൊന്നു
കുണുക്കി, പുറത്തേയ്ക്കു
പതുക്കെ വിചാരങ്ങൾ.

താഴത്തേയ്ക്കിറങ്ങിയാൽ,
വാക്കുകൾ പരിസരം
മുഴുവൻ തല്ലിത്തകർ-
ത്തുടച്ചു, മറിച്ചിട്ടു,
കണ്ടതൊക്കെയും പൊട്ടി-
ച്ചവിടം മൊത്തം യുദ്ധ-
ക്കളമായതു പോലെ.

അക്കാലത്തൊരു ദിന-
മവിചാരിതമായി-
ട്ടുൾക്കടൽക്ഷോഭം തീർത്ത
ന്യൂനമർദ്ദവുമുണ്ടായ്.
പരക്കെയോർക്കാപ്പുറ-
ത്തൊക്കെ വീശിയ മിന്നൽ-
ച്ചുഴലി കൊടുങ്കാറ്റായ്
ത്തീർന്നു, മുന്നറിയിപ്പു
വന്നപ്പൊൾ കാണാൻവിട്ടു
പോയതും, പതിവുള്ള
ജാഗ്രത മൂടിപ്പുത-
ച്ചുറങ്ങിക്കിടന്നതും,
കാര്യകാരണമായി.

കനത്ത നാശം വിത-
ച്ചതിരൂക്ഷമായ് മഴ-
യെങ്കിലും, റിലീഫ് ക്യാമ്പി-
ലാവയോർമദ്ധ്യേ കാണായ്,
ഇറങ്ങിത്തുടങ്ങുന്ന
പുഴയിൽ, നക്ഷത്രങ്ങൾ.

* ആവയോർമദ്ധ്യേ(സംസ്കൃതം):
നമ്മളുടെ രണ്ടുപേരുടെയും ഇടയിൽ

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക