Published on: September 10, 2025


1599ൽ, വില്യം ഷേക്സ്പിയറിന്റെ ‘ലോർഡ് ചേമ്പർലിൻസ്മെൻ’ എന്ന നാടക കമ്പനി, തേംസ് നദിയുടെ തെക്കൻ തീരത്ത്, സൗത്ത് വാർക്കിൽ നിർമ്മിച്ച ‘ഗ്ലോബ് തീയേറ്റർ’ 1613 ജൂൺ 29ന് ഉണ്ടായ തീപ്പിടുത്തത്തിൽ നശിച്ചുപോയിരുന്നു. തുടർന്ന്, അതേ സ്ഥലത്ത് 1614 ജൂണിൽ തീയേറ്റർ ആരംഭിച്ചുവെങ്കിലും 1642-ൽ പൂട്ടി. പിന്നീട് 1997 ജൂണിലാണ്, ഇപ്പോഴത്തെ തീയേറ്റർ നിലവിൽ വന്നത്.
‘കണ്ടു വരേണ്ടത് കേട്ടാൽ മതിയോ?’ എന്നൊരു പഴമൊഴിയുണ്ട്, മലയാളത്തിൽ. അങ്ങനെയുള്ള ഒന്നാണ്, നമ്മുടെ ഗംഗാ നദി പോലെ, ഇംഗ്ലണ്ടിന്റെ ഐശ്വര്യദേവതയായ തേംസ് നദിയുടെ തീരത്ത് ശോഭയാർജിച്ച് നില്ക്കുന്ന ഷേക്സ്പിയേർസ് ഗ്ലോബ് തിയേറ്റർ. ഈ ലോകസാഹിത്യ വിസ്മയത്തെ ആരോടെങ്കിലും പറഞ്ഞാലോ ആരിൽനിന്നും കേട്ടാലോ മതിയാകില്ല; മതിവരില്ല. നേരിട്ടു തന്നെ കാണേണ്ട; തൊട്ടറിയേണ്ട ഒരു സത്യമാണത്.
മുൻപ്, ‘ക്ലിയോപാട്ര’ നാടകം കാണാൻ അവിടെ ചെന്നപ്പോൾ ആകാശം നിറയെ, ചന്ദ്രന് ചുറ്റും വിളക്കുകളേന്തി നിൽക്കുന്ന നക്ഷത്രങ്ങളെയാണ് കണ്ടതെങ്കിൽ, ഈ പകൽ, സൂര്യന് ചുറ്റും വെള്ളയും നീലയുമണിഞ്ഞ മേഘങ്ങളാണ് എന്നെ വരവേറ്റത്.
ലണ്ടൻ ബ്രിഡ്ജ് ഭൂഗർഭ റെയിൽവേ സ്റ്റേഷനിലിറങ്ങി, മലകയറുന്നപോലെയുള്ള കൺവെയർ ബൽറ്റിലൂടെ മുകളിലെത്തിയപ്പോൾ, കേരളത്തിലെ നൂറു തൊടിയിൽ കൂടുതൽ താഴ്ചയുള്ള ഒരു കിണറ്റിൽനിന്ന്, മുകളിലെത്തിയ പ്രതീതി. പുറത്തിറങ്ങി ബോറോ മാർക്കറ്റിലൂടെ നടന്നു.
2017 ജൂൺ 3ന് നടന്ന മതതീവ്രവാദ ആക്രമണത്തോടെ ലോകശ്രദ്ധയിലെത്തിയ ബോറോ മാർക്കറ്റിൽ അപ്പോഴും ഒരു നൊമ്പരക്കാറ്റ്, തേംസ് നദിയിയെയും കടന്ന്, ലണ്ടൻ ബ്രിഡ്ജിനെ വലംവെച്ച് പോകുന്നുണ്ട്.

ഗ്ലോബ് തിയേറ്ററിന് മുന്നിൽ കുട്ടികളടക്കം ജനങ്ങൾ നിറഞ്ഞിരുന്നു. തേംസ് നദിയിലൂടെ സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള ബോട്ടുകൾ ഒഴുകുന്നു. മുകളിൽ പാറുന്ന പ്രാവുകൾ. പുറത്തെ തിയേറ്റർ ഭിത്തികളിൽ ഷേക്സ്പിയർ നാടകങ്ങളുടെ പരസ്യങ്ങൾ. തിയേറ്ററിന്റെ മൂലയ്ക്ക് സ്വാൻ റസ്റ്റോറന്റും ബാറും.
സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് അകത്തു കയറി. മുന്നിൽ ഷേക്സ്പിയറിന്റെ കറുത്ത മാർബിൾ പ്രതിമ.
ഷേക്സ്പിയർ നാടകങ്ങളിൽ അഭിനയിച്ച രാജ്ഞിമാരടക്കമുള്ളവരുടെ അലങ്കാരവസ്ത്രങ്ങളടക്കം പലതും ഇവിടെ കാണാം. സന്ദർശകർക്ക് കാണിച്ചുകൊടുക്കാനും വിശദീകരിക്കാനും മറ്റും ഗൈഡുകളുടെ ഗ്രൂപ്പുകളുണ്ട്. അവർ വെറും ഗൈഡുകളല്ല, അദ്ധ്യാപകരാണ്. സഞ്ചാരികൾക്ക് വേണ്ടി ഇവർ പഠനക്ലാസുകളും നാടക ശില്പശാലകളും തിയ്യറ്ററിന്റെ വിവിധ കോണുകളിൽ സംഘടിപ്പിക്കുന്നു.
ഗാലറികൾക്ക് താഴെ ഇൻഫർമേഷൻ സെന്ററും ബുക്കുകളും സോവനീറും ലഭിക്കും. അവിടെ, മൂന്നു കിലോയിൽ കൂടുതൽ ഭാരമുള്ള ഷേക്സ്പിയറുടെ, ‘കംപ്ലീറ്റ് വർക്സ് ഓഫ് ഷേക്സ്പിയർ’ എന്ന പുസ്തകം കണ്ടു. ഷേക്സ്പിയറുടെ നാടകങ്ങളും കവിതകളും അടങ്ങിയ രചനകളുടെ സമ്പൂർണ്ണ സമാഹാരമാണ് അത്.
ടിക്കറ്റുകൾ കൂടുതലും ഒരു മണിക്കൂറിനുള്ളതാണ്. സാമ്പത്തിക ശേഷിയില്ലാത്തവരെ സൗജന്യമായും പ്രവേശിപ്പിക്കാറുണ്ട്. മൂന്നുനിലകളിലായി മൂന്ന് ഗാലറികൾ. ഓരോ ഗാലറികളും നാല് ചെറുഗാലറികളായി തിരിച്ചിരിക്കുന്നു. ഗാലറികളിലേക്കുള്ള പ്രവേശനപ്പാതകൾ പിറകിലാണ്. അവിടെനിന്ന് ഗാലറിയിലേക്ക് കയറാൻ അഞ്ച് പടികളുണ്ട്. ഓരോ ഗാലറിയും മുകളിലേയ്ക്കുയർത്തിയിരിക്കുന്നത്, തടികൊണ്ടുള്ള പതിനാറ് തൂണുകൾകൊണ്ടാണ്.
ആറു നിര വീതമുള്ള ചെറു ഗാലറികളിൽ എട്ടോ പത്തോ പേർക്കിരിക്കാം. ഏറ്റവും താഴെ ഗാലറിയുടെ നടുമുറ്റം. തറിയിലിരുന്നും നിന്നും നാടകം കാണാനുള്ള സൗകര്യമുണ്ട്. ഗാലറിയുടെ ഓരോ ഭാഗത്തും വീൽചെയറിലിരുന്നും നാടകം കാണാം. സ്റ്റേജിന്റെ ഇരുഭാഗങ്ങളിലും കസേരയുള്ള ഗാലറികളുമുണ്ട്. അത് ഉന്നതർക്കുള്ള ഭാഗമാണ്. ആ ഭാഗത്ത് മനോഹരങ്ങളായ ചിത്രരചനകളുണ്ട്.
സ്റ്റേജ് ഒരു രാജസദസ്സുപോലെ, തങ്കനിറത്താൽ അലംകൃതമാണ്. രംഗത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഞാൻ റോമിൽ കണ്ട ഫ്ലേവിയൻ ആംഫിതിയേറ്റർ(കൊളോസിയം) പോലെ തോന്നി. അതിന് മേല്ക്കൂരയില്ല. ഇവിടെയും മേൽക്കൂരയില്ല. കൊളേസിയത്തിൽ അമ്പതിനായിരം പേർക്ക് ഇരിക്കാമെങ്കിൽ ഇവിടെ മുവ്വായിരം പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഉള്ളത്.
1599ൽ, വില്യം ഷേക്സ്പിയറിന്റെ ‘ലോർഡ് ചേമ്പർലിൻസ്മെൻ’ എന്ന നാടക കമ്പനി, തേംസ് നദിയുടെ തെക്കൻ തീരത്ത്, സൗത്ത് വാർക്കിൽ നിർമ്മിച്ച ‘ഗ്ലോബ് തീയേറ്റർ’ 1613 ജൂൺ 29ന് ഉണ്ടായ തീപ്പിടുത്തത്തിൽ നശിച്ചുപോയിരുന്നു. തുടർന്ന്, അതേ സ്ഥലത്ത് 1614 ജൂണിൽ തീയേറ്റർ ആരംഭിച്ചുവെങ്കിലും 1642-ൽ പൂട്ടി.
പിന്നീട് 1997 ജൂണിലാണ്, ഇപ്പോഴത്തെ തീയേറ്റർ നിലവിൽ വന്നത്. ആദ്യത്തെ തീയേറ്റർ നിന്നിരുന്ന സ്ഥലത്തുനിന്നും 230 മീറ്ററോളം മാറിയാണ്, ഷേക്സ്പിയേർസ് ഗ്ലോബ് തിയേറ്റർ.


ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

മാവേലിക്കര ചാരുംമൂട് സ്വദേശിയായ കാരൂർ സോമൻ ഇപ്പോൾ ലണ്ടനിൽ സ്ഥിരമായി താമസിച്ചു വരുന്നു. മലയാളത്തിലെ ഒരു പ്രവാസി എഴുത്തുകാരനായ കാരൂർ സോമൻ ഇതിനോടകം നാടകം, സംഗീത നാടകം, നോവൽ, കുട്ടികളുടെ നോവൽ, കഥ, ചരിത്രകഥ, കവിത, യാത്രാവിവരണം, ലേഖനം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര- സാങ്കേതികം, കായികം, ടൂറിസം തുടങ്ങിയ പന്ത്രണ്ട് മേഖലകളിലായി അറുപത്തിയെട്ട് കൃതികൾ രചിച്ചിട്ടുണ്ട്. ഒരേ ദിവസംതന്നെ, തന്റെ മുപ്പത്തിനാല് പുസ്തകങ്ങൾ പ്രകാശനം ചെയ്തതിനെതുടർന്ന്, യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ അവാർഡ് നേടിയിട്ടുള്ള കാരൂരിന് ഇന്ത്യൻ ദലിത് സാഹിത്യ അക്കാദമിയായ ‘ഭാരതീയ ദലിത് സാഹിത്യ അക്കാദമി’ യുടെ ‘സാഹിത്യ ശ്രീ’ ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ലിമ വേൾഡ് ലൈബ്രറി ഓൺലൈൻ പത്രം, കെ.പി. ആമസോൺ പബ്ലിക്കേഷൻസ്, കാരൂർ പബ്ലിക്കേഷൻസ് എന്നിവയുടെ ചീഫ് എഡിറ്റർ കൂടിയായ ഇദ്ദേഹത്തിന്റെ ഭാര്യ ഓമനയാണ്. രാജീവ്, സിമ്മി, സിബിൻ എന്നിവർ മക്കളും സോണി, രാജീവ് എന്നിവർ മരുമക്കളുമാണ്.