Prathibhavam First Onappathippu-2025
Kazhchayude Akavum Puravum-Novel review by Kaviyoor Sivaprasad-Darsana Talkies- E. V. Reji-Prathibhavam first onam edition-2025

“All Work of art is auto biographical pearl is oyeter’s autobiography” വിഖ്യാത ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനായ ഫെഡറിക്കോ ഫെല്ലിനി കലയേപ്പറ്റി തന്റെ അഭിപ്രായം പറയുന്നത് ഇപ്രകാരമാണ്.

. വി. റെജി എഴുതിയ ദർശനാ ടാക്കീസ് എന്ന നോവൽ വായിച്ചു കഴിഞ്ഞപ്പോൾ ഫെല്ലിനിയുടെ വാക്യം അന്വർത്ഥമാണെന്ന് എനിക്ക് തോന്നി. ഒരു നാട്ടിൻപുറത്തിന്റെ സ്ഥലരാശിയിൽ സംഭവിച്ച ചില അനുഭവങ്ങളെ ചമൽക്കാരഭംഗി നഷ്ടപ്പെടാതെ നോവലിസ്റ്റ് കയ്യടക്കത്തോടെ ഈ രചനയിൽ പുനഃസൃഷ്ടിച്ചിരിക്കുന്നു.

സിനിമയിലെ റീലുകൾ പോലെ, പതിനൊന്ന് അദ്ധ്യായങ്ങളിലായി ഒരു ഗ്രാമവ്യവഹാര സ്വരൂപത്ത, ജനതയുടെ വൈകാരികവും വിചാരപരവുമായ തലത്തിൽ നിന്നുകൊണ്ട് ദർശനാ ടാക്കിസ് ആഖ്യാനം ചെയ്യുന്നു. കഥാനായകനായ ബാലകൃഷ്ണന്റെയൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നോവലിൽ അവിടവിടെയായി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ബാലകൃഷ്ണന്റെ പരോക്ഷ സാന്നിദ്ധ്യം ഇതര കഥാപാത്രങ്ങളിലും നമുക്ക് ദർശിക്കാവുന്നതാണ്.

ഒരു ഭൗതിക യാഥാർത്ഥ്യത്തെ ഓരോരുത്തരും എപ്രകാരം വിവക്ഷിക്കുന്നു എന്നുള്ളത് ഉത്കൃഷ്ട കലയുടെ സിദ്ധാന്തമായിട്ടാണ് കരുതപ്പെടുന്നത്. അപ്രകാരം ദർശനാ ടാക്കീസ് ഭൗതികതയിൽ നിന്നും അതീതമായ ഒരു അലിഗറിയായി മാറുന്നുണ്ട്. ഇതിലെ കഥാപാത്രങ്ങളിൽ പലരും വൈവിദ്ധ്യമാർന്ന രീതിയിലാണ് ദർശനാ ടാക്കീസ് എന്ന ഓലപ്പുരയെ കാണുന്നത്. അവിടെ കളിച്ച പല ചിത്രങ്ങളും നോവലിന്റെ സ്വന്തം ജീവിതത്തെ സ്വാധീനിച്ചതാകുന്നു എന്ന് തോന്നുന്ന തരത്തിലുള്ള സാക്ഷ്യപത്രം കൂടിയാണ് ഈ രചന.

ഗ്രാമ വിശുദ്ധിയുടെ പ്രതീകമായി കേരളത്തിലെമ്പാടും ഇത്തരം ഓലക്കൊട്ടകകൾ ഒരു കാലത്ത് നിലനിന്നിരുന്നു. അത് കേവലം ഗൃഹാതുരതയ്ക്കപ്പുറം, ദൃശ്യാനുഭവത്തിന്റെ വ്യാകരണ പൊരുളും സംസ്ക്കാരത്തിന്റെ ഭാഗവുമായിരുന്നു. ഈ ദൃശ്യസംസ്കൃതി അക്കാലത്തെ ജീവിതത്തിന്റെ അഭിഭാജ്യ ഘടകവുമായിരുന്നു.

ദർശനാ ടാക്കീസിന്റെ ശിൽപ്പഘടന ഒരു മികച്ച സിനിമ പോലെയാണ്. ആദ്യത്തെയും അവസാനത്തെയും അദ്ധ്യായങ്ങൾ രണ്ട് ഗാനങ്ങളാൽ ബന്ധിച്ചിരിക്കുന്നു. ഇടയ്ക്കുള്ള മറ്റ് അദ്ധ്യായങ്ങൾ എഴുപതുകളിലും എൺപതുകളിലുമിറങ്ങിയ ഒൻപത് സിനിമകളുടെ പേരുകൾ കൊണ്ടു കോർത്തിണക്കിയിരിക്കുന്നു. ഓരോ അദ്ധ്യായങ്ങളും തലക്കെട്ടായ സിനിമകളിൽ നിന്ന് ഗ്രാമ്യാനുഭവത്തിന്റെ ജീവിതത്തിലേക്ക് സംക്രമിക്കുന്നതും കാണാം.

അതിൽ ഗ്രാമീണമായ പ്രേക്ഷകരും പ്രൊജക്റ്റ് ഓപ്പറേറ്ററും സ്ഥാപനത്തിന്റെ ഉടമയും തൊഴിലാളികളുമെല്ലാം ജീവസുറ്റ കഥാപാത്രങ്ങളായി മാറുന്നു. ഒരുകാലത്ത്, കേരളത്തിലെവിടെയുമുള്ള പ്രേക്ഷകർക്ക് ഈ കഥാപാത്രങ്ങളെയൊക്കെ സുപരിചിതരെപ്പോലെ ഈ നോവലിൽ തിരിച്ചറിയാവുന്നതാണ്.

Read Also  ഓണസദ്യയുടെ ക്ലീഷേകൾ/ഡോ. അനിൽ കുമാർ എസ്. ഡി. എഴുതിയ ഓണക്കവിത/പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025

ഇവരിലൂടെയൊക്കെ സാമൂഹിക അനീതികളെ ചെറുക്കുന്ന നവീനവും പുരോഗമനപരവുമായ ഒരു ആശയലോകം ഉയർത്തിപ്പിടിക്കാനും നോവലിസ്റ്റിന് കഴിയുന്നു. ഒപ്പം, വർത്തമാനകാലത്തിന്റെ വാണിജ്യവത്ക്കരണത്തിൽ പെട്ടുപോകുന്ന അണുകുടുംബജീവിതത്തിന്റെ ഭീതിദമായ അകവും പുറവും കൂടി ദർശനാ ടാക്കീസിന്റെ അവസാന ഭാഗത്ത് നിഴൽ വീഴ്ത്തുന്നു.

ടിക്കറ്റ് കൗണ്ടറിലെ കിളിവാതിലിൽ കൈകുടുങ്ങിപ്പോയ കുട്ടനാശ്ശാരിയും നായർ സ്ത്രീയായ സുലോചനയും പുതിയൊരു ജീവിതത്തിലേക്ക് പരിണമിക്കുന്നതിൽ, തെറ്റായ മൂല്യവ്യവസ്ഥയോടുള്ള നിഷേധവും പുരോഗമനമായ രാഷ്ട്രീയത്തിന്റെ ഒരുയർന്ന തലവുമുണ്ട്.

അതുപോലെതന്നെ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താലൂക്ക് സമ്മേളനം നടത്താനായി ടാക്കീസ് തുറന്നു കൊടുക്കുന്നതിലും ഈ ഉയർന്ന രാഷ്ട്രീയ മൂല്യം തിരിച്ചറിയാവുന്നതാണ്. ഇ. കെ. നായനാരുടേയും പി. കെ. ചന്ദ്രാനന്ദന്റേയുമൊക്കെ സാന്നിദ്ധ്യത്തിലൂടെ ടാക്കീസിനെ മുൻനിർത്തി നോവലിസ്റ്റ് അവതരിപ്പിക്കുന്ന കലർപ്പില്ലാത്ത രാഷ്ട്രീയം ചർച്ച ചെയ്യപ്പെടേണ്ടതാണ്.
സ്വാമി അയ്യപ്പൻ, ചെന്നായ് വളർത്തിയ കുട്ടി, തെമ്മാടി വേലപ്പൻ തുടങ്ങി ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ വരെയുള്ള ചിത്രങ്ങളിലൂടെ ഏറെ വ്യത്യസ്തമായ അനുഭവങ്ങൾ ആവിഷ്ക്കരിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.

എൺപതുകൾക്ക് ശേഷമുണ്ടായിട്ടുള്ള സമാന്തര സിനിമകളോടുള്ള നമ്മുടെ സമൂഹത്തിന്റെ അകൽച്ച, ചെറിയാച്ചന്റെ ക്രൂരക്രൃത്യങ്ങൾ കാണാൻ ദർശനയിലേക്ക് ചെന്നപ്പോഴുണ്ടായ വിരുദ്ധാനുഭവത്തിലൂടെ നോവലിസ്റ്റ് വ്യക്തമാക്കുന്നു. വാണിജ്യവത്ക്കരണത്തിന്റേയും അത് സൃഷ്ടിക്കുന്ന അശ്ലീലത്തിന്റെയും ദു:സ്വാധീനമാണ് ഇതിലൂടെ അടയാളപ്പെടുന്നത്.

കലയിലെ ബഹുസ്വരത ഈ നോവലിൽ ഏറെ സൂക്ഷ്മമാകുന്നുണ്ട്. അവ ഏകീകൃത സ്വഭാവത്തിൽ എത്തപ്പെടുന്നത്, ദർശനാ ടാക്കീസ് എന്ന യാഥാർത്ഥ്യത്തിലേക്കാണ്. അതുകൊണ്ടുതന്നെ നൂറ്റിഇരുപത് പേജുകൾ മാത്രമുള്ള ഈ ചെറിയ നോവൽ ഭൂതകാലത്തിന്റെയും വർത്തമാന കാലത്തിന്റെയും കാഴ്ചയുടെ അനുഭവങ്ങളെ വലിയൊരു യാഥാർത്ഥ്യമാക്കി തീർക്കുന്നു.

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹