Published on: July 27, 2025

കാസിരംഗ; ഒരു സ്വപ്ന സാക്ഷാത്കാരം
അതൊരു സ്വപ്ന സാക്ഷാത്കാരം കൂടിയായിരുന്നു. ഞങ്ങൾ പോയതിന്റെ തൊട്ടു മുൻപത്തെ വർഷം ഇതേ സമയത്താണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാസിരംഗ സന്ദർശിച്ചത്. അതിന്റെ വാർത്തകളും ചിത്രങ്ങളും വൈറൽ ആയിരുന്നു.
കണ്ടാമൃഗങ്ങൾക്കു പേരു കേട്ടതാണെങ്കിലും കാസിരംഗ ഒരു ടൈഗർ റിസേർവ് വനംകൂടിയാണ്. തൊട്ടുമുൻപത്തെ ആ അനുഭവത്തോടെ ഇനി വരാൻ പോകുന്നതു വല്ല കടുവയോ ആനയോ ഒക്കെയാകാം എന്നു പ്രതീക്ഷിച്ചാണ് ഓരോരത്തരം വണ്ടിയിൽ ഇരിക്കുന്നത്.
ഏഷ്യൻ ആനകൾക്കും പേരുകേട്ട ഇടമാണ്. ഏതു നിമിഷവും അപകടം പ്രതീക്ഷിക്കണം. മുന്നോട്ടുള്ള യാത്രയിൽ എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. ഞാനൊഴികെ കൂടെയുള്ളവരെല്ലാം വളരെ പെട്ടെന്നു ഹാപ്പിയായി. അവർ ഓരോ കാഴ്ചയും ആസ്വദിച്ചുകൊണ്ടേയിരുന്നു. പക്ഷെ, എനിക്കെന്തോ അത്ര പെട്ടെന്ന് അവന്റെ, ആ റൈനോയുടെ വരവ് മനസ്സിൽ നിന്നും പോയില്ല.
പിന്നെയും നിരവധിയിടങ്ങളിൽ റൈനോകളെ ഒറ്റയ്ക്കും കൂട്ടമായും കണ്ടെങ്കിലും ഭയപ്പെടുത്തുന്ന അനുഭവം ഉള്ളിൽ ഉള്ളതുകൊണ്ട് ആരും താഴെയിറങ്ങാൻ മുതിർന്നില്ല. ആ യാത്ര പതിയെ വയലുകളിലേക്കും തുറസായ ചതുപ്പുനിലങ്ങളിലേക്കും കടന്നതോടെയാണ് എന്റെ ശ്വാസം നേരെ വീണത്. ആ ഭാഗങ്ങളിൽ മാനുകളും അപൂർവ്വയിനത്തിൽ പെട്ട പക്ഷികളും ഒക്കെയാണ്. അതൊക്കെ കണ്ടപ്പോൾ മനസ് ശാന്തമായി.
കാസിരംഗ പാർക്കിലെ മിഹിമുഖ് ഭാഗത്ത് സവാരിക്ക് തയ്യാറായിക്കൊണ്ടിരിക്കുന്ന ആനകളും ആനപ്പുറത്തു യാത്ര ചെയ്യുന്ന വിദേശികളും മറ്റൊരു കൗതുക കാഴ്ചയായി. സ്വദേശികളും വിദേശികളുമായി ധാരാളം പേര് ആനസവാരി നടത്തുന്നു. ആനപ്പുത്ത് പ്രത്യേകം ബെഡും വിരിപ്പും ഒക്കെ ഇട്ട്, അതിൽ കയറിയിരുന്നുള്ള ആ യാത്ര കാണേണ്ടതു തന്നെയാണ്. ആനകൾക്ക് തുണികൊണ്ടുള്ള നെറ്റിപ്പട്ടവും കെട്ടിയിട്ടുണ്ട്.
ആനപ്പുറത്തു യാത്ര ചെയ്യുമ്പോൾ വനത്തിനുള്ളിലേക്കു കൂടുതൽ അടുക്കാം. വന്യമൃഗങ്ങളെ ഏറ്റവും അടുത്തുനിന്നു കാണാം. കടുവളെയും കാട്ടുപോത്തുകളെയും ഹിമാലയൻ ഗ്രേ ലംഗൂറുകളെയും(ഏഷ്യൻ കുരങ്ങ്) പെരുമ്പാമ്പുകളെയും മറ്റും കാണണമെങ്കിൽ ഉൾവനത്തിലോട്ടു കടക്കണം. ആനപ്പുറത്തു കേറാൻ ഭയമുള്ളവർക്ക് വന്യമൃഗങ്ങളെ കാണാൻ പാകത്തിലുള്ള വച്ച് ടവറുകളുമുണ്ട്. ബോട്ടു സാവാരിക്ക് ഒരു പാർക്കുമുണ്ട്, റൈനോ ലാന്റ് പാർക്ക്.
പക്ഷെ… എന്തോ, ടീമിലെ ആർക്കും അങ്ങനെ ഒരാഗ്രഹം തോന്നിയില്ല. അങ്ങനെ വയലുകൾ കടന്ന് ഒരു വളവു തിരിഞ്ഞെത്തിയത് ദേശീയപാതയിലേക്കായിരുന്നു. ആശ്വാസത്തിന്റെ നിശ്വാസവും കാസിരംഗ നാഷണൽ പാർക്ക് സന്ദർശനത്തിന്റെ സന്തോഷവും എന്നിൽ ഒരുമിച്ച് അലയടിച്ചു.

കാസിരംഗയിലേക്കുള്ള ഈ യാത്ര… അതൊരു സ്വപ്ന സാക്ഷാത്കാരം കൂടിയായിരുന്നു എനിക്ക്. ഞങ്ങൾ പോയതിന്റെ തൊട്ടു മുൻപത്തെ വർഷം ഇതേ സമയത്താണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാസിരംഗ സന്ദർശിച്ചത്. അതിന്റെ വാർത്തയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അന്നത്തെ സന്ദർശന വേളയിൽ പ്രധാനമന്ത്രി, കാസിരംഗയുടെ വനസംരക്ഷണത്തിനു നിയോഗിക്കപ്പെട്ട സ്ത്രീ ജീവനക്കാരായ വനപാലകരുടെ സംഘമായ വൻദുർഗയുമായി കൂടിക്കാഴ്ച നടത്തുകയും വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്നതിൽ അവരുടെ ധൈര്യത്തെയും സമർപ്പണത്തെയും പ്രശംസിക്കുകയും ചെയ്തിരുന്നു.

ഗോലഘട്ടിലെ കൊഹാറ ടൗണിലെ കാസിരംഗയിലേക്കുള്ള എൻട്രസിൽ നിന്നും കാലത്ത് എട്ടുമണിയോടെ ആരംഭിച്ച ഞങ്ങളുടെ ഹ്രസ്വപര്യടനം ഏകദേശം ഒന്നര- രണ്ടുമണിയോടെ അവസാനിപ്പിച്ചു ഞങ്ങൾ നേരെ ആസ്സാമിലെ പ്രസിദ്ധമായ മഹാ മൃത്യുഞ്ജയ് ക്ഷേത്രം കാണാൻ നാഗോണിലേക്കു പുറപ്പെട്ടു.
തുടരും…
കാസിരംഗ
1905ൽ റിസർവ് ഫോറസ്റ്റ് ആയ 1974ലാണു കാസിരംഗ നാഷണൽ പാർക്ക് ആയി മാറിയത്. ഒറ്റക്കൊമ്പുള്ള കണ്ടാമൃഗങ്ങളുടെ പാർക്ക് എന്ന പേരിൽ ലോകപ്രശസ്തി ആർജിച്ച ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് 1999ൽ രാജ്യത്തെ ഏറ്റവും മികച്ച പാർക്കിനുള്ള ‘മില്ലേനിയം’ അവാർഡ് വൈൽഡ് ലൈഫ് ഫണ്ട്- ടൈഗർ കൺസർവേഷൻ പ്രോഗ്രാമിൽനിന്നും(WWF- TCP) ലഭിക്കുകയുണ്ടായി. തുടർന്ന്, 2006ൽ ടൈഗർ റിസർവായും ഈ ദേശീയോദ്ധ്യാനം പ്രഖ്യാപിക്കപ്പെട്ടു.
ബ്രഹ്മപുത്രയും മികിർ മലനിരകളും നിറഞ്ഞു നില്ക്കുന്ന, നിത്യഹരിത വനമേഖലയായ കാസിരംഗയിലെ കാലാവസ്ഥ പൊതുവെ മിതമാണ്. എന്നിരുന്നാലും, വർഷം പരക്കെ ചാറ്റൽ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇവിടെ നവംബറിലാണു ശൈത്യം ആരംഭിക്കുന്നത്. ജനുവരിവരെ അതു നീണ്ടു നില്ക്കും. ഫെബ്രുവരിമുതൽ പിന്നെ വേനല്ക്കാലമാണ്. ജൂൺ അവസാനത്തോടെ ആരംഭിക്കുന്ന മൺസൂൺ ജൂലൈയോടെ അവസാനിക്കും.
നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ജൂൺ- ജൂലൈ മാസങ്ങളിൽ കനത്ത മഴ ഉണ്ടാകുകയും വനത്തിൽ വെള്ളം നിറയുകയും ചെയ്യുന്നതിനാൽ ജൂൺ മുതൽ ഒക്ടോബർ വരെ പ്രവേശനമില്ല.
Images credit: Narendra Modi/x.com