Prathibhavam First Onappathippu-2025
Jarbara-Malayalam poem by Prasad Kakkassery -Prathibhavam First Onappathippu-2025

തുമ്പ തേടി തൊടിയിലാകെ
ഇമ്പമോടെയലഞ്ഞിട്ടും
കമ്പ് നീട്ടി കാട് നീക്കി
തുമ്പതന്‍ ചിരി തെരഞ്ഞിട്ടും
കണ്ണിലൊന്നും പെടുന്നില്ല
കണ്‍കുളിരായ് വെളുക്കുന്ന
മാണ്‍പെഴും തുമ്പക്കഴുത്ത്.

പണ്ട് പാതാളത്തിലാഴ്ത്തി
പാരിടത്തിന്‍ പ്രജാക്ഷേമ
പൂനിലാ, ധവളശോഭ
പ്രേമമോടെ വരുംനാളില്‍
പാര്‍ത്തൊതുങ്ങിയപകര്‍ഷ –
പ്രാക്കുതട്ടുമെളിമയെ
ശിരോഭൂവില്‍ വിതാനിച്ച
സ്‌നേഹധന്യസമഭാവം
കണ്‍പാര്‍ക്കാന്‍ വരുന്നില്ലേ
ഇളം തളിര്‍ തിരി തെല്ലും?

കിടയ്ക്കാതെ കടിത്തുമ്പ-
ക്കടിയേല്‍ക്കുമരിശത്താല്‍
നീറിടുമ്പോളിളിക്കുന്നു
‘ജറബറ’ നിറച്ചാര്‍ത്തായ്
പരുക്കിട്ട മനക്കോണിന്‍
വിളുമ്പത്ത് വെളുക്കനെ!

* ജറബറ/ ജെർബെറാ= സൂര്യകാന്തി വർഗ്ഗത്തിലെ ചെടി. ആഫ്രിക്കൻ ഡേയ്സി, ബാർബെർറ്റോൻ ഡേയ്സി എന്നും അറിയപ്പെടുന്നു.

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക