
സമത്വവാദം മണ്ടന്മാരുടെ തലമുറയെ സൃഷ്ടിക്കുന്നു; സ്ത്രീയും പുരുഷനും തുല്യരല്ല: കങ്കണ റണൗട്ട്
സ്ത്രീ ഒരിക്കലും പുരുഷനു തുല്യമല്ലെന്നും അങ്ങനെ കരുതുന്നവര്‍ മണ്ടന്മാരാണെന്നും ബോളിവുഡ് താരവും എംപിയുമായ കങ്കണ റണൗട്ട്.
ജെന്‍ഡര്‍ വ്യത്യാസമില്ലാതെ ലിംഗസമത്വത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയതോടെ ലോകം മണ്ടന്മാരായ ഒരു തലമുറയെ സൃഷ്ടിക്കുകയാണെന്നും ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തിൽ അവർ അഭിപ്രായപ്പെട്ടു.
‘താന്‍ അംബാനിക്ക് തുല്യയല്ലെന്നും നാല് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ തനിക്കു തുല്യനല്ല അംബാനിയെന്നും’ തുടങ്ങിയ ഉദാഹരണങ്ങൾ നിരത്തിയ താരം, നമ്മള്‍ എല്ലാവരും വ്യത്യസ്തരാണെന്നും നമ്മള്‍ക്കെല്ലാവര്‍ക്കും വ്യത്യസ്ത ചുമതലകളാണ് ഉള്ളതെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.
ടൈംസ് നൗവിന്റെ, ദ ന്യൂസ് അവേർഴ്സിൽ നടന്ന ഒരു അഭിമുഖത്തിൽ ‘സമത്വവാദവും മതനിരപേക്ഷതയും ആവശ്യമാണോ’ എന്ന മാധ്യമപ്രവർത്തക നാവിക കപൂറിന്റെ ചോദ്യത്തിനാണ് ഈ അഭിപ്രായം താരം നടത്തിയത്.
‘നിങ്ങൾക്ക് ഈ മേഖലയിൽ എന്നെക്കാൾ പരിചയമുണ്ട്. പക്ഷേ, കലയുടെ കാര്യത്തിൽ നിങ്ങള്‍ എനിക്കു തുല്യയല്ല. ഒരു തൊഴിലാളിക്ക് എന്നേക്കാൾ കൂടുതൽ സഹിഷ്ണുതയുണ്ട്. ഞാൻ ആ വ്യക്തിക്കു തുല്യയല്ല. ഒരുകുട്ടി ഒരു സ്ത്രീക്കു തുല്യനല്ല. സ്ത്രീ പുരുഷനു തുല്യയല്ല. ഒരു പുരുഷന്‍ കുടുംബത്തിലെ മുതിർന്ന ആൾക്ക് തുല്യനല്ല.
തുല്യത എന്ന സങ്കല്‍പ്പം മണ്ടന്മാരുടെ തലമുറയെ മാത്രമേ സൃഷ്ടിക്കുന്നുള്ളൂ. തങ്ങളാണ് ഏറ്റവും മികച്ചവരാണെന്നും തങ്ങള്‍ക്ക് എല്ലാമറിയാമെന്നും ധരിക്കുന്ന ഇവർക്ക് അനുഭവസമ്പത്തുള്ളവരോടു ബഹുമാനമില്ല. 25 വര്‍ഷം അനുഭവസമ്പത്തുള്ള മേലധികാരികളോടു ബഹുമാനമില്ല. കൂടുതല്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കാത്തതിനാല്‍ സ്ഥാനക്കയറ്റം വേണമെന്നുപോലും ആഗ്രഹിക്കാത്ത വിഡ്ഢികളുടെ തലമുറയാണ് ഇതിന്റെ ഫലമായി ഉണ്ടാകുന്നത്.’ എന്നും താരം അഭിപ്രായപ്പെട്ടു.
ലിംഗവ്യത്യാസമില്ലാത്ത കാഴ്ചപ്പാടിലേക്കു ലോകം കുതിച്ചുകൊണ്ടിരിക്കെ, ലിംഗസമത്വത്തെകുറിച്ചുള്ള കങ്കണയുടെ നിലപാട് ശ്രദ്ധേയമായിരിക്കുകയാണ്.
ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്, കങ്കണ റണാവത്ത്.
പുരുഷ കമ്മീഷൻ അനിവാര്യം: പ്രിയങ്ക അനൂപ്
അതേസമയം, സ്ത്രീയും പുരുഷനും തുല്യരല്ലെന്ന കാഴ്ചപ്പാടിന് ഇപ്പോൾ പിന്തുണ ഏറിവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മലയാളത്തിലെ പ്രമുഖനടി പ്രിയങ്ക അനൂപും സമാനമായ കാഴ്ചപ്പാടുകൾ പങ്കുവെച്ചിരുന്നു.
‘പുരുഷന്മാർക്കൊപ്പം നിൽക്കുന്നയാളാണു താൻ. പുരുഷന്റെ സ്ഥാനം സ്ത്രീകളെക്കാൾ ഒരുപടി മുകളിലാണ്. സ്ത്രീ- പുരുഷ പ്രശ്നങ്ങളിൽ ഭൂരിഭാഗം പുരുഷന്മാർക്കും നീതി കിട്ടുന്നതായി തോന്നുന്നില്ല. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാല്‍ തെളിയുന്നതു വരെ പുരുഷന്മാർക്കു നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും വേദനയും എല്ലാം അത്ര നിസാരമല്ല.
ഒരു ഹോട്ടൽ റൂമിൽ ഒരു സ്ത്രീ സ്വന്തം ഇഷ്ടത്തോടെ വന്നാൽ തന്നെയും പുറത്തിറങ്ങി അവർ പറയുന്നത് എന്താണ്?
ഒരു സ്ത്രീ ഹോട്ടൽ മുറിയിൽ പോകുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം ആ സ്ത്രീതന്നെ ഏറ്റെടുക്കണം. അല്ലാതെ പുരുഷന്മാരെയല്ല കുറ്റം പറയേണ്ടത്. മാധ്യമങ്ങൾ പുരുഷന്മാരുടെ മുഖം മാത്രം കാണിക്കുകയും സ്ത്രീകളുടെ മുഖം മറയ്ക്കുകയും ചെയ്യും.
സ്ത്രീകളാണെങ്കിൽപ്പോലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണം.’ തുടങ്ങിയ കാര്യങ്ങളാണ്, പ്രിയങ്ക അനൂപ് പറഞ്ഞത്.
പുരുഷന്മാർക്കു സംഘടന വേണമെന്ന് ആവശ്യപ്പെടുന്ന പ്രിയങ്ക, രാജ്യത്ത് ‘പുരുഷ കമ്മീഷൻ’ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഇപ്പോൾ.