Published on: September 4, 2025


തൂശനില നിരത്തിത്തിരിയുമ്പോൾ,
‘മാറാലയുണ്ടോയെന്നു നോക്കെടാ’,
അമ്മ ശാസിക്കുന്നു.
നാരങ്ങാ അച്ചാർ തൊട്ടുപിരട്ടുമ്പോൾ
സ്ഥാനം തെറ്റിപ്പോയതായ്
അച്ഛൻ കലമ്പുന്നു.
കൊണ്ടാട്ടം മുളക് വെച്ചു പോകുമ്പോൾ
രണ്ടെണ്ണം വെച്ചീടാൻ
മുത്തശ്ശി ശഠിക്കുന്നു.
പൊട്ടാത്ത പപ്പടം
കിട്ടാത്ത മാതുലൻ
പൊട്ടത്തരത്തിന്റെ
തെറിക്കത്ത് പൊട്ടിക്കുന്നു.
അരയാത്ത ഇഞ്ചിയിൽ
കടിക്കുന്ന അച്ചാറിനെ,
മുറിയാത്ത പല്ലാൽ
ചവച്ചു തോല്പ്പിക്കുമപ്പൂപ്പൻ
ചുമയ്ക്കുന്നു.
മധുരിക്കും മാമ്പഴപ്പുളിശേരിയെ,
പഞ്ചാരയുള്ള രക്തത്തെയോർത്ത്,
പഞ്ചാരമാമി കൊതിയാൽ
വെറുക്കുന്നു.
പുകയുന്ന പായസം
പച്ചവിറകിനെ പഴിക്കുന്നു;
വെറിയില്ലാപ്പകലിന്റെ
ഈർപ്പത്തിൽ ചേട്ടത്തി
കണ്ണീരിൽ വേവുന്നു.
നാട്ടുമാവിലിട്ട ഊഞ്ഞാലിൽ
ആകാശത്തെ തൊട്ടുതൊട്ടില്ലയെന്ന്
മുട്ടയിട്ടവൻ, മുട്ടുപൊട്ടിക്കരയുന്നു.
വിളമ്പിയ ചോറു മുഴുക്കാതെ
പരിഭവിച്ചു, കണ്ണീരു വീഴ്ത്തുന്ന
കോങ്കണ്ണിയപ്പച്ചിയും
ഓണമുണ്ണാതെ പടിയിറങ്ങുന്നു.
എനിക്കൊപ്പമോണമുണ്ടോർക്കെല്ലാം
കർക്കടകത്തിൽതന്നെ
ബലിയൂട്ടി ദർഭമോതിരമൂരി
കൈകഴുകി പിണ്ഡവും ചുമന്ന്,
പടിയിറങ്ങുന്നു ഞാൻ.
ഉള്ളിൽ തിളയ്ക്കുമോർമ്മയിൽ,
ഉള്ളിലെ നോവിന്റെ പെരുമഴയിലിരുന്ന്,
കണ്ണീരിൻ രസം കൂട്ടി
ഓണവുമുണ്ണുന്നു.
നോവുമോർമ്മകൾ കൊരുത്തിട്ട
എന്റെയോണവില്ലിൽ
ചിരിക്കുന്ന മഞ്ഞുതുള്ളികൾ
നീരുറഞ്ഞതോ?
എന്റെ കണ്ണീരുറഞ്ഞതോ?
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക







