Published on: September 7, 2025


എന്റെ പ്രണയം പിടത്തുവീണ സന്ധ്യയുടെ
നിഴലുകളിൽ നിന്റെ കാലൊച്ച ഞാൻ കേട്ടിരുന്നു;
കരിയിലകളുടെ കിരുകിരുപ്പിൽ
കരിനാഗങ്ങൾ ഇണചേർന്നുകിടന്നിരുന്നു.
ആരവമില്ലാത്ത മഴ രാത്രിയിലേക്ക്
വരുന്നതറിയാതെ ഞാൻ
നിന്റെ നെഞ്ചിലെ ചൂടുനുണഞ്ഞ്
ഒരു ശിശുവായി ചേർന്നുകിടന്നിരുന്നു.
പ്രണയം കുടിച്ച കാറ്റിന്റെ
ചെറുശ്വാസത്തിൽ നിന്റെ
ഇമകളുടെ പക്ഷി വിറക്കുന്നുണ്ടായിരിന്നു.
കരിനാഗക്കണ്ണിൻ കനൽത്തിളക്കത്തിൽ
നിന്റെ ആത്മാവിന്റെ വെളിച്ചം കണ്ണടച്ചിരുന്നു.
മഴയുടെ മതിവരാത്ത പ്രണയാസക്തിയിൽ
മരച്ചില്ലകൾ കുടഞ്ഞ് മഴപ്പക്ഷികൾ
നമുക്കുള്ളിൽ അഗ്നിത്തൂവലുകൾ മുറിച്ചിട്ടതും
മണ്ണിന്റെ ഭ്രാന്തൻ കരവലയത്തിൽ
മഴത്തുള്ളികളിൽ രതിയുടെ
മന്ദാരങ്ങൾ പൊഴിച്ചതും അറിയാതെ
നമ്മുടെ പ്രണയം മൗനത്തിന്റെ താഴ്വരയിലേക്ക്
നിലതെറ്റി വീണതും…
അപ്പോഴും ആ കാലൊച്ച
കരിയിലകളിൽ അമർന്നിരുന്നു.
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക






