Published on: July 19, 2025

അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്കാരങ്ങൾ: ജയപ്രകാശ് എറവ്, പി. കെ. ശ്രീവത്സൻ തുടങ്ങിയ ഒൻപതുപേർക്ക് 'തൂലികാ ശ്രീ'
പി. കെ. ഗോപിക്ക് വിശിഷ്ട സാഹിതീ സേവാ പുരസ്‌കാരം; രാധാകൃഷ്ണൻ കാക്കശ്ശേരി, കെ. ആർ. മുരളി എന്നിവർക്ക് ആദരവ്:
തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗവും അങ്കണം സാംസ്‌കാരികവേദി ചെയര്‍മാനുമായിരുന്ന, എഴുത്തുകാരൻ ആര്‍. ഐ. ഷംസുദ്ദീന്റെ സ്മരണാർത്ഥം അങ്കണം സാംസ്‌കാരികവേദി ഏർപ്പെടുത്തിയ ‘അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്കാരങ്ങൾ’ വിതരണം ചെയ്തു.
കവിയും ബാലസാഹിത്യകാരനുമായ പി. കെ. ഗോപിക്കാണ് ഈ വർഷത്തെ ‘വിശിഷ്ട സാഹിതീ സേവാ പുരസ്‌കാരം. ഇരുപതിനായിരം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങിയതാണ് അവാർഡ്.
ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം കെ. ശ്രീകുമാറിന്റെ ‘പെണ്ണായാലെന്താ?’ എന്ന കൃതിക്കും – നിരൂപണ പുരസ്‌കാരം രഘുനാഥൻ പറളിയുടെ ‘സ്ഥലം, ജലം, കാലം’ എന്ന പുസ്തകത്തിനും യാത്രാവിവരണ പുരസ്‌കാരം അരുൺ എഴുത്തച്ഛന്റെ ‘മതപ്പാടുകൾ- ആചാരങ്ങൾ കുരുക്കിട്ട ഇന്ത്യൻ ജീവിതത്തിലൂടെ’ എന്ന പുസ്തകത്തിനും ലഭിച്ചു. പതിനായിരം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങിയതാണ് ഈ പുരസ്‌കാരങ്ങൾ.
‘സർഗവേദിയിലെ ചന്ദനമരങ്ങൾ’ എന്ന തെന്നൂർ രാമചന്ദ്രന്റെ നിരൂപണ ഗ്രന്ഥം ജൂറിയുടെ പ്രത്യേക പരാമർശം നേടി. മുതിർന്ന എഴുത്തുകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരി, രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകൻ കെ. ആർ. മുരളി എന്നിവരെ ആദരിച്ചു.

തൂലികാശ്രീ പുരസ്‌കാരങ്ങൾ
അങ്കണം പുരസ്കാരങ്ങളിൽ 2025ലെ ‘തൂലികാശ്രീ’ അവാർഡുകൾ, പി. കെ. ശ്രീവത്സന്റെ ‘അവൾ ഒരു രൂപകം’, ഡോ. നിർമ്മല നായരുടെ ‘പെറ്റമ്മ’, പുഷ്പൻ ആശാരിക്കുന്നിന്റെ ‘നൂൽപ്പാലം’, എം. മാധവൻകുട്ടി മേനോന്റെ ‘പുനർജ്ജന്മം’ എന്നീ കഥകൾക്കും ജയപ്രകാശ് എറവിന്റെ ‘നഷ്ടഫലം’, സലിം കുളത്തിപ്പടിയുടെ ‘ഒരു മരം ഒരു കാടായിരുന്നു’, എ. പി. നാരായണൻകുട്ടിയുടെ ”അ”മൃത” ഭാഷ്യം’, സുരേഷ് കുമാർ പാർളികാടിന്റെ ‘ക്ളാരാ നീയെവിടെ’, ആർട്ടിസ്റ്റ് സോമൻ അഥീനയുടെ ‘മാതൃരാജ്യം’ എന്നീ കവിതകൾക്കും ലഭിച്ചു.
പി. കെ. ശ്രീവത്സൻ കണ്ണൂർ സ്വദേശിയും ജയപ്രകാശ് എറവ് തൃശ്ശൂർ സ്വദേശിയുമാണ്. 2022ലാണ് തൂലികാശ്രീ പുരസ്‌കാരങ്ങൾ കൊടുത്തു തുടങ്ങിയത്.
പുരസ്‌കാര സമർപ്പണം
എട്ടാമത് സ്മൃതി പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്. കേരള സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങ്, കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പി. വി. കൃഷ്ണൻ നായർ ഉദ്‌ഘാടനം ചെയ്തു. കേരള നിയമസഭ മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഷംസുദ്ദീന്റെ പത്നിയും വ്യാസ കോളേജ് മലയാളവിഭാഗം മേധാവിയുമായിരുന്ന എഴുത്തുകാരി ഡോ. പി. സരസ്വതി അദ്ധ്യക്ഷത വഹിച്ചു. സീനിയർ ജേർണലിസ്റ്റ് ഫോറത്തിന്റെ സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടർ സാം ‘ഷംസുദ്ദീൻ അനുസ്മരണം’ നടത്തി. തൃശ്ശിവപേരൂർ മോഹനചന്ദ്രൻ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. എം. വി. വിനീത, അനിൽ സാമ്രാട്ട്, പി. അപ്പുക്കുട്ടൻ എന്നിവരും അവാർഡ് ജേതാക്കളും സംസാരിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. ശ്രീകുമാർ സ്വാഗതവും പി. എൻ. കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു.
ആര്‍. ഐ. ഷംസുദ്ദീന്‍
തൃശ്ശൂർ വലപ്പാട് രായമരയ്ക്കാര്‍ വീട്ടില്‍ ഇബ്രാഹിമിന്റെയും കുഞ്ഞാമിനയുടെയും മകനായ ആര്‍. ഐ. ഷംസുദ്ദീന്‍ 1982ലാണ് അങ്കണം സാംസ്‌കാരികവേദി രൂപീകരിച്ചത്. 2017 ജൂലൈ 19ന് അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തൃശ്ശൂരിലെ പൂത്തോളിലുള്ള വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
അങ്കണത്തിലൂടെ നവാഗതരായ നിരവധി എഴുത്തുകാരെ ഉയർത്തികൊണ്ടുവന്നിട്ടുള്ള ഷംസുദ്ദീന്‍, അവർക്കു വേണ്ടി നിരവധി സാഹിത്യ മത്സരങ്ങളും ക്യാമ്പുകളും സംഘടിപ്പിക്കുകയും അവരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
തൃശ്ശിവപേരൂർ മോഹനചന്ദ്രൻ, അനിൽ സാമ്രാട്ട്, കെ. ആർ. മുരളി, കെ. ആർ. ജോഷി, പി. എൻ. കൃഷ്ണൻകുട്ടി, സന്തോഷ് കുമാർ കെ, പി. എൻ. സഹദേവൻ, ശാന്ത കൃഷ്ണൻകുട്ടി, പ്രേമലത എം. എ. തുടങ്ങിയവരാണ് ഇപ്പോൾ അങ്കണം സാംസ്‌കാരികവേദിയെ നയിക്കുന്നത്.
പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം









