Published on: September 7, 2025

കവിയും പ്രഭാഷകനും പുരോഗമന കലാ- സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി. പി. വാസുദേവനെകുറിച്ചുള്ള കവിത.

ഗ്ലൂക്കോസിന്റെ വിഷമത്തുള്ളികൾ
വീണുകൊണ്ടേയിരുന്നു…
മയക്കം ചിറകടിച്ചപ്പോൾ
മാഷ് അത്ഭുതത്തോടെ എന്നെ കണ്ടുപിടിച്ചു.
”ഏതാണ് ഏറ്റവും വലിയ ലോകാത്ഭുതം?”
”ദൈവം.”
മാഷ് ചിരിച്ചു,
വിചാരിച്ചത് കേട്ടപോലെ.
”വിശ്വാസിയാണപ്പോൾ!”
”അല്ല, അതേ…”
”അതെന്താണങ്ങനെ?”
”ബോധത്തിലില്ല, അബോധത്തിലുണ്ട്.”
നഴ്സ് വന്നു.
കാലിയായ കുപ്പി കുപ്പയിലിട്ടു.
മാഷ് വീണ്ടും ചോദിച്ചു:
”വീട്ടിലാരാണ് കൂട്ട്?
മകളെന്നു വരും?
ഭൂമിയുടെ കറക്കം ഇടതോട്ടോ വലതോട്ടോ?
മുന്നോട്ടോ? പിന്നോട്ടോ?”
വീടിന് ഉത്തരമില്ലായ്മയുടെ
നിശ്ശൂന്യനിശബ്ദനിലനില്പ്.
നാടിന് ഭൂതപ്രേതപാതാളഗമനം.
ജനലിലൂടെ നോക്കിയപ്പോൾ
അതിഥിത്തൊഴിലാളികൾ
ചക്രവാളത്തിൽ
ചോരയുടെ വാർണീഷടിക്കുന്നതു കണ്ടു.
ചുമരിൽ കുട്ടിയാൽ നയിക്കപ്പെടുന്ന
ചിരിക്കുന്ന ഗാന്ധിച്ചിത്രം.
മേശപ്പുറത്ത് വായിച്ചുവെച്ച
പുസ്തകച്ചട്ടയിൽ
അംബേദ്കർ ഗൗരവംപൂണ്ടു.
തുറന്നിരിക്കുന്ന ബാഗിന്റെ കള്ളിയിൽ
ഇ. എം. എസ്. വിക്കിക്കൊണ്ടിരുന്നു.
മോന്തായത്തിലിരുന്ന് പ്രാവുകൾ കുറുകി;
പല്ലികൾ ചിലച്ചു.
ഉത്തരമില്ലായ്മയുടെ
തന്ത്രികൾ മുറുകി.
ചോദ്യം ശാസ്ത്രീയമോ രാഷ്ട്രീയമോ
എന്ന സന്ദേഹത്തിനിടയിൽ
മാഷ് വീണ്ടും മയങ്ങി.
അവസാനം കണ്ടപ്പോൾ ചോദിച്ചു,
”കുട്ടിക്ക് അരിക്കാശിനെന്താ വഴി?”
”പി.എച്ച്.ഡി. പ്രബന്ധങ്ങൾ
എഡിറ്റുചെയ്തു കൊടുക്കുന്നുണ്ട്.”
”എനിക്കും എടുക്കണം പി.എച്ച്.ഡി.”
”ഇനിയെന്തിനാ മാഷേ?”
”വേണം.”
”എന്താ വിഷയം?
ആരാ ഗൈഡ്?”
മാഷ് ആലോചനയിലാണ്ടു…
കുറച്ചു കഴിഞ്ഞപ്പോൾ ഉറുമ്പരിക്കുന്ന
ഒരു തമാശ പുറത്തുവന്നു.
രാവിലെ ചഞ്ചലഭാഷിണി വിളിച്ചു,
”ഹലോ ഹലോ ഹലോ…”
‘ങ്ഹേ…എന്തുപറ്റി?’
”പ്രത്യേകിച്ചൊന്നുമുണ്ടായിരുന്നില്ല.
രാവിലെ കുളിച്ചു.
കഴിച്ചു.”
ടീച്ചറോട് വർത്താനം പറയുകയായിരുന്നു:
”പേരുവെട്ടി വന്നാൽ
താമസം മാറണംട്ടോ
ഇനി താമസിക്കണ്ട.
വൈലോപ്പിള്ളിയുടെ ഓർമ്മസൈക്കിളുന്തി
പ്രേംജിയുടെ ഓർമ്മക്കുടചൂടി
വടക്കുംനാഥനെ വട്ടം കറക്കണം.
നെഹ്റു പാർക്കിലിരുന്ന്
പഴയ കവിത ഓർക്കണം.
പുതിയ കവിത വാർക്കണം.
കെട്ട സാമ്പിളിനു തീകൊടുക്കണം.
നിലച്ച പൂരത്തിന് കീ കൊടുക്കണം.
ഇലഞ്ഞിത്തറയിലുറയണം.
തൈപ്പൂയക്കാവടിയാടണം.
‘വൈലോപ്പിള്ളിസ്മരണകൾ’
എഴുതിത്തീർക്കണം.
‘ഇ. എം. എസ്. അനുഭവം സംവാദം’
എഴുതിത്തുടങ്ങണം.
‘ഒഡീസിയസ്സിന്റെ പാട്ട്’
പുതിയ പതിപ്പിറക്കണം.
എം. ആർ.സിയെയും കെ.വി.ആറിനെയും
ഇടയ്ക്കിടയ്ക്ക് കാണണം.
എം.ആർ.ബിയുടെ വീടിനടുത്ത്
പഴയൊരു വീടെടുക്കണം.
തേക്കിൻകാട്ടുസഖാക്കളോട്
പ്രസംഗിക്കണം…”
വാക്കുകൾ കുഴഞ്ഞു…
വേഗതയുടെ മേല്നോട്ടത്തിൽ
മരണത്തിന്റെ പി എച്ച് ഡി
എടുക്കണമെന്നു പറഞ്ഞ
കരിഞ്ചിരിയുടെ
പരംപൊരുൾ വിരിഞ്ഞു.
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക






