Published on: September 7, 2025


മയ്യഴിയിലെത്തിയാൽ
ഞാൻ നിങ്ങളെയോർക്കും,
നിങ്ങളെ നേരിലറിയില്ലെങ്കിലും.
ഏതെങ്കിലുമൊരു ബാറിൽ കയറും.
മുന്തിയ വിസ്കിയേതെങ്കിലുമെടുക്കാൻ
വെയിറ്ററോട് പറയും.
മയ്യഴിപ്പുഴയിലെ ഞണ്ടാണോ
കറിവെച്ചതെന്ന് ചോദിക്കും.
ഗ്ലാസിലെത്തിയ പെഗ് മുന്നില് വെച്ചിരിക്കും.
ഞണ്ടുകറിയുടെ എരിവിൽ കണ്ണുനിറയും.
ഗസ്തോൻ സായ്പിനെയോർക്കും.
നിങ്ങളവിടെ വരാറുണ്ടോയെന്ന്,
വെയിറ്ററോട് ചോദിക്കും.
ഇല്ലെന്ന് കേൾക്കും.
മുന്നിലൊഴിച്ചുവെച്ച പെഗ്
കുടിച്ചു ലവലില്ലാതെ
മുന്നിലെത്തിയ ആൾക്ക് കൊടുക്കും.
അല്പം ലഹരിയിലെന്ന്
തിരിച്ചിറങ്ങും.
മയ്യഴിയിലെ ഒരു ബാറിലും
രഹസ്യമായിപ്പോലും
നിങ്ങൾ കയറിയിട്ടില്ലേ?
നിങ്ങൾ വന്നിരുന്നോയെന്ന്
ഞാനോരോ ബാറിലും തിരക്കി.
സെന്റ് തെരേസാ ദേവാലയത്തിലെ
മണിമുഴക്കമായി അലഞ്ഞു.
നിങ്ങളപ്പോഴൊക്കെ ദില്ലിയിലായിരുന്നു.
ഹരിദ്വാരിലോ ആവിലായിലോ ആയിരുന്നു.
പാരീസിലോ പരദേശങ്ങളിലോ ആയിരുന്നു.
ഒരിക്കൽ ഞാൻ
വെള്ളിയാങ്കല്ലിൽവരെ പോയി.
ലഹരിയിൽ വീണുകിടക്കുമൊരൊളെന്നു തോന്നി.
നിറയെ വ്രണം പൊട്ടിയൊലിക്കുന്നതായി തോന്നി.
കടലടിച്ചു നനച്ച പാറമേൽ
ഒരാത്മാവുമുണ്ടായിരുന്നില്ല.
ഭാവനയിൽ ഞാനുമൊരു
കുരിശു വരച്ചു.
പുത്തലത്തെ ഒന്നൂറെ നാല്പതു തെയ്യങ്ങളെ
കെട്ടിയാടുന്നതായി, തലയ്ക്കുമേലെ
പരുന്തുകൾ പാറി.
പ്രഭാതം മുതൽ പ്രഭാതം വരെ
അഴിമുഖം മുതൽ ശ്മശാനം വരെ
ശയനപ്രദക്ഷിണം ചെയ്തു.
അപ്പോഴാണ്
ശയനപ്രദക്ഷിണം ചെയ്തൊരു
ചരക്കുവാഹനത്തിന്റെ ചക്രം
നിങ്ങളുടെ സ്വകാര്യതയുടെ
മതിൽ തകർത്തത്.
അന്നാണ് കുട നന്നാക്കുന്ന ചോയി
നിങ്ങളെ അന്വേഷിച്ചു വന്നത്.
നിങ്ങളയാളേയും കഥയിലാക്കി.
ഞാനെത്തുമ്പോളേക്കും
നിങ്ങൾ പിന്നെയും മയ്യഴി വിട്ടിരുന്നു.
നിങ്ങളെ എന്തായാലും
കാണണമെനിക്കൊരിക്കൽ.
ഏതെങ്കിലുമൊരു കഥയിൽ
എന്നെയുമൊന്ന് കുരുക്കിയിടുമോ
എന്നറിയണ്ടേ?
ആ കഥയിലൊഴുകണമിനിയും
മയ്യഴിപ്പുഴ;
നിങ്ങളും.
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പില്‍ താമസം. ഇരുപത് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.






