Indian Independence day 2025
Gandhi-Malayalam Poem written by Padmadas-Indian independence day poem

ഗാന്ധി

റഞ്ഞുപറഞ്ഞ്
പാടിപ്പാടി
കാലാന്തരത്തിൽ
പരിണാമം വന്ന
വാക്കുപോലെ,
ഉപയോഗിച്ചുപയോഗിച്ച്
തേഞ്ഞും മുഷിഞ്ഞും
അർത്ഥഭംഗം വന്നുപോയി
ആ പേരിന്;
ആ ചിത്രമാലേഖനം ചെയ്ത്
ക്രയവിക്രയം നടത്തി
കാലക്രമേണ
മൂല്യം കുറഞ്ഞുപോയ
നോട്ടുകൾ പോലെ.

നാടൻ തട്ടുകടയിലെ
എരിഞ്ഞു കത്തുന്ന മുളകുചമ്മന്തിയെ
ആ പേരുതന്നെ വിളിച്ചുപറഞ്ഞാലേ
ഞങ്ങൾക്കു തൃപ്തി കിട്ടൂ.
ഇരുവശവും അഴുക്കുകുനകൾ നിറഞ്ഞ
അവിടുത്തേക്കഹിതമായ
*മോട്ടോർ വാഹനങ്ങൾ ചീറിപ്പായുന്ന റോഡിനും
അവിടുത്തെ ധർമ്മമാർഗ്ഗങ്ങളെ
അത്രയൊന്നും അടുത്ത് പിൻതുടരാതിരിക്കുന്ന
കലാശാലയ്ക്കും,
ഞങ്ങൾക്ക്
ആ പേരിന്റെ ആദ്യപാദത്തിന്റെയും
രണ്ടാം പാദത്തിന്റെയും
ചുരുക്കെഴുത്തുതന്നെ വേണം.

സ്വതന്ത്രതയുടെ
ആഘോഷത്തിമിർപ്പുകളിൽ നിന്ന്
നവഖാലിയിലെ തെരുവുകളിലേയ്ക്ക്
പലായനം ചെയ്യുന്ന
അങ്ങയുടെ പാദങ്ങൾപോലെ,
ഞങ്ങൾക്കു നന്നായറിയാം,
ആ പേർ പറയുന്നിടത്തൊന്നും
അങ്ങില്ല; ആ ധർമ്മസംഹിതകളില്ല
ഇപ്പോഴെന്ന്.

ഫിഡലിനെയും ചെഗുവേരയേയും
നെഞ്ചിലണിഞ്ഞു നടക്കുന്ന
ന്യൂജെൻ ട്രൻഡുപോലെ,
വരികളിൽ നിന്ന് അർത്ഥം ഓടിയൊളിച്ച
അങ്ങയുടെ ‘ഈശ്വർ അള്ളാ തേരേ നാം’
ഗീതം പോലെ,
ഞങ്ങൾ ഭയപ്പെടുകയാണ്
ആ പേരും ചിത്രവും പോലും
ബ്രാൻഡു ചെയ്യപ്പെടുന്ന മൂല്യച്യുതിയാർന്ന
വരാനിരിക്കുന്ന ഇരുളാണ്ട ദിനങ്ങളെ!

* യന്ത്രവത്ക്കരണങ്ങളോടുള്ള ഗാന്ധിജിയുടെ അനിഷ്ടത്തെ മുൻനിർത്തി അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങിനോടനുബന്ധിച്ചുള്ള വിലാപയാത്രയിൽ മോട്ടോർ വാഹനത്തിന്റെ എഞ്ചിൻ പ്രവർത്തിപ്പിച്ചിരുന്നില്ല.

Trending Now