Published on: January 9, 2025
ആംബുഷ്
ഒരു മരണം,
ബ്യൂഗിളുകളുടെ അകമ്പടിയിൽ
ബാൻ്റുമേളങ്ങളോടെ,
സെമിത്തേരിയിലേക്കുള്ള വഴിയിൽ-
പദയാത്രയിൽ.
ഒരു മരണം,
മഞ്ചലിലേറി
വെൺതൊപ്പിയണിഞ്ഞ്,
കെട്ടിയിട്ട വിലാപങ്ങളോടെ,
നിശ്ശബ്ദത പേറി, വരിവരിയായി…
മയ്യത്തും കരയിലേക്ക്…
ഒരു മരണം,
നിശ്ശബ്ദരോദനങ്ങൾക്കിടെ
അകത്തളത്തിൽ
ലക്ഷ്മണോപദേശത്തിൻ്റെ
പതിഞ്ഞ വായ്ത്താരിയോടെ.
ഒരു മരണം,
മുളന്തണ്ടിൽ വെച്ചു കെട്ടിയ കസേരയിൽ
താടിയെല്ലു മുതൽ തല വരെ
വെള്ളത്തുണി വട്ടം കെട്ടിയ ചാരിയിരിപ്പാേടെ.
ഒരു മരണം,
തീവ്രശുശ്രൂഷാകേന്ദ്രത്തിൻ്റെ
തണുപ്പാർന്ന സാന്ദ്രതയിൽ
ഉറ്റവരടുത്തില്ലാതെ
വിളറി വെളുത്ത്, ഒറ്റയായി.
ഒരു മരണം അതിർത്തിയിൽ
വിരോധമേതുമില്ലാത്ത ശത്രുസൈനികൻ്റെ
വെടിയേറ്റ്, ഹിമഭൂമിയിൽ
ചോരയുടെ ഭൂപടം വരച്ചു കൊണ്ട് ….
അഭിലഷണീയമെന്നും
അനഭിലഷണീയമെന്നുമുള്ള
മനുഷ്യൻ്റെ വകതിരിവുകളെ
തെല്ലും മാനിക്കുന്നില്ല, മൃത്യു.
ഒരു മരത്തിൽ നിന്ന്
മറ്റൊരു മരത്തിലേക്ക് ഒറ്റക്കെെയാൽ
പടർവള്ളി പിടിച്ചുള്ള ചാട്ടത്തിൽ
മറുകൈയാൽ ഞൊടിയിടയിൽ
ഭൂമിയിലേക്കത് നിറയൊഴിച്ചിരിക്കും
പോയിൻ്റ് ബ്ലാങ്കിൻ്റെ കൃത്യതയോടെ!
ഇരയെക്കുറിച്ചുള്ള സുനിശ്ചിതത്വത്തോടെ,
തികഞ്ഞ ബോധ്യത്തോടെ,
അതിരറ്റ ആത്മവിശ്വാസത്തോടെ!
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

പദ്മദാസ്: തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂർ സ്വദേശി. പാലക്കാട് കല്ലേക്കുളങ്ങര ആനന്ദ് നഗറിൽ നീരാജനത്തിൽ താമസം.

 
                        








 
                       
                       
                       
                      