Published on: September 8, 2025


‘എത്രയും പ്രിയമുള്ള…’
എഴുതിത്തുടങ്ങിയതാണ്. പക്ഷെ, ആർക്കാണ് എഴുതുക? എത്രയോ കാലമായി ഒരു കത്തെഴുതിയിട്ട്; സ്വന്തം മേൽവിലാസത്തിൽ ഒരു കത്ത് വന്നിട്ടും. വല്ലാത്ത ഒരു ഗൃഹാതുരത്വമാണ് എഴുത്ത്; അതിലേറെ ഹരവും. ആർത്തിയാണ് എഴുതാൻ. അതെങ്ങനെയാണു പറഞ്ഞറിയിക്കുക? ആരോട്..?
‘പ്രിയപ്പെട്ട അമ്മുവിന്…’
അല്ലെങ്കിൽ,
‘എന്ന് സ്വന്തം അമ്മു’
അങ്ങോട്ടായാലും ഇങ്ങോട്ടായാലും അഭിസംബോധനാ സുഖമുള്ള, തന്റേതെന്നു ഫീൽ തരുന്ന, കുർളിമ്മയുള്ള ഒരെഴുത്ത്…
തനിക്കാരുണ്ട്, ഇങ്ങനെയൊന്നു കിട്ടാനും കൊടുക്കാനും… അത്രയ്ക്കും പ്രിയപ്പെട്ടവരായി…
ഹൃദയത്തിൽ എന്തെന്നോ എന്തിനെന്നോ അറിയാത്ത നൊമ്പരം കുമിഞ്ഞുക്കൂടുന്നു. അമ്മിണി അസ്വസ്ഥയായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
ഈ വീട്ടിൽ എവിടെ നോക്കിയാലും എഴുത്തുകളാണ്. ഇൻലന്റുകൾ, കവറുകൾ, കാർഡുകൾ; സ്വദേശിയും വിദേശിയുമായ കത്തുകൾ- പരിചിതരും അപരിചിതരുമായ ആളുകളിൽ നിന്ന്, നാട്ടിൽ നിന്നും അന്യനാടുകളിൽ നിന്നും.
ഇവയിൽ ഒന്നിനുപോലും വികാരങ്ങളുടെ, ബന്ധങ്ങളുടെ ആത്മാംശമില്ല. സ്നേഹസ്പർശമില്ല. ക്ഷേമാന്വേഷണങ്ങളും കുശലം പറച്ചിലുകളുമില്ല. ഒരുപക്ഷെ, തനിക്കറിയാത്ത ജനപഥങ്ങളുടെ, സംസ്കൃതികളുടെ സാക്ഷ്യങ്ങളാകാം അവ.
എന്നാലും…
തനിക്ക് എഴുത്ത് ഒരു സങ്കല്പ്പമാണ്, അനുഭവമാണ്. ജീവന്റെ തുടിപ്പാണ്; ഉയിർപ്പും ഉണർവുമാണ്. അലഞ്ഞു തളരുന്ന മനസിനെ തഴുകിയൊഴുകുന്ന കുളിർതെന്നലാണ്.
അങ്ങനെയൊന്നു തനിക്കെഴുതുവാൻ ആരാണുണ്ടാവുക? വരികൾക്കിടയിൽ മനസുകാണാൻ കഴിയുന്ന… കൊതിക്കുന്ന ആരെങ്കിലും… തന്റെ വികാര- വിചാരങ്ങൾ തൊട്ടറിയാൻ, തനിക്കു തൊട്ടറിയാൻ കഴിയുന്ന ആരെങ്കിലും ഉണ്ടാകുമോ?
വെറുതെ ഒരാത്മനിവേദനത്തിന്. അല്ലാതെ, ഇക്കാലത്ത് എഴുത്തിനെന്തു പ്രസക്തി…
പണ്ട്, എഴുത്തും വായനയും അറിയാത്ത, അയല്പക്കത്തെ റോസിക്ക് എഴുത്തെഴുതികൊടുത്തിരുന്നത് ഓർമ്മയിൽ തെളിയുന്നു. അകലെ, ഏതോ നാട്ടിൽ ജോലി ചെയ്തിരുന്ന ചേട്ടനുള്ള എഴുത്തുകൾ. എഴുതി കൊടുക്കുന്നതും മറുപടിക്കത്ത് വായിച്ചു കേൾപ്പിക്കുന്നതും തന്റെ ജോലി. അവൾക്ക് എഴുതിക്കൊടുത്ത കത്തുകളിലെ വരികൾ കടുകുമണികൾ പോലെ, ഓർമ്മയിൽ ചിതറിക്കിടക്കുന്നുണ്ടിപ്പോഴും.
‘എത്രയും പ്രിയപ്പെട്ട വല്യാങ്ങള അറിയുവാൻ കുഞ്ഞുപെങ്ങൾ എഴുതുന്നത്.’
പിന്നെ, അമ്മച്ചിക്ക് വയ്യാത്തതും കൊമ്പിപ്പയ്യ് പെറ്റതും തുടങ്ങി, ഏറ്റവും ഒടുവിൽ, ഇടവകപ്പള്ളിയിലെ പെരുന്നാളിന്, കൂടുതുറന്ന് തൊഴാൻ പാകത്തിന് എത്തണമെന്ന അപേക്ഷവരെ ഉണ്ടാകും.
ഇതുപോലെ നിഷ്ക്കളങ്കമായ ഭാഷയിൽ ഒരെഴുത്ത്… ഇങ്ങനെയൊന്ന് ആർക്കെങ്കിലും എഴുതിയാൽ തന്നെ ഇതുപോലൊരു മറുപടി ലഭിക്കുമോ..? ഉള്ളിലെ വിമ്മിഷ്ടത്തിനു കനം വെയ്ക്കുന്നു.
പേനയും പേപ്പറുമായി എഴുതാനിരുന്നിട്ട് ഒത്തിരി നേരമായി. എന്താണെഴുതേണ്ടത്? ഒരു സ്വപ്നാടനത്തിൽ നിന്നെന്നപ്പോലെ, അമ്മിണി ‘എഴുത്തുവിചാരങ്ങ’ ളിൽ നിന്നുണർന്നു.
മുറ്റത്തെ പ്ലാവിൽ ഇത്തവണ നിറയെ ചക്കയുണ്ട്. വല്യ അമ്മച്ചി പ്ളാവൊന്നുമല്ല. ചക്ക കൈയെത്തിപ്പിടിക്കാം. ആരെങ്കിലും കണ്ണുവെയ്ക്കുമോ എന്ന പേടിയുണ്ട്. അതിനടുത്ത് ഒരു മാവുണ്ട്. പടർന്നുപ്പന്തലിച്ചു നില്പ്പാണ്. എന്നും ഇവരോടൊക്കെ ഒരുപാട് വർത്തമാനം പറയും, കൊഞ്ചിക്കും. എന്നിട്ടും, മാവ് മാത്രം പൂത്തില്ല. ദേഷ്യവും അതിലേറെ സങ്കടവും തോന്നി- ഒത്തിരി വഴക്ക് പറഞ്ഞു; അടിക്കുകയും ചെയ്തു.
ഒടുവിൽ, ഒരു ദിവസം നോക്കുമ്പോൾ, ദാ… രണ്ടുമൂന്ന് പൂങ്കുലകൾ! ഞാൻ മാവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. പക്ഷെ, തുടർന്നുള്ള ദിവസങ്ങളിൽ നല്ല മഴയായിരുന്നു. തോരാത്ത മഴ. മാമ്പൂ എല്ലാം കൊഴിഞ്ഞുപ്പോയി; എന്റെ സ്വപ്നങ്ങൾ പോലെ…
അതിൽപിന്നെ, മഴയോടു പിണങ്ങി നടന്നു. എന്നാലോ, കുറച്ചു ദിവസം പെയ്യാതെ മഴ മാറി നിന്നപ്പോൾ മനസ്സിടിഞ്ഞു. ‘ഒന്നുവന്നിട്ടു പൊയ്ക്കൂടേ…’ എന്നായി പരിഭവം, മഴയോട്. അതു കേട്ട് മാനം ചിരിച്ചു. ‘മാവ് വെട്ടിക്കളഞ്ഞാലോ’ എന്നുവരെ ചിന്തിച്ചു. പക്ഷെ, അതിൽ നിറയെ കിളികളും അണ്ണാറക്കണ്ണന്മാരും ഓടിച്ചാടി നടക്കുന്നുണ്ട്. അവർക്കു വേണ്ടിയെങ്കിലും എന്റെ മാവ് പൂക്കും; പൂക്കാതിരിക്കില്ല.
അമ്മിണി, മാവിനെയും മഴയെയും താല്ക്കാലത്തേക്കു മാറ്റിവെച്ച്, നിർത്തിയിടത്തുനിന്നും എഴുതാൻ ആരംഭിച്ചു.
മുറ്റത്തെ ചെറിയ കുളം നിറയെ മീനാണ്. ഒരു കൊറ്റി അതിനടുത്തു വന്ന് എന്നും തപസ്സിരിക്കും. അതിന്റെ നീണ്ട കൊക്ക് കാണുമ്പോൾ, എന്റെ മീനുകളെ കൊത്തിയെടുത്തു പറക്കുമോ എന്നു പേടിക്കും.
പിന്നെ…
ഓണം അടുത്തു വരുന്നു. ഓരോ ഓണത്തിനും ഒരെഴുത്തിലെ വരികൾ, അന്ന് പാടിപ്പഠിച്ച കവിതയിലെ ഈരടികൾ അന്നത്തെ ഈണത്തിൽ തന്നെ ഓർമ്മയിലെത്താറുണ്ട്. ഈ ഓണത്തിനും പതിവു തെറ്റിയില്ല.
“ഓണമായ് വരാത്തതെന്തിനിയുമണ്ണൻ നോക്കു-
കാണുവാൻ കൊതിപ്പെരുത്തമ്മിണിയെഴുതുന്നു.”
അതേ… ഓരോ എഴുത്തും വിരഹവും നൊമ്പരവുമുണർത്തുന്നു; ഒപ്പം, പ്രതീക്ഷകളും പ്രത്യാശകളും പകർന്ന്, മനസ്സിൽ പ്രകാശം വിതറുന്നു.
പണ്ടത്തെ ഓണമല്ലല്ലോ ഇന്ന്. എല്ലാമിന്നു കമ്പോളവല്ക്കരിക്കപ്പെട്ടിരിക്കുന്നു; ഒപ്പം, ഓണവും. മാവേലിയും വാമനനുംവരെ ന്യൂജെൻ! ‘ഓണത്തനിമ’ എന്നൊന്ന് ഇല്ലാതായിരിക്കുന്നു.
“മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.”
അന്വർത്ഥമായ പ്രയോഗം. പക്ഷെ, പഴയ ബിംബങ്ങൾ എറിഞ്ഞുടയ്ക്കപ്പെ ട്ടു. ആഘോഷങ്ങളുടെ സഹജമായ ഹൃദയതാളം കൈമോശം വന്നു. ആഘോഷങ്ങളും ആരവങ്ങളും കൃത്രിമവും യാന്ത്രികവുമായി.
പൂക്കളില്ലാതെ പൂക്കളം തീർക്കാൻ കഴിയുന്ന കാലം;
പൂക്കൂടയും പേറി പൂവിറുക്കാൻ നടന്ന നാളുകളെ
പഴങ്കഥയായി തീർത്ത കാലം; ഇന്നു ജീവിതങ്ങൾ,
പൊരുത്തങ്ങൾക്കൊപ്പം പൊരുത്തപ്പെടുന്ന കാലം!
അല്ലാ… അതാണല്ലോ, ജീവിതം! ഇനിയും ഏറെ എഴുതാനുണ്ട്. അടുത്ത കത്തിലാവാം. അവിടെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ? സുഖമാണല്ലോ അല്ലേ? വിസ്തരിച്ച് ഒരു മറുപടി അയക്കണേ…
എന്ന്,
സ്നേഹപ്പൂർവ്വം,
അമ്മു.
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക






