മോനേ, മുത്തശ്ശിക്കൊരു കലണ്ടർ
കൊണ്ടുവരണേ എന്ന്.
അതെന്തിനാ മുത്തശ്ശിക്കു മാത്രമായൊരു കലണ്ടർ?
ഒരു വീട്ടിലൊരു കലണ്ടർ പോരേ
എന്നു സ്വയം ചോദിച്ചു.
ശരീരം കലണ്ടറായപ്പോൾ
പ്രണയിനി കുളിമുറിയിലേക്ക് പോയി.
എന്റെ കലണ്ടറിൽ ഒരു ദിവസമേയുള്ളൂ, അത്
ഹാപ്പി ബർത്ഡേയാണെന്നു മകൾ കിലുക്കാംപെട്ടിയായി.
ഞങ്ങൾക്കാരും കലണ്ടർ തരാനില്ല,
എങ്കിലും ഞങ്ങൾ കൃത്യമായി തളിരിടാം, പൂവിടാം, വിത്തിടാം
എന്നു പറഞ്ഞ് മരങ്ങൾ മഴക്കലണ്ടർ നോക്കി
നൃത്തം ചെയ്തു.
അപ്പോഴും മുത്തശ്ശി പറഞ്ഞു, മോനേ
മുത്തശ്ശിക്കൊരു കലണ്ടർ, മറക്കല്ലേ.
വാച്ച് കെട്ടാത്ത മുത്തശ്ശിക്കെന്തിനാ കലണ്ടർ
എന്നു ചോദിച്ചപ്പോൾ മുത്തശ്ശി പറഞ്ഞു,
കാലത്തെ കയ്യിലൊതുക്കാനാവില്ലെന്ന്,
കാലം നിഴലായി ഒപ്പമുണ്ടല്ലോ എന്നും
ഒരാളുടെ നിഴലല്ല മറ്റൊരാളുടെ നിഴൽ
എന്നും മുത്തശ്ശി.
ഒരു വീട്ടിലൊരു കലണ്ടർ പോരേ,
പിന്നെന്തിനാ മുത്തശ്ശിക്ക് മാത്രമായൊരു കലണ്ടർ
എന്നു ചോദിച്ച ഞാൻ പിന്നീട്
ഏറെ സ്നേഹത്തോടെ ഒരു കലണ്ടർ
കൊണ്ടുക്കൊടുത്തു.
അതെടുത്ത് വിടർത്തിയും മടക്കിയും മുത്തശ്ശി പറഞ്ഞു,
ഇത്തവണ വൃശ്ചികം ഒന്ന് വ്യാഴാഴ്ചയാ.
അതിനെന്താ എന്നായി ഞാൻ.
കഴിഞ്ഞ വൃശ്ചികം ഒന്നിനാ ഞാനമ്പലത്തിൽ വീണത്.
* “കാലെല്ലു പൊട്ടിക്കിടന്ന നേരത്തു ഞാൻ
കണ്ടതേ ലോകം, യഥാർഥ ലോകം.”
എന്നപോലപ്പോഴും മുത്തശ്ശി പറഞ്ഞു,
കഴിഞ്ഞ വൃശ്ചികം ഒന്ന്, ശിവ ശിവ,
ഞാൻ വിചാരിച്ചതല്ല എഴുന്നേറ്റ് നടക്കുമെന്ന്.
അപ്പോഴാണ് മനസ്സിലായത്,
മുത്തശ്ശിക്ക് മാത്രമായൊരു കലണ്ടർ ഉണ്ടെന്ന്.
ഓരോരുത്തർക്ക് ഓരോ കലണ്ടർ
ഉണ്ടെന്ന്.
* ഒളപ്പമണ്ണയുടെ ‘നിത്യകല്യാണി’ കവിതാ സമാഹാരത്തിലെ ‘ഒരു കുടുംബഗാഥ’ എന്ന കവിതയിലെ വരികൾ.