Prathibhavam First Onappathippu-2025
Onavum Ezhutthum-Online Interview-Surab- Sathish Kalathil-Prathibhavam first onam edition-2025

പ്രതിഭാവം പ്രഥമ ഓണപ്പതിപ്പിനുവേണ്ടി, മലയാളത്തിലെ പ്രിയ എഴുത്തുകാരൻ സുറാബ്, പ്രതിഭാവം എഡിറ്ററും കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിലുമായി നടത്തിയ ‘ഓണവും എഴുത്തും’ അഭിമുഖം.

Surab- Sathish Kalathil
സുറാബ് | സതീഷ് കളത്തില്‍

ഞാനെറെ വായിക്കുന്നത് കവിതകളാണ്. അതിലാണ് ജീവിതത്തിന്റെ ഇതിവൃത്തം ഉള്ളത്. പ്രകൃതിയും വിചാരവികാരങ്ങളും ആസ്വാദനത്തില്‍ എളുപ്പമായത്.

ഓണം 2025. തിരിഞ്ഞു നോക്കുമ്പോൾ ഓണത്തിനു വന്ന പുതുമകൾ?

ഒരുപാടുകാലം ഓണം എനിക്കു മരുഭൂമിയിലായിരുന്നു. അപ്പോഴൊക്കെ തോന്നിയിട്ടുണ്ട് ഇതായിരിക്കും പഴഞ്ചൊല്ലായി പറയുന്ന ‘ഓണംകേറാമൂല’ എന്ന്. പിന്നീടുള്ള അനുഭവം നേരെ മറിച്ചായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഓണം ആഘോഷിക്കുന്നത് നാടുവിട്ടവരാണ്. പ്രവാസികളാണ്. ഈ ഓണത്തിനു തുടങ്ങിയ ആഘോഷം അടുത്ത ഓണംവരെ നീണ്ടു നിൽക്കും.

എന്റെ പ്രവാസകാലത്താണ്, കപ്പടാമീശയും കുടവയറുമില്ലാത്ത, മെലിഞ്ഞ ഒരു മാവേലിയെ ആദ്യമായി കണ്ടത്. കട്ടിമീശയുള്ള, കുടവയറുള്ള തടിച്ച നാരാണേട്ടനാണ് സ്ഥിരമായി മാവേലി വേഷം കെട്ടാറ്. അക്കൊല്ലം നാരാണേട്ടന് അത്യാവശ്യമായി ഓണക്കാലത്ത് നാട്ടിൽ പോകേണ്ടി വന്നു. തലേന്നു വരെ മാവേലിയാവാൻ ആരെയും കിട്ടിയില്ല. ആ കൊല്ലം മാവേലിയായത് ഒരു പാക്കിസ്താനി..! കമ്പനിയിലെതന്നെ പാറാവുകാരൻ, സെഹത്തുള്ള ഖാൻ.

അങ്ങനെ, നീണ്ടു മെലിഞ്ഞ സെഹത്തുള്ള ഖാൻ മാവേലിയായി! പ്രവാസകാലത്ത് ആർക്കും എന്തുവേഷവും കെട്ടാം. നാടുവിട്ടു ജീവിക്കാൻ വന്നവരിൽ ഭൂരിഭാഗവും വേർതിരിവില്ലാത്ത മനുഷ്യരാണ്.

ഓണവുമായി ബന്ധപ്പെട്ട എഴുത്തുകളിൽ മനസ്സിൽ തങ്ങി നില്ക്കുന്നത്?

ഓണം വന്നോണം വന്നോണം
ഓണനിലാവിന്റെ മേളം
ഓടിക്കളിക്കുന്ന കാലം
ഓർമ്മയിൽ പൂക്കുന്ന മേളം…

പൂവിൻ കതിരുകൾ പാടി
പൂമ്പാട്ട് കേട്ടങ്ങ് മൂളി
തുമ്പച്ചെടിക്കൊരു നാണം
മാവേലി മുത്തശ്ശന്റോണം…

ഊഞ്ഞാലിലാടുന്ന പെണ്ണേ
പാച്ചോറ് തിന്നാൻ വരുന്നോ?
വെറ്റിലടക്കയും നൽകാം
തുമ്പപ്പു ചോറ് വിളമ്പാം

അണ്ണാറക്കണ്ണനും ഊണ്
അയലത്തെ ചെക്കനും ഊണ്
കാണം വിറ്റതറിഞ്ഞോ?
ഓണം ഉണ്ടതറിഞ്ഞോ?

പച്ചോല പാമ്പിനു താളം
ഓലപ്പീപ്പിയിൽ പൂരം
അത്തം പത്തിനു തിത്തയ്
തക താളം തുള്ളിവാ കാറ്റേ…

ഇതു ഞാൻ ചെറുപ്പത്തിൽ എഴുതിയ ഓണക്കവിതയാണ്. ഇക്കവിത മനസ്സിനെ ഏറെ പിടിച്ചുലച്ചതാണ്. പിന്നീട്, ഗള്‍ഫിലുള്ള സമയത്ത്, ഉമ്മുൽ ഖൊയിൻ റേഡിയോയിൽ പിന്നണി ഗായിക മനീഷ സംഗീതം ചെയ്ത് പാടി പ്രക്ഷേപണം ചെയ്തതു കേട്ടിട്ടുണ്ട്, ഒരു പ്രത്യേക താളത്തിൽ.

ഓണക്കളികളിൽ/ ആഘോഷങ്ങളിൽ പ്രിയപ്പെട്ടത്?

ഓണം എന്നാൽ അന്നൊക്കെ നിലത്ത് ചമ്രംപടിഞ്ഞിരുന്നു തൂശനിലയിൽ സമൃദ്ധമായി ഊണ് കഴിക്കുക, അയൽപക്കത്തെ ശാരദേട്ടി ഉണ്ടാക്കിത്തരുന്ന ഉണ്ണിയപ്പം തിന്നുക, കൂട്ടുകാർക്കൊപ്പം വീടിനടുത്തുള്ള കുളത്തിൽ എടുത്തു ചാടുക, പരസ്പ്പരം വെള്ളം തെറിപ്പിക്കുക, ആഴത്തിലേക്ക് മുങ്ങിപ്പോകുക തുടങ്ങിയ സ്ഥിരം കലാപരിപാടികൾതന്നെ.

കോട്ടയത്തുനിന്നും കണ്ടത്തിൽ മേയാൻ വന്ന താറാവിൻ കൂട്ടത്തോടൊപ്പം നീന്തി കളിക്കും. യമുനയും ശാന്തയും പൂ പറിക്കാൻ പോകും. അവരോടൊപ്പം തട്ടവും അലിക്കത്തുമിട്ട ഉമ്മല്ലിയും പോകും. മാവിൽ കെട്ടിയ ഊഞ്ഞാലിൽ അവർക്കു മുന്നേ ഞങ്ങൾ സ്ഥലം പിടിക്കും. ടാക്കീസിൽ പുതിയ പടം കളിക്കുന്നുണ്ടാകും. അധികവും ബ്ലാക്ക് ആന്റ് വൈറ്റ്. കറുപ്പിലും വെളുപ്പിലും ജീവിച്ച നവോത്ഥാന കാലം. ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം.

ഓണക്കളികളിൽ ഏറ്റവും പ്രിയപ്പെട്ടത് ഓണത്തല്ലാണ്. കൂട്ടത്തിൽ കൂടുതൽ പഠിക്കുന്ന ഒരു കുട്ടിയുണ്ടാകും. അവനായിരിക്കും ക്ലാസിലെ ഹീറോ. മാഷമ്മാരും ടീച്ചർമ്മാരും ഹീറോയെ വാനോളം പുകഴ്ത്തും. ഞങ്ങൾ പഠിപ്പിൽ അത്ര മോശമല്ലെങ്കിലും ഇത്തരം പൊക്കലും തടവലും ഞങ്ങൾക്കു കിട്ടാറില്ല. ആ ഒരു ഈർഷ്യ അവനോട് എന്നും ഞങ്ങൾക്കുണ്ട്. അതൊക്കെ തീർക്കുന്നത് ഓണത്തിന്റെ വരവോടെയാണ്. ആഹ്ളാദത്തോടെ കളത്തിലിറങ്ങും. ഓണത്തല്ലോടെ അതൊക്കെ അടിച്ചു തീർക്കും. ഓണക്കളിയിൽ തല്ലിച്ചതക്കും. ഓന്റെയൊരു പഠിപ്പ്…

ഓണവിഭങ്ങളിൽ പ്രിയപ്പെട്ടത്?

ഞാനൊരു ഭക്ഷണ പ്രിയനല്ല. എല്ലാ വിഭവങ്ങളും കഴിക്കും. ഭക്ഷണത്തിൽ വേർതിരിവില്ല. എങ്കിലും, സദ്യയിൽ അവിയലാണ് ഏറെ രുചി. പിന്നെ മോരു കറിയും.

കുട്ടിക്കാലത്തെ ഓണക്കാലത്തു കണ്ട സിനിമ/ നാടകം എന്നിവയിൽ ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നത്?

കുട്ടിക്കാലത്ത് സിനിമയെക്കാൾ കൂടുതൽ കണ്ടത് നാടകങ്ങളാണ്. എന്റെ നാട് ഒരു നാടക മണ്ണാണ്. വായനശാലകളെക്കാൾ നാടകശാലകളുള്ള ദിക്ക്. അമ്പലപ്പറമ്പിൽ അരങ്ങേറുന്ന നാടകങ്ങളും കഥാ പ്രസംഗങ്ങളും പാതിരാവും ഗ്യാസ്ലേറ്റും വെളിച്ചവും പകർന്നു തന്ന ആസ്വാദനങ്ങൾ. അക്കാലത്തു കണ്ട നദി, കള്ളിച്ചെല്ലമ്മ എന്നീ കളർ പടങ്ങളും വാഴ്‌വേമായം, അരനാഴിക നേരം എന്നീ ബ്ലാക് ആന്റ് വൈറ്റും ഓർമ്മകളുടെ ഇരുട്ടിൽ ഇന്നുമുണ്ട്, കറുപ്പും വെളുപ്പും കലർന്ന തിരശ്ശീലയിൽ.

Read Also  ഒലീന ടീച്ചറെ അറിയില്ലെങ്കിൽ അന്വേഷിക്കുക; ഇന്ദു മേനോനോട് അദ്ധ്യാപിക

ഏറ്റവും ഇഷ്ടപ്പെട്ട കൃതി? എഴുത്തുകാരൻ/ കാരി?

വായനയിലെ തെരഞ്ഞെടുപ്പ് ബുദ്ധിമുട്ടാണ്. ബഷീറിന്റെ ബാല്യകാല സഖി, എം ടി യുടെ മഞ്ഞ്, വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, പി യുടെ കവിയുടെ കാൽപ്പാടുകൾ, എൻ എൻ പിള്ളയുടെ ഞാൻ എന്നിങ്ങനെ ഏറെയുണ്ട്. ഞാനെറെ വായിക്കുന്നത് കവിതകളാണ്. അതിലാണ് ജീവിതത്തിന്റെ ഇതിവൃത്തം ഉള്ളത്. പ്രകൃതിയും വിചാരവികാരങ്ങളും ആസ്വാദനത്തിൽ എളുപ്പമായത്.

ആദ്യത്തെ എഴുത്ത്?

1972മുതൽ എഴുതിത്തുടങ്ങി. ആദ്യത്തെ എഴുത്ത് ഒരു കുട്ടിക്കവിതയാണ്.

മിന്നിമിനുങ്ങും മിന്നാമിനുങ്ങേ
മിന്നിമറയും മിന്നാമിനുങ്ങേ
മിന്നുന്നതെല്ലാം പൊന്നല്ലെന്ന്
മിന്നിമറയും നീയോർത്തോ…

അച്ചടിക്കപ്പെട്ട ആദ്യ എഴുത്ത്?

ആദ്യമായി അച്ചടിമഷി പുരണ്ടത് ഒരു കവിതയാണ്. ‘മണിയറ.’ കൊച്ചിയിൽനിന്നും ഇറങ്ങിയിരുന്ന, ‘ഹിമ്മത്ത്’ മാസികയിൽ എഴുപത്തിമൂന്നിലാണ് അതു പ്രസിദ്ധീകരിച്ചത്.

ആദ്യത്തെ പുസ്തകം?

1992ൽ നടൻ ജോയ് മാത്യുവിന്റെ ബോധി ബുക്‌സ് പ്രസിദ്ധീകരിച്ച ‘തബല’ എന്ന കവിതാസമാഹാരം.

ജീവിതത്തിൽ, എഴുത്ത് ആത്മാവിഷ്‌കാരത്തിനുള്ള ഒരു അഭിഭാജ്യഘടകമാണെന്നു തിരിച്ചറിഞ്ഞത് എപ്പോൾ/എങ്ങനെ?

അങ്ങനെ ഒരു ഘട്ടം വേർതിരിച്ചോ ഓർത്തോ പറയാനാവില്ല. എനിക്ക് എഴുത്ത് ബോധപൂർവ്വമല്ല. അത് സംഭവിക്കുകയാണ്. മുമ്പെഴുതിയതൊക്കെ ഇപ്പോൾ എടുത്ത് വായിക്കുമ്പോൾ ഇനി തിരുത്താനാവില്ലല്ലോ എന്ന സങ്കടം വരും. പിന്നെ ഒരു സമാധാനം. ആരേയും നന്നാക്കാനൊന്നും എഴുത്തിൽ ഞാൻ ശ്രമിച്ചിട്ടില്ല.

പലരും പറയുന്നതു കേട്ടിട്ടുണ്ട്, സ്വയം നവീകരണത്തിനു എഴുതുന്നു എന്നൊക്കെ. ചിലർ പറയും, എഴുത്ത് രാഷ്ട്രീയ പ്രവർത്തനമാണ് എന്ന്. അതെന്തായാലും, എനിക്ക് എഴുത്ത് ഭാഷയുടെ തെളിമയാണ്. വായന അതിനു വളമാകുന്നു എന്നേ എനിക്കറിയൂ.

തുടക്കത്തിൽ ചുമ്മാ ഒരു രസത്തിന് എഴുതുന്ന ആളുകളുണ്ട്. ചിലർ തുടക്കംമുതൽ അതു ഗൗരവമായിതന്നെ എടുക്കുന്നു. രസത്തിന് എഴുതി സീരിയസ് ആകുന്നവരും സീരിയസ് ആയി, ആ സീരിയസ്‌നെസ് നഷ്ടപ്പെട്ട് എഴുത്തു നിർത്തിയവരും ഒഴുക്കിനൊപ്പം പോകുന്നവരും ഉണ്ട്. പലർക്കും എഴുത്ത് ജീവിതാവസാനംവരെയുള്ള തപസ് ആണ്. ഈയൊരു ഗണത്തിലാണ് ഞാനെന്നേ എനിക്ക് പറയാന്‍ പറ്റൂ.

Surab Gulf Photos
1985ൽ ഷാർജയിൽ നടന്ന ചെറുകഥാ ക്യാമ്പിൽ കഥ അവതരിപ്പിക്കുന്ന സുറാബ്. കേരള പ്രവാസി സംഘം സംസ്ഥാന ആക്ടിങ് സെക്രട്ടറിയായിരുന്ന പയ്യോളി നാരായണൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഭഗത് സിങ്, പ്രൊഫ. കെ. കെ. ഗീവർഗീസ് എന്നിവർ വേദിയിൽ ഇടതുനിന്നും | സുറാബ് ഭാര്യ ഖൈറുന്നിസയോടും മക്കളായ സവാദ്, സജാദ്, ഫിദ എന്നിവരോടുമൊപ്പം ദുബായിലെ അബ്രയിൽ: 2001ലെ കാഴ്ച.

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹