Published on: July 19, 2025

പുള്ളിക്കാരൻ
‘എന്താ പറ്റ്യേ?’
‘രാത്രി
കഞ്ഞി കുടിച്ച് കിടന്നതാണെ,
രാവിലെ എണീറ്റില്ല.
നോകൃപ്പം ഡിം…’
‘പുള്ളിക്കാരന് എന്തേലും പ്രത്യേകിച്ച്..?’
‘ഒന്നൂല്ലാർന്നന്നെ…’
‘ഇത്രേള്ളു മനുഷ്യൻ്റെ കാര്യം!’
‘ങ്ഹാ….. പുള്ളി പോയി!’
‘നല്ല സുഖമരണം!
ഒട്ടും ദുരിതപ്പെട്ടില്ല!’
‘ആർക്കും ഒരുപദ്രോം ചെയ്യാറില്ല.’
‘ങാ.. നല്ലവരെ വേഗം വിളിക്കും.’
‘ബോഡി എപ്പെടുക്കും?’
‘എല്ലാവരും എത്തീട്ട് തീരുമാനിക്കും.’
അകത്ത്
എല്ലാം കേട്ട്
പെരുവിരൽ കൂട്ടിക്കെട്ടി
മൂക്കിൽ പഞ്ഞി തിരുകി
ഇടത് കൈമേൽ വലത് കൈ വെച്ച്
കിടത്തിയതുപോലെ,
പുള്ളിക്കാരൻ നീണ്ട് നിവർന്ന് കിടക്കുന്നു.
പുള്ളിയോളം വലിപ്പമുള്ള പ്രാണനെ
ഉള്ളിൽ കൊണ്ടുനടന്നോൻ;
പുള്ളിക്കാരൻ.
മഹാപ്രപഞ്ചത്തിലെ
വെറുമൊരു പുള്ളി!








