മധുര നൊമ്പരം

നിന്റെ കൈ
എന്റെ കയ്യിലുണ്ടാകണമെന്ന്
എനിക്കു നിർബന്ധമില്ല.
നിന്റെ ഊഷ്മാവിന്റെ ഒരു കണികപോലും
എന്നരികിലുണ്ടാകണമെന്നുമില്ല.
സ്നേഹം അളക്കുന്നത്,
സ്പർശനത്തിലൂടെയോ
സാന്നിധ്യത്തിലൂടെയോ അല്ല;
എവിടെയാണോ നമ്മുടെ സ്വപ്‌നങ്ങൾ സ്വതന്ത്രമാകുന്നത്,
അവിടെ സ്നേഹം ചിറകടിക്കുന്നു.

തൊട്ടറിയാനുള്ള ലജ്ജകൊണ്ട്,
ഒരിക്കൽ നീ അകന്നുപോയാൽ;
നിന്നോടുള്ള അമിതമായ ഇഷ്ടം
എന്റെ ഞരമ്പുകളിലൂടെ പാഞ്ഞ്,
വിരഹത്തിന്റെ
സുഖമുള്ള ഒരു നൊമ്പരത്തിലേക്കു
ഞാൻ പറന്നടുക്കും.

നീ,
ചൂളം വിളിക്കുന്ന കാറ്റിലില്ല.
എന്നിട്ടും,
ഓരോ കാറ്റും നിന്റെ പേര് ചൊല്ലുന്നു.
എന്നരികിലുള്ള കാൽപ്പാടുകളിൽ നീയില്ല.
എന്നിട്ടും,
നീയെപ്പോഴും കൂടെയുള്ളതുപോലെ,
ഞാൻ നടക്കുന്നു.

നിന്റെ ശബ്ദം
കാറ്റിലലിയുകകയാണ്;
ഞാൻ നിന്നെ പിന്തുടരട്ടെന്നോ;
അതോ,
ആ ധ്വനി വെറുതേ ആസ്വദിച്ചാൽ മതിയെന്നോ?

മൂർത്തമായ ഒരു രൂപത്തിൽ നിന്നെ ഞാൻ
തിരയുകയില്ല;
കാരണം, അത് ഇപ്പോഴും എപ്പോഴും; 
പ്രകൃതി എനിക്കായി വരച്ചിട്ട,
മായാത്ത ഒരേയൊരു ഛായാചിത്രമായി,
കണ്ണിൽ നില്ക്കുകയാണ്.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Copyright©2025Prathibhavam | CoverNews by AF themes.