Prathibhavam First Onappathippu-2025
Ennonam-Malayalam poem by Rajan Kailas-Prathibhavam First Onappathippu-2025

ചാണകത്തിണ്ണയില്‍
ഇലയിട്ടിരിക്കവേ
അഞ്ചാറു കറികളും സ്‌നേഹവും
കൂട്ടിയെന്നമ്മ വിളമ്പിയോരോണം,
കാത്തുകാത്തുള്ളൊരു
പുത്തനുടുപ്പെന്റെ
കൈയില്‍പ്പിടയ്ക്കുന്നൊരോണം!

ദേഹത്തു തുമ്പയും
വച്ചുകെട്ടിപ്പിന്നെ
പുലികളിയാവുന്നൊരോണം
ഉണക്കവാഴക്കച്ചികെട്ടിയുരുട്ടിയ
പന്തടിച്ചുത്സാഹമോണം!

ഓണമെന്നാലിന്നു
കോടികള്‍ വില്‍ക്കേണ്ട
കോര്‍പ്പറേറ്റുത്സവംമാത്രം!

സുന്ദരിച്ചേച്ചിമാര്‍
പാട്ടും കളിയുമായ്
മാഞ്ചോട്ടിലുത്സവമോണം
പിറ്റേന്നു ലേശം പുളിച്ച സാമ്പാര്‍ കൂട്ടി
നല്ല പഴങ്കഞ്ഞിയോണം!
ഓര്‍മ്മതന്നുപ്പേരിയോണം,
മനസ്സിലെ-
ഊഞ്ഞാലിലാടുന്നൊരോണം!

കസവുമുണ്ട, ത്തപ്പൂവൊക്കെയും
കപ്പലില്‍
ചൈനയില്‍ നിന്നല്ലോ വന്നു…
മാവേലിയപ്പനെ ആരോപിടിച്ചൊരു
തുണിക്കടമുന്നില്‍ തളച്ചു!

മക്കളും പിള്ളേരും
ഫേസ്ബുക്കില്‍ വാട്‌സപ്പില്‍
ഓണം കളിച്ചിരിക്കുന്നു….
ഞാനുമീ ടി വിക്കു മുന്നിലാണിപ്പൊഴും
സദ്യയ്ക്കു പാഴ്‌സലും കാത്ത്…!

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹