
കൂ കൂ പാടുന്നൊരു പൂങ്കുയിലേ, നിന്റെ
സ്നേഹകീർത്തനം കേട്ടുനിൽക്കേ,
എന്തോ മനസ്സിൽ വിങ്ങിത്തുടങ്ങിയോ;
സങ്കടമോ, നിത്യസത്യമോ നിൻപാട്ടിൽ?
ഉള്ളാഴമേഴുമോർമ്മതൻ വരരുചിപ്പാട്ടിന്റെ
തിരപോലെ രാഗം ഞാനോർത്തിരിക്കേ,
മനമണം മാറാത്ത രുചിയൊത്ത നോവിന്റെ
കിനാവും പുറമേ തകർന്നു പോയോ?
നിനവറ്റയുള്ളിന്റെ കനിവറ്റയറകളിൽ
വിരുന്നാളിയായി പകൽ വന്നുദിക്കേ,
കാണുന്നയിരുളിന്റെ നരകാഗ്നിയെരിയുന്ന
തിരികളിൽ വെയിലോളം തിളച്ചുപോയോ?
കൂ കൂ പാടുന്ന പൂങ്കുയിലേ, നിന്റെ
പ്രേമഗാനത്തിലെൻ മനം ചാഞ്ഞിരിക്കേ,
പെരുമഴയ്ക്കപ്പുറം വിജനമാ വാനത്ത്
മഴവില്ലുകളേറെ തെളിഞ്ഞിരുന്നോ?
മൃദുമന്ദഹാസമൊരു നിറമെത്തിയഴകേകി
പതിയെ സ്മൃതികളിൽ യാത്രപോയോ?
കളകാഞ്ചി കൈകളിലൊരു കുഞ്ഞുജല-
ത്തുള്ളി വെയിലിലാളി നിലാവുയർന്നോ?
മൃദുലമാ വാനത്തിൻ ഗർഭത്തിൽനിന്നും
സൂര്യകിരണങ്ങൾ മെല്ലെ പെറ്റുവീഴേ
കാർമേഘമെല്ലാമിരുളാണ്ട പക്ഷിയായി
ചിറകും കുഴഞ്ഞു നിന്നിൽ വീണുപോയോ?
വിടരാത്തയന്തിതൻ നെറുകയിൽനിന്നും
അടരുന്നിലപോൽ സ്മൃതിഭാഗതല്പത്തിൽ
ആരോ വരയ്ക്കുന്നു പിന്നെയും കാണുവാൻ,
പകലുകൾ വരഞ്ഞിട്ട കുയിലിന്റെ നാദം.
തിരികെനടക്കാൻ കിതയ്ക്കുന്ന സൂചിയിൽ
തിരിച്ചും മറിച്ചും ഗുണിച്ചും ഹരിയ്ക്കുമ്പോൾ,
ഇനിയും നടക്കുവാൻ പറ്റാത്ത വാഴ്‌വിന്റെ
വെയിൽവരകളിൽ മറവിതൻ പല പാട്ടുകൾ.
കൂ കൂ പാടുന്ന പൂങ്കുയിലേ, നീയെന്നോ
പാടിയ പാട്ടുകൾ ഞാനോർത്തിരിക്കേ,
ആരവവുമാർപ്പും വിളിയുമായകലും
പകൽവരഞ്ഞിട്ട നിൻ നിഴൽ ശൂന്യമായോ?