Prathibhavam First Onappathippu-2025
Enikku Pinnil Parakkathe Nilkkunna Oru Pakshiyundu-Malayalam poem by Dr.Roshni Swapna-Prathibhavam First Onappathippu-2025

നിക്ക് പിന്നിൽ
പറക്കാതെ നിൽക്കുന്ന
ഒരു പക്ഷിയുണ്ട്.

നിനക്കൊപ്പം നിൽക്കുന്നത്
ഞാനാണ്
പക്ഷേ
നിനക്കൊപ്പം കാണുന്ന നിഴൽ
എന്റേതല്ല.

ഇലകൾക്കറിയാം-
ഏതു മരത്തിൽ മുളക്കണമെന്ന്!

പക്ഷേ ജലം കൊണ്ടുതുള വീണ
മണ്ണിനെ തിരിച്ചറിഞ്ഞു മുളക്കാൻ
വിത്തിനു മാത്രമേ കഴിയൂ.

നീ സംസാരിക്കുന്നത്
എന്നോടായിരിക്കാം…

പക്ഷി ഇപ്പോഴും എന്റെ മുന്നിൽ
പറക്കാതെ നിൽക്കുന്നു.

അത് മിണ്ടുന്നില്ല.

അതിന്റെ മൗനത്തിൽ
കറുത്ത തിരമാലകൾ തിളക്കുന്ന
ഒരു കടലുണ്ട്.
വെണ്ണ പോലെ ചിറകുകൾ വീശി,
ആ കടലിൽ നീന്തുന്ന
വെളുത്ത കൊക്കുകളുണ്ട്.

ഉരുണ്ടുകൂടിയ പാറക്കല്ലുകൾക്കിടയിൽ
കുരുങ്ങിപ്പോയ മീനുകളോട്
ഞാൻ എന്റെ ജീവിതം പറയുന്നു.

എനിക്ക് കൂട്ടായി
ദൈവങ്ങളും പിശാചുക്കളും
യക്ഷിയും ബുദ്ധനും വരുന്നു.

എന്റെ മരണസമയത്ത് പൂക്കാൻ
ഒരു മുല്ല
തിടുക്കപ്പെട്ട് മരമായ് മുളക്കാൻ ഒരുങ്ങുന്നു.

ആരോ
എനിക്ക് ഒരു കോപ്പ വിഷം തരുന്നു,
ഒന്നും പറയാതെ
ഞാൻ അത് കുടിക്കുന്നു.

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക